സമാധാനം

സമാധാനം

മനുഷ്യന്‍ തനിക്ക് ഏറ്റവും അധികം ലഭിക്കണം എന്ന് ആഗ്രഹിക്കുന്നത് എന്താണ്? സമ്പത്തോ നേട്ടങ്ങളോ വിജയങ്ങളോ ഒന്നുമല്ല. മനുഷ്യമനസ്സ് എപ്പോഴും കൊതിക്കുന്നത് സമാധാനത്തിനായിട്ടാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍ കാട്ടിക്കൂട്ടുന്നതെല്ലാം സമാധാനം സ്വായത്തമാക്കുവാനാണ്. കഠിനമായി അദ്ധ്വാനിക്കുന്നവന്‍ കരുതുന്നു, അദ്ധ്വാനിച്ച് പണം സമ്പാദിച്ച് സ്വസ്ഥമായി സമാധാനത്തോടെ ജീവിക്കണമെന്ന്. വസ്തുതര്‍ക്കത്തിന്‍റെ പേരില്‍ പരസ്പരം കുതികാല്‍ വെട്ടുന്നവനും ആഗ്രഹിക്കുന്നു എന്‍റെ സമാധാനം കെടുത്തുന്നത് അപരനാണ്, അവനെ നശിപ്പിച്ചാല്‍ എനിക്ക് സമാധാനം ലഭിക്കും എന്ന്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവനും ആഗ്രഹിക്കുന്നത് സമാധാനമാണ്. ജീവിതപരാജയങ്ങളും ദുഃഖങ്ങളും മറന്ന് സമാധാനം ലഭിക്കുവാനാണ് അവര്‍ മദ്യത്തെ ആശ്രയിക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ സമാധാനത്തോടെ ജീവിക്കുന്നവരെ കണ്ടെത്തുവാന്‍ കഴിയുന്നുള്ളൂ. സമാധാനത്തിനുവേണ്ടിയുള്ള മനുഷ്യന്‍റെ വഴിതെറ്റിയ അദ്ധ്വാനവും പരിശ്രമവും ആണ് എല്ലാ അസമാധാനത്തിനും കാരണം.

എന്താണ് യഥാര്‍ത്ഥത്തില്‍ സമാധാനം? 1980-ല്‍ ടൈം-മാസിക ഒരു ചിത്രരചനാമത്സരം നടത്തി. സമാധാനം ചിത്രീകരിക്കുന്ന ചി ത്രം വരയ്ക്കുവാനാണ് ചിത്രകാരന്മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തത്. പരിശോധകസമിതി ഒന്നാം സമ്മാനം കൊടുത്ത ചിത്രത്തില്‍ ഒരു ഭ്രാന്തിയെപ്പോലെ കലിതുള്ളുന്ന കടലിനെയാണ് ചിത്രകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. കടല്‍ ഇളകി മറിയുകയാണ്. ഈ കടലിന്‍റെ നടുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറയുടെ മുകളിലുള്ള ഒരു ദ്വാരത്തില്‍ ഒരു കുരുവി ശാന്തമായിരിക്കുന്നു.

അപകടങ്ങളും ബുദ്ധിമുട്ടുകളുമില്ലാത്ത അവസ്ഥയല്ല യഥാര്‍ത്ഥ സമാധാനം. കഷ്ടപ്പാടിലും ദുഃഖത്തിലും സന്തോഷം കാണുന്നതിലാണ് യഥാര്‍ത്ഥ സമാധാനം കുടികൊള്ളുക. ഇത് ബാഹ്യസമ്മര്‍ദ്ദങ്ങളുടെ ഫലമല്ല, പകരം മനസ്സിന്‍റെ ഒരു അവസ്ഥയാണ്, ഭാവമാണ്.

സമാധാനവും വികസനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളെ സംബന്ധിച്ചും രാഷ്ട്രങ്ങളെ സംബന്ധിച്ചും ഇത് ശരിയാണ്. വ്യക്തിക്കു തന്‍റെ കഴിവുകളെ സമഗ്രമായി വികസിപ്പിച്ച് പക്വതയിലെത്താതെ സമാധാനം ആസ്വദിക്കാന്‍ കഴിയുന്നില്ല. രാഷ്ട്രത്തിന് അതിന്‍റെ വിഭവശേഷിയും മനുഷ്യശേഷിയും വര്‍ദ്ധിപ്പി ച്ച് ഉപയോഗിക്കാതെ ക്ഷേമരാഷ്ട്രമാകാനോ സമാധാനത്തിലെത്താനോ സാധിക്കുന്നില്ല. വികസനം സമഗ്രമായിരിക്കണം. ഭൗതികവും ബുദ്ധിപരവും ആത്മീയവുമായ വികസനമാണുണ്ടാകേണ്ടതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സമാധാനം ഒന്നാമതായി ഹൃദയത്തിലാണ് സൃഷ്ടിക്കേണ്ടത്. ഏതു സംഘര്‍ഷവും യുദ്ധവും ആദ്യം മനുഷ്യഹൃദയത്തിലാണല്ലോ സംജാതമാകുന്നത്. മനുഷ്യഹൃദയം സമാധാനപൂര്‍ണ്ണമായാല്‍ സമൂഹവും സമാധാനപൂര്‍ണ്ണമാകും. അതുകൊണ്ട് ആദ്യമായി ഹൃദയസമാധാനം കണ്ടെത്തണം.

കൂട്ടുകാര്‍ സുപ്രസിദ്ധ ഗ്രന്ഥകാരനായ പൗലോ കൊയ്ലോയുടെ "ആല്‍ക്കെമിസ്റ്റ്" എന്ന കൃതി വായിച്ചിട്ടുണ്ടോ? ഒരു സ്വപ്നത്തിന്‍റെ പിന്നാലെ ഇറങ്ങിത്തിരിച്ച സാന്‍റിയാഗോ എന്നൊരു യുവാവിന്‍റെ കഥ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെയിനിലെ ടരീഫാ എന്ന ഗ്രാമത്തിലെ ഒരു ആട്ടിടയനായിരുന്നു സാന്‍റിയാഗോ. ഈജിപ്തിലെ പിരമിഡുകള്‍ക്കിടയിലേക്ക് ഒരു ബാലന്‍ തന്നെ കൊണ്ടുപോകുന്നതായും ഒരു നിധി കണ്ടെത്തുന്നതായും അവന്‍ സ്വപ്നം കണ്ടു. സലേമിലെ വൃദ്ധനായ രാജാവ് അവനോട് പറഞ്ഞിരുന്നു, "സഫലമാക്കാന്‍ ഒരു സ്വപ്നമുണ്ടെങ്കിലേ ജീവിതം അര്‍ത്ഥപൂര്‍ണമാകുകയുള്ളൂ" എന്ന്. അവന്‍ ഈ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആടുകളെ വിറ്റ് കാശുണ്ടാക്കി ഈജിപ്തിലെത്തി. പിരമിഡുകളുടെയിടയില്‍ നിധി കണ്ടെത്താന്‍ കുഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു അശരീരിവാക്യം അവന്‍റെ മനസ്സില്‍ മുഴങ്ങി.

അവന്‍ യാത്ര തുടങ്ങിയ ടരീഫാപള്ളിയുടെ മുറ്റത്താണ് നിധിയിരിക്കുന്നത് എന്നായിരുന്നു ആ വാക്യം. അവന്‍ നാട്ടിലേക്കു തിരിച്ചു. ടരീഫാ പള്ളിയുടെ മുറ്റത്തു കുഴിച്ചുനോക്കി നിധി കണ്ടെത്തി. നിധി കണ്ടെത്താന്‍ അന്യനാട്ടില്‍ പോകേണ്ടെന്നും സ്വന്തം ഗ്രാമത്തില്‍ അതു കണ്ടെത്താമെന്നും അവനു മനസ്സിലായി. ഇതുപോലെയാണ് സമാധാനം. മനുഷ്യന്‍റെ മനസ്സില്‍ത്തന്നെയാണ് അതു കണ്ടെത്തേണ്ടത്. അതുതേടി അലയേണ്ടതില്ല. മനസ്സില്‍ത്തന്നെ അതു കണ്ടെത്താന്‍ പരിശ്രമിക്കണം.

മനസ്സില്‍ സമാധാനമുണ്ടാകുന്നതിന് പലതും ശ്രദ്ധിക്കേണ്ടതുണ്ട്. വികാരങ്ങളുടെമേല്‍ ശരിയായ നിയന്ത്രണമുണ്ടാകണം. എല്ലാത്തരത്തിലുമുള്ള അത്യാഗ്രഹങ്ങളില്‍നിന്നും സ്വതന്ത്രനാകണം. സമാധാനത്തിനുവേണ്ടി ദാഹിക്കാത്തവരില്ല. പക്ഷേ, അതു കണ്ടെത്താന്‍ എല്ലാവര്‍ക്കും കഴിയുന്നില്ല. സമാധാനം സൃഷ്ടിക്കാനുള്ള വഴികള്‍ അവര്‍ കണ്ടെത്തുന്നില്ലെന്നതാണ് അതിന്‍റെ കാരണം.

വ്യക്തിത്വത്തിന്‍റെ സമഗ്രത സമാധാനസംരക്ഷണത്തിന് ആവശ്യമാണ്. അത്യാഗ്രഹം, ആകുലത, വിഷാദം, വിദ്വേഷം, മദ്യാസക്തി, അപകര്‍ഷതാബോധം മുതലായവ വ്യക്തിതലത്തില്‍ സമാധാനത്തെ തകര്‍ക്കും. ഭീകരപ്രവര്‍ത്തനം, യുദ്ധം, കുടുംബശൈഥില്യം മുതലായവ സാമൂഹികതലത്തില്‍ സമാധാനം ഇല്ലാതാക്കുന്നു.

ഭൗതിക ചിന്തകള്‍ വെടിഞ്ഞവര്‍ സമാധാനം ആസ്വദിക്കുന്നുവെന്ന് നാം കേട്ടിട്ടുണ്ട്. നിക്കോസ് കസാന്‍ ദ് സാക്കീസ് "ദൈവത്തിന്‍റെ ദരിദ്രന്‍" എന്നൊരു നോവല്‍ എഴുതിയിട്ടുണ്ട്. സര്‍വ്വസമ്പത്തും ഉപേക്ഷിച്ച് സന്ന്യാസിയായിത്തീര്‍ന്ന ഫ്രാന്‍സീസ് അസീസിയെക്കുറിച്ചുള്ള കഥയാണത്. ഫ്രാന്‍സീസ് സമാധാനദൂതനായിത്തീര്‍ന്നു. സര്‍വ്വജീവജാലങ്ങളോടും സ്നേഹത്തിലും സൗഹാര്‍ദ്ദത്തിലും ജീവിച്ചു. ഒരിക്കല്‍ അദ്ദേഹം പക്ഷികളോടു സംസാരിച്ചുകൊണ്ടിരിക്കേ ഗുലേല്‍ മൂസ് ദിവീനി എന്ന സുപ്രസിദ്ധ ഗായകന്‍ കൂട്ടുകാരോടുകൂടി കുതിരപ്പുറത്ത് അവിടെയെത്തി. ഫ്രാന്‍സീസിന്‍റെ സര്‍വ്വജീവിസ്നേഹവും സമാധാനപൂര്‍ണ്ണമായ ജീവിതവും കണ്ട് അയാള്‍ വിസ്മയിച്ചു. അയാള്‍ ഫ്രാന്‍സീസിന്‍റെ അടുത്തുചെന്ന് അദ്ദേഹത്തിന്‍റെ പാദങ്ങള്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു: "എനിക്കിപ്പോള്‍ പ്രകാശം ലഭിച്ചിരിക്കുന്നു."

ഫ്രാന്‍സീസ് അയാളെ ആശ്വസിപ്പിച്ചു. സമാധാനം സൃഷ്ടിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള പാസിഫിക്കോ എന്ന് അയാള്‍ക്ക് പേരിട്ടു.

പണവും പ്രതാപവും പ്രശസ്തിയുമെല്ലാമുണ്ടായിരുന്ന ആ ഗായകന് സമാധാനമില്ലായിരുന്നു. സര്‍വ്വതും ത്യജിച്ച് സമാധാനത്തോടും സന്തോഷത്തോടുംകൂടെ ജീവിക്കുന്ന ഫ്രാന്‍സീസ് അസീസിയില്‍ നിന്ന് അയാള്‍ക്ക് സമാധാനം ലഭിച്ചു.

ഭൗതികവസ്തുക്കള്‍ വാരിക്കൂട്ടുന്നതിലൂടെയല്ല സമാധാനമുണ്ടാകുന്നത്. കലഹമോ യുദ്ധമോ ഇല്ലാത്ത അവസ്ഥ മാത്രമല്ല സമാധാനം. ഭാരതീയദര്‍ശനം സമാധാനത്തിന് പരമമായ സ്ഥാനം നല്‍കുന്നുണ്ട്. ശാന്തി കണ്ടെത്തുന്നത് ഭൗതികസുഖഭോഗങ്ങളില്‍ നിന്നല്ലെന്നും ആത്മജ്ഞാനത്തില്‍നിന്നും പരിത്യാഗത്തില്‍നിന്നുമാണെന്നും അത് ഉപദേശിക്കുന്നു. "സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും" എന്ന് ക്രിസ്തു തന്‍റെ ഗിരിപ്രഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org