യൂ​ദിത്ത്

യൂ​ദിത്ത്

​ബൈബിൾ വനിതകൾ

ജെസ്സി മരിയ

അസ്സീറിയാ രാജാവായിരുന്ന നബുക്കദ്നേസര്‍ ഇസ്രായേലിനെ ആക്രമിച്ചു കീഴടക്കുവാന്‍ തന്‍റെ സര്‍വസൈന്യാധിപന്‍ ഹോളോഫര്‍ണസിനെ അയയ്ക്കുന്നു. അവന്‍ വന്ന് ഇസ്രായേല്‍ക്കാര്‍ വസിച്ചിരുന്ന ബത്തൂലിയാ മലമ്പ്രദേശം ഉപരോധിക്കുകയും താഴ്വരയില്‍ താവളമടിച്ചു നഗരത്തിലേക്കുള്ള അരുവികളും നീര്‍ച്ചാലുകളും കൈവശപ്പെടുത്തുകയും ചെയ്തു. അസ്സീറിയന്‍ സൈന്യം ബത്തൂലിയക്കാരെ 34 ദിവസം ഉപരോധിച്ചു. ദാഹജലം കിട്ടാതെ ഇസ്രായേലിലെ സ്ത്രീകളും കുട്ടികളും യുവാക്കളും നഗരവീഥികളിലും പടിവാതിലുകളിലും മുര്‍ച്ഛിച്ചു വീന്നു. അസ്സീറിയക്കാരോടു സഖ്യം ചെയ്യാന്‍ ജനം നഗരാധിപന്മാരെയും ശ്രേഷ്ഠന്മാരെയും നിര്‍ബന്ധിച്ചു. നീതിപാലകനായ ഉദ്ധിയാ അഞ്ചു ദിവസത്തെ സാവകാശം അവരോടു ചോദിച്ചു. അവന്‍ പറഞ്ഞു, അഞ്ചു ദിവസത്തിനുള്ളില്‍ നമുക്കു കര്‍ത്താവില്‍നിന്നൊരു സഹായവും ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ പറയുന്നതുപോലെ നമുക്കു കീഴടങ്ങാം. ഈ കാര്യങ്ങള്‍ മൊറിയുടെ മകളായ യൂദിത്ത് അറിഞ്ഞു. യൂദിത്ത് സുന്ദരിയും ആകര്‍ഷകമായ മുഖശോഭയുള്ളവളും ധീരയുമായിരുന്നുവെന്നു വി. ഗ്രന്ഥം പറയുന്നു. അവളുടെ ഭര്‍ത്താവായിരുന്ന മനാസ്സെ ഒരു ബാര്‍ലിക്കൊയ്ത്തിന്‍റെ കാലത്തു വയലില്‍വച്ചു കഠിനമായ ചൂടേറ്റ് തളര്‍ന്നുവീഴുകയും സ്വന്തം നഗരമായ ബത്തൂലിയായില്‍ വച്ചു മരണമടയുകയും ചെയ്തിരുന്നു. വിധവയായിത്തീര്‍ന്ന അവള്‍ക്കു ഭര്‍ത്താവ് മനാസ്സെയുടെ സര്‍വസമ്പത്തും ലഭിച്ചു. അവളെ വിവാഹം ചെയ്യാന്‍ പലരും ആഗ്രഹിച്ചെങ്കിലും അവള്‍ മനാസ്സെയുടെ വിധവയായിത്തന്നെ ജീവിച്ചു. അരയില്‍ ചാക്കുചുറ്റി വൈധവ്യവസ്ത്രങ്ങളാണ് അവള്‍ ധരിച്ചിരുന്നത്. സാബത്തും അമാവാസിയും ഇസ്രായേലിലെ ഉത്സവദിനങ്ങളും ഒഴികെ മറ്റെല്ലാ ദിവസവും അവള്‍ ഉപവാസമനുഷ്ഠിച്ചിരുന്നു.

ദാഹംകൊണ്ടു തളര്‍ന്ന ഇസ്രായേല്‍ ജനം അസ്സീറിയായ്ക്കു കീഴടങ്ങാമെന്നു പറഞ്ഞതും ഭരണാധികാരികള്‍ അഞ്ചു ദിവസത്തെ സാവകാശം ചോദിച്ചതും അറിഞ്ഞ യൂദിത്ത് തന്‍റെ ദാസിയെ അയച്ചു നഗരശ്രേഷ്ഠന്മാരെ വിളിപ്പിച്ചു. അവള്‍ അവരോടു ചോദിച്ചു, സര്‍വശക്തനായ ദൈവത്തെ നിങ്ങള്‍ പരീക്ഷിക്കുന്നതെന്തിന്? ദൈവമായ കര്‍ത്താവിന്‍റെ ലക്ഷ്യങ്ങളെ നിയന്ത്രിക്കുവാന്‍ ശ്ര മിക്കുന്നതെന്തിന്? സര്‍വശക്തനായ ദൈവത്തെക്കുറിച്ചും അവിടുത്തെ കരുണയെക്കുറിച്ചും അവള്‍ ദീര്‍ഘമായി സംസാരിക്കുകയും ഇസ്രേയേല്‍ മക്കളെ ധൈര്യപ്പെടുത്തുകയും ചെയ്തു. അനന്തരം അവള്‍ തലയില്‍ തൈലം പൂശി കര്‍ത്താവിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു പ്രാര്‍ത്ഥിച്ചു. ദൈവത്തോടു വിലപിച്ചു പ്രാര്‍ത്ഥിച്ചതിനുശേഷം ഇസ്രായേല്‍ മക്കളെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടു തന്‍റെ ദാസിയെയും കൂട്ടി ശത്രുപാളയത്തിലേക്കു പോകുന്നു. എന്തു മനോഹരമായ കാഴ്ചയാണത്. നിസ്സഹായരായി കേഴുന്ന ഒരു ജനത്തിനുവേണ്ടി അവരിലെരാളായ ഒരു സ്ത്രീ, അതും വിധവയായൊരു യുവതി സധൈര്യം ദൃഢമായ കാല്‍വയ്പുകളോടെയും ആത്മവിശ്വാസത്തോടെയും ശത്രുപാളയത്തിലേക്കു നടന്നകലുന്ന കാഴ്ച. തന്‍റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ താന്‍ അണിയാറുള്ള ഏറ്റവും മനോഹരമായ വസ്ത്രം ധരിച്ച്, സര്‍വാഭരണവിഭൂഷിതയായി, അമൂല്യമായ പരിമള തൈലം പൂശി അതീവസൗന്ദര്യവതിയായി നടന്നകലുന്ന ഇസ്രായല്‍ പുത്രിയെ അവര്‍ ദൃഷ്ടിയില്‍നിന്നു മറയുന്നതുവരെ നഗരവാസികള്‍ ആദരപൂര്‍വം നോക്കിനിന്നു. തന്‍റെ അധരവ്യാപത്താല്‍ ഹോളോഫര്‍ണസിനെ തകര്‍ക്കാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് അവള്‍ അസ്സീറിയക്കാരുടെ താവളത്തിലെത്തി.

കാവല്‍ക്കാര്‍ അവളെ പിടികൂടി. അവള്‍ തന്‍റെ അടവുകള്‍ തുടങ്ങി. അവള്‍ പറഞ്ഞു: ഹെബ്രായ പുത്രിയായ ഞാന്‍ അവരില്‍നിന്നും ഓടിപ്പോരുകയാണ്. അവര്‍ നിങ്ങളുടെ കൈകളില്‍ ഏല്പിക്കപ്പെടുമെന്നറിയാം. ഞാന്‍ നിങ്ങളുടെ സൈന്യാധിപന്‍ ഹോളോഫര്‍ണസിനെ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പോകുകയാണ്. മലനാടാകെ പിടിച്ചടക്കാന്‍ പറ്റിയ ഒരു മാര്‍ഗം ഞാന്‍ അവനു കാണിച്ചുകൊടുക്കും. അതിസുന്ദരിയും വാക്ചാതുര്യവുമുള്ള അവളെ കാവല്‍ഭടന്മാര്‍ ഹോളോഫര്‍ണസിന്‍റെ അടുക്കേലയ്ക്കാനയിച്ചു. തങ്ങളുടെ മുമ്പിലെത്തിയ യൂദിത്തിന്‍റെ സൗന്ദര്യം കണ്ട് അവനും സേവകന്മാരും അത്ഭുതപ്പെട്ടു. അവള്‍ അവനോടു ജ്ഞാനത്തോടെ മധുരമായി സംസാരിച്ചു. ആ ഭോഷന്‍ അവളുടെ വാക്കുകളിലും സൗന്ദര്യത്തിലും വീണു. സൗന്ദര്യവും ജ്ഞാനവും ഒരുപോലെ ഒത്തിണങ്ങിയ അവളോടു അവനും സേവകന്മാര്‍ക്കും ആരാധന തോന്നി. അവള്‍ മൂന്നു ദിവ സം പാളയത്തില്‍ താമസിച്ചു – താന്‍ കരുതിയിരുന്ന ഭക്ഷണസാധനങ്ങളാണ് അവള്‍ കഴിച്ചത്. രാത്രി തോറും ബത്തൂലിയാ താഴ്വരയില്‍ പോയി പ്രാര്‍ത്ഥിക്കാനുള്ള അനുവാദം അവള്‍ ഹോളോഫര്‍ണസിനോടു ചോദിച്ചു. അവര്‍ അത് അനുവദിക്കുകയും സേവകരോട് അവളെ തടയരുതെന്നു കല്പിക്കുകയും ചെയ്തു. അവള്‍ രാത്രിയില്‍ ദാസിയുടെകൂടെ ബത്തൂലിയാ താഴ്വരയില്‍ പോയി പ്രാര്‍ത്ഥിക്കുകയും പാളയത്തിലെ അരുവിയില്‍ കുളിക്കുകയും ചെയ്തു.

മൂന്നാം ദിവസം ഹോളോഫര്‍ണസ് അടിമകള്‍ക്കു മാത്രമായി ഒരു വിരുന്നൊരുക്കി. മറ്റാരെയും അവന്‍ ക്ഷണിച്ചില്ല. ആ രാത്രി യൂദിത്തിനോടൊത്തു ശയിക്കാന്‍ അവന്‍ തീരുമാനിച്ചു. യൂദിത്തിനാകട്ടെ താന്‍ പ്രതീക്ഷിച്ച സമയം വന്നുചേര്‍ന്നു. സന്ധ്യയായപ്പോള്‍ ഹോളോഫര്‍ണസിന്‍റെ അടിമകള്‍ കൂടാരത്തില്‍ നിന്നു പിന്‍വാങ്ങി. വീഞ്ഞുകുടിച്ചു മത്തനായ അയാളും യൂദിത്തും മാത്രം കൂടാരത്തില്‍ അവശേഷിച്ചു. അവള്‍ തന്‍റെ ദൈവമായ കര്‍ത്താവിനോടു താന്‍ ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിച്ചു. അവള്‍ ചെന്ന് അവന്‍റെ തലയ്ക്കു മുകളിലായി തൂങ്ങിക്കിടന്നിരുന്ന വാളെടുത്തു സര്‍വശക്തിയുപയോഗിച്ച് അവന്‍റെ കഴുത്തില്‍ രണ്ടു പ്രാവശ്യം വെട്ടി, ശരിസ്സ് ശരീരത്തില്‍ നിന്നു വേര്‍പെടുത്തി. അനന്തരം പുറത്തു കടന്നു ശിരസ്സ് തന്‍റെ ദാസിയെ ഏല്പിച്ചു. അവള്‍ അതു ഭക്ഷണസഞ്ചിയിലിട്ടു. ഉടന്‍തന്നെ ഇരുവരും എന്നും പ്രാര്‍ത്ഥനയ്ക്കു പോകുന്നതുപോലെ പുറത്തേയ്ക്കു പോയി. അവള്‍ മലകയറി ബത്തീലിയായുടെ കവാടത്തിലെത്തി വിളിച്ചു പറഞ്ഞു. തുറക്കൂ… വാതില്‍ തുറക്കൂ… ദൈവം നമ്മുടെ ദൈവം ഇപ്പോള്‍ നമ്മോടുകൂടെയുണ്ട്. അവളുടെ ശബ്ദം കേട്ട നഗരവാസികളെല്ലാവരും ഓടിയെത്തി. അവള്‍ തിരിച്ചെത്തിയത് അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ വാതില്‍ തുറന്നു യൂദിത്തിനെയും ദാസിയെയും അകത്തുകടത്തി. അവള്‍ ഇസ്രായേലിന്‍റെ ദൈവത്തെ സ്തുതിച്ച് അവിടുത്തേയ്ക്കു നന്ദി പറഞ്ഞുകൊണ്ടു സഞ്ചിയില്‍നിന്നും ഹോളോഫര്‍ണസിന്‍റെ ശരിസ്സെടുത്ത് അവരെ കാണിച്ചു. ജനം അത്ഭുതപരതന്ത്രനായി ദൈവത്തെ സ്തുതിച്ചു.

യൂദിത്ത്-പഴയ നിയമത്തിലെ കരുത്തയായൊരു സ്ത്രീ. ശക്തയും ധീരയുമായിരുന്ന അവളുടെ ദൈവവിശ്വാസവും ധൈര്യവുമാണു ശത്രുവിന്‍റെ തല തകര്‍ക്കാന്‍ അവളെ പ്രാപ്തയാക്കിയത്. ശ ത്രുപാളയത്തിലേക്കു നിരായുധയായി കടന്നുചെല്ലുന്ന ഒരു പെണ്ണിനെ സങ്കല്പിക്കാനാകുമോ? ചങ്കൂറ്റമുള്ള പെണ്ണായിരുന്നു യൂദിത്ത്. അടിഞ്ഞുകൂടിയിരിക്കേണ്ട വിധവാസങ്കല്പങ്ങളെ പിഴുതെറിഞ്ഞവള്‍, സ്ത്രീ അബലയും ചപലയുമല്ലെന്നു തെളിയിച്ചവള്‍. ജീവിതകാലം മുഴുവന്‍ അവള്‍ സകല ജനത്തിനും ആദരസ്ത്രീയായിരുന്നു.

ഈ കാലഘട്ടത്തില്‍ യൂദിത്തിന്‍റെ കഥയ്ക്കു വളരെ പ്രാധാന്യമുണ്ട്. അചഞ്ചലമായ ദൈവവിശ്വാസവും ധൈര്യവും തന്‍റേടവുമുള്ള സ്ത്രീകള്‍ ഉയര്‍ന്നുവരട്ടെ. നീതിപീഠംപോലും കണ്ണടയ്ക്കുന്ന കെട്ടകാലത്തിലാണു നമ്മള്‍. നമ്മില്‍ നിന്നും യൂദിത്തുമാര്‍ ഉദിച്ചുയരട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org