പിൻ​ഗാമി

പിൻ​ഗാമി

ബ്രദര്‍ ടോജോ വാഴയില്‍

ഞാന്‍ ഡേവിസ്, ഇത് എന്‍റെ കഥയാണ്, മൈക്കിളിന്‍റെ കഥയാണ്, കിരണിന്‍റെ കഥയാണ്, പിന്‍ഗാമികളുടെ കഥയാണ്.

അലക്കി മടക്കിയ പാന്‍റും ഷര്‍ട്ടും രണ്ടാഴ്ചത്തേക്കുള്ള വസ്തുക്കളും പെട്ടിയിലൊതുക്കുന്ന തിടുക്കത്തിലായിരുന്നു ഞാന്‍. അന്ന് പതിവിലും കൂടുതല്‍ സന്തോഷം തോന്നി. ഏറെ നാളുകള്‍ക്ക് ശേഷം ഡല്‍ഹി വിട്ട് നാട്ടിലേക്ക് പോകുകയായിരുന്നു.

ഞാന്‍ പുറത്തേക്ക് ഇറങ്ങി വര്‍ക്കിച്ചനെ വിളിച്ചു. ശുദ്ധമലയാളി, സത്യക്രിസ്ത്യാനി എനിക്ക് ഈ വലിയ നഗരത്തില്‍ ആകെയുള്ള സഹായി.

"വര്‍ക്കിച്ചാ, ഞാന്‍ നാട്ടിലേക്ക് പോകുവാ. ഈ വര്‍ഷത്തെ ക്രിസ്തുമസ് ചേട്ടച്ചന്‍റെയും അപ്പന്‍റെയും അമ്മയുടെയും കൂടെ ആഘോഷിക്കാന്‍ തീരുമാനിച്ചു."

"അത് നന്നായി. പോയി വരൂ. നാടിനെ മറക്കരുത്. എന്‍റെ അവസാനത്തെ ആഗ്രഹം. ജനിച്ച നാട്ടില്‍ കിടന്ന് മരിക്കാനാണ്. പിന്നെ നീ ചെന്നിട്ട് വിളിക്കണം." വര്‍ക്കിച്ചന്‍ പറഞ്ഞു.

അപ്പോഴേക്കും ടാക്സി വന്നു. വീടിനെയും കെട്ടിടങ്ങളെയും ആശുപത്രിയെയും പള്ളിയെയും പിന്നിലാക്കി കാര്‍ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി ചലിച്ചു.

പത്തു വര്‍ഷംമുമ്പ് ഞാന്‍ കാല്കുത്തിയ ഡല്‍ഹിയല്ല; അവള്‍ ഏറെ മാറിയിരിക്കുന്നു.

സിഗ്നല്‍ ചുവപ്പായി, കാര്‍ നിന്നു. ജീവിതത്തിലും ചില സിഗ്നലുകള്‍ ഉണ്ടാകും. ജീവിതത്തെ അറിയാന്‍, സ്വയം അറിയാന്‍. എവിടെ നിന്നു വന്നു എവിടേക്ക് പോകുന്നു എന്നറിയാന്‍. അപ്പോഴാണ് ഒരു ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്. നീല ബോര്‍ഡില്‍ വെള്ളനിറത്തില്‍ എഴുതിയിരിക്കുന്നു.

ബെത്ലഹം
അപ്പത്തിന്‍റെ വീട്
ന്യൂഡല്‍ഹി 162 081

താഴെ ഒരു വചനവും.

"എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത്." പിന്നീടാണ് മനസ്സിലായത് ഒരു അനാഥാലയത്തിന്‍റെ ബോര്‍ഡായിരുന്നു.

ഞാനും അമ്മയും മാത്രമേ ഉള്ളൂ. അച്ഛനെ കണ്ട ഓര്‍മ്മയില്ല. ഒരു ഫോട്ടോ പോലുമില്ല. റോഡപകടത്തില്‍ മരിച്ചു എന്നാണ് അമ്മ പറഞ്ഞുതന്നത്. അയല്‍വക്കത്തെ വീടുകളില്‍ പോയി ജോലി ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്.

പക്ഷേ, അമ്മ എനിക്ക് ആത്മാവിനും ശരീരത്തിനും ആവശ്യമായ ഭക്ഷണം തന്ന് വളര്‍ത്തി. എന്നും പള്ളിയില്‍ പോകണം, വീട്ടില്‍ സന്ധ്യാപ്രാര്‍ത്ഥന ചൊല്ലണം എന്നിവ അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. ഈ രണ്ട് നിയമങ്ങളായിരുന്നു എന്‍റെ പ്രാണനും.

ജപമാലയിലെ മുത്തുകള്‍ പോലെ കാലം മുന്നോട്ട് നീങ്ങി. അങ്ങനെ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് സന്തോഷത്തിന്‍റെ മണ്‍പാത്രം തകര്‍ന്ന് വീണത്. ഞാന്‍ ഒരു ദിവസം സ്കൂളില്‍നിന്ന് വരുമ്പോള്‍ അമ്മ അടുക്കളയില്‍ ബോധംകെട്ട് കിടക്കുന്നു.

വൈദ്യന്‍ പറഞ്ഞു: "മോനെ ഇവിടെ നിന്നോളൂ. ഞങ്ങള്‍ അമ്മയെ ആശുപത്രിയിലാക്കിയിട്ട് വരാം." അമ്മ അകന്നു കാര്‍മേഘത്തിനുള്ളില്‍ സൂര്യന്‍മറയുന്നതുപോലെ. രാത്രിയില്‍ കപ്യാര്‍ ലോനപ്പന്‍ ചേട്ടന്‍ വന്ന് പറഞ്ഞു: "മോനേ, ഡേവിസേ അമ്മയ്ക്ക് മോനെ ഒന്ന് കാണണം എന്ന് പറയുന്നു." ഉറക്കത്തിന്‍റെ കരത്തില്‍നിന്ന് വിടുവിച്ച് ലോനപ്പന്‍ ചേട്ടന്‍ എന്നെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടി. പക്ഷേ, നേരം വൈകിയിരുന്നു. സൂര്യന്‍ അസ്തമിച്ചു. അമ്മയുടെ ചേതനയറ്റ ശരീരം.

വീട്ടിലേക്ക് തിരിച്ചുച്ചെന്നപ്പോള്‍ വീട് ഒരു കൂടായതുപോലെ എനിക്ക് തോന്നി. ഉറക്കമില്ലാത്ത രാത്രികള്‍ അവസാനം ഞാന്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങി. പല ജോലികള്‍ ചെയ്തു. ഹോട്ടലില്‍, റെയില്‍വേ സ്റ്റേഷനില്‍, പത്രഓഫീസുകളില്‍…

ഒരിക്കല്‍ റോഡിലൂടെ നടക്കുമ്പോഴാണ് നന്നായി അലങ്കരിച്ച വീട്. പുറത്ത് വിലപിടിച്ച അനേകം കാറുകള്‍. ദീപാലങ്കാരത്താല്‍ ഭംഗിയാക്കിയ വീട്, അല്ല ഒരു കൊട്ടാരം. വിശപ്പിന്‍റെ വിളി എന്നെ മുന്നോട്ട് നയിച്ചു.

അവിടുള്ള എച്ചിലില്‍നിന്ന് കഴിക്കവെ ഒരു കൈ എന്‍റെ തോളില്‍ പതിച്ചു. അത്തറിന്‍റെ മണം, ഞാന്‍ തിരിഞ്ഞ് നോക്കി. തിളങ്ങുന്ന കുപ്പായം, സ്നേഹം ജ്വലിക്കുന്ന കണ്ണുകള്‍ ഏവരെയും ആകര്‍ഷിക്കുന്ന പുഞ്ചിരി. ആ കുട്ടി എന്നോടു പറഞ്ഞു, "ഞാന്‍ മൈക്കിള്‍, കൂടെ അകത്തേക്ക് വരൂ." അവന്‍ എന്നെ ആ വലിയ മാളികയിലേക്ക് നയിച്ചു. അപ്പോഴാണ് എന്‍റെ കണ്ണ് ആ ചിത്രത്തില്‍ ഉടക്കിയത്. "Happy Birthday Appu' എന്ന് കണ്ടത്. അപ്പോള്‍ എന്‍റെ കൂടെ നടക്കുന്നത് കഥാനായകനാണ്.

പുതിയ തിളങ്ങുന്ന ഒരു ഉടുപ്പ് നീട്ടി, മാറ്റിയിട്ട് വരാന്‍ പറഞ്ഞ് മൈക്കിള്‍ എന്നെ അകത്തേക്കുള്ള വഴി കാട്ടി. അന്ന് എനിക്ക് മനസ്സിലായി, ജീവനുള്ള ഹൃദയത്തിന് അതിരുകളില്ല. ഉടുപ്പ് മാറി വന്ന എന്നെ കെട്ടിപിടിച്ച് വായില്‍ കേക്ക് കഷണം വച്ചിട്ട് എന്നോട് അവന്‍; എന്‍റെ ചേട്ടച്ചന്‍ പറഞ്ഞു, "ഇതാണ് ഇനി നിന്‍റെ വീട്.' ഇതെല്ലാം കണ്ട് നിന്നവരില്‍ രണ്ടുപേര്‍ ഓടി വന്ന് എന്നെയും ചേട്ടച്ചനെയും കെട്ടിപിടിച്ചു. അത് ചേട്ടച്ചന്‍റെ മാതാപിതാക്കളായിരുന്നു; ഫ്രാന്‍സിസും അന്നയും. അന്നു മുതല്‍ ഫ്രാന്‍സിസും അന്നയും എന്‍റെ മാതാപിതാക്കളും മൈക്കിള്‍ എന്‍റെ ചേട്ടനുമായി.

കാറിന്‍റെ ഗ്ലാസ്സില്‍ ടക്… ടക്… എന്ന സ്വരം കേട്ടാണ് ഞാന്‍ ഓര്‍മ്മയുടെ ചെപ്പില്‍നിന്ന് പുറത്തുവന്നത്. കാര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. മുമ്പില്‍ ഒരു ബാലന്‍, സെല്‍ഫി സ്റ്റിക്ക് വില്പനയാണവന്. അത് മേടിക്കാന്‍ അവന്‍ ഒരെണ്ണം എന്‍റെ നേരെ നീട്ടി നില്‍ക്കുന്നു. ഒട്ടിയ കവിള്‍, ഉറക്ക ക്ഷീണത്താല്‍ കുഴിഞ്ഞ കണ്ണുകള്‍, വിശപ്പിന്‍റെ മര്‍ദനമേറ്റ വയര്‍, മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഞാന്‍ എന്‍റെ മുമ്പില്‍ നില്‍ക്കുന്നതുപോലെ തോന്നി.

ഒരുപക്ഷേ, ചേട്ടച്ചനില്ലായിരുന്നെങ്കില്‍ ഞാനും… അവനോട് അനുകമ്പ തോന്നി, ഞാന്‍ അവനെയും കൂട്ടി അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി. പേര്: കിരണ്‍, അതില്‍ കൂടുതല്‍ അവനെക്കുറിച്ച് അവന് പോലും അറിയില്ല. ഭക്ഷണം എത്തിയപ്പോള്‍ ആര്‍ത്തിയോടെ അവന്‍ അത് കഴിച്ചു. ഞാന്‍ നോക്കി ഇരുന്നു, ആയിരങ്ങളില്‍ ഒരുവന്‍.

ഹോട്ടലില്‍ ബില്ലടച്ച് ഞാന്‍ നടന്നു. അവന്‍ അവന്‍റെ വഴിക്ക് വീണ്ടും തെരുവിലേക്ക്. ഞാന്‍ എന്‍റെ വഴിക്ക്.

ഒരു നിമിഷം! ഞാന്‍ പിന്തിരിഞ്ഞോടി, കിരണിനെ തപ്പി. അവ നെ കണ്ടെത്തിയപ്പോള്‍ അവന്‍ മറ്റൊരു കാറിന്‍റെ വാതില്‍ക്കല്‍ സെല്‍ഫി സ്റ്റിക്ക് നീട്ടി നില്‍ക്കുകയാണ്. അവനെ കെട്ടിപ്പിടിച്ച് ഞാന്‍ ചോദിച്ചു: "പോരുന്നോ എന്‍റെ കൂടേ?"

കിരണിനെ ചേര്‍ത്ത് നടക്കുമ്പോള്‍ ആരോ ചോദിച്ചു: "നിന്‍റെ പിന്‍ഗാമിയാണോ ഇവന്‍?"

"അതെ," ഞാന്‍ മന്ത്രിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org