പുതുവത്സരാശംസകൾ

പുതുവത്സരാശംസകൾ

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മണ്ണിനടിയിലെ ഇരുട്ടില്‍ നിന്നും വിത്തിനുള്ളിലെ വൃക്ഷത്തളിര്‍ തലയുയര്‍ത്തി സൂര്യവെളിച്ചം കണ്ടെത്തി സൂര്യപ്രകാശം അതിനു ജീവിക്കാന്‍ വേണ്ട ചൂടും ഊര്‍ജ്ജവും പകര്‍ന്നുകൊണ്ടേയിരുന്നു. വിത്തു ചെടിയായി, മരമായി, പഴമായി, വിത്തായി, പറവകള്‍ക്കൂ കൂട്ടായി, മനുഷ്യര്‍ക്കു തണലായി, എല്ലാവര്‍ക്കും ജീവവായുവായി കാലാകാലം കരുണ ചൊരിയുന്നു. എല്ലാത്തിന്‍റെയും ആരംഭം സൂര്യവെളിച്ചം കണ്ടെത്തിയതായിരുന്നു. വിത്തിനുള്ളിലെ വൃക്ഷംപോലെ, ഗര്‍ഭപാത്രത്തിനുള്ളില്‍ വെളിച്ചം കാത്തുകിടക്കുന്ന കുഞ്ഞുങ്ങള്‍ക്കു വെളിച്ചം കണ്ടെത്താന്‍ കഴിയുന്നുണ്ടോ? തളിരിലയില്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ പ്രകാശസംശ്ലേഷണം നടക്കുന്നു. മനുഷ്യാത്മാവില്‍ ക്രിസ്തുവിന്‍റെ വെളിച്ചം വീശുമ്പോള്‍ നന്മ സൃഷ്ടിക്കപ്പെടുന്നു.

കളിമണ്ണു കുഴച്ചു ഒരു മനോഹര പാത്രം ഉണ്ടാക്കി പാനീയം സംഭരിക്കാനും പകരാനുമുള്ള ചിത്രപ്പണിയുള്ള പാത്രം ഒഴിവാക്കുന്നതാണ്. അതില്‍ പാനീയം പകര്‍ത്താനും അതു ദാഹിക്കുന്നവര്‍ക്കു പകര്‍ന്നുകൊടുക്കാനെങ്കിലും അതില്‍ നിറയ്ക്കുന്ന പാനീയത്തിന്‍റെ സ്വഭാവം അനുസരിച്ചായിരിക്കും ആ പാത്രത്തിനു മൂല്യമുണ്ടാകുന്നത്. ദാഹമകറ്റാന്‍ ശുദ്ധജലം നിറയ്ക്കാം അതില്‍. അപ്പോള്‍ അതില്‍നിന്നു കുടിക്കുന്നവര്‍ക്കു ദാഹം തീരും. ആശ്വാസം ലഭിക്കും, സ്വസ്ഥമാകും.

പക്ഷേ, ഇക്കാലത്തു ചിലര്‍ അത്തരം പാത്രങ്ങളില്‍ വിഷം ചേര്‍ന്ന ജലം എടുത്തുവയ്ക്കുന്നുണ്ട്. അതെന്തുകൊണ്ടാണ്? മരണം വിതയ്ക്കുന്ന വിഷം നിറച്ചു സ്വന്തം പാത്രങ്ങളെ ശാപമാക്കി മാറ്റുന്നതു വേറെ കുറേപ്പേര്‍ അതില്‍ വിസര്‍ജ്ജമാണു നിറയ്ക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന മൂത്രംപോലും.

ഒരു സുന്ദരമായ പാത്രം സ്വന്തമായി ലഭിച്ചിട്ടും അതിലും സൗജന്യമായി ലഭിക്കുന്ന ശുദ്ധജലം നിറയ്ക്കാനറിയാത്ത മനുഷ്യരെ സൃഷ്ടിക്കുന്നത് ആരാണ്?

ഗര്‍ഭപാത്രത്തില്‍ ചുരുണ്ടുകിടക്കുന്ന കുഞ്ഞ് ഒരുനാള്‍ സൂര്യവെളിച്ചത്തിലേക്കു വരും. ആ കുഞ്ഞിന്‍റെ ഉടല്‍ ഒരു കളിമണ്‍പാത്രം മാത്രം. അതിന്‍റെ ഉള്ളില്‍ ഒഴിഞ്ഞ ഒരു ഭാഗമുണ്ട്. അതിനെ മനസ്സ് എന്നു വിളിക്കാം. മനസ്സിലേക്കു ജീവന്‍റെ ജലം പകരാം. മാതാപിതാക്കള്‍ക്കു കഴിയുന്നുണ്ടോ എന്നാണ് ഈ പുതുവര്‍ഷത്തില്‍ എന്‍റെ അന്വേഷണം. നമുക്കൊരുമിച്ച് ആ അന്വേഷണം വിപുലീകരിച്ചാല്‍ ഒരു തലമുറയുടെ കേടുപാടുകള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞേക്കാും.

ക്രിസ്മസ് കഴിഞ്ഞിരിക്കുന്നു. ക്രിസ്തു എന്താണ്? ക്രിസ്തു നിത്യമായ പ്രകാശമാണ്. പുതുനാമ്പുകളെ മുളപ്പിക്കാന്‍ ഈ അംശം കൂടിയേ തീരൂ. ക്രിസ്തു ഇല്ലാത്ത ഈ പ്രകാശം ഇല്ലാത്ത ഇടമാണ്. അത് ഇരുട്ടാണ്. ഇരുട്ടു മരണത്തെ വിളിച്ചുവരുത്തും.

ഈ ശരീരമാകുന്ന കളിമണ്‍ പാത്രത്തിന്‍റെ ഒഴിഞ്ഞ അറയിലേക്കു ക്രിസ്തു എന്ന ജീവജലം നിറയുമ്പഴാണു മനുഷ്യനില്‍ കരുണയുടെ മുളപ്പുകള്‍ പൊട്ടിവളരുന്നത. മുളപ്പുകള്‍ക്കു വളരാനും വെളിച്ചം വേണ്ട വെളിച്ചവും ക്രിസ്തു മാത്രമാണ്. അതു നമ്മളാരും അദ്ധ്വാനിച്ചുണ്ടാക്കേണ്ടതില്ല. സ്വാഭാവികമായി പ്രപഞ്ചത്തിലുള്ള ജീവനും വെളിച്ചവും ക്രിസ്തുവാണ്. ആ ക്രിസ്തുവിനെ, കനിവിനെ, വെളിച്ചത്തെ ജീവനെ സ്വന്തം കുഞ്ഞിന്‍റെ മനസ്സിനുള്ളിലേക്കു പകര്‍ന്നുകൊടുക്കുവാന്‍ ഓരോ മാതാപിതാക്കള്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

ഭൂമിയില്‍ 195 രാജ്യങ്ങളാണത്രേയുളളത്. ഇപ്പോള്‍ സുരക്ഷിതജീവിതം ഇവിടങ്ങളില്‍ എത്രത്തോളം സാദ്ധ്യമാണ് എന്നൊരു പഠനം നടന്നു. അതില്‍ സുരക്ഷിതവും സ്വസ്ഥവും സംതൃപ്തവുമായ ജീവിതം നയിക്കാന്‍ കഴിയുന്നതിന്‍റെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ക്കു ക്രമനമ്പര്‍ നല്കി. അപ്പോള്‍ നമ്മുടെ ഇന്ത്യയുടെ സ്ഥാനം 129-ാമത് ആണത്രേ. വളരെ മോശം മാനസികാവസ്ഥയാണു നമ്മുടേത് എന്നാണ് ഇതിന്‍റെ അര്‍ത്ഥം. നമുക്കു പിന്നിലുമുണ്ടു കുറച്ചു രാജ്യങ്ങള്‍.

ക്രിസ്മസ് ദിനത്തില്‍ പതിവുപോലെ – ഐഎസ്ഐഎസ് – പത്തു ക്രിസ്ത്യാനികളുടെ തല പരസ്യമായി വെട്ടിമാറ്റി ആത്മീയാന്ധകാരത്തിന്‍റെ ക്രൂരമുഖം വെറുപ്പിന്‍റെ തീവ്രതയില്‍ മനുഷ്യന്‍, സ്വന്തം അഭിപ്രായത്തോടു വിയോജിക്കുന്നവരുടെ തലകള്‍ അറുത്തെടുക്കുന്നു. എല്ലാ മനുഷ്യരുടെയും ആത്മാവില്‍, കരുണയുടെ പ്രകാശം പരത്താന്‍ ജനിച്ച ക്രിസ്തുവിന്‍റെ ജന്മദിനത്തില്‍, കരുണ വറ്റി വരണ്ടുപോയ മനുഷ്യന്‍ ഭൂമിയില്‍ അന്ധകാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. വെളിച്ചത്തെ തടയാന്‍ അന്ധകാരത്തിനു കഴിയില്ല, ഒരിക്കലും. ഇവിടെ കാമുകനോടൊപ്പം പോകാന്‍ ഭര്‍ത്താവിനെയും പെറ്റ കുഞ്ഞിനെയും കൊല്ലുന്നു കാമുകിക്കുവേണ്ടി ഭാര്യയെയും സ്വത്തിനുവേണ്ടി മാതാപിതാക്കളെ, സഹോദരങ്ങളെ, സുഹൃത്തുക്കളെ… കൊലപാതകത്തിന്‍റെ ഇരുണ്ടദിനങ്ങള്‍ പിടിമുറുക്കുന്നു.

വെളിച്ചം കണ്ടെത്തിയവര്‍ക്കു നിസ്സംഗരായിരിക്കാന്‍ കഴിയുമോ? മറ്റൊരാളോടു സ്വാഭാവികമായി തോന്നുന്ന അനുകമ്പയാണു യഥാര്‍ത്ഥ മനുഷ്യസ്വഭാവം. ഹൃദയത്തില്‍ നിന്നും അനുകമ്പ ഉയര്‍ന്നപ്പോള്‍ ക്രിസ്തു അത്ഭുതം ആവര്‍ത്തിച്ചു. വിശന്നവര്‍ക്ക് അപ്പം വര്‍ദ്ധിപ്പിച്ചു നല്കി. അനുകമ്പയ്ക്ക് ഇപ്പോഴും അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ ഭാഗ്യം കിട്ടിയിട്ടില്ലാത്തവര്‍ക്ക്, കാണിച്ചുകൊടുക്കുവാന്‍ മാത്രം അനുകമ്പാര്‍ദ്രമായ ഹൃദയം എല്ലാവര്‍ക്കും ആശംസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org