ദൈവത്തെ കാണാമോ?

ദൈവത്തെ കാണാമോ?

ഭക്തനും സമ്പന്നനുമായ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ദൈവം അയാള്‍ക്ക് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: "അടുത്ത ദിവസം ഞാന്‍ നിന്‍റെ അതിഥിയായി വീട്ടില്‍ വരും." ബാഹ്യമായ എല്ലാ ഒരുക്കങ്ങളും നടത്തി ഊണ് ഒരുക്കി വച്ച് ഭക്തന്‍ കാത്തിരുന്നു.

പുറത്ത് ഒരാള്‍ അപകടത്തില്‍പ്പെട്ടു. അയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാര്‍ ആവശ്യപ്പെട്ടു. അത് ഭഗവാനുവേണ്ടിയുള്ളതാണ് എന്നു പറഞ്ഞ് കൊടുത്തില്ല… ആ മനുഷ്യന്‍ രക്തം വാര്‍ന്നു മരിച്ചു. അന്നു ഭഗവാന്‍ വന്നില്ല. പിറ്റേന്ന് ഒരു കുഷ്ഠരോഗി ഭക്ഷണം യാചിച്ചുവന്നു. ഭഗവാന്‍റെ പാദസ്പര്‍ശത്തിനുവേണ്ടി വൃത്തിയാക്കപ്പെട്ട ആ സ്ഥലത്തുനിന്ന് ആ യാചകനെ ഭക്തന്‍ ആട്ടിപ്പുറത്താക്കി. അന്ന് സന്ധ്യയായിട്ടും ദൈവം വന്നില്ല. മൂന്നാം ദിവസം ജോലിക്കാരില്‍ ഒരാള്‍ തന്‍റെ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സഹായം ചോദിച്ചുവന്നു. ദൈവം വന്നതിനു ശേഷമേ തരൂ, എന്നായിരുന്നു മറുപടി – അന്നും ദൈവത്തെ കണ്ടില്ല.

അന്ന് രാത്രി ക്ഷീണിതനും നിരാശനുമായി ഉറങ്ങിയ ഭക്തന് ദൈവം വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്തെല്ലാം ഒരുക്കി ഞാന്‍ അങ്ങയെ കാത്തിരുന്നു, അങ്ങ് വന്നില്ലല്ലോ?- ഭക്തന്‍ പരാതി പറഞ്ഞു. ദൈവത്തിന്‍റെ മറുപടി: മൂന്നു പ്രാവശ്യം ഞാന്‍ നിന്‍റെ വീട്ടില്‍ വന്നു. നീ എന്നെ സ്വീകരിച്ചില്ല.

ചോദ്യങ്ങള്‍
എന്തുകൊണ്ട് ദൈവത്തെ കാണാന്‍ ദൂതന് സാധിച്ചില്ല? ദൈവം സന്ദര്‍ശിച്ചിരുന്നുവോ?
ദൈവം മനുഷ്യനെ കണ്ടുമുട്ടുന്ന രീതികള്‍, സ്ഥലം, മാര്‍ഗ്ഗങ്ങള്‍?
ഈശ്വരന്‍ ഇന്ന് നമ്മുടെ വീട്ടില്‍ വരുന്നുണ്ടോ? എങ്ങനെ? ആരിലൂടെ? ചിന്തിച്ച് നോക്കൂ.

വിശദീകരണം
ദൈവം / ഈശ്വരന്‍ കരുണാമയനാണെന്ന സത്യം കൂടുതല്‍ ഊന്നി പറയുക. എല്ലാവരുടെയും ഉള്ളില്‍ വസിക്കുന്ന ദൈവസാന്നിദ്ധ്യം കുട്ടികളുടെ അവബോധത്തില്‍ കൊണ്ടുവരുക. പ്രകൃതിയില്‍ നിറഞ്ഞു നില്‍ക്കുന്ന ദൈവിക സാന്നിധ്യത്തെക്കുറിച്ച് ബോധ്യം കൊടുക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org