അബി​ഗായില്‍

അബി​ഗായില്‍

ബൈബിള്‍ വനിതകള്‍ No.8

ജെസ്സി മരിയ

വിവേകത്തിന് അബിഗായില്‍ എന്നുകൂടി അര്‍ത്ഥമുണ്ട്. കാരണം അത്രയ്ക്കു വിവേകമതിയായ സ്ത്രീയായിരുന്നു അബിഗായില്‍. കാര്‍മെലിലെ കാലെബു വംശജനായ നാബാല്‍ എന്ന പണക്കാരനായ വ്യാപാരിയുടെ ഭാര്യയായിരുന്നു അബിഗായില്‍. അതീവസുന്ദരിയും വിവേകമതിയുമായിരുന്നു അവള്‍. അവനാകട്ടെ നിന്ദ്യനും ദുഷ്കര്‍മിയും.

ദാവീദ് സാവൂളിന്‍റെ ദൃഷ്ടിയില്‍പ്പെടാതിരിക്കാന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തിരുന്ന സമയം. കൂടെ സ്നേഹിതരും പടയാളികളുമായ കുറേ പേരുമുണ്ടായിരുന്നു ഭക്ഷണത്തിനു നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ആയിടെ നാബാലിന്‍റെ വീട്ടില്‍ ആടുകളുടെ രോമം കത്രിക്കുന്ന പരിപാടി നടക്കുകയാണെന്നു ദാവീദ് അറിഞ്ഞു. അയാള്‍ തന്‍റെ കൂട്ടത്തിലുള്ള പത്തു ചെറുപ്പക്കാരെ വിളിച്ചു നാബാലിന്‍റെ അടുത്തേയ്ക്കു പറഞ്ഞുവിട്ടു. ദാവീദ് പറഞ്ഞ പ്രകാരം അവര്‍ നാബാലിന്‍റെ അടുത്തുചെന്ന് ദാവീദിന്‍റെ പേരില്‍ അവനെ അഭിവാദനം ചെയ്തു പറഞ്ഞു: "നിനക്കും നിന്‍റെ ഭവനത്തിനും നിനക്കുമുള്ള സകലത്തിനും സമാധാനം. നിനക്ക് ആടുകളുടെ രോമം കത്രിക്കുന്നവരുണ്ടെന്നു ഞാനറിഞ്ഞു. കാര്‍മെലില്‍ ആയിരുന്ന കാലമെല്ലാം നിന്‍റെ ഇടയന്മാര്‍ ഞങ്ങളോടൊപ്പമായിരുന്നു. ഞങ്ങള്‍ അവര്‍ക്ക് ഒരു ഉപദ്രവവും ചെയ്തിട്ടില്ല. അവര്‍ക്കു നഷ്ടമൊന്നും വന്നതുമില്ല. അതിനാല്‍ എന്‍റെ ദാസന്മാരോടു പ്രീതി കാണിക്കണം. നിന്‍റെ പുത്രനായ ദാവീദിനും നിന്‍റെ ദാസന്മാര്‍ക്കും നിന്‍റെ കൈവശമുള്ളതു തരണമെന്ന് അപേക്ഷിക്കുന്നു." ഇതുകേട്ട് നാബാല്‍ ക്രുദ്ധനായി ദാവീദിന്‍റെ ദാസന്മാരെ അപമാനിച്ചു വിട്ടു. ദാസന്മാരില്‍ നിന്നും വിവരം അറിഞ്ഞ ദാവീദ് നാബാലിനെതിരെ വാളെടുത്ത് പുറപ്പെട്ടു. അവന്‍റെ കൂടെ 400 പേരും. ദാവീദ് പകരം വീട്ടാന്‍ വരുന്നുണ്ടെന്നു ഭൃത്യന്മാരിലൊരാള്‍ നാബാലിന്‍റെ ഭാര്യയായ അബിഗായിലിനെ അറിയിച്ചു. ദാവീദിന്‍റെ ദാസന്മാര്‍ നാബാലിനെ കാണാന്‍ വന്നതോ, നടന്ന കാര്യങ്ങളോ അവള്‍ അറിഞ്ഞിരുന്നില്ല. കാര്യത്തിന്‍റെ ഗൗരവവും സത്യാവസ്ഥയും മനസ്സിലാക്കിയ അവള്‍ മടിച്ചുനിന്നില്ല. തിടുക്കത്തില്‍ 200 അപ്പവും രണ്ടു തോല്‍ക്കുടം വീഞ്ഞും പാകം ചെയ്ത അഞ്ച് ആടും അഞ്ചു കുട്ട മലരും 100 ഉണക്കമുന്തിരിക്കുലയും അത്തിപ്പഴംകൊണ്ടുള്ള 200 അടയും എടുത്തു കഴുതപ്പുറത്തു കയറ്റി ഭൃത്യന്മാരോടൊപ്പം പുറപ്പെട്ടു. അവള്‍ പോകുന്ന കാര്യം നാബാലിനെ അറിയിച്ചില്ല. മലയടിവാരത്തില്‍വച്ച് അവള്‍ ദാവീദ് എതിരേ വരുന്നതു കണ്ടു. ദാവീദാകട്ടെ നാബാലിനെയും അവന്‍റെ ആളുകളെയും പുലരുതിനുമുമ്പു കൊന്നുകളയാനുള്ള തീരുമാനത്തിലാണു വരുന്നത്.

അവനെ കണ്ടയുടനെ അബിഗായില്‍ കഴുതപ്പുറത്തു നിന്നിറങ്ങി അവന്‍റെ മുമ്പില്‍ സാഷ്ടാംഗം നമസ്കരിച്ചു. തന്‍റെ ഭര്‍ത്താവിനുവേണ്ടി അവള്‍ മാപ്പിരന്നു. വിവേകത്തോടെയുള്ള അവളുടെ വാക്കുകള്‍ ദാവീദിനെ പ്രതികാരത്തില്‍ നിന്നു പിന്തിരിപ്പിച്ചു. ഭോഷനായ തന്‍റെ ഭര്‍ത്താവിനുവേണ്ടി ക്ഷമ ചോദിച്ചുകൊണ്ട് അവള്‍ പറഞ്ഞു: "കര്‍ത്താവിനുവേണ്ടിയാണ് അങ്ങു യുദ്ധം ചെയ്യുന്നത്. ആയുഷ്ക്കാലത്തൊരിക്കലും അങ്ങില്‍ തിന്മയുണ്ടാകില്ല. ആര് അങ്ങയെ പിന്തുടര്‍ന്നു ജീവഹാനി വരുത്താന്‍ ശ്രമിച്ചാലും അങ്ങയുടെ പ്രാണനെ ദൈവമായ കര്‍ത്താവ് നിധിയെന്നപോലെ സൂക്ഷിച്ചുകൊള്ളും." ദാവീദ് അവള്‍ കൊണ്ടുവന്ന വസ്തുക്കള്‍ സ്വീകരിക്കുകയും സമാധാനത്തോടെ അവളെ പറഞ്ഞയയ്ക്കുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ അബിഗായില്‍ കുടിച്ച് ഉന്മത്തനായിരിക്കുന്ന നാബാലിനോടു സംഭവിച്ചതൊന്നും അന്നു പറഞ്ഞില്ല. പിറ്റേന്നു രാവിലെ ഇക്കാര്യങ്ങള്‍ അവള്‍ അവനോടു പറഞ്ഞു. സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ അവന്‍ പേടിച്ചു പോയി. പത്തു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ മരിച്ചു. നാബാലിന്‍റെ മരണവാര്‍ത്ത കേട്ട് ദാവീദ് അബിഗായിലിന്‍റെ അടുത്തേയ്ക്ക് ആളയച്ച് അവളെ ഭാര്യയായി സ്വീകരിക്കാനുള്ള ആഗ്രഹം സംസാരിച്ചു. അവള്‍ അവന്‍റെ വാക്കുകള്‍ സ്വീകരിക്കുകയും അവന്‍റെ ഭൃത്യന്മാരോടുകൂടെ ദാവീദിന്‍റെ അടുത്തേയ്ക്കു പോകുകയും ചെയ്തു. ദാവീദ് അവളെ ഭാര്യയായി സ്വീകരിച്ചു. അബിഗായില്‍ അന്നു വിവേകത്തോടെ പെരുമാറിയുന്നില്ലെങ്കില്‍ ഒരു കൂട്ടക്കൊല നടക്കേണ്ടതാണ്. അവളുടെ തിടുക്കത്തിലുള്ള തീരുമാനവും പുറപ്പെടലുമാണ് അതൊഴിവാക്കിയത്. തീര്‍ച്ചയായും വിവേകത്തിന് അബിഗായില്‍ എന്നും അര്‍ത്ഥമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org