മാതാപിതാക്കള്‍ മക്കളുടെ കാവല്‍ മാലാഖമാര്‍

മാതാപിതാക്കള്‍ മക്കളുടെ കാവല്‍ മാലാഖമാര്‍

അഡ്വ. വിമലബിനു, മാമ്പ്ര
ഹൈക്കോടതി അഭിഭാഷക

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിടുന്ന കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായും കുട്ടികള്‍ക്കെതിരായും ഉള്ള ലൈംഗികപീഡനങ്ങളുടെ ഗ്രാഫ് ഉയര്‍ന്നുവരുകയാണ്. 2007 കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങള്‍ 9381 ആയിരുന്നെങ്കില്‍, 2011-ല്‍ അത് 13279 ആയും, 2014-ല്‍ അത് 13880 എന്ന റേറ്റിലേക്കും 2016-ല്‍ 19061 എന്ന റേറ്റിംഗിലേക്ക് ഉയര്‍ന്നു. അതുപോലെ തന്നെ POCSO (Protection of children from sexual offences Act)) എന്ന നിയമപ്രകാരം ഉള്ള കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ 2016-ല്‍ 2093 കുറ്റകൃത്യങ്ങള്‍ ആണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍, 2017 ജനുവരി, ഫെബ്രുവരി മാസങ്ങള്‍ക്കുള്ളില്‍ തന്നെ കേരളത്തില്‍ 149 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

The POCSO Act 2012 (Prot-ection of children from sexual offences Act 2012)) ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ആക്ട്. 18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളെയും എല്ലാവിധമായ ലൈംഗികാതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് ഈ നിയമം കൊണ്ടുദേശിക്കുന്നത്. പോക്സോ കുറ്റം ചെയ്യുന്നതിനുള്ള അഭിവാഞ്ഛയും, ഇത്തരത്തിലുള്ള കുറ്റം ചെയ്യപ്പെട്ടതായി അറിഞ്ഞാല്‍ അത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചു വയ്ക്കുന്നതു പോലും കുറ്റമായി നിയമം കാണും.

Sec. 354A IPC പ്രകാരം, ഏതൊരു സ്ത്രീയെയും അനാവശ്യമായി നോക്കുന്നതോ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതോ, അവരുടെ മാന്യതയെയും, സഭ്യതയെയും ഹനിക്കത്തക്ക രീതിയില്‍ പെരുമാറുന്നതോ ഗൗരവമായ കുറ്റമായി നിയമം വിവക്ഷിക്കുന്നു.

കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡന നിരക്കും, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും ആശങ്കയോടെ മാത്രമേ പൊതുസമൂഹത്തിനും മാതാപിതാക്കള്‍ക്കും നോക്കി കാണുവാന്‍ കഴിയൂ. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍, പലപ്പോഴും ലൈംഗികാതിക്രമങ്ങള്‍ അന്യരല്ലാത്ത പുരുഷന്മാരില്‍ നിന്നാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടി വരുന്നത് എന്നത് യഥാര്‍ത്ഥ്യമാണ്. അജ്ഞാതനായ ഒരു വ്യക്തിയോ, വ്യക്തികളോ ബലം പ്രയോഗിച്ച് പ്രത്യേക സാഹചര്യങ്ങളില്‍ ഒറ്റപ്പെടുന്ന ഇരയെ അതിക്രമത്തിനിരയാക്കുന്നതും, പരിചയസമ്പന്നരോ, പരസ്പരം അറിയാവുന്നവരോ, അധികാരസ്ഥാപനങ്ങളില്‍ ഇരിക്കുന്നവരോ, അയല്‍വാസികളോ, കുഞ്ഞുങ്ങളെ ലൈംഗികാതിക്രമത്തിനിരയാക്കുന്നതും, വ്യത്യസ്ത സാഹചര്യങ്ങളില്‍ ആണ്.

സ്വന്തം ശരീരം വിശുദ്ധമായി പരിപാലിക്കുവാന്‍ ദൈവം നമ്മെ ഭരമേല്‍പ്പിച്ചതാണെന്നും, ഈ ഉത്തരവാദിത്തം നമ്മില്‍ തന്നെ നിക്ഷിപ്തമാണന്നുമുള്ള ബോധം കുഞ്ഞുങ്ങള്‍ക്ക് ചെറുപ്പത്തിലേ നല്‍കുക അനിവാര്യമാണ്.

മരണത്തിനു മുമ്പില്‍ പോലും വിശുദ്ധി കൈവിടാതെ സൂക്ഷിച്ച വി. മരിയ ഗൊരേത്തി നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നത് മാതാപിതാക്കളില്‍ നിന്ന് അവള്‍ക്ക് ലഭിച്ച ശിക്ഷണത്തിന്‍റെയും ധാര്‍മ്മിക മൂല്യങ്ങളുടെയും, ക്രിസ്തീയ വിശുദ്ധിയുടെയും മൂല്യങ്ങളാണ്. മരിയയുടെ മാതാവായിരുന്ന അസൂന്ത അവളെ ഇപ്രകാരമായിരുന്നു പഠിപ്പിച്ചിരുന്നത്: "കുഞ്ഞേ വെള്ളപ്പട്ടു തൂവാല പോലെയാണ് നമ്മുടെ ആത്മാവ് ഒരു ചെറിയ കരടുപോലും അതില്‍ പതിയാന്‍ ഇടം കൊടുക്കരുത്" എന്ന്.

വി. കുര്‍ബാന സ്വീകരിച്ച അവളുടെ മാതാവിനോടുള്ള പ്രാര്‍ത്ഥന ഇപ്രകാരം ആയിരുന്നു: "മാതാവേ, എന്‍റെ അമ്മേ, ശുദ്ധതയ് ക്കെതിരായ ഒരു ചെറിയ പാപം പോലും ചെയ്യാന്‍ എന്നെ അനുവദിക്കരുതേ, എന്നെ കാത്തുകൊള്ളേണമേ."

അലക്സാന്ത്രോയുടെ പ്രലോഭനത്തില്‍ നിന്നും അവന് ഇംഗിതപ്പെടാതെ തന്‍റെ ആത്മാവിന്‍റെ വിശുദ്ധി, മൂര്‍ച്ചയേറിയ കത്തിയുടെ മുമ്പിലും, അവള്‍ പതറാതെ പുലര്‍ത്തി, പതിനാലു കുത്തുകളേറ്റു വീണ അവളുടെ ശരീരം അലക്സാന്ത്രയോടു ക്ഷമിച്ചും അവന്‍റെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചുമാണ് ഇഹലോകവാസം വെടിഞ്ഞത്. 'മരിയ ഗോരേത്തി' എന്ന പനിനീര്‍പ്പൂവ് സ്വര്‍ഗ്ഗ സമ്മാനത്തിനായി പറന്നുയര്‍ന്നു. അവള്‍ പൊരുതി, അവസാനം വരെ, അവളുടെ പട്ടുതൂവാല പോലെ വെണ്മയുള്ള ആത്മാവിനെ കറപുരളാതെ കാക്കുന്നതിനായി.

അമ്മ അസൂന്തയില്‍ നിന്നും അവള്‍ക്കു ലഭിച്ച അറിവുകളും, അസൂന്തയുടെ parenting-ഉം ആണ് അവളെ വിശുദ്ധിയുടെ നെറുകയിലേക്കുയര്‍ത്തിയത്. തങ്ങളുടെ മക്കളുടെ ബാല്യ, കൗമാര, യൗവ്വന ഘട്ടങ്ങളില്‍ വേണ്ടവിധം വഴികാട്ടാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. തിരുക്കുടുംബത്തിന്‍റെ മാതൃക നമുക്കുണ്ട്. സ്വര്‍ഗ്ഗത്തിന്‍റെ കുഞ്ഞിനെ ഭൂമിയില്‍ വളര്‍ത്തുകയെന്ന അത്യന്തം ശ്രമകരമായ ഒരു ദൗത്യമായിരുന്നു അവര്‍ക്കു നിര്‍വഹിക്കേണ്ടയിരുന്നത്.
മാതാപിതാക്കള്‍ക്കായി വി. ചാവറയച്ചന്‍ നല്‍കുന്ന ഉപദേശവും ഇതാണ്. "ദൈവം സൂക്ഷിക്കുന്നതിനായി നിങ്ങളെ ഏല്‍പ്പിച്ച നിധികളാണ് നിങ്ങളുടെ മക്കള്‍" എന്നാണ്. വിശ്വാസത്തിലും ധാര്‍മ്മികതയിലും വിശുദ്ധിയിലും സാമൂഹികപ്രതിബദ്ധതയിലും അവര്‍ വളര്‍ന്നുവരുന്നെന്ന് ഉറപ്പുവരുത്തുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.

അമ്മയെന്ന/അച്ഛനെന്ന നിലയില്‍ പെണ്‍കുഞ്ഞിന്‍റെ/ആണ്‍കുഞ്ഞിന്‍റെ യഥാര്‍ത്ഥ സുഹൃത്താകുവാനും, അവന്‍റെ/അവളുടെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും അവളെ അറിയുവാനും അവളുടെ/അവന്‍റെ കാവല്‍ മാലാഖയാകുവാനുമുള്ള വിളി ഓരോ മാതൃത്വത്തിനും/പിതൃത്വത്തിനുമുണ്ട്.
വളര്‍ച്ചയുടെ ഘട്ടങ്ങളിലെ ശാരീരിക പ്രവണതകള്‍ അറിഞ്ഞുകൊണ്ടു തന്നെ ഉള്‍ക്കാഴ്ചകളും, ബോധ്യങ്ങളും, വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടത്തിന്‍റെ വലിയ ആവശ്യകതയും, അത്യാവശ്യം ലൈംഗിക ജ്ഞാനവും, ആണ്‍/പെണ്‍മക്കളിലേക്ക് പകര്‍ന്നു നല്‍കേണ്ടത് അമ്മയുടെയും അച്ഛന്‍റെയും പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം ആണ്. സ്നേഹം പങ്കുവയ്ക്കേണ്ടതും ഒരു ശരീരമായിത്തീരേണ്ടതും വിവാഹമെന്ന കൂദാശയില്‍ ബന്ധിക്കപ്പെട്ടവര്‍ തമ്മില്‍ മാത്രമാണെന്നും വിവാഹവസ്ത്രം ധരിക്കുമ്പോള്‍ താന്‍ ആത്മാവും ശരീരവും പരിശുദ്ധിയോടെയാണ് സമര്‍പ്പിക്കേണ്ടതെന്നും ഉള്ള ബോധ്യം പുതുതലമുറയ്ക്ക് അന്യമാകുന്നതായി തോന്നുന്നു. സ്നേഹിക്കുവാനുള്ള വിളി നൈസര്‍ഗ്ഗികമാണ്. മാതാപിതാക്കളുമായി എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുവാനാവശ്യമായ സ്വാതന്ത്ര്യം മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കിയേ തീരൂ.

ജനിച്ചു വീഴുന്ന കുഞ്ഞിന്‍റെ പ്രഥമ വിദ്യാലയം കുടുംബമാണ്. മാതാപിതാക്കളും അദ്ധ്യാപകരും ശിക്ഷയല്ല, യഥാര്‍ത്ഥ ശിക്ഷണമാണ് അവര്‍ക്ക് നല്‍കേണ്ടത്. മക്കള്‍ക്ക് മാതാപിതാക്കളുടെ സൗഹൃദവും സാന്നിദ്ധ്യവും അത്യാവശ്യം തന്നെയാണ്.

My body is my right എന്‍റെ ശരീരം എന്‍റെ അവകാശമാണ് അത് ചൂഷണം ചെയ്യാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല., അനു വദിക്കരുത്ڔഎന്ന സാമാന്യബോധം, മക്കള്‍ക്ക് പകര്‍ന്നു നല്‍കുവാനാകണം.ڔഅതുപോലെ മറ്റുള്ളവരുടെ ശരീരത്തെ ബഹുമാനിക്കുവാനും നാം പുതു തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. "സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നവളാണ്" എന്നും "സ്ത്രീ ശരീരം ഉപഭോഗവസ്തുവല്ല" എന്നും നമ്മുടെ മക്കള്‍ അറിഞ്ഞിരിക്കണം.

പുതിയ സാങ്കേതിക വിദ്യകളായ ഇന്‍റര്‍നെറ്റും, ടെലികമ്യൂണി ക്കേഷന്‍സും (facebook, whatsapp, instagrem) മുതലായവ വ്യക്തികള്‍ക്കിടയിലും, സമൂഹത്തിലും ആശയവിനിമയത്തിന് വലിയ സാധ്യതകളാണ് നല്‍കിയിരിക്കുന്നത്. ഇന്‍റെര്‍നെറ്റ് മനുഷ്യരെ ഒരുമിപ്പിക്കുകയും സാമൂഹ്യജീവിതം അവന് നല്‍കുകയും ചെയ്യുന്നു എങ്കിലും കുഞ്ഞുമക്കളുടെ വ്യക്തിത്വം വികലമാകുന്നതുംڔകുടുംബഭദ്രതയ്ക്കു ഭീഷണിയാവുന്നതും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല. മാതാപിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കുന്ന സ്നേഹത്തിന്‍റെ രുചിയും, മണവും അവരെ നന്മകളിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നതിന് ഉപകരിക്കണം. മാതാപിതാക്കള്‍ക്കും Grandparents-നും ഈ ദൗത്യം നിര്‍വഹിക്കുവാനാകും. മക്കളുടെ വ്യക്തിത്വരൂപീകരണത്തെക്കുറിച്ചുള്ള വ്യക്തമായ ലക്ഷ്യം മാതാപിതാക്കളിലാണ് ജനിക്കേണ്ടത്. മക്കളുടെ ജ്ഞാനത്തിലും (intellectual development) പ്രായത്തിലും (physical growth) ദൈവത്തിന്‍റെയും (spiritual growth) മനുഷ്യരുടെയും (social growth) പ്രീതിയിലുള്ള വളര്‍ച്ച മാതാപിതാക്കള്‍ ശ്രദ്ധിച്ചേ മതിയാവൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org