വി. ളൂയിസേ മാരില്ലാക്ക് (1591-1660)

വി. ളൂയിസേ മാരില്ലാക്ക് (1591-1660)

സെയിന്‍റ്സ് കോര്‍ണര്‍

വി. വിന്‍സെന്‍റ് ഡി പോളിന്‍റെ ഉപവി സഹോദരിസഭയുടെ സ്ഥാപകയായ വി. ളൂയിസേ 1591 ആഗസ്റ്റ് 12-ാം തീയതി ജനിച്ചു. മൂന്നു വയസ്സുള്ളപ്പോള്‍ അമ്മ മരിക്കുകയും പിതാവ് പുനര്‍വിവാഹം നടത്തുകയും ചെയ്തു. ളൂയിസേ ഡൊമിനിക്കന്‍ മഠത്തില്‍ ഗ്രീക്കും ലത്തീനും പഠിച്ച് അവിടെ താമസിച്ചു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു പിതാവിന്‍റെ പക്കലേക്കു മടങ്ങി. 1607-ല്‍ പിതാവു മരിച്ചു. അനന്തരം പീഡാനുഭവപുത്രികളുടെ സഭയില്‍ ഒരു അര്‍ത്ഥിനിയായി കുറേനാള്‍ കഴിച്ചെങ്കിലും ളൂയിസേ സന്ന്യാസം ഉപേക്ഷിച്ച് ആന്‍റണിലെ ഗ്രാസ് എന്ന ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയാണു ചെയ്തത്. 1625 ഡിസംബര്‍ 21-ാം തീയതി ഭര്‍ത്താവു മരിച്ചു. ളൂയിസേ പുനര്‍വിവാഹം കഴിക്കാതെ ദരിദ്രസേവനത്തില്‍ വ്യാപൃതയായിരുന്നു.

ഹ്യൂഗനോട്ട് പാഷണ്ഡത ഫ്രാന്‍സിനെ നാശത്തിലേക്കു തള്ളിനീക്കിക്കൊണ്ടിരുന്ന ഒരു കാലത്ത് വി. ഫ്രാന്‍സിസ് സെയില്‍സിന്‍റെ പ്രസംഗങ്ങളും ഗ്രന്ഥങ്ങളും വി. വിന്‍സെന്‍റ് ഡി പോളിന്‍റെ പരോപകാര പ്രവൃത്തികളും സ്വല്പം പ്രകാശം വീശിക്കൊണ്ടിരുന്നു. ഫാ. വിന്‍സെന്‍റ്,  ളൂയിസേയെ പല പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാക്കിയിരുന്നു. "ഉപവിയുടെ സാഹോദര്യം" എന്ന ഒരു സംഘടന ഫാ. വിന്‍സെന്‍റ് ആരംഭിച്ചു. ആഴ്ചതോറും ഫാ. വിന്‍സെന്‍റിന്‍റെ ഉപദേശങ്ങളും ളൂയിസേയുടെ നഴ്സിങ്ങ് ക്ലാസ്സുകളും നടന്നുകൊണ്ടിരുന്നു. 1635 മാര്‍ച്ച് 25-ാം തീയതി ഉപവസഹോദരിമാരുടെ സഭ സ്ഥാപിതമായി. തന്‍റെ മക്കള്‍ക്കു വ്രതങ്ങളെയും ദൈവവിളിയെയും പറ്റി ളൂയിസേ നല്കിയ ഉപദേശങ്ങള്‍ അനര്‍ഘങ്ങളായിരുന്നു.

ളൂയിസേയുടെ പ്രചോദനത്തില്‍ സഹോദരിമാര്‍ ആശുപത്രികളും സ്കൂളുകളും അനാഥമന്ദിരങ്ങളും വൃദ്ധസംരക്ഷണ കേന്ദ്രങ്ങളും ആരംഭിച്ചു. ഈ സഹോദരിമാരെ എളിമയിലും ദരിദ്രസേവനത്തിലും അടിയുറച്ചു നില്ക്കുവാന്‍ വേണ്ട ഉപദേശങ്ങളും 25 വര്‍ഷത്തേയ്ക്കു വിന്‍സെന്‍റ് ഡി പോള്‍ നല്കി. ദൈവസ്നേഹത്തില്‍ അധിഷ്ഠിതമായ പരസ്നേഹത്തിനു ളൂയിസേ ഉത്തേജകമായ മാതൃകയായിരുന്നു. 69-ാമത്തെ വയസ്സില്‍ ആ സ്നേഹദീപം അണഞ്ഞു. 1934-ല്‍ വിശുദ്ധയെന്നു പ്രഖ്യാപിതയായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org