വിദ്യാര്‍ത്ഥികളും മാനേജുമെന്‍റുകളും ശത്രുക്കളല്ല!

വിദ്യാര്‍ത്ഥികളും മാനേജുമെന്‍റുകളും ശത്രുക്കളല്ല!

സെമിച്ചന്‍ ജോസഫ്

കേരളത്തിലെ കലാലയങ്ങള്‍ എക്കാലവും വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. വര്‍ത്തമാന കാലത്തിലെ അത്തരം ചില തലക്കെട്ടുകള്‍ പരിശോധിക്കാം:
"എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്‍റെ കസേര കത്തിച്ചു." "പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍." "തിരുവനന്തപുരം ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ രാജിവയ്ക്കുംവരെ സമരം തുടരുമെന്നു വിദ്യാര്‍ത്ഥികള്‍." "അങ്കമാലി ഡി പോള്‍ കോളജിനെതിരെ വിദ്യാര്‍ത്ഥി പീഡനാരോപണം – വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജിലേക്കു മാര്‍ച്ച് നടത്തി."
കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്ത ഇപ്പോഴും ചാനല്‍ ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുന്ന ചില കലാലയ വാര്‍ത്തകളാണു മേല്‍ സൂചിപ്പിച്ചത്. ഇതില്‍ എറണാകുളം മഹാരാജാസ് കോളജ് ഒഴികെയുള്ള മറ്റു സ്ഥാപനങ്ങളെല്ലാംതന്നെ സ്വാശ്രയ സ്ഥാപനങ്ങളായതിനാല്‍ അവയിലെ പ്രശ്നങ്ങളെക്കുറിച്ചു വിമര്‍ശനാത്മകമായ ഒരു പഠനം അനിവാര്യമാണെന്നു തോന്നുന്നു. കേരളത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തില്‍ വളരെ നിര്‍ണായകമായ ഒരു തീരുമാനം എടുത്തുകൊണ്ടു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടക്കം കുറിച്ച കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഏ.കെ. ആന്‍റണി ഈ മേഖലയില്‍ നിലനില്ക്കുന്ന അനീതിക്കെതിരെ കഴിഞ്ഞ ദിവസം അതിശക്തമായ ഭാഷയില്‍ പ്രതികരിക്കുകയുണ്ടായി. അഴിമതിയുടെ കൂത്തരങ്ങായി സ്വാശ്രയസ്ഥാപനങ്ങള്‍ മാറിയെന്നു തുറന്നു പറയാനും അദ്ദേഹം മടിച്ചില്ല. അദ്ദേഹത്തിന്‍റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വരികയുണ്ടായി. രാഷ്ട്രീയനേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും ഉയര്‍ന്നു വരുന്ന ഇത്തരം വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്നു വിശ്വസിക്കുന്നവരാണു കേരളത്തിന്‍റെ പൊതുസമൂഹത്തില്‍ ഏറെയും.

സമീപകാലസംഭവങ്ങള്‍ പരിശോധിച്ചാല്‍ ഒട്ടും വിദ്യാര്‍ത്ഥി സൗഹാര്‍ദ്ദപരമായ ഒരു അന്തരീക്ഷമല്ല ഈ കലാലയങ്ങളില്‍ നിലവിലുള്ളത് എന്നു പറയേണ്ടിവരും.
കേരളത്തിലെ സ്വാശ്രയസ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പൊതുസമൂഹത്തോടു ചില ആശങ്കകള്‍ പങ്കുവയ്ക്കാനുണ്ട്.
1. വളരെ ഉയര്‍ന്ന ഫീസ് നല്കി പഠിക്കുന്ന ഞങ്ങള്‍ക്കു പലപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍പോലും നിഷേധിക്കപ്പെടുന്നു.
2. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് അനിവാര്യമായ പ്രാക്ടിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മാനേജുമെന്‍റുകള്‍ വീഴ്ച വരുത്തുന്നു.
3. കുറഞ്ഞ വേതനത്തില്‍ വേണ്ടത്ര പ്രവൃത്തി പരിചയമോ യോഗ്യതയോ ഇല്ലാത്ത അദ്ധ്യാപകരാണു നിയമിക്കപ്പെടുന്നത്.
4. കോറിഡോറിലും ലൈബ്രറികളിലും തുടങ്ങി ക്ലാസ്സ്മുറികളിലും ഹോസ്റ്റലുകളിലും വരെ ഞങ്ങളെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ ഇടം പിടിച്ചിരിക്കുന്നു.
5. കപടസദാചാരവാദങ്ങള്‍ നിരത്തി ഞങ്ങളിലെ ആണ്‍-പെണ്‍ സൗഹൃദങ്ങളെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുകയാണു ഞങ്ങളുടെ അദ്ധ്യാപകരും സ്ഥാപനമേധാവികളും.
6. കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റു സര്‍ഗാത്മക ഇടപെടലുകള്‍ക്കോ ഞങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല.
7. നിസ്സാര കാര്യങ്ങള്‍ക്കുപോലും അന്യായമായ പിഴയും ശിക്ഷാനടപടികളും ഞങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്നു.
8. ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരു പറഞ്ഞു ഞങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു.
പുറത്തുവരുന്ന വാര്‍ത്തകള്‍ പലതും വിദ്യാര്‍ത്ഥികളുടെ ഈ ആശങ്കകളെ ശരിവയ്ക്കുമ്പോള്‍ത്തന്നെ കോളജ് മാനേജുമെന്‍റുകള്‍ക്കും ചിലതു പറയാനുണ്ട്. അതുകൂടി നമുക്കു പരിഗണിക്കാം.
മാനേജുമെന്‍റുകള്‍ക്കു പറയാനുള്ളത്:
1. വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കിയതിന്‍റെ പേരില്‍ ഞങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു.
2. വിദ്യാഭ്യാസ കച്ചവടക്കാര്‍ എന്നു വിളിച്ചു ഞങ്ങളെ അധിക്ഷേപിക്കുന്നു.
3. പരസ്യം നല്കിയില്ല എന്നതിന്‍റെ പേരില്‍ സ്ഥാപനങ്ങള്‍ക്കെതിരെ തെറ്റായ വാര്‍ത്തകള്‍ ചമയ്ക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു.
4. അച്ചടക്കവും ഉയര്‍ന്ന നിലവാരവും ഉറപ്പിക്കണമെങ്കില്‍ ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണ്.
5. സര്‍വകലാശാലകളുടെയും സര്‍ക്കാരുകളുടെയും കെടുകാര്യസ്ഥതമൂലം പലപ്പോഴും പഴി കേള്‍ക്കേണ്ടിവരുന്നതു സ്ഥാപന നടത്തിപ്പുകാരാണ്.
6. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാന്‍ സാധിക്കില്ല.
7. കേരളത്തിലെ സ്ഥാപനങ്ങള്‍ക്കെതിരെ സംഘടിക്കുന്നവര്‍ അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസകച്ചവടക്കാരെയാണു സഹായിക്കുന്നത്.
സൂക്ഷ്മ വിശകലനത്തില്‍ "ഉത്തരത്തിന്‍റെ വളവും ആശാരിയുടെ പിഴവും" നമുക്കീ വിഷയത്തില്‍ ദര്‍ശിക്കാനാവും. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവയ്ക്കുന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണു മാധ്യമവാര്‍ത്തകള്‍. സവിശേഷമായി നവമധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യക്തിപരമായ അനുഭവക്കുറിപ്പുകള്‍. അച്ചടക്കവും ചിട്ടയായ പഠനരീതികളുമൊക്കെ വിദ്യാഭ്യാസത്തില്‍ അനിവാര്യമാകുമ്പോള്‍ തന്നെ കലാലയങ്ങളിലെ കൗമാരത്തെ ഫൈനിന്‍റെയും ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും പേരില്‍ പീഡിപ്പിക്കാമോ?
വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ തന്നെ റാഗിങ്ങിന്‍റെയും ആഘോഷങ്ങളുടെയും പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെ നാം എങ്ങനെ ന്യായീകരിക്കും? ചില ഇടങ്ങളിലെങ്കിലും നിരീക്ഷണ ക്യാമറകള്‍ ഒരു സൗകര്യമാണെന്നു സമ്മതിക്കുമ്പോള്‍ തന്നെ ക്ലാസ്സുമുറികളിലും ഹോസ്റ്റലുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ വിമര്‍ശിക്കാതിരിക്കാനാവുമോ?
അക്കാദമിക് യോഗ്യതകളും സാങ്കേതികപരിജ്ഞാനവുമുള്ള അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശമാണെന്നിരിക്കെ ഗുരു-ശിഷ്യബന്ധത്തിന്‍റെ പവിത്രത നശിപ്പിക്കുന്ന "കസേരകത്തിക്കലുകളും" "പ്രതീകാത്മക ശവമടക്കലുമെല്ലാം" വിദ്യാര്‍ത്ഥിസമൂഹത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പടിയടച്ചു പിണ്ഡം വയ്ക്കണമെന്നു വാദിക്കുന്നവര്‍ക്ക് ഊര്‍ജ്ജം നല്കുന്ന പ്രവര്‍ത്തനരീതികളുമായി വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നേറുമ്പോള്‍ അവരുടെ ഇടം കയ്യേറി വരുന്നവര്‍ തീവ്രവര്‍ ഗീയതയുടെ, ദേശവിരുദ്ധതയുടെ, മതേതരത്വത്തിന്‍റെ ശത്രുക്കളാണെന്നു നാം മറന്നുപോകരുത്.
വേണ്ടേ ചില പൊളിച്ചെഴുത്തുകള്‍? അസ്വസ്ഥതയുടെ മണിക്കൂറുകള്‍ അവസാനിക്കുകതന്നെ വേണം. ചലനാത്മക യുവത്വത്തിന്‍റെ കര്‍മഭൂമിയായി നമ്മുടെ കലാലയങ്ങള്‍ മാറുകതന്നെ വേണം. ഭാവിയുടെ പ്രതീക്ഷകളായി വര്‍ത്തമാനകാലത്തിന്‍റെ തിരുത്തല്‍ ശക്തികളായി നമ്മുടെ യുവജനത മാറണമെങ്കില്‍ ഭരണകൂടങ്ങള്‍ മാത്രം ഉണര്‍ന്നാല്‍ പോരാ. കേരളത്തിന്‍റെ പൊതുസമൂഹം ഊര്‍ജ്ജസ്വലമാകണം. പരസ്പരം ശത്രുതാമനോഭാവം വിട്ടൊഴിഞ്ഞു സഹവര്‍ത്തിത്വത്തിന്‍റെ പാതയിലേക്കു വളരാന്‍ വിദ്യാര്‍ത്ഥിസമൂഹവും അവരെ വിശ്വാസത്തിലെടുക്കാന്‍ ഇവിടത്തെ മാനേജുമെന്‍റുകളും തയ്യാറായേ പറ്റൂ.
ഉയരേണ്ട ക്രൈസ്തവസാക്ഷ്യം:
കേരളത്തിന്‍റെ വിദ്യാഭ്യാസ നവോത്ഥാനചരിത്രത്തില്‍ കേരളസഭയും അതിന്‍റെ വിദ്യാഭ്യാസസ്ഥാപനങ്ങളും ചെയ്ത സേവനങ്ങള്‍ ഏവരും അംഗീകരിച്ചിട്ടുള്ളതാണ്. ലാഭേച്ഛയില്ലാതെ നമ്മുടെ മുന്‍ തലമുറ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളുടെ സ്ഥാനത്ത് അഭിമാനിക്കത്തക്കതായി ഇന്നു നമുക്ക് എന്താണുള്ളതെന്ന് ആത്മപരിശോധന നടത്താന്‍ കേരളത്തിലെ സഭാസ്ഥാപനങ്ങള്‍ തയ്യാറാവണം. ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങള്‍ക്കപ്പുറത്തു മുറുകെപ്പിടിക്കേണ്ട ക്രൈസ്തവസാക്ഷ്യത്തിന്‍റെ തുറന്നിട്ട വാതിലുകളായി നമ്മുടെ സ്ഥാപനങ്ങളെ മാറ്റിക്കൊണ്ടു പുത്തന്‍ വിദ്യാഭ്യാസ നവോത്ഥാനത്തിനു തുടക്കം കുറിക്കാന്‍ കേരളത്തിലെ സഭാസ്ഥാപനങ്ങള്‍ക്കു കഴിയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org