വൈകിട്ടെന്താ പരിപാടി

വൈകിട്ടെന്താ പരിപാടി

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍, സ്മാര്‍ട്ടാക്കാന്‍
ഒരു ഫാമിലി കൗണ്‍സിലറുടെ അനുഭവപാഠങ്ങള്‍


വിപിന്‍ വി. റോള്‍ഡന്‍റ്

മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

"വൈകിട്ടെന്താ പരിപാടി?" ഈ ഡയലോഗ് കേള്‍ക്കാത്തവരുണ്ടാകില്ല. ഊറിച്ചിരിച്ചും പൊട്ടിച്ചിരിച്ചും കണ്ണിറുക്കിക്കാണിച്ചും ആവേശത്തോടെ ഓടിയെത്തി 'പാനീയപൂജ' ചെയ്യാനുള്ള സുന്ദരമായ ആഹ്വാനമാണിതെന്നറിയാവുന്ന ബഹുഭൂരിപക്ഷം ആളുകളും 'ഗ്ലാസ്മേറ്റ്സ്' ആകാന്‍ വെമ്പല്‍കൊള്ളുന്ന കാഴ്ച കാണാത്തവരുമുണ്ടാകില്ല. 'ഒന്നു കൂടണ്ടേ,' 'മിനുങ്ങണ്ടേ,' 'രണ്ടെണ്ണം അടിക്കണ്ടേ,' 'വീശണ്ടേ' എന്നിങ്ങനെ മദ്യസേവാ വിശേഷണങ്ങളുടെ കോഡ് ഭാഷയിലൂടെ ഒന്നിച്ച് 'അടിച്ച് പൂക്കുറ്റി' ആകാന്‍ കൊതിയോടെ കാത്തിരിക്കുന്ന വന്‍നിര കേരളത്തിലെ സുലഭമായ കാഴ്ചയാണ്. തന്‍റെ തടിയ്ക്കും തലയ്ക്കും ഭീകരപാരയാണ് മദ്യപാനം എന്നറിയാമെങ്കിലും 'പിമ്പിരി' കൊള്ളാന്‍ എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാകുന്ന മലയാളി തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും തകര്‍ച്ചയ്ക്കും പരാജയത്തിനും കാരണമാകുന്ന പ്രവര്‍ത്തികളാണ് ചെയ്യുന്നത്.

'പാമ്പ്' ജോയിയും 'പാവാട' ബാബുവും തകര്‍ത്തഭിനയിച്ച 'പാവാട' എന്ന സിനിമ മദ്യപാനം നശിപ്പിക്കുന്ന ജീവിതങ്ങളെ, സുന്ദരമായി വരച്ചുകാണിച്ചിരിക്കുന്നു. അനൂപ് മേനോന്‍ വേഷമിട്ട 'പാവാട ബാബു' എന്ന കഥാപാത്രം ഹൃദയം നുറുങ്ങി പറയുന്നുണ്ട്. 'തന്‍റെ നശിച്ച മദ്യപാനശീലമാണ് എല്ലാ നാശത്തിനും കാരണ'മെന്ന്. കുടിയെ സ്നേഹിച്ച, കുടിക്കാനായി ജനിച്ചപോലെ തോന്നിപ്പിച്ച, കുടിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ച, കുടിക്കാതിരുന്നാല്‍ കൈവിറച്ചു തുള്ളുന്ന, കുടിമൂലം കോളേജ് അധ്യാപകനെന്ന സ്വന്തം ജോലി നഷ്ടപ്പെട്ട, കുടിമൂലം അടിപിടി പരിപാടികളില്‍ പോയി തലയിട്ട, കുടിയനാണെന്നതിന്‍റെ പേരില്‍ ഉറപ്പിച്ച വിവാഹം മുടങ്ങിയ, കുടിച്ചുകുടിച്ച് സമ്പത്തു ക്ഷയിച്ച, ബിസിനസ്സ് തകര്‍ന്ന ഒരു നല്ല മനുഷ്യനാണ് 'പാവാട ബാബു'. തകര്‍ച്ചകളുടെ ഒടുവില്‍ മദ്യപാനം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന കഥാപാത്രം മദ്യപാന ചികിത്സയിലൂടെ സ്വയം മാറാന്‍ തീരുമാനിക്കുന്നിടത്ത് ശുഭപര്യവസായിയായി സിനിമ തീരുന്നു, പ്രേക്ഷകന് പ്രതീക്ഷയുടെ പ്രകാശം കൊടുത്തുകൊണ്ട്.

മദ്യപാനം സ്റ്റാറ്റസിന്‍റെ സിംബലായി കണ്ടുകൊണ്ട് വിവാഹ-മാമ്മോദീസാ-ആദ്യകുര്‍ബാന ചടങ്ങുകളോടനുബന്ധിച്ച് മുന്തിയ മദ്യം വിളമ്പി അന്തസ്സോടുകൂടി നെഞ്ചുവിരിച്ചു നടക്കുന്നവരും, ക്ലബുകളിലെ ചെറിയ മീറ്റിംഗുകള്‍ക്കു ശേഷം പുരുഷകേസരികളെല്ലാം മറ്റൊരു മുറിയിലേക്കു പോയി കുപ്പിപൊട്ടിച്ച് വലിയ വലിയ ഡയലോഗുകളൊക്കെ വിട്ട് താനൊരു 'സോഷ്യല്‍ ഡ്രിങ്കറാണ്' എന്ന് സ്വയം ആശ്വസിക്കാന്‍ ഡയലോഗുകളും വിട്ട് മൂക്കറ്റം മദ്യസേവ നടത്തി, ആടിയാടി വീട്ടില്‍ചെന്നു കയറുന്നവരും, 'വല്ലപ്പോഴും അല്പം മദ്യമൊക്കെയാകാം' എന്നു പറയുന്നവരും തിരിച്ചറിയേണ്ട ഒരു വിശേഷമുണ്ട്. നിങ്ങള്‍ ഒരു രോഗിയായി കഴിഞ്ഞു, ഒരു വലിയ രോഗി, കാരണം 1956-ല്‍ ലോകാരോഗ്യസംഘടന (WHO) യും ഐക്യരാഷ്ട്ര സംഘടനയും മദ്യാസക്തിയെ ഒരു രോഗമായി പ്രഖ്യാപിച്ചു. 1957-ല്‍ അമേരിക്കന്‍ സൈക്യാട്രിക് അസ്സോസിയേഷന്‍ മദ്യാസക്തി മാനസികരോഗമാണെന്ന് കണ്ടെത്തി പ്രഖ്യാപിച്ചു. മാനസികവൈകല്യങ്ങളും ബൈപോളാര്‍ മൂസ്ഡിസ് ഓര്‍ഡറും, അമിതമായ ഉത്കണ്ഠയും വിഷാദവും, ഭയവുമെല്ലാം മദ്യപാനശീലത്തിന്‍റെ മാനസിക പ്രത്യാഘാതങ്ങളാണ്.

ഏറ്റവും മാരകമായ തിരിച്ചടി കിട്ടുന്നത് 'കരളേ കരളിന്‍റെ കരളേ' എന്ന് നാം പാടി നടന്ന നമ്മുടെ കരളിനു തന്നെയാണ്. പ്രിയപ്പെട്ട കലാകാരന്‍ കലാഭവന്‍ മണി യാത്ര പറഞ്ഞുപോകേണ്ട സമയമായിട്ടല്ല യാത്രയായത്. കൂട്ടുകാരുടെ സന്തോഷത്തിനുവേണ്ടി മദ്യസത്ക്കാരങ്ങള്‍ പതിവാക്കിയ മണി അറിഞ്ഞും അറിയാതെയും അകത്താക്കിയ വ്യത്യസ്ത ഇനം ലഹരീപാനീയങ്ങള്‍ ആരോടം പറയാതെ കരളിനെയങ്ങു തിന്നു. നിങ്ങളോ നിങ്ങളുടെ കൂടെ മദ്യപിക്കുന്നവരോ മദ്യപാനം മൂലം കരള്‍രോഗം ബാധിച്ചവരാകാം. അറിയാത്തതുകൊണ്ടോ, നാണക്കേടുകൊണ്ടോ പുറത്തുപറയാതെ വീണ്ടും മദ്യസത്ക്കാരങ്ങളില്‍ മുങ്ങിപ്പൊങ്ങാന്‍ അവര്‍ ഇടയാകുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ രക്തക്കുളി നടത്തി വിടപറഞ്ഞുപോകുമവര്‍… എല്ലാവര്‍ക്കും വേദന സമ്മാനിച്ച്. മദ്യാസക്തനായ ഒരു വ്യക്തിയെ മദ്യപിക്കാന്‍ പേരിപ്പിക്കുന്ന ഏതൊരാളും ആ വ്യക്തിയുടെ കൊലപാതകത്തിനു (Slow death) കൂട്ടുനില്‍ക്കുന്ന പ്രതികളാണ് എന്നതും മറക്കേണ്ട. മദ്യപാനം മൂലം കരള്‍രോഗികളായി മാറിയ എട്ടു ലക്ഷം പേര്‍ നമുക്കു ചുറ്റും മരണത്തിലേക്ക് നടന്നടുക്കുന്നുണ്ട് എന്നതും ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. എല്ലാ കരള്‍രോഗത്തിനും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധ്യവുമല്ല. അഥവാ അത് സാധ്യമായാല്‍ തന്നെ കടുത്ത സാമ്പത്തികബാധ്യതയും കടക്കെണികളും കാത്തിരിക്കുന്നുണ്ടാകും മദ്യപന്‍റെ കുടുംബത്തെ.

"എനിക്ക് നല്ല കണ്‍ട്രോള്‍ ഉണ്ട്, രണ്ട് പെഗ്ഗില്‍ കൂടുതല്‍ ഞാന്‍ കുടിക്കില്ല' എന്നു വീമ്പിളക്കി നെഞ്ചുവിരിച്ച് തലയുയര്‍ത്തി 'അന്തസ്സുകുടി' നടത്തുന്നവരുണ്ട്. ഇത്തരക്കാരുടെ തുടക്കം ബാംഗ്ലൂര്‍ ഡെയ്സ് സിനിമയിലെ പാട്ടിന്‍റെ വായ്ത്താരി പോലെ 'തന്തനാനേന' ആണെങ്കിലും പിന്നീടുള്ള ജീവിതം മദ്യത്തില്‍മുങ്ങിത്തപ്പി 'തുംന്തനാനേന' ആകുന്നതാണ് പതിവുകാഴ്ചകള്‍.

തിരിച്ചറിയാം നമുക്ക് മദ്യപാരകള്‍. ശാരീരിക-മാനസിക-വൈകാരിക-സാമ്പത്തിക-സാമൂഹ്യമേഖലകളിലെല്ലാം 'എട്ടിന്‍റെ പണി' തന്നുകൊണ്ടാണ് മദ്യവിപ്ലവം നമ്മെ കുടുപ്പിച്ചു സ്നേഹിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങള്‍, വിവാഹമോചനം, സ്ത്രീപീഡനം, ഗുണ്ടാവിളയാട്ടം, നശീകരണ പ്രവര്‍ത്തനങ്ങള്‍, വിഷാദരോഗം, ആത്മഹത്യ എന്നിങ്ങനെ മദ്യം സമ്മാനിക്കുന്ന ജീവിതദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു.

ലേഖനമദ്ധ്യേ സൂചിപ്പിച്ച കരള്‍ രോ ഗം (ലിവര്‍ സിറോസിസ്) കൂടാതെ 'ആല്‍ക്കഹോളിക് കാര്‍ഡിയോ മയോപ്പതി' അഥവാ ഹൃദയപേശികളുടെ സമൂലമായ ബലക്ഷയം മൂലമുള്ള ഹൃദയപേശീരോഗം, അമിത രക്തസമ്മര്‍ദ്ദം, വേഗത്തിലും താളം തെറ്റിയുമുള്ള ഹൃദയസ്പന്ദനം, മസ്തിഷ്കാഘാതം, പെട്ടെന്നുള്ള മരണം, അമ്മയുടെ മദ്യപാനം മൂലം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്ന 'ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോം' തുടങ്ങിയ 'നിത്യനൊമ്പരങ്ങള്‍' മൊത്തമായും ചില്ലറയായും നമുക്ക് സമ്മാനിക്കുന്ന മരണമഴയാണ് മദ്യം.

അപ്പോള്‍ എങ്ങനാ… വൈകീട്ടെന്താ പരിപാടി? കാലും മേലും ബെല്ലും ബ്രേക്കുമില്ലാതെ 'ധിം തരികിടതോം' മോഡലില്‍ ആക്കണ 'മദ്യസേവ ലഹരിസേവ' വേണോ? അതോ കാലും മേലും മനസ്സും ജീവിതവും ആനന്ദപ്പൂത്തിരിയില്‍ ആറാടിപ്പിക്കുന്ന പരിശുദ്ധാത്മ ലഹരിവേണോ? മദ്യമില്ലാതെ തനിക്കു പറ്റില്ല എന്ന ദുരവസ്ഥ അഥവാ മദ്യാസക്തി ഒരു രോഗമാണെന്നും മദ്യാസക്തി ചികിത്സയിലൂടെയും, പ്രാര്‍ത്ഥനയിലൂടെയും മനഃശാസ്ത്രപരമായ കൗണ്‍സിലിംഗിലൂടെയും ജീവിതശൈലിയിലുള്ള മാറ്റത്തിലൂടെയും തന്‍റെ 'മദ്യാഭിനിവേശം' ഇല്ലാതാക്കി പുതുജീവിതം സാധ്യമാക്കാമെന്ന തിരിച്ചറിവു ലഭിക്കാന്‍ ദൈവിക ലഹരിയില്‍ നിറയേണ്ടത് അത്യാവശ്യം. കുടുംബാംഗങ്ങള്‍ മദ്യപനെക്കൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണെങ്കിലും മദ്യപാനത്തെ ഒരു രോഗമായിക്കണ്ട്, അതിലുപരി ഒരു മാനസികപ്രശ്നമായി മനസ്സിലാക്കി, വ്യത്യസ്തങ്ങളായ പരിഹാരവഴികളിലൂടെ അയാളെ ആ ജീവിതാവസ്ഥയില്‍ നിന്നു മാറ്റാന്‍ നിരന്തരം മടുപ്പു കൂടാതെ ശ്രമിച്ചുകൊണ്ടിരിക്കണം. 'ഒരു നാള്‍ വരും' പ്രിയമുള്ളവരേ… 'വിശ്വസിക്കുവിന്‍ നീ ദൈവമഹത്വം ദര്‍ശിക്കും' എന്നു പറഞ്ഞവനില്‍ ശരണപ്പെട്ടുകൊണ്ട്, നിരാശപ്പെടാതെ മുന്നേറുക. ഡി-അഡിക്ഷന്‍ സെന്‍ററുകളും മനഃശാസ്ത്രജ്ഞരും, മനോരോഗ വിദഗ്ദ്ധരും മദ്യാസക്തിയുള്ളയാളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ്. വൈകീട്ട് ഒന്നത്രേടം വരെയൊന്ന് പോയി നോക്കൂ. ജീവിതം തിരികെ പിടിക്കാന്‍ അവര്‍ സഹായിക്കും. ശുഭാശംസകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org