സഹനസംഘടന

സഹനസംഘടന

സഹനത്തിന്‍റെ അത്ഭുതകരമായ മാദ്ധ്യസ്ഥ്യശക്തിയെക്കുറിച്ചു കൃത്യമായ അവബോധമുണ്ടായിരുന്ന വിശുദ്ധയായിരുന്നു മദര്‍ തെരേസ. അവള്‍ രൂപം കൊടുത്ത സഹനസംഘടന അതിനു മകുടോദാഹരണമാണ്. മദര്‍ പറയുന്നു: "സഹനമാണു വിജയരഹസ്യം." മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയില്‍ വേദന സഹിക്കുന്നവരുടെ ഒരു സംഘടനതന്നെയുണ്ട്. ലോകത്ത് എവിടെയായിരുന്നാലും അതില്‍ അംഗങ്ങളാകാം. അവരുടെ ശാരീരികവും മാനസികവുമായ വേദന ആത്മാക്കളുടെ രക്ഷയ്ക്കായി സമര്‍പ്പിക്കാം. ഈ സംഘടന രൂപീകരിച്ചത് ഇങ്ങനെയാണ്: 1948-ല്‍ പാറ്റ്നാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മദര്‍ തെരേസ പരിശീലനം നേടിയിരുന്ന കാലം. ജാക്വിലിന്‍ എന്നു പേരായ ഒരു ബെല്‍ജിയം യുവതി മദറിനെ തേടി വന്നു. പാവങ്ങളെ സേവിക്കുക എന്ന ജീവിതാദര്‍ശമായിരുന്നു ജാക്വിലിന് ഉണ്ടായിരുന്നത്. മദര്‍ അവളെ ക്ഷണിച്ചു: "ജാക്വിലിന്‍, നമുക്കൊരുമിച്ചു ജോലി ചെയ്യാം, കല്‍ക്കട്ടയിലേക്കു വരാമോ?" തീര്‍ച്ചയായും; പക്ഷേ എനിക്കു നട്ടെല്ലിന് ഒരു ഓപ്പറേഷനുണ്ട്. അതിനു നാട്ടില്‍ പോകണം. അതിനു ശേഷം തിരിച്ചുവരാം" – ജാക്വിലിന്‍റെ മറുപടി. ബെല്‍ജിയത്തെ ഒരു ധനികകുടുംബത്തിലെ അംഗമായിരുന്നു ജാക്വിലിന്‍. എന്നാല്‍ ബെല്‍ജിയത്തിലെത്തിയ അവള്‍ പിന്നെ ഇന്ത്യയിലേക്കു മടങ്ങിവന്നതേയില്ല. എന്തുപറ്റി അവള്‍ക്ക്?

തുടര്‍ച്ചയായ പല ശസ്ത്രക്രിയകള്‍ക്കു വിധേയയായി വേദനയുടെ തീച്ചൂളയില്‍ ദഹിച്ചു. അനങ്ങാന്‍ വയ്യ, കഴുത്തില്‍ കോളര്‍, ഉടലില്‍ പ്രത്യേക തരം ഇരുമ്പുചട്ട, കയ്യില്‍ ഊന്നുവടി. സഹനത്തിലൂടെ സഹപ്രവര്‍ത്തകയാകാനായിരുന്നു അവളുടെ വിളി. 1969 മാര്‍ച്ച് 29-നു വത്തിക്കാന്‍ അംഗീകരിച്ച "അന്തര്‍ദ്ദേശീയ സഹനസഹപ്രവര്‍ത്തക സംഘടന" യുടെ നിര്‍ണായക കണ്ണിയായി മാറി ജാക്വിലിന്‍. പീഡിതരെയും രോഗികളെയും വേദന സഹിക്കുന്നവരെയും ഓരോ മിഷനറിയുമായി ബന്ധിപ്പിച്ചു മിഷനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ സംഘടന. മദര്‍ തെരേസ ജാക്വിലിന് എഴുതി: "ഈശോയുടെ ദാഹം ശമിപ്പിക്കുന്നതിനു നാം പാനപാത്രങ്ങളാവുക. യഥാര്‍ത്ഥത്തില്‍ അങ്ങുമിങ്ങും ഓടിനടക്കുന്ന എന്നേക്കാള്‍, കട്ടിലില്‍ കിടുന്നു വേദന തിന്നു കഴിയുന്ന നിനക്കു കൂടുതല്‍ ആത്മാക്കളെ നേടാന്‍ കഴിയും."

സഹനം, ഏറ്റവും ശക്തമായ ആയുധമാണ്. ആത്മാക്കളെ നേടാനുള്ള ഏറ്റം ഉപയോഗയോഗ്യമായ ഉപകരണം. ധീരതയോടെ ആ ആയുധം കയ്യിലേന്തിയവര്‍ ധാരാളമുണ്ട്. രോഗം ബാധിച്ചു ചികിത്സയിലായിരിക്കവേ തനിക്കു നല്കിയ വേദനസംഹാരി ഗുളികകള്‍ നിഷേധിച്ചുകൊണ്ടു മദര്‍ തെരേസ പറഞ്ഞു: "ഈശോയ്ക്കുവേണ്ടി അല്പം കൂടി സഹനം, അതു മാത്രമേ ഇപ്പോള്‍ എനിക്കു ചെയ്യാനാവൂ. അതുകൊണ്ട് ആ ഗുളികകള്‍ എനിക്കു വേണ്ട."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org