ആരു പറഞ്ഞു നിങ്ങൾ‌ ഒറ്റയ്ക്കാണെന്ന്?

ആരു പറഞ്ഞു നിങ്ങൾ‌ ഒറ്റയ്ക്കാണെന്ന്?

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin Universiry
& Roldants Behaviour Studio, Cochin

"എന്നും ഞാന്‍ ഒറ്റയ്ക്കായിരുന്നു – എനിക്ക് ആരുമില്ലായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ വീട്ടിലുണ്ട്. പക്ഷേ, ഞാന്‍ ഒറ്റയ്ക്കായിരുന്നു."

കല്യാണം കഴിച്ചാലെങ്കിലും എന്‍റെ ഒറ്റപ്പെടല്‍ മാറുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. ഒരു കാര്യവുമുണ്ടായില്ല. പങ്കാളി പങ്കാളിയുടെ വഴിക്കു പോകുന്നു, ഞാന്‍ എന്‍റെ വഴിക്കും. ചുറ്റും ആളുകളുണ്ടെ ങ്കിലും പല അനുഭവങ്ങളും ഞാന്‍ ഒറ്റയ്ക്കാണ്, ഞാന്‍ ഒറ്റയ്ക്കാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു."

"നമ്മളെന്നും ഒറ്റത്തടിയാ സാറേ, ഓര്‍മ്മവച്ച നാള്‍ മുതലേ ഒറ്റയ്ക്കാ. ആരുമില്ല. കുറെയധികം കൂട്ടുകാരൊക്കെ ഉണ്ട്. ഒരുമിച്ചു കൂടലും കറക്കവുമൊക്കെയുണ്ട്. എന്നാലും, കൂടെ ആരുമില്ലെന്നതാ സത്യം."

ഒറ്റയ്ക്കല്ല വന്നതെങ്കിലും…
മേല്പറഞ്ഞ സംഭാഷണങ്ങളെല്ലാം എന്നെ ഹോസ്പിറ്റലിലും ബിഹേവിയര്‍ സ്റ്റുഡിയോയിലും കണ്ടവര്‍ പറഞ്ഞ യഥാര്‍ത്ഥ വാക്കുകളാണ്. എല്ലാത്തിലും പൊതുവായി നമ്മള്‍ കാണുന്നത് 'ഒറ്റയ്ക്കാണ്', 'ഒറ്റപ്പെടലാണ്', 'ആരുമില്ല', 'തനിച്ചാണ്' എന്ന അര്‍ത്ഥത്തിലുള്ള വാക്കുകളാണ്. ഇവരാരും തന്നെ എന്നെ കണ്‍സള്‍ട്ട് ചെയ്യാന്‍ വന്നത് ഒറ്റയ്ക്കല്ല എന്നതും ശ്രദ്ധേയമാണ്. മാതാപിതാക്കളുടെ കൂടെയോ, സുഹൃത്തുക്കളുടെ കൂടെയോ, ബന്ധുജനങ്ങളുടെയൊപ്പമോ ഒക്കെയാണ്.

ഏകാന്തതയിലും…
വിഷാദരോഗത്തിലും അനുബന്ധ മാനസിക ബുദ്ധിമുട്ടുകളിലും ഉള്ള ഒരു പൊതുശത്രുവാണ് ഏകാന്തത. മറ്റുള്ളവരില്‍ നിന്ന് അകന്നിരിക്കാനും, ഒറ്റയ്ക്കിരിക്കാനും മനസ്സ് നിര്‍ബന്ധിക്കുന്ന അവസ്ഥ. ആരെയും കാണാനോ സംസാരിക്കാനോ താത്പര്യം തോന്നാത്ത മനസ്സ്. ഏകാന്തത ഇഷ്ടപ്പെടുന്ന ആ സമയങ്ങളിലും പക്ഷേ, മനസ്സ് മന്ത്രിക്കും… ഞാന്‍ ഒറ്റയ്ക്കാണ്… ആരുമില്ല.

ചിന്തകളുടെ അന്താരാഷ്ട്ര സമ്മേളനം
എന്‍റെ ബിഹേവിയര്‍ സ്റ്റുഡിയോയിലെ ഒരു പതിവു മീറ്റിംഗിനിടയില്‍ ക്ലയ്ന്‍റ് സപ്പോര്‍ട്ടിന്‍റെ ഉത്തരവാദിത്വമുള്ള ഒരു സംഘാംഗം പ്രവീണ തന്‍റെ സുഹൃത്തുക്കളുടെ ചില അനുഭവങ്ങളും കുടുംബത്തിന്‍റെ ചില അവസ്ഥകളും പങ്കുവയ്ക്കവേ പറഞ്ഞു. "എല്ലാവരും ചിന്തിക്കും അവരൊക്കെ ഒറ്റയ്ക്കാണെന്ന്. അത് കറക്ട് അല്ലല്ലോ സാറേ, എന്തുമാത്രം ചിന്തകള്‍ അവരുടെ കൂടെയുണ്ട്. ചിന്തകളുടെ അന്താരാഷ്ട്ര സമ്മേളനമല്ലേ ഓരോ തലയിലും നടക്കുന്നത്." എല്ലാവരും പൊട്ടിച്ചിരിച്ചു, കൈ അടിച്ചു, മനഃശാസ്ത്ര സേവനങ്ങള്‍ നല്കുന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മനഃശാസ്ത്രജ്ഞ അല്ലാത്ത പ്രവീണയുടെ വാക്കുകള്‍ക്ക്, 'മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും…' പ്രയോഗം സംഘാംഗങ്ങള്‍ ആഘോഷിക്കവേ എന്‍റെ മനസ്സിലും ലഡുപൊട്ടി.

എന്നെ പറ്റിച്ചത് ആരാണ്?
അതെ, ശരിക്കും നമ്മള്‍ ഒറ്റയ്ക്കാണെന്ന് ആരാണ് പറഞ്ഞത്? നമ്മള്‍ ഏകാന്തതയിലാണെന്ന് പറഞ്ഞ് നമ്മളെ പറ്റിച്ചത് ആരാണ്? നമുക്കാരുമില്ലെന്ന് നമ്മോടു മന്ത്രിച്ചത് ആരാണ്? മറ്റാരും കേള്‍ക്കാതെ നമ്മുടെ ചെവിയില്‍ 'നിനക്കാരുമില്ല', 'നിന്‍റെ ജന്മം പാഴ്ജന്മം' എന്നൊക്കെ പറഞ്ഞ് ആര്‍ത്തുല്ലസിച്ചു ജീവിച്ചുകൊണ്ടാടേണ്ടിയിരുന്ന ജീവിതം കുളം തോണ്ടിത്തരുന്നത് ആരാണ്? 'നിന്നെ മനസ്സിലാക്കാനാരുമില്ല', 'സ്നേഹിക്കാനാരുമില്ല', 'പിന്തുണയ്ക്കാനാരുമില്ല' 'ആള്‍ക്കൂട്ടത്തില്‍ നീ തനിയെ' ആണ്. 'നിന്‍റെ കൂടെയുണ്ടെന്ന് നീ വിചാരിക്കുന്നവരാരും കൂടെയില്ല' എന്നൊക്കെ പറഞ്ഞ് മനസ്സു തളര്‍ത്തിയത്, തളര്‍ത്തുന്നത് ആരൊക്കെയാണ്? ചുറ്റും നോക്കൂ… ആരെയും കാണുന്നില്ലെങ്കില്‍ മുറ്റത്തിറങ്ങി നോക്കൂ. 'ക കാ കി കീ മുറ്റത്തൊരു മൈന' അവിടെ കണ്ടേക്കാം. വേറെയാരെയും നിങ്ങള്‍ കാണുന്നില്ലായെങ്കില്‍ തിരികെ വന്ന് ആത്മപരിശോധന നടത്തൂ… ആഴത്തില്‍ ചിന്തിക്കൂ… ആരാണ് എന്നോടിതെല്ലാം പറഞ്ഞു കൊണ്ടിരുന്നത്? ഏതു അദൃശ്യശക്തിയാണ് എന്നെ ഇത്രമാത്രം തളര്‍ത്തിക്കളയുന്നത്? ഒറ്റയ്ക്കാണെന്ന് ഞാന്‍ വിചാരിക്കുമ്പോഴും ഞാന്‍ ഒറ്റയ്ക്കല്ലല്ലോ… ആരോ എന്‍റെ കൂടെ 24/7 ഉണ്ടല്ലോ… അതാരാണ്… മനസ്സ് അന്വേഷിക്കട്ടെ… കൂടെയുള്ളയാളെ, ആള്‍ക്കാരെ കണ്ടെത്തട്ടെ.

ങ്ങളൊറ്റയ്ക്കല്ല ഭായ്
അതെ, ഒറ്റയ്ക്കാണെന്നു പറയുന്നവര്‍, യഥാര്‍ത്ഥത്തില്‍. ലക്ഷക്കണക്കിന് ചിന്തകളാകുന്ന സഹയാത്രികര്‍ അവരുടെ കൂടെയുണ്ട്. അതില്‍ ഒറ്റയ്ക്കാണെന്ന് പറയുന്നവരുടെ കൂടെയുള്ള സഹയാത്രികരായ ചിന്തകളില്‍ 99-99% നെഗറ്റീവ് ചിന്തകളായിരിക്കും. ആനയെ പാപ്പാന്‍ 'ഇടത്തിയാന, വലത്തിയാന' എന്നു പറഞ്ഞു നിയന്ത്രിക്കുന്നതുപോലെ ഈ 'ഒറ്റക്കക്ഷി'കളെ ഇടംവലം നിയന്ത്രിച്ച് തന്‍റെ ഇച്ഛക്കനുസരിച്ച് കൈകാര്യം ചെയ്യുന്ന "ഏറ്റെടുത്ത കൂട്ടുകാര്‍' ഈ നെഗറ്റീവ് ചിന്തകളാണെങ്കിലും അവര്‍ അത് തിരിച്ചറിയാറില്ല. എന്നാല്‍ ഈ 'Bad Company' യില്‍പ്പെട്ട് ജീവിതം വിഷാദത്തിലും സങ്കടക്കടലിലും കൂപ്പുകുത്തുന്നത് വളരെപ്പെട്ടന്നാകും. ഇപ്രകാരം വിഷാദകുഴിയില്‍ ചാടിച്ചവരെ ഉറ്റചങ്ങാതികളായി കൂടുതല്‍ തീവ്രതയോടെ സ്ഥിരമായി കൂടെകൂട്ടുന്ന, വിട്ടുപിരിഞ്ഞുപോകാന്‍ അനുവദിക്കാതെ കെട്ടിപ്പിടിച്ചു കൂടെനിര്‍ത്തുന്ന ഭൂലോകത്തില്‍ വസിക്കുന്ന ഒരു വിശേഷജീവിയാണ് മനുഷ്യന്‍. കേള്‍ക്കുന്നുണ്ടോ മനുഷ്യാ… ഈ മനുഷ്യന്‍റെ ഒരു കാര്യം… അല്ലേ.

ചങ്ങാതിയും ശത്രുവും ചിന്തതന്നെ
ആരും ഒരിക്കലും ഒറ്റയ്ക്കല്ല, എന്നും എപ്പോഴും കൂടെയുള്ളത് നമ്മുടെ ചിന്തകളാണ്. ഒരിക്കലും വിട്ടുപിരിയാത്ത ചങ്ങാതിയും വിട്ടുപോകില്ലാത്ത ശത്രുവും ചിന്തകളാണ്. ആ ചിന്തകളില്‍ നമ്മെ പ്രലോഭിപ്പിച്ച് മുന്നോട്ടു നയിക്കുന്ന ചങ്ങാതിചിന്തകളുടെ എണ്ണം കൂടുതലുള്ളവരും എണ്ണം കൂട്ടുന്നവരും സന്തോഷകരമായ ജീവിതം നയിക്കും. ശത്രുചിന്തകളെയും സ്വയം നാശം തരുന്ന പാരചിന്തകളെയും തലയിലേറ്റുന്നവന്‍ നിത്യനാശത്തിലേയ്ക്കും പരാജയങ്ങളിലേക്കും നിപതിക്കും.

ഏതെടുത്താലും പത്തു രൂപയല്ലാട്ടാ
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ എപ്പോഴും കൂടെയുള്ളത് പോസിറ്റിവായ, ശുഭാപ്തി വിശ്വാസം നിറഞ്ഞ ചിന്തകളാണെങ്കില്‍ അത് നമുക്ക് പ്രത്യാശയുടെ, അതിജീവനത്തിന്‍റെ കരുത്തുപകരും. ചുറ്റും നല്ല സൗഹൃദങ്ങള്‍ വര്‍ദ്ധിക്കും. പുരോഗതിയുടെ മുഖമായി നമ്മള്‍ മാറും. എന്നാല്‍ തലയില്‍ നെഗറ്റീവ് ചിന്തകളാകുന്ന ചങ്ങായിമാരെ എടുത്തുവച്ച് ജീവിക്കുന്നവര്‍ ഒറ്റപ്പെടലിന്‍റെ തീരാദുഃഖം അനുഭവിക്കുന്നവരാകും. സൗഹൃദങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേയ്ക്കെത്തും. ഏതെടുത്താലും പത്തുരൂപയല്ലായെന്നു ചുരുക്കം.

ശുഭചിന്തകള്‍ കൂട്ടാവട്ടെ
ശുഭചിന്തകളുള്ളവര്‍ ഒറ്റയ്ക്കേ ഉള്ളൂവെങ്കിലും അവര്‍ക്കങ്ങനെ അനുഭവപ്പെടില്ല. കരുത്തുപകരുന്ന ഒരായിരം ചിന്തകള്‍ അവരുടെ കൂട്ടിനുണ്ട്. അശുഭചിന്തകളുള്ളവര്‍ ഒറ്റയ്ക്കേ ഉള്ളൂവെങ്കില്‍ ഒറ്റപ്പെടലിന്‍റെ ദുഃഖം തീവ്രമായി അവര്‍ അനുഭവിക്കും. കാരണം, കരുത്തു ചോര്‍ത്തിക്കളയുന്ന ഒരായിരം ചിന്തകളാണ് അവരുടെ കൂട്ട്. അതുകൊണ്ട് കൂട്ടിന് ബോധപൂര്‍വ്വം ശുഭചിന്തകളെ നിലനിര്‍ത്തുവാന്‍ പ്രാര്‍ത്ഥന, ധ്യാനം, നല്ല പു സ്തകങ്ങളുടെ വായന, വ്യായാമം, പരോപകാര പ്രവര്‍ത്തികള്‍, യാത്രകള്‍, നല്ല സൗഹൃദക്കൂട്ടായ്മകള്‍, വിനോദം തുടങ്ങിയവ ശീലമാക്കുക. സത്ചിന്തകള്‍ ജീവിതത്തിന് നിരന്തരം കൂട്ടാവട്ടെ. നാമൊറ്റയ്ക്കല്ലായെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്.

vipinroldant@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org