കപ്പൽ

കപ്പൽ

ചെറുകഥ


വിശാല്‍ വര്‍ഗീസ് ആറ്റുമാലില്‍

ക്ലാസ്സ് VI

ഒരിടത്തൊരിടത്തൊരു ഗ്രാമത്തിലാണ് എന്‍റെ വീട്. പേര് ചക്കികോഴി. എന്‍റെ ചങ്ങാതിമാരാണു ചിന്തന്‍ കൊതുക്, പൊന്നന്‍ പൊന്‍മാന്‍, പാച്ചുപരുന്ത്, കുഞ്ഞന്‍ മരംകൊത്തി. ഞങ്ങള്‍ പാടത്തു കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ക്കൊരു ആശ തോന്നി. പാടത്തു കളിച്ചാല്‍ മാത്രം പോരാ, കടലിലെ തിരമാലയില്‍ ആടുകയും പാടുകയുമൊക്കെ വേണമെന്ന്. അതിനായി ഒരു കപ്പല്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഓരോരുത്തരും തന്നാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കണം. കൊതുക് മനുഷ്യരുടെ രക്തം വിററു നല്ല പണം സമ്പാദിച്ചിരുന്നു. അതിനാല്‍ അവന്‍ പണം നല്കി സഹായിച്ചു. മരംകൊത്തി കാട്ടില്‍ പോയി മരങ്ങളൊക്ക കൊത്തികൊണ്ടുവന്നു കൊടുത്തു. പരുന്തിന്‍റെ കയ്യിലുണ്ടായിരുന്ന മോതിരം എന്‍റെ കയ്യില്‍ പണയംവച്ചു പണം കൊടുത്തു. ബാക്കി എല്ലാവരും കപ്പല്‍നിര്‍മാണത്തില്‍ സഹായിച്ചു. അങ്ങനെ ഞങ്ങളുടെ കപ്പല്‍നിര്‍മാണം പൂര്‍ത്തിയായി.

ഞങ്ങളെല്ലാവരും കപ്പല്‍യാത്രയ്ക്കൊരുങ്ങി കപ്പലിന്‍റെ ഏറ്റവും മുന്നിലായി തണലിനായി ഒരു തണല്‍മരവും നട്ടു. ഞങ്ങള്‍ ആടിയും പാടിയും സന്തോഷത്തോടെ യാത്ര തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഉഗ്രന്‍ ഇടിവെട്ടും കാറ്റും മഴയും. ഞങ്ങള്‍ പേടിച്ചു കരയാന്‍ തുടങ്ങി. ഉടനെ കുഞ്ഞനാണെങ്കിലും കുഞ്ഞാറ്റക്കിളി പറഞ്ഞു. നമുക്കു നമ്മുടെ കാറ്റിനെയും കടലിനെയും ശാന്തനാക്കുന്ന നല്ല ഈശോ ഉണ്ടല്ലോ. നമുക്ക് ഈശോയോടു വിളിച്ചു പ്രാര്‍ത്ഥിക്കാം. അങ്ങനെ അവര്‍ ഒന്നിച്ച് 'ഈശോയേ രക്ഷിക്കണേ' എന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഉടനെ കടലും കാറ്റും ശാന്തമായി, മഴയും മാറി. അപ്പോള്‍ ഞങ്ങള്‍ ഡാന്‍സും പാട്ടുമൊക്കെയായി യാത്ര തുടങ്ങി. കുറച്ച് അഹങ്കാരത്തോടെ കുഞ്ഞാറ്റക്കിളി പറഞ്ഞു, ഞാന്‍ ഈശോയോടു പ്രാര്‍ത്ഥിച്ചതുകൊണ്ടാണു നമ്മള്‍ രക്ഷപ്പെട്ടത്. ഇതു കേട്ട പരുന്തു പറഞ്ഞു, ഓ! അതു പ്രകൃതി നമ്മളെ പേടിപ്പിക്കാന്‍ ഒരു സൂത്രം കാട്ടിയതല്ലേ. ഈശോ രക്ഷിച്ചില്ലെങ്കിലും പ്രകൃതി നമ്മെ രക്ഷിക്കും. പാവം കുഞ്ഞാറ്റക്കിളി പിന്നെ ഒന്നും മിണ്ടിയില്ല. തന്നേക്കാള്‍ ശക്തനായ പരുന്തിനോടു മത്സരിക്കാന്‍ ഞാനില്ല എന്ന ഭാവത്തില്‍.

അവരങ്ങനെ സന്തോഷത്തോടെ പോയിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് അവരുടെ കപ്പല്‍ ഒരു പാറയില്‍ വലിയ ശബ്ദത്തോടെ ഇടിച്ചു. കപ്പല്‍ രണ്ടായി പിളര്‍ന്നു. കപ്പലിന്‍റെ പൊട്ടിയ കഷണത്തിലൊക്കെ പിടിച്ച് എല്ലാവരും രക്ഷപ്പെട്ടു. പാവം ആല്‍മരം മാത്രം വെള്ളത്തില്‍ ഒഴുകി. പേടിച്ചു വിറച്ച് അവന്‍ അവസാനം ഒരു കരയില്‍ അടിഞ്ഞു. അവിടെനിന്ന് അവന്‍ വളര്‍ന്നു. കൂട്ടുകാരേ, നിങ്ങള്‍ കണ്ടിട്ടില്ലേ, ആല്‍മരത്തിന്‍റെ ഇലകള്‍ വിറയ്ക്കുന്നത്. പാവം അവന്‍റെ അന്നത്തെ പേടി ഇപ്പോഴും മാറിയിട്ടില്ല. അതാണ് അവന്‍ ഇപ്പോഴും വിറയ്ക്കുന്നത്. ഓരോരുത്തരും അവരവരുടെ നഷ്ടങ്ങള്‍ പറഞ്ഞു വിതുമ്പി കരഞ്ഞു. കൊതുക് ഇപ്പോഴും എന്‍റെ പണം പോയേ, എന്‍റെ പണം പോയേ എന്ന ശോകഗാനം പാടിപ്പറക്കുകയാണ്. ആറ്റക്കിളി താന്‍ കപ്പലില്‍ ഇരുന്നു കുലുങ്ങിയതുകൊണ്ടാണു കപ്പല്‍ മുങ്ങിയതെന്നു പറഞ്ഞ് ഇപ്പോഴും കുലുങ്ങിക്കുലുങ്ങി കരയുകയാണ്. മരംകൊത്തി ഏതു മരംകൊണ്ടാണു കപ്പല്‍ ഉണ്ടാക്കിയതെന്നറിയാന്‍ എല്ലാ മരവും കൊത്തി നോക്കുകയാണ്. പൊന്‍മാന്‍ ഞാന്‍ ഇപ്പോള്‍ത്തന്നെ കപ്പല്‍ വെള്ളത്തില്‍ നിന്നു മുങ്ങിയെടുക്കും എന്നു പറഞ്ഞു വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി കരയുകയാണ്. പരുന്ത് താന്‍ പണയംവച്ച മോതിരം തിരികെ എടുക്കാന്‍ എന്‍റെയടുത്തു വന്നു. എന്നാല്‍ എന്‍റെ കയ്യില്‍ നിന്നു ആ മോതിരം നഷ്ടപ്പെട്ടുപോയി. ആ മോതിരം കിട്ടാനായി ഞാന്‍ അന്നു മുതല്‍ ചിക്കിമാന്തി നടക്കുകയാണ്. മോതിരം തിരിച്ചു കിട്ടാതായപ്പോള്‍ പരുന്തിന്‍റെ ഭാവം മാറി. നീ എന്‍റെ മോതിരം തിരികെ തരുന്ന ദിവസം വരെ നിന്‍റെ കുഞ്ഞുങ്ങളെ ഞാന്‍ കൊണ്ടുപോകും. അങ്ങനെ മരത്തിന്‍റെ ചില്ലകള്‍ക്കിടയില്‍ അവന്‍ എന്‍റെ കുഞ്ഞുങ്ങള്‍ക്കായി പതിയിരിക്കുകയാണ്. ഇതാണു ഞങ്ങളുടെ കപ്പലിന്‍റെ കഥ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org