Latest News
|^| Home -> Suppliments -> Familiya -> ആര്യവേപ്പിന്റെ ​ഗുണങ്ങൾ

ആര്യവേപ്പിന്റെ ​ഗുണങ്ങൾ

Sathyadeepam

ആര്യവേപ്പിനു പൗരാണികകാലം മുതല്‍ക്കുതന്നെ ശ്രേഷ്ഠമായ സ്ഥാനമാണു കല്പിച്ചു നല്കിയിട്ടുള്ളത്. ആര്യവേപ്പിന്‍റെ തൊലി, ഇല, വിത്ത് തുടങ്ങിയവ ഔഷധയോഗ്യമാണ്. ആര്യവേപ്പ് വീട്ടുവളപ്പിലെ കൃഷിയിടത്തിലും വഴിവക്കിലും മറ്റും നട്ടുവളര്‍ത്താറുണ്ട്. അന്തരീക്ഷ ശുദ്ധീകരണത്തിനും ജൈവവളങ്ങള്‍ക്കും എണ്ണയ്ക്കും വേപ്പ് പ്രയോജനപ്പെടുത്തിപ്പോരുന്നു. വേപ്പിന്‍ തടി ഈടും ഉറപ്പുമുള്ളതുമാണ്.

ഇത്രയേറെ നിരീക്ഷണവിധേയമായിട്ടുള്ള വേപ്പിനെപ്പോലെ വേറെ വൃക്ഷം ഇല്ലെന്നുതന്നെ പറയാം. ജലദോഷം മുതല്‍ എയ്ഡ്സ് വരെയുള്ള അനേകം രോഗങ്ങള്‍ക്കെതിരെ വേപ്പിന്‍റെ ഔഷധശക്തി പരീക്ഷിക്കപ്പെട്ടിരിക്കുന്നു. വേപ്പെണ്ണയ്ക്കും വേപ്പിന്‍ പിണ്ണാക്കിനും വളരെ വ്യാവസായിക പ്രാധാന്യമുണ്ട്. നല്ലൊരു ജൈവവളം കൂടിയാണ് ഇതിന്‍റെ പിണ്ണാക്ക്. പല്ലുതേയ്ക്കാന്‍ വേപ്പിന്‍തണ്ടു വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ചര്‍മ്മരോഗങ്ങള്‍, കുഷ്ഠം, വാതരോഗങ്ങള്‍ എന്നിവയ്ക്കു വളരെ ഫലപ്രദമായ വേപ്പില്‍ “മാര്‍ഗോസിന്‍” എന്ന ആല്‍ക്കലോയ്സ് അടങ്ങിയിരിക്കുന്നു. വിത്തില്‍ മാര്‍ഗോസോപിക്രിന്‍’ എന്ന പദാര്‍ത്ഥവും ഉള്‍ക്കൊള്ളുന്നു. വേപ്പിനു രക്തശുദ്ധിയുണ്ടാക്കാനുള്ള പ്രത്യേക ശക്തിയുള്ളതായി പറയപ്പെടുന്നു.

ചര്‍മ്മരോഗങ്ങള്‍ക്കാണു വേപ്പിന്‍ തൊലി, ഇല എന്നിവ കൂടുതലായി ഉപയോഗിച്ചുവരുന്നത്. പ്രമേഹം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലി കൂടിയാണിത്. ഫലപ്രദമായ ഒരു ജൈവകീടനാശിനിയെന്ന നിലയില്‍ വേപ്പെണ്ണയും വളരെ പ്രസിദ്ധമാണ്.

പനി, വാതരോഗങ്ങള്‍, വിശപ്പില്ലായ്മ, ക്ഷീണം, കൃമിശല്യം, വിഷം, വൃണങ്ങള്‍, പൊങ്ങന്‍ പനി, തീപ്പൊള്ളല്‍, മുടികൊഴിച്ചില്‍, കര്‍ണരോഗങ്ങള്‍, പുഴുക്കടി, ഗ്രഹണി, കാല്‍പാദം വിണ്ടുകീറല്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ആര്യവേപ്പിന്‍റെ ഇല, തൊലി തുടങ്ങിയവ തനിച്ചും മറ്റ് ഔഷധങ്ങളോടു ചേര്‍ത്തും ഉപയോഗിച്ചുവരുന്നു.

ആര്യവേപ്പ് നമ്മുടെ നാട്ടിലും ധാരാളമായി വളര്‍ന്നു കാണുന്നു. എങ്കിലും വരണ്ട കാലാവസ്ഥയില്‍ വളരുന്നിടങ്ങളിലേതുപോലെ വിത്ത് ഉണ്ടാകാറില്ല. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് വിത്തുകള്‍ വിളഞ്ഞു പാകമാകുന്നത്. വിത്ത് പാകി കിളിര്‍പ്പിച്ച തൈകള്‍ നടാന്‍ ഉപയോഗിക്കാം.

തൈകള്‍ക്കു നാലു മാസം പ്രായമായാല്‍ പ്രധാന കൃഷിസ്ഥലത്തേയ്ക്കു നടാം. തയ്യാറാക്കിയ കുഴിയില്‍ ആവശ്യത്തിനു ചാണകപ്പൊടിയോ കമ്പോസ്റ്റ് വളമോ ഇട്ട് തൈ നടാം. നീര്‍വാര്‍ച്ചയുള്ള തുറസ്സായ സ്ഥലമാണ് ഇതിന്‍റെ വളര്‍ച്ചയ്ക്കു യോജിച്ചത്.

കാലവര്‍ഷാരംഭം ഇതിന്‍റെ തൈകള്‍ നടാന്‍ പറ്റിയ സമയമാണ്. വേനലില്‍ നനയ്ക്കണം. വര്‍ഷംതോറും കളയെടുപ്പ് നടത്തി ജൈവവളങ്ങള്‍ ചേര്‍ത്തു കൊടുക്കണം. വേനല്‍ക്കാലങ്ങളില്‍ ചുവട്ടില്‍ പുതയിടല്‍ നടത്തുന്നതും ഓല ഉപയോഗിച്ചു ചുറ്റും മറച്ചുകെട്ടി സംരക്ഷിക്കുന്നതും നല്ലതാണ്.

അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്ന വൃക്ഷമാണ് ആര്യവേപ്പ്. അതിനാല്‍ ത്തന്നെ വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ ഇതിനു സ്ഥാനം നല്കുവാന്‍ നാം മറക്കരുത്.

Leave a Comment

*
*