Latest News
|^| Home -> Suppliments -> Baladeepam -> ഒരു സുഹൃത്താവുക

ഒരു സുഹൃത്താവുക

Sathyadeepam

ബ്ര. വിനയ് പുല്ലുരുത്തിക്കരി

നമ്മളെ നമ്മളായിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കുന്ന ഒരു സ്നേഹിതന്‍, എന്നും നമുക്ക് തുറന്ന് പറയാവുന്ന, ധൈര്യസമേതം ഉപദേശം തേടാവുന്ന ഒരാള്‍. അയാള്‍ കേവലം ഒരു ചങ്ങാതിയല്ല. സ്നേഹിതനോ സുഹൃത്തോ അല്ല. ആത്മമിത്രമെന്നു തന്നെ പറയാം. അങ്ങനെയൊരാള്‍ അത്യാവശ്യമാണ്. ഭാഗ്യം ചെയ്ത ചിലര്‍ക്ക്, സ്വന്തം മാതാപിതാക്കളോ സഹോദരങ്ങളോ ജീവിതപങ്കാളിയോ ഒക്കെ ഈ ആത്മമിത്രമാകാം. ആത്മമിത്രത്തെ ഒരു ദിവസം കൊണ്ടോ ഒരാഴ്ചകൊണ്ടോ നമുക്ക് കണ്ടെത്താനാവില്ല. നമ്മുടെ വ്യക്തിത്വവുമായി ചേര്‍ന്നു പോകുന്ന ആളായിരിക്കണം അയാള്‍. പക്ഷേ, ഇത്തരക്കാരെ കണ്ടെത്തുക എളുപ്പമല്ല. അല്പം തിരഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു ജീവിതപങ്കാളിയെ കണ്ടെത്താം. പക്ഷേ, നല്ല സുഹൃത്തിനെ കണ്ടെത്താന്‍ ഏറെ തിരയേണ്ടി വരും. ഈ ചൈനീസ് പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.

സൗഹൃദങ്ങള്‍ എപ്പോഴും സന്തോഷം നല്കുന്നു. എന്നാലിന്ന് whattsapp ഉം facebook ഉം അരങ്ങ് തിമര്‍ത്താടുമ്പോള്‍ സൗഹൃദമെന്നത് സമൂഹമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നുണ്ടോ എന്ന് സംശയിച്ച് പോകുന്നു. ഓരോ ദിവസവും ഒരു സുഹൃത്തിനെ സ്വന്തമാക്കണമെന്ന നല്ല മൊഴിയുടെ അര്‍ത്ഥം മാറിപ്പോകുന്നു. ഈ കാലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നാം അനുദിനം കൂട്ടുന്ന confirm friend request സൗഹൃദത്തെ വെറും യാന്ത്രിക സ്നേഹമാക്കുന്നു. ആയിരക്കണക്കിന് ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍. പക്ഷേ, സ്നേഹിക്കാനും സഹായിക്കാനും ആരുമില്ല.

അപ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് സുഹൃത്ത്, കൂട്ടുകാരന്‍? ഈശോ പറയുന്നതുപോലെ, മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ, അതുപോലെ നിങ്ങളും അവരോട് പെരുമാറണം. നിങ്ങളെ ഞാന്‍ ദാസന്മാരെന്ന് വിളിക്കുകയില്ല, മറിച്ച് സ്നേഹിതന്മാരെന്ന് വിളിക്കുമെന്ന് ഈശോ പറയുമ്പോള്‍ ഒരു സ്നേഹിതന്‍ എങ്ങനെയാകണമെന്ന വലിയ സന്ദേശം അവിടുന്നു നമുക്ക് നല്കുന്നു.

കൂട്ടുകാരനെ സ്നേഹിതാ എന്നു വിളിക്കുന്നത് തന്നെ സ്നേഹം പങ്കുവയ്ക്കുമ്പോഴാണ്, അതുകൊണ്ട് തന്നെ പരസ്പര സ്നേഹത്തില്‍ നിന്നുമാണ് സൗഹൃദം തുടങ്ങുന്നത്. കൂട്ടുകാരനില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ എനിക്ക് അവനോട് എന്ത് ചെയ്യുവാന്‍ കഴിയുമെന്നതാണ് മറ്റൊരു ചിന്ത. കൂട്ടുകാരന്‍റെ സ്നേഹത്തില്‍ നിന്നുമാണ് മറ്റൊരുവന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്കേണ്ടത്.

തെറ്റിനെ ചൂണ്ടിക്കാട്ടി വലിയ സ്നേഹത്തോടെ നമ്മെ വളര്‍ത്തുന്നതാകണം നല്ല സൗഹൃദം. പറഞ്ഞ വാക്കുകള്‍ക്കും സമയത്തിനും കൂട്ടുകാര്‍ പരസ്പരം വില കല്പിക്കണം, അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണമെന്ന് പറയുന്നതുപോലെ കൂട്ടുകാരന്‍റെ ഉയര്‍ച്ചയില്‍ അസൂയപ്പെടാതെ സന്തോഷിക്കുവാന്‍ നമുക്ക് സാധിക്കണം. അവനെ എന്‍റെ സൗഹൃദത്തിലേക്ക് ക്ഷണിക്കുന്നതിനേക്കാള്‍ ഞാന്‍ ഒരു സുഹൃത്തായി രൂപാന്തരപ്പെടണം.

എല്ലാവരുടെയും വ്യക്തിത്വത്തെ അംഗീകരിക്കുകയും നന്മയെ സ്വീകരിക്കുകയും ചെയ്യണം. എല്ലാ സമയത്തും സന്തോഷത്തിലും ദുഃഖത്തിലും സ്നേഹിതനായി ഉണ്ടായിരിക്കണം. കാരണം ക്രിസ്തുവും എല്ലാത്തരത്തിലും ഒരു നല്ല സ്നേഹിതനായിരുന്നു.

എത്രയൊക്കെ മാറ്റങ്ങളുണ്ടായാലും മാറുന്നതല്ല സൗഹൃദം, അത് ആത്മാവ് ശരീരത്തില്‍ നിന്ന് മറഞ്ഞാലും ഓര്‍മ്മകളില്‍ നില്‍ക്കുന്നതാണ്. ഭാര്യ ഭര്‍ത്താവിനോടും, ഭര്‍ത്താവ് ഭാര്യയോടും, മക്കള്‍ മാതാപിതാക്കളോടും മാതാപിതാക്കള്‍ മക്കളോടും അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളോടും, വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോടും എല്ലാവരോടും സ്നേഹത്തില്‍ ആഴമുള്ള സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാകട്ടെ.

“വിശ്വസ്തനായ സ്നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല. അവന്‍റെ മാഹാത്മ്യം അളവറ്റതാണ്, വിശ്വസ്തനായ സ്നേഹിതന്‍ ജീവാമൃതമാണ്. കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അവനെ കണ്ടെത്തുന്നു. (പ്രഭാ. 6:15-16)

Leave a Comment

*
*