|^| Home -> Suppliments -> ULife -> അഭിനവതോബിത്തുമാരെ ആവശ്യപ്പെടുന്ന ലോകം

അഭിനവതോബിത്തുമാരെ ആവശ്യപ്പെടുന്ന ലോകം

Sathyadeepam

കഴിഞ്ഞ ഡിസംബര്‍ 31-നു കെസിബിസി നടത്തിയ സംസ്ഥാനതല തെരുവു നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളം – അങ്കമാലി അതിരൂപതയിലെ എടക്കുന്ന് ഇടവകയുടെ  നാടകസംഘാംഗങ്ങള്‍ സംസ്ഥാനതലത്തിലെ വിജയം കൈപ്പിടിയിലൊതുക്കിയ തങ്ങളുടെ പരിശീലന  നാളുകളുടെ സവിശേഷത അനുസ്മരിക്കുന്നു.

വിജയം യാദൃശ്ചികമല്ല എന്ന വസ്തുത ഞങ്ങള്‍ക്കു മനസ്സിലാക്കിത്തന്നു എന്നതാണ് ഈ തെരുവുനാടകവിജയത്തിന്‍റെ ഒരു പ്രാധാന്യം. നിരന്തരപ്രയത്നവും ത്യാഗവും, ചെയ്യുന്ന കര്‍മ്മത്തോടുള്ള നിസ്വാര്‍ത്ഥ സ്നേഹവുമാണ് വിജയത്തിന് അടിസ്ഥാനമാകുന്നത്. ഒരു ഇടവക സമൂഹത്തിന്‍റെ കൂട്ടായ്മ വിജയം നേടിയ കഥയുമാണത്. കാലത്തിന്‍റെ ചുവരെഴുത്തുകളെ വചനവെളിച്ചത്തില്‍ വിലയിരുത്തി, സമൂഹത്തിന്‍റെ മുന്നില്‍ മാറ്റത്തിന്‍റെ വെല്ലുവിളി ഉയര്‍ത്താന്‍തക്ക രീതിയില്‍ ഒരു കലാസൃഷ്ടിക്കു രൂപം കൊടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. അങ്ങനെ ഒരു തെരുവുനാടകത്തിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എല്ലാവരും അവരുടെ ആശയങ്ങള്‍ പങ്കുവച്ചു. 35 പേരുള്ള ഒരു സംഘമായിരുന്നു അത്. സി എല്‍ സി യുടെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മയിലെല്ലാവരും തന്നെ ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്നവര്‍ ആയിരുന്നു. അതില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും ഒക്കെയുണ്ട്.

മത്സരത്തിന്‍റെ ആദ്യപടിയായ ഫൊറോനാതലം മുതല്‍ അവസാനഘട്ടമായ സംസ്ഥാനതലം വരെ അഞ്ചു മാസങ്ങളുടെ കാലയളവ് ഉണ്ടായിരുന്നു. ഈ കാലത്തെല്ലാം നിരന്തരമായ തുടര്‍ പരിശീലനങ്ങള്‍ നടന്നു പോന്നു. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലും പരിശീലനങ്ങള്‍ നടന്നു. ഒന്നിച്ചുള്ള പ്രാര്‍ത്ഥനയ്ക്കും ജപമാലയ്ക്കും ശേഷമാണ് പരിശീലനം തുടങ്ങാറുള്ളത്.

നാടകത്തിനാവശ്യമായ ചിത്രങ്ങള്‍ സംഘാംഗങ്ങള്‍ സ്വന്തമായി വരച്ചു. ആവശ്യമായ ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ചു. വസ്ത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ സ്വയം കണ്ടെത്തി ക്രമീകരിച്ചു. ഇതെല്ലാം നാടകത്തിനതീതമായ കലാപരിശീലനത്തിന് അംഗങ്ങള്‍ക്ക് അവസരമേകുകയും ചെയ്തു.

ഓരോ തലത്തിലുമുള്ള മത്സരത്തിനു മുമ്പ് സംഘാംഗങ്ങളെല്ലാവരും കുമ്പസാരിച്ചൊരുങ്ങുകയും ആത്മീയശക്തി സംഭരിക്കുകയും ചെയ്തു പോന്നിരുന്നു. ചിട്ടയോടെയും പ്രാര്‍ത്ഥനാചൈതന്യത്തോടെയും ഒന്നിച്ചു കൂടിയ പരിശീലന നാളുകള്‍ യുവമനസ്സുകളില്‍ ഒളിമങ്ങാതെ നില്‍ക്കുന്നു.

വി. ബൈബിളിലെ തോബിത്തിന്‍റെ പുസ്തകത്തെ ആസ്പദമാക്കി ആനുകാലികമായ ആവിഷ്കാരശൈലിയോടെയാണ് തെരുവുനാടകം അവതരിപ്പിച്ചത്. സത്യദൈവത്തിന്‍റെ കല്‍പനകള്‍ക്കപ്പുറം ജീവിക്കാത്തവനാണ് തോബിത്ത്. സെന്നാക്കരീബ് എന്ന ദുര്‍ഭരണാധികാരി നിനവേയില്‍ നടത്തുന്ന ഭരണപരിഷ്കാരങ്ങളും യഹൂദരുടെ മേലുള്ള ക്രൂരതകളും ശവശരീരങ്ങള്‍ സംസ്കരിക്കരുതെന്ന നിയമവും നിനവെ നിവാസികളെ കുഴപ്പത്തിലാക്കി. അവിടെ തോബിത്ത് യഹൂദനിയമങ്ങള്‍ ആചരിക്കുകയും മൃതശരീരങ്ങള്‍ സംസ്കരിക്കാനായി വ്യവസ്ഥകള്‍ ആവിഷ്കരിക്കുകയും ചെയ്തു. ഇന്നിന്‍റെ തലമുറയിലെ തോബിത്തിന്‍റെ പ്രതിരൂപങ്ങളെ സ്വതന്ത്രഭാരതത്തിന്‍റെ നേര്‍ക്കാഴ്ചയായി അവതരിപ്പിക്കുകയാണ് ഈ തെരുവുനാടകത്തില്‍. നമ്മുടെ രാജ്യത്ത് നീതി നിഷേധിക്കപ്പെട്ട നിസ്സഹായരായ മനുഷ്യര്‍ പ്രിയപ്പെട്ടവരുടെ മൃതദേഹം ചുമന്നു നടക്കേണ്ടി വന്നതിന്‍റെ ദയനീയമായ വിവരങ്ങള്‍ പത്രമാധ്യമങ്ങള്‍ നമ്മുടെ മുമ്പില്‍ എത്തിച്ചിട്ടുണ്ട്. ഭാര്യയുടെ മൃതദേഹം സംസ്കാരത്തിനെത്തിക്കാന്‍ 60 കി.മീറ്ററുകള്‍ ചുമന്ന ദെനാ മാജിയുടെ ദുരനുഭവം നമ്മളറിഞ്ഞതാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ചുമന്നത് ഭാര്യയുടെ മൃതദേഹമല്ല മറിച്ച് എന്തൊക്കെയോ മഹിമകളുടെ വീരവാദങ്ങള്‍ മുഴക്കി അഹങ്കരിക്കുന്ന ഒരു സാംസ്കാ രിക പൈതൃകത്തിന്‍റെ ചത്തുചീഞ്ഞ ദേഹമായിരുന്നു. മൃഗസംരക്ഷണത്തിന്‍റെ പേരില്‍ മനുഷ്യരെ ദ്രോഹിക്കുകയും മൃഗങ്ങളാക്രമിക്കുന്ന പാവങ്ങളെ അവഗണിക്കുകയും ചെയ്യുന്നവര്‍, പിഞ്ചുകുഞ്ഞുങ്ങളെ മുതല്‍ മുത്തശ്ശിമാര്‍ വരെയുള്ളവരെ ഉപദ്രവിക്കാന്‍ മടിക്കാത്തവര്‍, രാഷ്ട്രീയനേട്ടങ്ങള്‍ക്കായി അധികാരദുര്‍വിനിയോഗങ്ങളും കൊല്ലാക്കൊലകളും നടത്തുന്നവര്‍, മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുന്നവര്‍…. ഇപ്രകാരം ഇന്നത്തെ ഇന്ത്യ മറ്റൊരു നിനവേയും ഭരണകര്‍ത്താക്കള്‍ മറ്റൊരു സെന്നാക്കരീബും ആയി മാറിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥ തെരുവില്‍ ദൃശ്യവത്കരിക്കുകയും നമ്മുടെ ജന്മനാടിന്‍റെ രക്ഷയ്ക്കായി നാമോരുരുത്തരും ഓരോ തോബിത്തുമാരായി മാറേണ്ടതിനെ കുറിച്ചുള്ള അവബോധം ജനങ്ങളിലുണര്‍ത്തുകയുമാണ് 20 മിനിറ്റുകൊണ്ട് ഞങ്ങളുടെ തെരുവുനാടകം നിറവേറ്റിയ ദൗത്യം.

കറുകുറ്റി സ്വദേശിയായ ശ്രീ ഡെന്നി ജെയിംസ് ആലുക്കയാണ് നാടകത്തിന്‍റെ രചനയ്ക്കും പരിശീലനത്തിനും മുഖ്യമായ നേതൃത്വം നല്‍കിയത്. വികാരി ഫാ. തോമസ് പെരുമായന്‍, അസി. വികാരിയായിരുന്ന ഫാ. ജിനു പള്ളിപ്പാട്ട് എന്നിവര്‍ മാര്‍ഗദര്‍ശനങ്ങള്‍ നല്‍കി കൂടെ നിന്നു. ഇടവകയിലെ എല്ലാ കുടുംബങ്ങളും ചെലവിലേയ്ക്കായി സാധിക്കുന്ന സംഭാവനകള്‍ നല്‍കി. അതു സമാഹരിച്ചെത്തിക്കാന്‍ വൈസ് ചെയര്‍മാനും കുടുംബ യൂണിറ്റ് ഭാരവാഹികളും നേതൃത്വം നല്‍കി.

നേരത്തെ ആരോഗ്യവകുപ്പുമായി സഹകരിച്ച് എടക്കുന്നിലെ സി എല്‍ സി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ മായം എന്ന തെരുവുനാടകം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തുന്ന സി എല്‍ സി എറണാകുളം-അങ്കമാലി അതിരൂപതയിലെ മികച്ച സി എല്‍ സി യൂണിറ്റായി പല തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യുവജനങ്ങള്‍ പള്ളിയില്‍ നിന്നകലുന്നു എന്ന പതിവു പരിദേവനങ്ങള്‍ക്കിടയില്‍ മാതൃകാപരമാണ് പ്ലാറ്റിനം ജൂബിലിയാഘോഷിച്ച എടക്കുന്നു സി എല്‍ സിയുടെ പ്രവര്‍ത്തനശൈലി.

Leave a Comment

*
*