ആളു വല്ല്യ അഭിമാനിയാ…

ആളു വല്ല്യ അഭിമാനിയാ…

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍, സ്മാര്‍ട്ടാക്കാന്‍
ഒരു ഫാമിലി കൗണ്‍സിലറുടെ അനുഭവപാഠങ്ങള്‍

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

'എന്‍റെ ഭര്‍ത്താവ് വല്ല്യ അഭിമാനിയാണ്. വെറുതെ ഇരുന്നാലും ഭാര്യയുടെ കെയ്റോഫില്‍ വരുന്ന ജോലി സ്വീകരിക്കില്ല. എത്ര നല്ല ജോലിയാണേലും അറിയുന്ന ആളുകളുടെ അടുത്ത് ജോലിക്ക് പോവൂല. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഞങ്ങള്‍ക്കുണ്ട്. എന്നാലും ഒരാളോടും സഹായം ചോദിക്കില്ല. എന്ത് ചോദിച്ചാലും എന്‍റെ അഭിമാനം വൃണപ്പെടുന്ന ഒരു കാര്യോം ചെയ്യില്ലെന്ന് പറയും'. സമ്മിശ്ര ഭാവങ്ങളോടെ പറഞ്ഞു വന്ന ആ സ്ത്രീ ഒന്ന് നിര്‍ത്തി. രംഗം എന്‍റെ ബിഹേവിയര്‍ സ്റ്റുഡിയോയിലെ ഫാമിലി കൗണ്‍സിലിംഗ്. ഒരു ഗ്ലാസ് വെള്ളം കുടിച്ചതിനു ശേഷം അവര്‍ തുടര്‍ന്നു 'ഭാര്യമാരും അഭിമാനികളാണ്. പക്ഷെ അവര്‍ ഭര്‍ത്താക്കന്മാര്‍ക്കു വേണ്ടി അതു സാക്രിഫൈസ് ചെയ്യും. അവര്‍ അതൊട്ടു അറിയാറുമില്ല. അറിഞ്ഞാലും അതു മനസിലാക്കാറുമില്ല.'

അഭിമാനികളേ ഇതിലെ
മലയാളക്കരയില്‍ അഭിമാനികളെ തട്ടീട്ട് നടക്കാനേ വയ്യ. എവിടെ തിരിഞ്ഞാലും അഭിമാനികള്‍ മാത്രം. രാജ്യത്തിന്‍റെ അഭിമാനം കാക്കാനായി ധീര രക്തസാക്ഷികളായവരെയല്ല ഉദ്ദേശിക്കുന്നത്. അതൊക്കെ ഒറിജിനല്‍ അഭിമാനികള്‍. അതു വേറെ ലെവല്‍. ഇത് മറ്റൊരു ലെവല്‍. ഒരു തരം കട്ട ലോക്കല്‍ ലെവല്‍. പക്ഷെ ഇത്തരക്കാര്‍ എണ്ണവും വണ്ണവും നീളവും പരപ്പും ആഴവും കൂട്ടി വന്‍ മുന്നേറ്റങ്ങള്‍ നടത്തുകയാണ് നമുക്ക് ചുറ്റും

അഭിമാനമോ ദുരഭിമാനമോ?
അഭിമാനമെന്നു നമ്മള്‍ വിചാരിക്കുന്ന പലതും അതല്ല. വെറും ദുരഭിമാനമാണ്. ദുരഭിമാനമാണ് ഭാരതീയന്‍റെ ഏറ്റവും മുഖ്യശത്രു. ചുറ്റും നടമാടുന്ന ദുരഭിമാനക്കൊലകളും, ആരുടെയൊക്കെയോ അഭിമാനം സംരക്ഷിക്കാന്‍ ആരുടെ മേലും മെക്കിട്ടു കയറി 'സദാചാരം' സംരഷിക്കാന്‍ പ്രതിജ്ഞാബന്ധരായ 'പ്രൗഢ ജനതയും' മറ്റുള്ളവരുടെ ജീവിതം ആവശ്യത്തിലധികം കുളം തോണ്ടുന്നുണ്ട്.

വില്ലന്‍ കോംപ്ലക്സ്
അഭിമാനത്തിന്‍റെ പേരില്‍ അവസരങ്ങള്‍ കളഞ്ഞു കുളിക്കുന്നവര്‍ കടുത്ത അപകര്‍ഷതാ ബോധത്തിന്‍റെയോ അഹങ്കാരത്തിന്‍റെയോ ഇരകളാണ്. തന്നില്‍ ഉറഞ്ഞു കിടക്കുന്ന കോംപ്ലക്സ് അവരെ എന്നും നല്ലതില്‍നിന്നും തടഞ്ഞു കൊണ്ടിരിക്കും.

മികച്ച അവസരങ്ങള്‍ മുന്‍പില്‍ വന്നു നൃത്തമാടിയാലും അതിനെ അഭിമാനത്തോടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനു പകരം ഭൂലോകത്തെങ്ങുമില്ലാത്ത മുട്ടു ന്യായങ്ങള്‍ നിരത്തിക്കൊണ്ട് എതിര്‍ക്കാനാണ് ഇക്കൂട്ടര്‍ക്കു പ്രിയം. പട്ടിണി കിടന്നു ചത്താലും തങ്ങള്‍ വിശ്വസിക്കുന്ന മുടന്തന്‍ ന്യായങ്ങളില്‍ കടിച്ചുതൂങ്ങി കിടക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഉള്ളിലെ വില്ലനും കള്ളനുമായ കോംപ്ലക്സ് ആണ്.

ഈഗോ കണ്ണുകള്‍ മറയ്ക്കുമ്പോള്‍
തൊട്ടാല്‍ മുറിയുന്ന കടുത്ത ഈഗോ അലങ്കാരമായി കൊണ്ട് നടക്കുന്ന അഭിമാനികള്‍ അനവധിയാണ്. എന്ത് പറഞ്ഞാലും ഇത്തരക്കാരുടെ ഈഗോയില്‍ കൊള്ളും. ഈഗോയെ തൊട്ടുള്ള ഒരു കളിക്കും അവര്‍ റെഡി അല്ല. ഇത്തരക്കാരോട് ഡീല്‍ ചെയ്യാനും കൂടെ താമസിക്കാനും നന്നേ കഷ്ടപ്പെടും. താനെന്ന ഭാവവും, ഭൂലോകത്തിന്‍റ ഓരോ സ്പന്ദനത്തെക്കുറിച്ചും വളരെ വ്യക്തമായ ധാരണയുള്ള ആളാണ് താനെന്ന ചിന്തയും മൂലം കണ്ണില്‍ കണ്ടതിനെയെല്ലാം ഇവര്‍ വിമര്‍ശിക്കും. ആരെങ്കിലും തന്‍റെ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അത് അംഗീകരിക്കില്ല എന്നു മാത്രമല്ല അവരുമായി ആഴത്തിലുള്ള ശത്രുതയാവുകയും തരം കിട്ടണ പോലെ അവരെ ചവിട്ടി തേക്കാനും ഇത്തരക്കാര്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട്.

അഭിമാനികളുടെ തലച്ചോര്‍ ശാസ്ത്രം
കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമെല്ലാമാണ് നമ്മുടെ തലച്ചോര്‍ ശേഖരിച്ചു വക്കുന്നതും പുനരുപയോഗിക്കുന്നതും. ദുരഭിമാനം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ ജീവിച്ച മുത്തച്ഛന്‍റേയും മുത്തശ്ശിയുടെയും അച്ഛന്‍റെയും അമ്മയുടെയും ബന്ധുക്കളുടേയുമെല്ലാം ഇടയില്‍ കിടന്നു വിളഞ്ഞു വളര്‍ന്ന ആളുകള്‍ ആ പാരമ്പര്യം എന്തായാലും കൈമോശം വരാതെ കാത്തു സൂക്ഷിക്കും. അവരുടെ ചിന്തകളെല്ലാം ദുരഭിമാന കേന്ദ്രികൃതമായിരിക്കും. അഭിമാനത്തെ ഒന്ന് തൊട്ടാല്‍ മതി അവര്‍ കോപാക്രാന്തരാകും, പരിസരം മറക്കും, പറച്ചിലും പെരുമാറ്റവുമെല്ലാം പിന്നെ തഥൈവ. തങ്ങള്‍ ചിന്തിക്കുന്നതും പെരുമാറുന്നതും യഥാര്‍ത്ഥത്തില്‍ അഭിമാനകാരമല്ല എന്നു മനസ്സിലാക്കാനോ അപമാനകരമാണെന്നു തിരിച്ചറിയാനോ ഇക്കൂട്ടര്‍ക്ക് പറ്റാറില്ല. കോഗ്നിറ്റീവ് റിജിഡിറ്റി എന്ന ന്യൂറോ സൈക്കോളജിക്കല്‍ കണ്ടിഷനിംഗ് ആവും അവരുടെ വാക്കുകളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കുക. ഒട്ടും മയവും അയവുമില്ലാത്ത സ്വഭാവം ഫലം.

ഇരിക്കുന്ന കൊമ്പ് മുറിക്കല്ലേ
നല്ല രീതിയില്‍ ആരംഭിച്ച പല ദാമ്പത്യങ്ങളും ഇടവഴിയില്‍ ഇടറി വീണതും ചിലതെല്ലാം വീഴാറായി നില്‍ക്കുന്നതും പലരുടെയും ദുരഭിമാനത്തില്‍ തട്ടിയാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണവര്‍. ചിലര്‍ക്ക് പറഞ്ഞ വാക്ക്, ചിലര്‍ക്ക് പറഞ്ഞ രീതി, മറ്റു ചിലര്‍ക്ക് പറഞ്ഞു വന്നപ്പോള്‍ കണ്ട മുഖഭാവം, ചിലര്‍ക്ക് ശബ്ദത്തിലെ ടോണ്‍, ചിലര്‍ക്ക് പറഞ്ഞ കാര്യങ്ങള്‍, വേറെ ചിലര്‍ക്ക് പറയാത്ത കാര്യങ്ങള്‍ തുടങ്ങിയ പ്രശ്നബാധിത പെരുമാറ്റ രീതികള്‍ കുടുംബജീവിതത്തിലും വ്യക്തി ബന്ധങ്ങളിലും ആഞ്ഞടിച്ചപ്പോള്‍ ബന്ധങ്ങള്‍ കലിപ്പ് നിറഞ്ഞതായി. ബന്ധങ്ങള്‍ ബന്ധനങ്ങളായി. കുടുംബകോടതികളുടെ എണ്ണം കൂടി. അവിടെ വരുന്ന കേസുകളും കൂടി.

ബലാബലം ഓഫീസുകളിലും
മിക്ക കമ്പനികളും ഫേസ് ചെയ്യുന്ന പ്രശ്നങ്ങള്‍ ആണ് എംപ്ലോയീസ് തമ്മിലുള്ള ഈഗോ ക്ലാഷുകളും അതിനെ തുടര്‍ന്നുണ്ടാകുന്ന ചീത്ത വിളികളും ഡയറക്റ്റ് ഫൈറ്റും, സോഫ്റ്റ് പാരകളും, നിസ്സഹകരണങ്ങളും. ഉദ്യോഗസ്ഥര്‍ തമ്മില്‍ അനാരോഗ്യകരമായ ബന്ധം നിലനിന്നാല്‍ അതു കമ്പനികളുടെ പ്രവര്‍ത്തനത്തെ താറുമാറാകും. ഗവണ്‍മെന്‍റ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പല ഫയലുകള്‍ക്കു പിന്നിലും അഭിമാനം കൊണ്ടുള്ള ഇത്തരം തീക്കളികള്‍ ഉണ്ട്. പൊതുജനം കഴുതകളായതു ഭാഗ്യം.

യഥാര്‍ത്ഥ അഭിമാനി ദുരഭിമാനിയല്ല
നമ്മള്‍ അഭിമാനികളാവുക തന്നെ വേണം. ദുരഭിമാന രീതികളും ചിന്തകളും പ്രവര്‍ത്തനങ്ങളും ഓര്‍ത്തല്ല. മറിച്ചു മറ്റൊരാളെ ബഹുമാനിക്കാന്‍ പറ്റുന്ന സ്വഭാവം നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അഭിമാനിക്കണം. ക്ഷമിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, വീണിടത്തു നിന്നു എണീക്കാനാകുന്നുണ്ടെങ്കില്‍, മനസ്സലിവോടെ ഒരാളുടെ സങ്കടങ്ങളില്‍ തുണയാവാന്‍ പറ്റുമെങ്കില്‍, ഒരു വഴക്ക് നീണ്ടു പോകാതെ ഉടനെ പരിഹരിക്കാനുള്ള മുന്‍കൈ എടുക്കാമെങ്കില്‍, മറ്റൊരാളെ ആദരവോടെ കേള്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ തെറ്റുകള്‍ ഒരാള്‍ ചൂണ്ടി കാണിച്ചു തന്നാല്‍ അതിനെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യാനും മാറ്റം ജീവിതത്തില്‍ പകര്‍ത്താനും സാധിക്കുന്നുണ്ടെങ്കില്‍, മറ്റുള്ളവരെ അഭിനന്ദിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ ഒക്കെ നമ്മള്‍ തീര്‍ച്ചയായും യഥാര്‍ത്ഥ അഭിമാനികളാണ്. പറ്റുന്നില്ലെങ്കില്‍ നമ്മെ ബാധിച്ചിരിക്കുന്ന രോഗം ക്യാന്‍സര്‍നെക്കാള്‍ വിനാശകാരിയായ ദുരഭിമാനമാണ്. യഥാര്‍ത്ഥ അഭിമാനിയാവാന്‍ നാം തയ്യാറായാല്‍ അവസരങ്ങള്‍ നമ്മെ തേടി പറന്നെത്തും. 'എന്‍റെ അഭിമാനത്തെ തൊട്ടുള്ള കളിയില്ല' എന്നു കൂടെക്കൂടെ പറയുകയോ ചിന്തിക്കുകയോ ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍ അത്തരം ചിന്തകളൊക്കെ 'ഇപ്പൊ ഔട്ട് ഓഫ് ഫാഷന്‍' ആയിട്ടോ എന്നു സ്വയം ഒന്ന് ഓര്‍മപ്പെടുത്തുന്നത് സന്തുഷ്ട ദാമ്പത്യജീവിതത്തിനും വ്യക്തി ജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനും ആട്ടിന്‍ സൂപ്പിന്‍റെ ഗുണം ചെയ്യും.

Mob:97440 75722
Email: vipinroldantofficial@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org