നെല്ലി നട്ടുവളർത്താം

നെല്ലി നട്ടുവളർത്താം

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

നമ്മുടെ വീട്ടുവളപ്പില്‍തന്നെ നട്ടുവളര്‍ത്താന്‍ പറ്റിയതാണു നെല്ലി. ഒട്ടുമിക്കവാറും ഏതു കാലാവസ്ഥയിലും തന്നെ നെല്ലി വളര്‍ന്നു കാണുന്നു. നെല്ലിക്കു പ്രത്യേകിച്ചു കൂടുതല്‍ പരിചരണം ആവശ്യമില്ല. രോഗങ്ങളും കീടബാധകളും നെല്ലിയെ പെട്ടെന്നു ബാധിക്കാറില്ല. വലിയ കായ്കള്‍ ഉണ്ടാകുന്നതും ചെറിയ കായ്കള്‍ ഉണ്ടാകുന്നതും തുടങ്ങി പല ഇനങ്ങള്‍ കണ്ടുവരുന്നു. ചെറിയ നെല്ലിക്കയ്ക്കാണു കൂടുതല്‍ ഔഷധഗുണമുള്ളതായി പറയുന്നത്.

തയ്യാറാക്കിയ കുഴിയില്‍ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു നെല്ലിത്തൈകള്‍ നടാം. വിത്തു മുളപ്പിച്ചാണു തൈകള്‍ ഉണ്ടാക്കുന്നതെങ്കില്‍ പോളിത്തീന്‍ കവറില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ചേര്‍ത്തു തയ്യാറാക്കിയ മിശ്രതത്തില്‍ വിത്തു പാകി കിളിര്‍പ്പിച്ചു നന്നായി വളര്‍ന്ന ശേഷം അനുയോജ്യമായ സ്ഥലത്തയ്ക്കു മാറ്റി നടാം. കാലവര്‍ഷാരംഭത്തിനുമുമ്പോ ശേഷമോ നടുന്നതാണു നല്ലത്.

വേനല്‍ക്കാലങ്ങളില്‍ നനച്ചുകൊടുക്കണം. ചുവട്ടിലെ കളകള്‍ നീക്കി പുതയിടല്‍ നടത്തുന്നതും നല്ലതാണ്. തൈകള്‍ നട്ട കുഴിയില്‍ മഴക്കാലത്തു വെള്ളം കെട്ടിനില്ക്കുന്നത് ഒഴിവാക്കണം. ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി മറ്റു ജൈവവളങ്ങള്‍ എന്നിവ ഇവയ്ക്കു തുടര്‍ന്നു വളമായി നല്കിയാല്‍ മതിയാകും. നന്നായി പരിചരിച്ചാല്‍ നന്നായി വളരുകയും അഞ്ചാം വര്‍ഷം നല്ല രീതിയില്‍ കായ്ച്ചു തുടങ്ങുകയും ചെയ്യും.

നിരവധി ഗുണങ്ങള്‍ നിറഞ്ഞതാണു നെല്ലിക്ക. ഇതു വിറ്റാമിന്‍ സിയുടെ സമൃദ്ധമായ ഉറവിടം കൂടിയാണ്. ഔഷധങ്ങളുടെ കലവറയാണു നെല്ലിക്ക. ച്യവനപ്രാശത്തില്‍ പ്രധാന പങ്കു വഹിക്കുന്നതു നെല്ലിക്കയാണ്. നെല്ലിക്ക രസായനമായും ഉപയോഗിക്കാം. നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. നര, ചര്‍മത്തിലെ ചുളിവുകള്‍, ദുര്‍മേദസ് എന്നിവ ഒഴിവാക്കാന്‍ നെല്ലിക്ക ഉപയോഗിക്കാറുണ്ട്. കണ്ണുകള്‍ക്കും വളരെ നല്ലതാണു നെല്ലിക്ക.

നെല്ലിക്ക പച്ചയ്ക്കും അച്ചാറായും ഉപ്പിലിട്ടും ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക ചമ്മന്തിക്കും അരിഷ്ടം ഉണ്ടാക്കുവാനും ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക ഭക്ഷിക്കുന്നതു പല്ലുകള്‍ക്കും എല്ലുകള്‍ക്കും മോണയ്ക്കും നല്ലതാണ്. വിറ്റാമിന്‍ സിയുടെ കുറവുമൂലമുള്ള മിക്ക രോഗങ്ങള്‍ക്കും ഇതൊരു ഉത്തമ പ്രതിവിധികൂടിയാണ്. നെല്ലിക്ക കഴിക്കുന്നതു ശീലമാക്കിയാല്‍ ഒട്ടുമിക്ക രോഗങ്ങളില്‍നിന്നും നമുക്കു രക്ഷ നേടാം.

വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ ഒരു നെല്ലികൂടി നട്ടുവളര്‍ത്തുന്നത് ആദായത്തിനും ഔഷധത്തിനും ഉപകരിക്കുമെന്ന കാര്യം നാം മറന്നുകൂടാ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org