Latest News
|^| Home -> Suppliments -> Baladeepam -> വലിയലോകം ചെറിയ മനുഷ്യർ

വലിയലോകം ചെറിയ മനുഷ്യർ

Sathyadeepam

ഫാ. പീറ്റര്‍ പഞ്ഞിക്കാരന്‍

സൈബര്‍ സൈറ്റുകളില്‍ അഭിരമിക്കുന്നവരുടെ ലിസ്റ്റെടുത്താല്‍ ചെറുതല്ലാത്ത സ്ഥാനം കുട്ടികള്‍ക്കുണ്ട്. വിവിധതരം ഗെയിമിന്‍റെ ആരാധകരായി ഇന്‍റര്‍നെറ്റില്‍ പിച്ചവച്ച കുട്ടികള്‍ ഇന്ന് ഏത് വെബ്സൈറ്റിന്‍റെയും പൂട്ടുകള്‍ തുറന്നു കയറാന്‍ മിടുക്കരാണ്. ഇതില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഇവര്‍ക്കു യാതൊരു ധാരണയുമില്ല. കുട്ടികള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ പോലും അവരുടെ മുന്നിലേക്ക് എത്തുകയാണ്. ലൈംഗികത, വെറുപ്പ്, അക്രമസ്വഭാവമുള്ള വിവരങ്ങള്‍ മുതലായവ കുട്ടികളെ വീണ്ടും ഇന്‍റര്‍നെറ്റിലേക്ക് ആകര്‍ഷിക്കും.

ചില സൈറ്റുകള്‍ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യും. ഹീറോയിസം വളര്‍ത്താന്‍ ഇതു നല്ലതാണെന്ന് കുട്ടികള്‍ ചിന്തിക്കുന്നതോടെ പ്രശ്നങ്ങള്‍ തുടങ്ങുന്നു. ചില സൈറ്റുകള്‍ പഠിപ്പിക്കുന്നത് ബോംബ് ഉണ്ടാക്കാനും വൈറസ് ഡെവലപ്മെന്‍റ് കിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമാണ്. സാഹസികത ആഗ്രഹിക്കുന്ന കുട്ടികള്‍ ഇത്തരം പ്രലോഭനങ്ങള്‍ക്ക് എളുപ്പം അടിപ്പെടുന്നു. കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന കൂട്ടരും ഇപ്പോള്‍ സ്വീകരിക്കുന്നത് ഇന്‍റര്‍നെറ്റ് എന്ന സുരക്ഷിത മാര്‍ഗ്ഗം. ഇമെയ്ലും, ചാറ്റ് റൂമും വഴി കുട്ടികളില്‍ വിശ്വാസം ജനിപ്പിക്കാന്‍ ഇത്തരക്കാര്‍ക്ക് പെട്ടെന്നു കഴിയുന്നു. മാതാപിതാക്കളില്‍ നിന്ന് ഇത്തരം സൗഹൃദങ്ങള്‍ മറച്ചു വെയ്ക്കുന്ന കുട്ടികള്‍ പെട്ടെന്നു തന്നെ ഇവരുടെ വലയില്‍ വീഴും.

ദിവസത്തിന്‍റെ മുക്കാല്‍ ഭാഗവും ഇന്‍റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്ന ഒരു കുട്ടി അറിവിന്‍റെ ലോകത്ത് സഞ്ചരിക്കുകയാണെന്ന തെറ്റിദ്ധാരണ ആദ്യം മാറ്റേണ്ടത് രക്ഷിതാക്കളാണ്. അവന് പഠിക്കാനും കളിക്കാനും ചിന്തിക്കാനുമുള്ള സമയമാണ് ഇന്‍റര്‍നെറ്റ് എന്ന മായാലോകത്തിനു മുന്നില്‍ തുലച്ചു കളയുന്നത്. കുട്ടിയുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ ഇന്‍റര്‍നെറ്റിനു മുന്നിലെ ഈ നീണ്ട മണിക്കൂറുകള്‍ മാത്രം മതിയാകും എന്നു കരുതി പേടിയോടെ കാണേണ്ടതുമല്ല ഇന്‍റര്‍നെറ്റ്. കുട്ടികള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ഒപ്പമിരുന്ന് അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെങ്കില്‍ സംഭവിക്കാവുന്ന കുഴപ്പങ്ങള്‍ സൂചിപ്പിക്കുകയാണിവിടെ.

എല്ലാ കുട്ടികളും സ്വയം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളിതാ. ഒരിക്കലും പേഴ്സണല്‍ ഡീറ്റെയ്ല്‍സ് ആരോടും പറയരുത്. പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍, ഫോട്ടോഗ്രാഫ്, ഇമെയില്‍ അഡ്രസ്സ് തുടങ്ങി ഒന്നും ഇന്‍റര്‍നെറ്റില്‍ പരസ്യമാക്കരുത്. ഇന്‍റര്‍നെറ്റില്‍ വായിക്കുന്നതെല്ലാം ശരിയാവണമെന്നില്ല. ആരും അവരുടെ യഥാര്‍ത്ഥ പേരോ ചിത്രമോ നല്‍കാറില്ല. രക്ഷിതാക്കളോടല്ലാതെ പാസ്വേഡുകള്‍ ആരോടും പറയരുത്. ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ പാസ്വേര്‍ഡ് ഓണ്‍ ലൈനില്‍ ചോദിച്ചാല്‍ അവരുടെ നമ്പര്‍ വാങ്ങി വിളിച്ചു നോക്കുന്നതാവും നല്ലത്.

അനാവശ്യ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സ്വയം ഒരു ധാരണയിലെത്തുക. അപരിചിതമായ മെയ്ലുകള്‍ തുറന്നു നോക്കാതിരിക്കുക. അത്തരം മെയ്ലുകളില്‍ വൈറസ് പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യത ഏറെയാണ്. മുതിര്‍ന്നവരോടു ചോദിച്ചിട്ടു മാത്രം ഇവ കൈകാര്യം ചെയ്യുക. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ അത് മുതിര്‍ന്നവരുമായി സംസാരിക്കുക. ഒരുപാട് നേരം ഇന്‍റര്‍നെറ്റിനു മുന്നില്‍ ചെലവാക്കുന്നത് ഒഴിവാക്കി അത്രയും സമയം വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പങ്കിടുക. വെബ്സൈറ്റുകളുടെ യൂസര്‍ പോളിസികള്‍ രക്ഷിതാക്കള്‍ക്കൊപ്പം ഇരുന്ന് വായിച്ചു മനസ്സിലാക്കണം. സുരക്ഷിതമായി എങ്ങനെ സൈറ്റുകള്‍ ഉപയോഗിക്കാമെന്ന് ഇതില്‍ നിന്നു തിരിച്ചറിയാം.

അനുവാദമില്ലാതെ വെബ്സൈറ്റില്‍ നിന്ന് കോപ്പി ചെയ്യുന്നത് ശരിയല്ല. ഓണ്‍ലൈനില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്. നല്ലതെന്നു തോന്നുന്ന ചില ഓഫറുകള്‍ തട്ടിപ്പാകാന്‍ സാധ്യതയുണ്ട്. ആരെങ്കിലും വീട്ടിലെത്തുന്നതു പോലെയുള്ള ഓഫറുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണം. ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ മാതാപിതാക്കള്‍ക്കു കൂടി പഠിപ്പിച്ചുകൊടുക്കാന്‍ ശ്രമിക്കുക. കുട്ടികള്‍ എപ്പോഴും ഉപയോഗിക്കുന്ന സൈറ്റുകള്‍ ഏതെന്നു രക്ഷിതാക്കളും അറിയുന്നത് നന്നായിരിക്കും. കഴിയുന്നതും രക്ഷിതാക്കള്‍ക്കൊപ്പം ഇന്‍റര്‍നെറ്റിനു മുന്നിലിരിക്കാന്‍ സമയം കണ്ടെത്തുക. കുട്ടികള്‍ സുരക്ഷിതമായാണ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുണ്ടാകാനും ഇതു സഹായിക്കും. വൈറസ് ഡവലപ്മെന്‍റ് കിറ്റ്, ട്രോജന്‍സ് എന്നിങ്ങനെയുള്ള മാര്‍ക്കറ്റ് തന്ത്രങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുക. ഇവ യഥാര്‍ത്ഥത്തില്‍ കംപ്യൂട്ടറിനെയും നിങ്ങളെയും നശിപ്പിക്കുന്നവയാണ്.

Leave a Comment

*
*