സു​ഗന്ധം വിതറുന്നവരാകുക

സു​ഗന്ധം വിതറുന്നവരാകുക

ഒരിക്കല്‍ ഒരു മനുഷ്യന്‍ കടല്‍ത്തീരത്തു കൂടി നടക്കുകയായിരുന്നു. അപ്പോഴാണ് അയാള്‍ ആ കാഴ്ച കണ്ടത്. പ്രായം ചെന്ന ഒരു മനുഷ്യന്‍ കടല്‍ത്തിരകള്‍ കരയില്‍ ഇട്ടിട്ടു പോകുന്ന ചെറിയ മത്സ്യങ്ങളെ തിരികെ കടലിലേക്ക് പെറുക്കിയിടുന്നു.

അയാള്‍ ആ മനുഷ്യനെ സമീപിച്ചിട്ട് ചോദിച്ചു: "കരയില്‍ നൂറു കണക്കിന് ചെറുമീനുകളെ തിരമാല കൊണ്ടിടാറുണ്ട്. അതില്‍ ഭൂരിഭാഗവും കരയില്‍ കിടന്നുചാകുകയാണ് പതിവ്. ഇവയെ രക്ഷപ്പെടുത്താന്‍ നിങ്ങള്‍ ശ്രമിച്ചാലും കുറച്ചെണ്ണത്തിനെ മാത്രം രക്ഷപ്പെടുത്താനേ നിങ്ങള്‍ക്കു സാധിക്കുകയുള്ളൂ. അത് എന്ത് വലിയ മാറ്റമാണ് ഉണ്ടാക്കുവാന്‍ പോകുന്നത്.

തിരമാല കരയിലേക്കു കൊണ്ടുവന്ന മറ്റൊരു ചെറുമീനിനെ കൈയ്യിലെടുത്തുകൊണ്ട് ആ വൃദ്ധന്‍ അയാളോട് പറഞ്ഞു: "ഈ എല്ലാ മീനുകളെയും രക്ഷപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞുവെന്ന് വരികയില്ല. എന്നാല്‍ ഓരോ ചെറുമീനുകളെയും ഞാന്‍ രക്ഷപ്പെടുത്തുമ്പോള്‍ അവയുടെ ജീവിതത്തില്‍ ഒരു വലിയ കാര്യമാണ് സംഭവിക്കുന്നത്."

പലപ്പോഴും ജീവിതത്തില്‍ നന്മ ചെയ്യുവാനുള്ള അവസരം കൈവരുമ്പോള്‍ നമ്മളും ചിന്തിക്കാറുണ്ട് – അത്ര വലിയ കാര്യമാണോ ഞാന്‍ ചെയ്യുന്നതെന്ന്. എന്നാല്‍ നാം ഒരു ചെറിയ സഹായം ഒരാള്‍ക്ക് ചെയ്യുമ്പോള്‍ ആ വ്യക്തിയെ സംബന്ധിച്ച് അത് ഒരു വലിയ കാര്യമായിരിക്കും. ചെറിയ രീതിയിലാണെങ്കില്‍പ്പോലും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്ന ഒരു മനോഭാവം നാം വളര്‍ത്തിയെടുക്കുക. അത് നമുക്ക് നല്കുന്ന മാനസിക സംതൃപ്തി വളരെ വലുതായിരിക്കും.

മദര്‍ തെരേസയ്ക്കും, മഹാത്മാഗാന്ധിക്കുമൊക്കെയേ നന്മ ചെയ്യുവാന്‍ സാധിക്കൂ എന്നാണ് പലരും കരുതുന്നത്. അവരൊക്കെ ചെയ്തതുപോലെ വിശാലമായ ഒരു സമൂഹത്തിനു മുഴുവന്‍ നന്മ ചെയ്യുവാന്‍ നമുക്ക് സാധിച്ചെന്ന് വരികയില്ല. എന്നാല്‍ നമ്മുടെ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തില്‍ നന്മയുടെ സുഗന്ധം വിതറുവാന്‍ നമുക്കാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org