ശത്രുവിലും വിശുദ്ധി കണ്ടെത്തുക

ശത്രുവിലും വിശുദ്ധി കണ്ടെത്തുക

വിശുദ്ധ വിചാരം-5

ഫാ. ജോണ്‍ പുതുവ

ജോണ്‍ തന്‍റെ സഹോദരന്‍റെ ഘാതകനെ തേടിയാണ് യാത്ര. സഹോദരന്‍ കൊല്ലപ്പെട്ടപ്പോള്‍ സഹോദരന്‍റെ രക്തം കൈയിലെടുത്ത് പ്രതിജ്ഞയെടുത്തതാണ്. സഹോദരന്‍റെ ഘാതകനെ വധിക്കുംവരെ വിശ്രമമില്ലെന്ന്. അന്നു തുടങ്ങി അരയില്‍ മൂര്‍ച്ചയേറിയ കഠാരയും തിരുകി സഹോദരന്‍റെ ഘാതകനുവേണ്ടിയുള്ള യാത്രയാരംഭിച്ചു.

ഒരുനാള്‍, ഒരു ദുഃഖവെള്ളിയാഴ്ച പള്ളിയിലെ കര്‍മ്മങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ജോണ്‍ കഴിഞ്ഞ 16 വര്‍ഷമായി താന്‍ അന്വേഷിച്ചു നടന്ന തന്‍റെ സഹോദരന്‍റെ ഘാതകനെ കണ്ടമുട്ടി. ദേവാലയമുറ്റത്തുവച്ചുതന്നെ വകവരുത്താന്‍ കഠാര കൈയിലെടുത്തു.

ഘാതകന്‍ ജോണിന്‍റെ മുമ്പില്‍ മുട്ടു കുത്തി അപേക്ഷിച്ചു. "ഈ ദിവസം മാത്രം നീ എന്നെ ഒന്നും ചെയ്യരുത്. കുരിശില്‍ മരിച്ച ക്രിസ്തുവിനെ പ്രതി. ക്രിസ്തു നിന്നോട് ക്ഷമിച്ചു. അതുപോലെ നീയും എന്നോട് ക്ഷമിക്കണം."

കത്തി താഴെയിട്ട് ജോണ്‍ നേരെ ദേവാലയത്തിലേക്ക് നടന്നു. കുമ്പസാരിച്ചു. വി. കുര്‍ബാന സ്വീകരിച്ചു. തൊട്ടടുത്ത സെമിനാരിയില്‍ ചേര്‍ന്നു വൈദികനായി. കാലമേറെ കഴിഞ്ഞപ്പോള്‍ സഭയ്ക്ക് ഒരു വിശുദ്ധനെ ലഭിച്ചു: വിശുദ്ധ ജോണ്‍ ഗില്‍ബര്‍ട്ട്.

നമ്മിലും ഒളിഞ്ഞിരിക്കുന്ന ഒരു വിശുദ്ധനെ രൂപപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കുന്നുണ്ട്. വിശുദ്ധിയിലേക്കുള്ള പ്രയാണത്തില്‍ ജീവിതത്തെ കരുപ്പിടിപ്പിക്കാനാകണം. ശത്രു ശത്രുവായിരിക്കുന്നിടത്തോളം നമുക്കൊരു വിശുദ്ധനാകാന്‍ കഴിയില്ല. നമ്മിലെ ശത്രു മിത്രമായി മാറുമ്പോള്‍ നമ്മിലും ഒരു വിശുദ്ധന്‍റെ രൂപം ജനിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org