മനസ്സുകൊണ്ട് മനസ്സിലാക്കുക

മനസ്സുകൊണ്ട് മനസ്സിലാക്കുക

ബ്ര. ബിനീഷ് വലിയപറമ്പില്‍
തലശ്ശേരി അതിരൂപത

തൂലിക ഉയര്‍ത്തും മുമ്പ് അറിയേണ്ടതെന്താണെന്നും അറിയാതിരിക്കേണ്ടതെന്താണെന്നും അറിവുള്ളവനാണ് ജ്ഞാനി.

അറിവുള്ളവരോട് അധികം പറയേണ്ട. ശരിയാണ്, എന്നാല്‍ അതിനേക്കാള്‍ ഉചിതം അറിവില്ലാത്ത കാര്യങ്ങളെപ്പറ്റി അധികം പറയാതിരിക്കുന്നത് തന്നെയാണ്. ഒരു മനുഷ്യന് അറിവിനോടുള്ള ആഗ്രഹം തന്നെയാണ് ലോകത്തെ ഇന്ന് അറിവിന്‍റെ പല വാതായനത്തിലും കൊണ്ടെത്തിച്ചത്. അറിയാനുള്ള ത്വര മനുഷ്യനില്‍ വളരെയാണ്. അയല്‍പക്കക്കാരന്‍റെ വാതിലിനപ്പുറം എന്താണ് നടക്കുന്നതെന്നാണ് ഇന്നത്തെ ചിലരുടെ അന്വേഷണ മേഖല. അച്ചടിച്ചു കാണുന്ന വാക്കുകളില്‍ വിശ്വാസം അര്‍പ്പിച്ച ഒരു തലമുറ പഴങ്കഥയായി മാറിയെങ്കിലും അച്ചടിച്ച് കാണാതെ വിശ്വസിക്കില്ല എന്ന ചി ന്താഗതിയും ചിലരില്‍ ഇന്നും അവശേഷിക്കുന്നുണ്ട്. അത് പലരും ഇന്ന് മുതലെടുക്കുന്നുമുണ്ട്. നമ്മില്‍നിന്ന് വളരെ അകലെയായി നില്‍ക്കുന്ന ജീവിതങ്ങളെ ഞാന്‍ എങ്ങനെ വിലയിരുത്തും അതി നുള്ള അറിവ് എനിക്ക് എവിടെനിന്നാണ്. സ്വന്തം സഹോദരന്‍റെ, ഒപ്പം ഇരിക്കുന്ന ചങ്ങാതിയുടെ, കൂടെ ജീവിക്കുന്ന ഇണയുടെ പോലും മനസ്സ് വായിച്ചെടുക്കാന്‍ എനിക്കാവുന്നില്ല. പിന്നെ എങ്ങനെ ബാക്കി… പരിമിതമായ അറിവിന്‍റെ ബലത്തില്‍ ഇന്ന് പലര്‍ക്കും തെറ്റ് പറ്റുന്നു. അത് നിരന്തരം ആവര്‍ത്തിക്കുന്നു. പിഴവുകള്‍ മാനുഷികം എന്നാല്‍ അത് ആവര്‍ത്തിക്കുന്നതോ…. വാചാലനാകാന്‍ വായ് തുറക്കും മുമ്പ്, എഴുതി തകര്‍ക്കാന്‍ തൂലിക ഉയര്‍ത്തും മുമ്പ് പ്രഭാഷകന്‍ 5:12 ഓര്‍ക്കുന്നത് ഉചിതമായിരിക്കും. 'അറിയാമെങ്കിലേ പറയാവൂ ഇല്ലെങ്കില്‍ വായ് തുറക്കരുത്.' 2500 വര്‍ഷങ്ങള്‍ക്കപ്പുറം ലാവോത്സു ചൈനയിലിരുന്ന് 'നാവോതേചിങ്' എഴുതിയത് ഇതിനോട് ചേര്‍ത്ത് വായിക്കാം. 'അറിഞ്ഞവര്‍ പറയുന്നില്ല പറയുന്നവര്‍ അറിയുന്നില്ല.'

കാഴ്ചയുടെ ലോകത്ത് കാണാതെ പോയത്
സഭ ഇന്ന് ഇടവഴികളില്‍ എല്ലാ നാല്‍ക്കവലകളില്‍ വിവസ്ത്രയാകുകയാണ്. ഇന്ന് പലര്‍ക്കും വിമര്‍ശിക്കാന്‍ പേരുകള്‍ ഒരുപാടാണ്. നമ്മുടെ പരിധിയില്‍ നിന്നും പരിമിതികളില്‍ നിന്നും പരമാവധി നാം പലരെയും കുറ്റപ്പെടുത്തുന്നു. വെറും ആരോപണങ്ങളുടെ ബലത്തില്‍ സത്യമോ അസത്യമോ എന്ന് നോക്കാതെ മുന്‍പേജില്‍ കളര്‍ ഫോട്ടോയും വെണ്ടക്ക കനത്തില്‍ തലക്കെട്ടുകളും അടിക്കുറിപ്പുകളും കുത്തിനിറച്ചവര്‍ തിരിച്ചറിവ് വന്നപ്പോള്‍ അതെ വാര്‍ത്ത പിന്നാമ്പുറങ്ങളില്‍ എവിടെയോ ഒരു ബ്ലാക്ക് & വൈറ്റ് കോളത്തില്‍ ഒതുക്കി. ആര്‍ക്കാണ് ഇവിടെ സത്യം അറിയാവുന്നത്. അറിവുണ്ടെന്ന് അഹങ്കരിക്കുന്നവരുടെ അഹന്തയില്‍നിന്ന് പലപ്പോഴും അറിവ് കേടുകള്‍ ഒഴുകിയിറങ്ങുകയാണ്.

അഹന്തയുടെ അശ്വത്തിലേറി സഭക്കെതിരെ നിരത്തിലിറങ്ങിയ സാവൂളിനെ ദൈവം മിന്നലയച്ച് വീഴ്ത്തി. കാഴ്ചയുടെ കാലത്ത് കാണാത്ത കര്‍ത്താവിനെ അന്ധതയുടെ ലോകത്ത് കണ്ടെത്തി. അവിടെ പൗലോസ് ഉടലെടുത്തു. മനസ്സുകൊണ്ട് മനസ്സിലാക്കാന്‍ പറ്റാതെ പോയതിന്‍റെ ഫലമായിരുന്നു അത്. അപരന്‍റെ മനസ്സ് മനസ്സിലാക്കാന്‍ തുടങ്ങിയിട്ട് കാലം എത്രയായി? ഏറെയായി കാണില്ല അല്ലേ? എന്നിട്ടോ…. ഫലമെന്താണ്. മറ്റുള്ളവരെ തിരുത്തേണ്ടതെങ്ങനെയാണെന്ന് യേശു പറഞ്ഞുതന്നതല്ലായിരുന്നോ? മറന്നോ… ഓര്‍മ്മിപ്പിക്കാം.

'നീയും അവനും മാത്രമായിരിക്കുമ്പോള്‍ അവനെ തിരുത്തുക.' അല്ലാതെ ഇതുവരെ വിധി വരാത്ത കാര്യങ്ങള്‍ പുരമുകളില്‍ പ്രസംഗിക്കാന്‍ നിന്നോട് ആരാണ് പറഞ്ഞത്.

അനുകരിക്കാതെ അനുരൂപപ്പെടുക
'ലോകത്തെ ഉപേക്ഷിക്കേണ്ടതില്ല നിങ്ങളിലെ അഹത്തെ ഉപേക്ഷിച്ചാല്‍ മതി' (മെഹര്‍ ബാബ).

'സൗഖ്യദായകരാകാന്‍ വിളിക്കപ്പെട്ടവര്‍ അതില്‍ തന്നെ സൗഖ്യം അനുഭവിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പാരഡോക്സ്' – (നിലത്തെഴുത്ത്).

ഇതൊരിക്കലും ജീവിതം ഉഴിഞ്ഞ് വെച്ച വംശത്തിന്‍റെ പരാജയമല്ല. ചിലരുടെ വ്യക്തി ജീവിതത്തിന്‍റെ ബലഹീനത മാത്രമാണ്. എന്നാല്‍ ചിലര്‍ ഇന്നും ആ പഴയ ആഫ്രിക്കന്‍ ചൊല്ല് ആവര്‍ത്തിക്കുന്നു. 'ഇവിടേക്ക് വരുമ്പോള്‍ അവരുടെ (മിഷനറി) കൈയ്യില്‍ ബൈബിളും ഞങ്ങളുടെ കൈയ്യില്‍ ഭൂമിയും. ഇന്ന് അവരുടെ കൈയ്യില്‍ ഭൂമിയും ഞങ്ങളുടെ കൈയ്യില്‍ ബൈബിളും.' കേള്‍ക്കാന്‍ നല്ല രസമുണ്ടല്ലേ, പക്ഷേ ഇത് നാമടങ്ങുന്ന പുരോഹിത വര്‍ഗത്തിന്‍റെ ടേബിളില്‍ നിരത്തുന്ന ചില ചോദ്യമാണ്. ലേലം സിനിമയില്‍ സോമന്‍ പിള്ളയുടെ ഒരു ഡയലോഗ് ഉണ്ട് 'അന്യര്‍ വിയര്‍ക്കുന്ന കാശിന് അപ്പവും തിന്ന് വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെന്‍സിലും കയറി നടക്കുന്ന പളുപളുത്ത കുപ്പായത്തോട് അന്ന് തീര്‍ന്നതാ തിരുമേനി ബഹുമാനം.' ഇത്തരം ചില വാക്കുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഒരുപാടാണ്. അന്യന്‍ വിയര്‍ക്കുന്ന കാശിന് സുഖിച്ചവരെ തിരയാതെ തന്‍റെ ആരുമല്ലാത്തവര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച പുരോഹിതരെ നാം ആദരിക്കണം. കേരള ചരിത്രം ഒന്ന് മറിച്ച് നോക്കിയാല്‍ അവിടെയുണ്ട് രക്തം വിയര്‍ത്ത ചില വൈദീക സങ്കല്‍പ്പങ്ങള്‍. ടൗണുകളില്‍ അവര്‍ പള്ളി പണിതു എന്ന് പരിഹസിക്കുന്നവര്‍ വീട്ടിലുള്ള കാര്‍ന്നവന്മാരോട് ചോദിച്ചാല്‍ മനസ്സിലാകും പള്ളിക്ക് ചുറ്റുമാണ് ടൗണുകള്‍ വളര്‍ന്നതെന്ന്. ആരെയും ഇവിടെ പിന്താങ്ങുന്നില്ല. പക്ഷേ, പലരും ചവിട്ടി അരക്കുന്ന പൗരോഹിത്യം ഇനി ചേറില്‍ താണുപോകരുത്. മറ്റുള്ളവരെ തിരുത്തുന്നതിന് മുമ്പ് തടിക്കഷ്ണം എടുത്ത് മാറ്റിയോ എന്ന് നോക്ക്. ചിറകുകള്‍ക്ക് ദൃഢതയാകുവോളം നിങ്ങളെ അവര്‍ സംരക്ഷിക്കും ആ ചിറകുകള്‍ ഉടയാതെ നമ്മള്‍ സൂക്ഷിക്കണം.

ഉപസംഹാരം
നീളുന്ന ജീവിതത്തിന്‍റെ ഇരുള്‍ മൂടിയ ഇടനാഴികളില്‍ ഇനിയും പലതരം ചോദ്യങ്ങളില്‍ നാം തട്ടി തടയാം. അറിയാത്ത കുറ്റത്തിന് അറിഞ്ഞുകൊണ്ട് ക്ഷമാപണം നടത്താനാണ് നാഥന്‍ ഉപദേശിച്ചത്. പറഞ്ഞുതന്നത് അനുസരിക്കേണ്ട; കാണിച്ച് തന്നതെങ്കിലും…

'അവര്‍ എന്തെല്ലാം കാര്യങ്ങള്‍ നിനക്കെതിരെ സാക്ഷ്യപ്പെടുത്തുന്നു എന്ന് നീ കേള്‍ക്കുന്നില്ലേ എന്നാല്‍ അവന്‍ ഒരു ആരോപണത്തിനു പോലും മറുപടി പറഞ്ഞില്ല' (മത്തായി 27:13-14).

ഇത് എന്തുട്ട് മനുഷ്യനാണ്. ഇത്രയൊക്കെ ആരോപണങ്ങള്‍ അവനെതിരെ ഉയര്‍ത്തിയിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. എത്രപേരെ ആ പ്രതിക്കൂട്ടില്‍ കണ്ടതാണ്. ചിലര്‍ മുഷ്ടി ചുരുട്ടി കരുണയില്ലാതെ ലോകത്തിന്‍റെ അടച്ചിട്ട വാതിലുകളില്‍ ഇടിക്കുന്നു, ചിലര്‍ തങ്ങളുടെ നിരപരാധിത്വം ശഠിക്കുന്നു. പക്ഷേ ഇതുപോലൊരുവന്‍ ചരിത്രത്തിന്‍റെ വിചാരണ മുറിയില്‍ ഇതാദ്യം. പരിഭവങ്ങളില്ല, പരാതികളില്ല, ആത്മനിന്ദ തീരെയില്ല. അകമ്പടിയായി നിശബ്ദത, മൗനം മാത്രം. എന്നിട്ട് എന്ത് നേടി. ലോകത്തിന്‍റെ മുമ്പില്‍ നേട്ടം കുരിശ്. എന്നാല്‍ നേടിയത് ലോകം തന്നെയായിരുന്നു. പിന്നിട്ട വഴികളിലെന്നോ കാലില്‍ തറച്ച ആ മുള്ളിനെ മറക്കാം, മുനയൊടിഞ്ഞ ആ മുള്ളിന് ഇനി നമ്മെ കുത്തി നോവിക്കാന്‍ കഴിയരുത്… എനിക്ക് നോവില്ല ശേഖരാ…

"ഉള്ളില്‍ തേങ്ങുന്നവന്‍റെ ചിരിയും
ഉള്ളില്‍ ചിരിക്കുന്നവന്‍റെ തേങ്ങലും
നാം തിരിച്ചറിയണം."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org