അവധിക്കാലം ആസ്വദിക്കുമ്പോൾ

അവധിക്കാലം ആസ്വദിക്കുമ്പോൾ

സി. ഡോ. പ്രീത സി.എസ്.എന്‍.

നിമ്മിമോള്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ ഈ നീണ്ട അവധികാലത്തെക്കുറിച്ച് വിവരിക്കാന്‍ വലിയ സന്തോഷമാണ്. പഠിക്കണ്ട, പരീക്ഷ എഴുതണ്ട, പറഞ്ഞുവച്ചിരുന്ന അവധിക്കാല ക്ലാസുകള്‍ക്ക് പോകണ്ട. അവള്‍ ആഗ്രഹിച്ചതുപോലെ തന്നെ ടിവി ചാര്‍ജ്ജു ചെയ്തു, മൊബൈല്‍ ഗെയിം കളിക്കാന്‍ ഇഷ്ടംപോലെ സമയം. ഈ നീണ്ട അവധികാലം അടിച്ചുപൊളിച്ച് ആസ്വദിക്കാം എന്നതാണ് നിമ്മിമോളുടെ സന്തോഷം. കുട്ടികള്‍ക്ക് അവധികാലം ചിലവഴിക്കാന്‍ നല്കുന്ന സൗകര്യങ്ങളും അവര്‍ അതിനോടു കാണിക്കുന്ന അമിതാവേശത്തിന് അല്പം നിയന്ത്രണം വയ്ക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്നത് നല്ലതാണ്. അവധികാലത്ത് കുട്ടികളോടു കൂടെ കുറച്ചുസമയം ചിലവഴിക്കുന്ന മാതാപിതാക്കള്‍ അവരുടെ ശാരീരികവളര്‍ച്ചയ്ക്ക് ആവശ്യമായത് നല്കുന്നതിനോടൊപ്പം തന്നെ ആത്മീയതലത്തിലും ഉത്തരവാദിത്വബോധത്തിലും വൈകാരികതലത്തിലും വളരാന്‍ ഒരുപോലെ സഹായിക്കുന്നു.

ആത്മീയ വളര്‍ച്ച
അധ്യയനവര്‍ഷം മുഴുവന്‍ തിരക്കുപിടിച്ചോടുന്ന കുട്ടികള്‍ സ്വസ്ഥമായിരുന്ന് പ്രാര്‍ത്ഥിക്കുവാനും വി. ഗ്രന്ഥം വായിക്കാനും അധികം സമയം കണ്ടെത്താറില്ല. പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാണ്. അവധികാലത്ത് കുറച്ചു സമയം കുട്ടികള്‍ക്കൊപ്പമിരുന്ന് പ്രാര്‍ത്ഥിക്കാനും വചനം വായിക്കാനും സമയം കണ്ടെത്തുന്ന മാതാപിതാക്കളുടെ സ്നേഹവും കരുതലും അനുഭവിക്കുന്ന കുട്ടി ദൈവസ്നേഹത്തിന്‍റെ പാഠങ്ങള്‍ പഠിച്ചെടുക്കുന്നു. കൂടെ നടത്തി പരസ്നേഹം അഭ്യസിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്ന കുട്ടികള്‍ അപരനോട് സഹാനുഭൂതിയോടെയും സ്നേഹത്തോടെയും പെരുമാറാനുള്ള ബാലപാഠങ്ങള്‍ കണ്ടുപഠിച്ച് പങ്കുവയ്ക്കുന്നവരായി മാറുന്നു. ആത്മീയകാര്യത്തില്‍ മാതാപിതാക്കള്‍ നല്കുന്ന പ്രാധാന്യം കുട്ടികള്‍ കണ്ട് വിലമതിക്കുന്നു, ജീവിതത്തില്‍ പ്രതീക്ഷയും പ്രത്യാശയും വളര്‍ത്തുന്നു.

ഉത്തരവാദിത്വ വളര്‍ച്ച
ഉത്തരവാദിത്വം കുട്ടികള്‍ ആര്‍ജ്ജിച്ചെടുക്കുന്നതാണ്. അവധികാലത്ത് കുട്ടികള്‍ക്ക് കൂടുതല്‍ സമയമുണ്ട്. അവരെ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ പരിശീലിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക. കുട്ടികള്‍ ആരംഭിക്കുന്ന കാര്യങ്ങള്‍ തുടരാനും അവസാനിപ്പിക്കാനും പഠിപ്പിക്കുന്നതുവഴി തനിക്കും എന്തെങ്കിലും തനിയെ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം ആര്‍ജ്ജിക്കുന്ന കുട്ടി ഉത്തരവാദിത്വബോധത്തിലേക്ക് ഉയരുകയാണ്. ഉദാഹരണമായി പാത്രം കഴുകാനും ഭക്ഷണമേശ ഒരുക്കാനും കിടന്ന മുറി വൃത്തിയാക്കാനും സ്വന്തം വസ്ത്രങ്ങള്‍ തനിയെ കഴുകാനും വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനും കുട്ടികള്‍ അവധികാലത്ത് പഠിച്ചെടുക്കുമ്പോള്‍ അലസരാകാതെ അവധികാലം ആസ്വദിക്കാന്‍ പ്രാപ്തരാകുന്നു.

വൈകാരിക പക്വത
ഉത്തരവാദിത്വബോധത്തില്‍ വളരുന്ന കുട്ടി വൈകാരികപക്വത ആര്‍ജ്ജിച്ചെടുക്കുന്നു. ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പം നിന്ന് പരിഹരിക്കാന്‍ പഠിക്കുന്ന കുട്ടികള്‍ വൈകാരികതലത്തില്‍ പക്വത ആര്‍ജ്ജിച്ചെടുക്കുന്നതിനോടൊപ്പം ജീവിതാനുഭവങ്ങളെ സമചിത്തതയോടെ നേരിടാനും പഠിക്കുന്നു. വൈകാരികപക്വതയില്‍ വളരാന്‍ പരിശ്രമിക്കുന്ന കുട്ടി ചെറിയ പ്രശ്നങ്ങള്‍ കാണുമ്പോള്‍ പകച്ചു നില്ക്കാതെ, പ്രശ്നങ്ങളില്‍ നിന്ന് ഓടി അകലാതെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അതിജീവിക്കാനുമുള്ള കഴിവു നേടുന്നു. ജീവിതവിജയം നേടുന്നതിനാവശ്യമായ ക്രിയാത്മകമനോഭാവം രൂപപ്പെടുത്താന്‍ പഠിക്കുന്നു. വൈകാരികപക്വത പ്രാപിക്കുന്ന കുട്ടികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കാരണം മറ്റുള്ളവരാണെന്ന് പഴിചാരാതെ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് പരിഹരിക്കാന്‍ പരിശ്രമിക്കുന്നു.

കുട്ടികള്‍ അര്‍ഹിക്കുന്നത് ചെയ്തുകൊടുക്കുന്നതിനോടൊപ്പം അവരുടെ സമഗ്രമായ വളര്‍ച്ച സാധിക്കുന്നത് കുടുംബത്തിലാണ്. അവധികാലത്ത് മാതാപിതാക്കളുടെകൂടെ നിന്ന് പഠിക്കുന്ന കുട്ടികള്‍ ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള കല അഭ്യസിക്കുന്നു. ഉത്തരവാദിത്വബോധത്തില്‍ വളരുന്ന കുട്ടികള്‍ അവരുടെ ജീവിതത്തെ വിലമതിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ മാനിക്കാനും സമയം വേണ്ടവിധം പ്രയോജനപ്പെടുത്താനും അവധികാലം വെറുതെ പഴാക്കാതെ വ്യക്തിത്വ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന വിധം പ്രയോജനപ്പെടുത്താനും ആരോഗ്യപരമാക്കാനും കഴിവുള്ളവരാകുന്നു.

ജീവന: 0484-2600464

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org