തിരികെ വരാം പ്രണയതകര്‍ച്ചയില്‍നിന്നും

തിരികെ വരാം പ്രണയതകര്‍ച്ചയില്‍നിന്നും

യുവജനപ്രശ്നങ്ങളിലൂടെയുള്ള ഒരു യുവമനഃശാസ്ത്രജ്ഞന്‍റെ പരീക്ഷണയാത്രകള്‍….


വിപിന്‍ വി. റോള്‍ഡന്‍റ്

മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin Universiry
& Roldants Behaviour Studio, Cochin

"ഒറ്റയ്ക്കാണ് ഡോക്ടര്‍…. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി…. ആരുമില്ല എനിക്ക്…. എന്‍റെ കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചവര്‍ എന്നെ കൈഒഴിഞ്ഞു. ആകെ മടുത്തു. മനസ്സും ശരീരവും തളര്‍ന്നുപോകുന്നു. ജീവിച്ചിരിക്കുന്നതില്‍ ഒരര്‍ത്ഥവും തോന്നുന്നില്ല. മനസ്സു കൈവിട്ടുപോകും എന്ന അവസ്ഥ വന്നതുകൊണ്ടാണ് ഞാന്‍ കൗണ്‍സിലിംഗിന് വന്നത്. എന്നെ സഹായിക്കണം."

കൊച്ചിയിലെ എന്‍റെ മൈന്‍ഡ്-ബിഹേവിയര്‍ സ്റ്റുഡിയോയില്‍ വന്ന ഒരു കോളേജ് വിദ്യാര്‍ത്ഥിനിയുടെ വാക്കുകളാണ് ഇതെല്ലാം. കാതറിന്‍ എന്ന് നമുക്കവളെ വിളിക്കാം (പേര് വ്യാജം). പ്രകൃതിയുടെ താളക്രമത്തില്‍ ഒഴുകിയെത്തിയ ഒരു പ്രണയം നിനച്ചിരിക്കാതെ തകര്‍ന്നതാണ് നെഗറ്റീവ് ചിന്തകളുടെ മലവെള്ളപാച്ചിലിലേയ്ക്ക് അവളെ എത്തിച്ചത്. പ്ലസ് ടു വരെ ഉന്നതവിജയം നേടി. പഠനത്തില്‍ സ്മാര്‍ട്ടായിരുന്ന അവള്‍ നഗരത്തിലെ ഒരു കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെത്തന്നെ പൂത്തുലഞ്ഞു വിടര്‍ന്നു പരിലസിച്ചു വന്ന പ്രണയം മൂന്നാം വര്‍ഷത്തില്‍ ഉണങ്ങി ഒടുങ്ങിയപ്പോള്‍ തകര്‍ന്നുപോയി അവള്‍. തന്നെക്കാള്‍ മിടുക്കിയായ മറ്റൊരുവളെ കൂട്ടിനുകിട്ടിയെന്നു പറഞ്ഞ് കണ്ണിലുണ്ണിയായവന്‍ അകാലത്തില്‍ പ്രണയം അവസാനിപ്പിച്ചപ്പോള്‍ ഒറ്റയ്ക്കായിപ്പോയി പെട്ടെന്നവള്‍. തന്‍റെ പ്രണയം ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നു എന്ന് ഉറപ്പുണ്ടായിരുന്ന അവള്‍ താന്‍ മൂന്നുവര്‍ഷം നെഞ്ചിലേറ്റി നടന്നവന്‍ കഴിഞ്ഞവര്‍ഷങ്ങളെല്ലാം തന്നെ പറ്റിക്കുകയായിരുന്നു എന്നാലോചിച്ചപ്പോള്‍ ആത്മനിന്ദയും, വെറുപ്പും ദേഷ്യവും സങ്കടവുമെല്ലാം അണപൊട്ടിയൊഴുകി ഉള്ളില്‍. 'ഒരുത്തന്‍ പോയാല്‍ പത്തെണ്ണം വേറെ വരും' എന്ന് പറഞ്ഞ ന്യൂജെന്‍ കൂട്ടുകാരികളെ അവള്‍ രോഷത്തോടെ നോക്കി. ആളുകള്‍ എത്ര ലാഘവത്തോടെയാണ് തന്‍റെ വിഷമം കൈകാര്യം ചെയ്യുന്നതെന്ന് ചിന്തിച്ചപ്പോള്‍ അവള്‍ക്ക് എല്ലാവരോടും പുച്ഛം തോന്നി. വിഷാദത്തിലേക്ക് മനസ്സു മാറുന്നു എന്നു മനസ്സിലാക്കിയ വേളയില്‍ ഒരു സൈക്കോളജിസ്റ്റിനെ കാണണം എന്നു സ്വയം തീരുമാനിച്ച് ഇന്‍റര്‍നെറ്റില്‍ പരതിയപ്പോഴാണ് ബിഹേവിയര്‍ സ്റ്റുഡിയോ കണ്ണിലുടക്കിയതും വന്നതും.

"വീട്ടില്‍ പറഞ്ഞില്ലേ ഈ സങ്കടം, അവര്‍ക്കറിയാമോ കാര്യങ്ങള്‍." ഞാന്‍ ചോദിച്ചു.

"പറഞ്ഞു ഡോക്ടര്‍, അവര്‍ക്ക് കുറച്ചുകാര്യങ്ങളൊക്കെ അറിയാമായിരുന്നു. പക്ഷേ, ഞാനിത്രയും കമ്മിറ്റഡ് ആയിരുന്നുവെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. എന്നെ അവര്‍ ആശ്വസിപ്പിച്ചു. എങ്കിലും എന്‍റെ പ്രണയം തകര്‍ന്നതില്‍ അവര്‍ക്ക് എന്തോ ഒരു ആശ്വാസംപോലെ എനിക്കു തോന്നി. പിന്നെ ഞാനാരുമായും ഈ വിഷയം സംസാരിച്ചില്ല." അവള്‍ തുടര്‍ന്നു.

കാലമെത്ര മാറിയാലും എത്ര ന്യൂജെന്‍ ഡ യലോഗുകളൊക്കെ നമ്മള്‍ പ്രയോഗിച്ചാലും വൈകാരിക പ്രശ്നങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. കൗമാരക്കാരിലും യുവജനങ്ങള്‍ക്കിടയിലും ഏറ്റവും പ്രാധാന്യമുള്ള സംഗതിയാണ് അവരുടെ സൗഹൃദങ്ങളും പ്രണയവും. കൂട്ടുതേടിയുള്ള യാത്രയില്‍ കൂട്ടുകാരനും കൂട്ടുകാരിയും തമ്മില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു ബ്രേക്കിംഗ് അഥവാ വേര്‍പിരിയലിനും മാനസികമായി തയ്യാറെടുക്കപ്പെടേണ്ട ഉത്തരവാദിത്വം യുവത്വത്തിനുണ്ട്.

സ്വപ്നബന്ധങ്ങള്‍ നഷ്ടമാകുന്ന യുവത്വത്തിന്‍റെ പ്രതികരണം പലരീതിയിലാകാം. ചിലര്‍ പ്രതികാരാഗ്നിയില്‍ ജ്വലിക്കും. താന്‍ പ്രണയിച്ചിരുന്ന വ്യക്തിയെ തച്ചുതകര്‍ക്കാന്‍ കോപ്പുകൂട്ടിയിറങ്ങും അവര്‍. ആസിഡ് അറ്റാക്കും, പെട്രോള്‍ ഒഴിച്ച് കത്തിക്കലും കുത്തിക്കൊലപ്പെടുത്തലുമെല്ലാം സൂചിപ്പിക്കുന്നത് യഥാര്‍ത്ഥ സ്നേഹമായിരുന്നില്ല അവര്‍ തമ്മിലുണ്ടായിരുന്നതെന്നു തന്നെയാണ്. സ്നേഹിച്ചിരുന്നവന് എങ്ങനെയാണ് തന്‍റെ പ്രിയപ്പെട്ടവളെ കൊല്ലാന്‍ സാധിക്കുക?! ആ ബന്ധം പിരിയേണ്ടതുതന്നെ ആയിരുന്നു എന്ന് ആര്‍ക്കും തോന്നാവുന്ന അവസ്ഥയിലേക്കാണ് അവര്‍ കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ടാവുക.

പ്രണയ പരാജയങ്ങളുടെ മറുവശം വിഷാദമാണ്. തനിക്ക് ആരുമില്ല, താന്‍ തിരസ്കരിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്ത മനസ്സില്‍ മുറവേല്പിച്ചതിന്‍റെ വേദനയില്‍ സമൂഹത്തില്‍നിന്നും ഉള്‍വലിയാനും നിരാശയുടെ ജീവിതം നയിക്കാനും യുവതീയുവാക്കളെ തോന്നിപ്പിക്കുന്ന വിഷാദാവസ്ഥയില്‍ ആത്മഹത്യയ്ക്കു തുനിയുന്ന ജീവിതങ്ങള്‍ ഇന്നും സമൂഹത്തിന് വെല്ലുവിളിയാണ്. നമ്മുടെ കഥാപാത്രം കാതറിനും ഏതാണ്ട് ഈ അവസ്ഥയിലേക്ക് പോകുന്നു എന്ന അവസ്ഥയിലാണ് പ്രൊഫഷണല്‍ ഹെല്‍പ്പ് എടുത്തത്.

Is it the end of your Life? Cognitive Behaviour Therapy-യിലൂന്നിയ ഒരു ചോദ്യം ഞാന്‍ കാതറിനോട് ചോദിച്ചു. തെല്ലിട മൗനത്തിനു ശേഷം അവള്‍ പറഞ്ഞു: "I don't think so. പക്ഷേ, എനിക്ക് മനസ്സു തളര്‍ന്നുപോകുന്ന അവസ്ഥയില്‍ നിന്ന് കരകയറണം. എനിക്കു തന്നെ എന്നെക്കുറിച്ച് അപമാനം തോന്നുന്നു. വളരെ സ്മാര്‍ട്ട് ആയിരുന്ന ഞാന്‍ ഇത്തരത്തില്‍ നെഗറ്റീവ് ചിന്തകളുടെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് ആയി മാറിയതില്‍." അവളുടെ ആഗ്രഹം തിരികെ വരുന്നതില്‍ തുണയായി ഞാന്‍ നിന്നു.

ഏതാനും സെഷനുകളിലൂടെയും റിലാക്സേഷന്‍ മാര്‍ഗ്ഗങ്ങളിലൂടെയും മനസ്സിനെ തണുപ്പിച്ച്, ചിന്തകളില്‍ നിറങ്ങള്‍ പൂശി അവള്‍ ജീവിതത്തിന്‍റെ സാധ്യതകളിലേയ്ക്ക് തിരികെ വന്നു. ഇടയ്ക്കെപ്പോഴോ കൈമോശം വന്നിരുന്ന ദൈവാശ്രയബോധവും പ്രാര്‍ത്ഥനയും അവളെ കൂടുതല്‍ ബലപ്പെടുത്തി. അവള്‍ ജീവിതത്തെ നോക്കി പുഞ്ചിരിച്ചു… Love you Zindhagi….

കൗമാര യുവജന മനസ്സുകളും മാതാപിതാക്കളും ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയേണ്ട കാര്യങ്ങള്‍ നിരവധിയാണ്. അനുവാദമില്ലാതെ മനസ്സിന്‍റെ മൂടുപടം പൊട്ടിച്ച് ഏതൊരാളും ഉള്ളില്‍ കടക്കാന്‍ സാധ്യതയുള്ള പ്രായത്തില്‍ ഇഷ്ടം, അടുപ്പം, പ്രണയം തുടങ്ങിയവയൊക്കെ തലച്ചോറിലെ Dopamine എന്ന കെമിക്കലിന്‍റെ കളിയായി വന്നേക്കാം. അടുത്തിടപഴകലും 'അതിരുകള്‍ ലംഘിക്കലും' Oxyfocin, Vasoprazinc എന്നീ Love Hormonse's-നെ ഉണര്‍ത്തുകയും 'നമ്മളൊന്നാണ്' എന്ന feel മനസ്സിന് നല്കുകയുമൊക്കെ ചെയ്യും. ഇഷ്ടം തോന്നുന്നയാളുടെ ശരിയായ സ്വഭാവമോ, കുടുംബപശ്ചാത്തലമോ, വ്യക്തിത്വത്തിന്‍റെ ഉള്‍വശങ്ങളോ ഒന്നും അറിയാനോ മനസ്സിലാക്കാനോ മെനക്കെടാന്‍ മനസ്സു സമ്മതിക്കില്ലാന്നു മാത്രമല്ല, ഇഷ്ടത്തിലായാല്‍ പിന്നെ വീട്ടുകാരും വേണ്ടപ്പെട്ടവരും നായകന്‍/നായിക യഥാര്‍ത്ഥത്തില്‍, വില്ലനും/വില്ലത്തിയുമാണെന്നു പറഞ്ഞാലും 'പോയി പണി നോക്ക്' എന്നായിരിക്കും യുവമനസ്സ് പ്രതികരിക്കുക.

ദിവസങ്ങളും മാസങ്ങളും മുന്നോട്ടുപോകുമ്പോള്‍ ഒറിജിനല്‍ സ്വഭാവം പുറത്തുവന്നു തുടങ്ങും. ചെവിക്കു പിടിത്തവും ആക്രോശവും വഴക്കുമായിരിക്കും കൊച്ചുവര്‍ത്തമാനങ്ങള്‍ക്കു പകരം ഇഷ്ടമനസ്സുകള്‍ക്കിടയില്‍ പ്രകടമാകുക. എങ്കിലും ഞാന്‍ അവനെ/അവളെ ഇഷ്ടപ്പെടുന്നു എന്നതിന്‍റെ പേരില്‍ സ്വഭാവദൂഷ്യങ്ങളും കൂട്ടുകാര്‍ അതിനോടകം പറഞ്ഞ ആരോപണങ്ങളുമൊക്കെ അവഗണിക്കും പ്രണയമനസ്സ്. ചിലപ്പോള്‍ സാവധാനം, ചിലപ്പോള്‍ പെട്ടെന്ന് ബന്ധം തകരുമ്പോള്‍ രണ്ടിലൊരാള്‍ ഉലഞ്ഞുപോകും. പൊട്ടിച്ചവന്‍/പൊട്ടിച്ചവള്‍ കൂള്‍ ആയിരിക്കും. മറുവശം സങ്കട കടലിലും.

ഈ കടലില്‍ നിന്നും കരയിലേക്ക് നീന്തികയറാന്‍ സാധിക്കണം. പറ്റുന്നില്ലെങ്കില്‍ വള്ളത്തിലോ, ബോട്ടിലോ ആണെങ്കിലും കരയ്ക്ക് തിരിച്ചെത്താന്‍ സാധിക്കണം. അങ്ങനെ യുവമനസ്സിനെ തിരികെയെത്തിക്കുന്നത് അവരുടെ AQ അഥവാ Adversity Questient ആണ്. ഏതൊരു പ്രതിസന്ധിയും നിരാകരിക്കലും ഒന്നിന്‍റെയും അവസാനമല്ല. മറിച്ച് പ്രകൃതി തക്കസമയത്ത് പുനര്‍വിചിന്തനം നടത്താന്‍ നമുക്കു തരുന്ന അവസരമായിട്ട് കാണാന്‍ സാധിക്കുന്നതാണീ AQ. ചേരേണ്ടത് മാത്രമേ ചേരാവൂ, അല്ലാത്തത് വഴിമാറണം. എന്നത് പ്രകൃതിനിയമമാണെന്ന് അംഗീകരിക്കണം. ഒറ്റയ്ക്ക് ഉള്ളിലൊതുക്കാതെ മാതാപിതാക്കളോടോ, വിശ്വസ്തരായ മുതിര്‍ന്നവരോടോ, മനശാസ്ത്രജ്ഞരോടോ, തുറന്നു സംസാരിക്കണം. 'Talking Cure' എന്ന മാര്‍ഗ്ഗം അഥവാ തുറന്നു പങ്കുവയ്ക്കലിലൂടെയുള്ള സൗഖ്യം മനുഷ്യന്‍റെ ഏറ്റവും വലിയ സാധ്യതയാണ്. കുമ്പസാരത്തിലൂടെ ലഭിക്കുന്ന പല ഗുണങ്ങളില്‍ ഒന്ന് ഇതാണ്. സ്വയം തിരിച്ചറിയുന്നതിലൂടെ നമ്മുടെ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലിലൂടെ, ജീവിതത്തില്‍ വായിച്ചു കടന്നുപോയ ഒരു ചെറിയ ലേഖനമായിട്ടോ, കണ്ടുകഴിഞ്ഞ സിനിമയായിട്ടോ ഇന്നലകളെ മനസ്സിലാക്കാന്‍ സാധിക്കണം. എന്‍റെ ദൈവത്തിന് എന്നെക്കുറിച്ച് ക്ഷേമത്തിനുള്ള ഒരു പദ്ധതിയുണ്ട്, അതിലേയ്ക്കുള്ള ഒരുക്കലുകളാണിവയെല്ലാം എന്ന് വിശ്വസിക്കാനാകണം. ആരൊക്കെ വഴിയില്‍ ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്തവനായ ദൈവത്തോട് ചേര്‍ന്നുനിന്നുകൊണ്ട് ജീവിതത്തെ നോക്കി പുഞ്ചിരിക്കാനാകണം. ഏതൊരു പ്രതിസന്ധിയെയും നോക്കി 'Is it the end of my life?' എന്ന് ചോദിക്കണം. മടങ്ങിവരുന്ന 'No' എന്ന ഉത്തരത്തില്‍ തെളിയുന്ന മനസ്സോടെ ജീവിതം ഉഷാറാകാന്‍ കാതറിനെപ്പോലെ എല്ലാ യുവജനങ്ങള്‍ക്കും സാധിക്കട്ടെ.

vipinroldantofficial@gmail.com
Mob : 9744075722

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org