സാറാ

സാറാ

ബൈബിൾ വനിതകൾ

ജെസ്സി മരിയ

പേരുമാറ്റം പെരുമാറ്റത്തിനുള്ള സാദ്ധ്യതയാണ്. ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: "നിന്‍റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേരു സാറാ എന്നായിരി ക്കും" (ഉത്പ. 17:15). സാറായെ ദൈവം രാജ്ഞിപദത്തിലേക്ക് ഉയര്‍ത്തി. കാരണം അവളില്‍ നിന്നാണു ജനതകളുടെ രാജാക്കന്മാര്‍ ഉത്ഭവിച്ചത്. സ്വന്തം നാടും വീടും ബന്ധുക്കളെയും വിട്ടു പിതാവായ ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് അബ്രാഹം പോയപ്പോള്‍ വിശ്വസ്തയായ ഭാര്യയായി, കൂട്ടുകാരിയായി യാതൊരു പരിഭവവും പരാതിയുമല്ലാതെ ഒപ്പം പോയവള്‍ – സാറ. സ്വദേശത്തുനിന്നും വിടപറഞ്ഞ് അന്യനാട്ടിലേക്കു പോയപ്പോള്‍ അബ്രാഹത്തിന് 75-ഉം സാറായ്ക്ക് 65-ഉം വയസ്സ് പ്രായം. വിശ്രമിക്കേണ്ട പ്രായത്തിലാണ് അബ്രാഹത്തിന്‍റെയും സാറായുടെയും ജീവിതം ആരംഭിക്കുന്നത്. അബ്രാഹത്തിനു മക്കളെ കൊടുക്കാന്‍ തനിക്ക് സാധിക്കാതെ വന്നപ്പോള്‍ തന്‍റെ ദാസിയായ ഈജിപ്തുകാരിയെ അബ്രാഹത്തിനു ഭാര്യയായി നല്കുന്നുണ്ടു സാറാ. എന്നാല്‍ അബ്രാഹത്തില്‍ നിന്നും ഗര്‍ഭം ധരിച്ച ദാസി സാറായോടു നിന്ദ്യമായി പെരുമാറിയപ്പോള്‍ അവള്‍ പതറുന്നുണ്ട്; ദാസിയോടു ക്രൂരമായി പെരുമാറുന്നുണ്ട്. ഇവിടെ സാറാ ഒരു സാധാരണ സ്ത്രീയായി താഴുന്നതായി നമുക്കു തോന്നാം. പക്ഷേ, ആദിയിലെ തയ്യാറാക്കപ്പെട്ട രൂപരേഖ പ്രാവര്‍ത്തികമാക്കുകയല്ല സാറാ ചെയ്തത്? നിയമപ്രകാരമുള്ള തന്‍റെ അവകാശം അവള്‍ മുറുകെപ്പിടിച്ചതല്ലേ? സാറായ്ക്കൊരു പുത്രന്‍ ജനിക്കുമെന്നു കര്‍ത്താവു പറഞ്ഞപ്പോള്‍ തമാശ കേട്ടപോലെ അവള്‍ ഉള്ളില്‍ ചിരിക്കുന്നു. എങ്കിലും അവള്‍ വിശ്വസിച്ചു. ഈ ചിരിയല്ലേ അവളുടെ മകന്‍ ഇസഹാക്കെന്ന പുഞ്ചിരിയായി വിരിഞ്ഞത്? നമ്മുടെ ഭവനങ്ങളിലും ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഭാര്യമാരും അമ്മാരും ഉണ്ടാകട്ടെ.

സാറായ്ക്ക് 80 വയസ്സുള്ളപ്പോഴാണ് ഇസഹാക്ക് ജനിച്ചത്; അബ്രാഹത്തിനു നൂറും. മനുഷ്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ കുഴിയിലേക്കു കാലു നീട്ടിയിരിക്കുന്ന അവസ്ഥ. ഈ അവസ്ഥയിലാണ് അവള്‍ ഊര്‍ജ്ജസ്വലയായി കുഞ്ഞിനു ജന്മം നല്കിയത്; വാഗ്ദാനപ്രകാരമുള്ള അമ്മയായത്. ഇസഹാക്കിന്‍റെ ജനനശേഷം സാറാ പറയുന്ന വാക്കുകള്‍ ഏതു മരുഭൂമിയിലും നീരുറവ പുറപ്പെടുവിക്കാന്‍ പ്രാപ്തനായ ദൈവത്തിനുള്ള വാഴ്ത്താണ്. അവള്‍ പറയുന്നു: "ഇതു കേള്‍ക്കുന്നവരൊക്കെ എന്നെച്ചൊല്ലി ചിരിക്കും. സാറാ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹത്തോടു പറയുമായിരുന്നോ? എന്നിട്ടും അദ്ദേഹത്തിന്‍റെ വയസ്സുകാലത്തു ഞാന്‍ അദ്ദേഹത്തിന് ഒരു മകനെ നല്കിയിരിക്കുന്നു." ദൈവത്തിന്‍റെ വാക്ക് വിശ്വസിച്ചവള്‍ അനുഗൃഹിതയായി. വന്ധ്യത ശാപമായി കണ്ടിരുന്ന കാലഘട്ടത്തില്‍ 90 വയസ്സുവരെ അനപത്യദുഃഖം അനുഭവിച്ച സാറായും അബ്രാഹവും എല്ലാക്കാലത്തെയും ദമ്പതിമാര്‍ക്കു പ്രചോദനവും മാതൃകയുമാണ്. 90 വയസ്സുള്ള ഒരു സ്ത്രീ, ശരീരം ചുക്കിച്ചുളിഞ്ഞു വല്ലാതെയായിട്ടുണ്ടാകും. അതൊന്നും അവളുടെ വിശ്വാസത്തെയും പ്രതീക്ഷയെയും കെടുത്തിയില്ല. തന്‍റെ വിശ്വാസത്താല്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു മുലയൂട്ടുവാന്‍ അവള്‍ക്കു സാധിച്ചു. ദൈവത്തിന് ഒന്നും അസാദ്ധ്യമല്ലെന്ന് ആദ്യം വിശ്വസിച്ച സ്ത്രീ – അവള്‍ അമ്മയായ സാറാതന്നെയല്ലേ? വീണ്ടും ദാസിയോടു കലഹിക്കുന്ന സാറായെ നാം കാണുന്നുണ്ട്. അടിമപ്പെണ്ണിന്‍റെ മകന്‍ തന്‍റെ മകന്‍ ഇസഹാക്കിനൊപ്പം കളിക്കുന്നത് അവളെ അസ്വസ്ഥയാക്കുന്നു. വാഗ്ദാനപ്രകാരമുള്ള അവകാശി ഇസഹാക്കാണെന്നു സാറായ്ക്ക് വ്യക്തതയുണ്ടായിരുന്നു. ക്രൂരമാണെങ്കിലും അനിവാര്യമായ കാര്യം ചെയ്യാന്‍ സാറാ അബ്രാഹത്തെ നിര്‍ബന്ധിക്കുന്നു. ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും ഇറക്കിവിടുന്നു. ചില തീരുമാനങ്ങള്‍ അത്യന്തം ക്രൂരവും കഠിവുമാണെന്നു മറ്റുള്ളവര്‍ക്കു തോന്നാമെങ്കിലും ചിലപ്പോഴൊക്കെ സംഭവിക്കേണ്ട നന്മയ്ക്കായി ഇത്തരം തീരുമാനങ്ങള്‍ എടുക്കണമെന്നാണു സാറാ ഓര്‍മിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org