അച്ചന്‍വിളിയും അമ്മവിളിയും ഓവറാകുമ്പോള്‍

അച്ചന്‍വിളിയും അമ്മവിളിയും ഓവറാകുമ്പോള്‍

കെട്ടുകഴിഞ്ഞു, റിസപ്ഷനും… രണ്ടും സൂപ്പര്‍… ആദ്യരാത്രിയും പ്രത്യേകിച്ചൊന്നും സംഭവിക്കാതെ പുലര്‍ന്നു. നവദമ്പതികള്‍ ജീവിതം പിച്ചവച്ച് ഉദ്ഘാടനം ചെയ്തു. ബന്ധുജനങ്ങള്‍ അരങ്ങൊഴിഞ്ഞു. പെണ്‍വീട്ടിലെ ആചാരവിരുന്നും താമസവും ബന്ധുജനസത്കാരവും കഴിഞ്ഞു. ചെക്കന്‍വീട്ടിലെ താമസവും വിരുന്നുസത്കാരങ്ങളും ഉലകം ചുറ്റലും അതിന്‍റെ വഴിക്കു മുറപോലെ നീങ്ങി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ചെക്കനൊരു സംശയം – ഹേയ് അത് സംശയമൊന്നുമല്ല, യഥാര്‍ത്ഥ്യംതന്നെ. തന്‍റെ ഭാര്യ ഇടയ്ക്കിടെ, കൂടെക്കൂടെ വരുന്ന ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നു. ആ സമയത്ത് അല്പം മാറിനിന്ന് ഒറ്റ ശ്വാസത്തില്‍ ആരോടോ ചറപറാന്നു സംസാരിക്കുന്നു. മിണ്ടിക്കഴിയുമ്പോള്‍ ഒന്നുമല്ലാത്ത ഭാവത്തില്‍ തിരികെ വീട്ടുകാരോടു 'കൂളാ'യി ഇടപെടുന്നു, ചിലപ്പോള്‍ കൂളല്ലാതെയും. ഫോണ്‍വിളി കഴിയുമ്പോഴാണ് ഭാവം മാറുന്നത്. അങ്ങേത്തലയ്ക്കുള്ള ആളെ കണ്ടുപിടിക്കുകതന്നെ കാര്യം, ഭര്‍ത്താവ് ചിന്തിച്ചു.

ആളെ ഒടുവില്‍ ഭര്‍ത്താവ് കണ്ടുപിടിച്ചു, ചാരനോ ജാരനോ തേച്ചിട്ടു പോയ കാമുകനോ അല്ല. അമ്മായിയമ്മയാണു കഥാപാത്രം. വിവാഹാനന്തരമുള്ള ജീവിതം അപ്പപ്പോഴറിയാന്‍ മണിക്കൂറൊന്നിടവിട്ടു വിളിച്ചുകൊണ്ടിരിക്കുകയും ആ വിളി മിനിറ്റുകളോളം നീണ്ടുനിലക്കുകയും ചെയ്യുന്നുവെന്നു മാത്രം. 'അലക്കൊഴിഞ്ഞിട്ട് നേരമില്ല' എന്ന പഴയ പ്രയോഗംപോലെ അമ്മ-മകള്‍ വിശേഷംവിളമ്പല്‍, ഉപദേശം സ്വീകരിക്കല്‍-നല്കല്‍ നിര്‍ബാധം തുടര്‍ന്നപ്പോള്‍ കെട്ടിവന്ന പെണ്ണിനു മറ്റൊന്നിനും സമയമില്ലാതായി. പുത്തനച്ചിയല്ലേ, വല്ലതുമൊക്കെ ചോദിച്ചു പഠിക്കട്ടെയെന്നു വിചാരിച്ചു ഭര്‍ത്താവും വീട്ടുകാരും. വാര്‍ത്താവിനിമയ കലാപരിപാടികള്‍ നാള്‍ക്കുനാള്‍ കൂടുന്നതല്ലാതെ കുറയുന്നില്ലെന്നും ബെഡ്റൂമിലെ 'അമര്‍ചിത്രകഥ'കള്‍ വരെ വര്‍ണിച്ചു വിസ്തരിക്കുന്നുണ്ടെന്നും ഒരു മൊട്ടുസൂചി എടുക്കുന്നുവെങ്കില്‍പോലും അവിടെ ചോദിക്കാതെ ചെയ്യില്ലെന്നും മനസ്സിലായപ്പോഴേക്കും മാസം എട്ടു കഴിഞ്ഞു. അച്ഛനുമമ്മയും മാറിമാറി ഒരു ദിവസംതന്നെ 15 തവണയൊക്കെയല്ലേ വിളിക്കാറുള്ളൂ; അതത്ര കൂടുതലല്ലല്ലേ എന്ന നീരസം അറിയിച്ച ഭര്‍ത്താവിനു കൃത്യമായ ഉത്തരംകൂടി ഭാര്യയില്‍ നിന്നു കിട്ടിയതോടെ അവന്‍റെ പിടിവിട്ടു. പിടിവള്ളി വിട്ടു. പിന്നെ പൂരം… പൊടിപൂരം.

അമിത ഇടപെടല്‍ ഓലപ്പടക്കമല്ല:
മാതാപിതാക്കളുടെ അമിത ഇടപെടല്‍ (over invol- vement of parents) ആധുനികദമ്പതികളില്‍ ഓലപ്പടക്കമല്ല ഗുണ്ടാണു പൊട്ടിക്കുന്നത് എന്നതു പരക്കെ പരന്നുകൊണ്ടിരിക്കുന്ന ആക്ഷേപമാണ്. ചില ചെക്കന്‍സും മോശമല്ല. അമ്മയും അച്ഛനും പറയുന്നതല്ലാതെ ഒന്നും ചെയ്യാത്ത വീരന്മാര്‍. ഭാര്യയ്ക്കൊരു ഉമ്മ കൊടുക്കണമെങ്കില്‍പോലും അച്ഛനോ അമ്മയോ പച്ചക്കൊടി കാണിച്ചിട്ടു മാത്രം ചെയ്യുന്നു എന്നു വായിക്കുമ്പോള്‍ അല്പം അതിശയോക്തി അല്ലേ എന്നു തോന്നുമെങ്കി ലും സംഗതി ഈ കൊച്ചുകേരളത്തില്‍ത്തന്നെ നടക്കുന്ന, നടന്നിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്.

രണ്ടല്ലവര്‍….ഒരു ശരീരം
സ്വതന്ത്രമായി പരസ്പരം പൊരുത്തപ്പെട്ട്, മനസ്സിലാക്കി, തിരുത്തി ഒരു കുടുംബമായി മുന്നേറാനാണു നമ്മള്‍ മക്കളെ വിവാഹജീവിതത്തിലേക്കു നയിക്കുന്നത്. വിവാഹാനന്തരം, അവര്‍ ഇനിമേല്‍ രണ്ടല്ല, ഒരു ശരീരമാണ് എന്നു വി. ബൈബിള്‍ പറയുന്നതുപോലെ ജീവിക്കാന്‍ മകനെയും മകളെയും ഒരുക്കുന്ന ജോലി മാത്രമാണു മാതാപിതാക്കള്‍ക്കുള്ളത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇടപെടാന്‍ തുടങ്ങുമ്പോള്‍ പരസ്പരാശ്രയത്തിനും വിട്ടുവീഴ്ചകള്‍ക്കും സഹകരണങ്ങള്‍ക്കുമായി പാകപ്പെടേണ്ട ദമ്പതികളുടെ മനസ്സ് അതിനു കഴിയാതിരിക്കുകയും എന്തിനും ഏതിനും 'അച്ഛാ, അമ്മേ, അമ്മൂമ്മേ' എന്നൊക്കെ വിളിച്ചു മോങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. കണ്ണീര്‍ കണ്ടു കരളലിയുന്ന 'അപ്പന്‍സും അമ്മാസും' കാര്യമില്ലാത്ത കാര്യങ്ങള്‍ക്കുവരെ ഇടപെടാന്‍ തുടങ്ങുമ്പോള്‍ നവദാമ്പത്യം ആക്രമണത്തിനും പ്രതിരോധത്തിനും മാത്രം സമയം കണ്ടെത്തും. പിന്നെ അടി, പിടി, പൂരം.

വേണ്ടതു പ്രശ്ന പരിഹാരമനോഭാവം
സ്വന്തം മക്കളുടെ കുടുംബജീവിതത്തിലുണ്ടാകുന്ന പാകപ്പിഴകളില്‍, പ്രശ്നങ്ങളില്‍ ഇടപെടേണ്ട എന്നല്ല ഞാനുദ്ദേശിച്ചത്. നമ്മുടെ മക്കളുടെ ജീവിതമാണ്; മാറിനല്ക്കാനാകില്ല. പക്ഷേ, അതു കൈകാര്യം ചെയ്യുന്ന രീതിയിലാണു കാര്യം. പ്രശ്നപരിഹാരത്തിന്‍റെ ഭാഷയും നയതന്ത്രജ്ഞതയും പരസ്പരബഹുമാനവും നിറഞ്ഞ ശൈലി മാതാപിതാക്കള്‍ക്ക് ഉറപ്പായും ഉണ്ടാകണം. അളിയന്മാര്‍ക്കും നാത്തുന്മാര്‍ക്കും ഉണ്ടാകണം, അമ്മാവന്മാര്‍ക്കും അമ്മായിമാര്‍ക്കും മറ്റു ബന്ധജനങ്ങള്‍ക്കും ഉണ്ടാകണം. വിവേകരഹിതമായ ശൈലി മക്കളുടെ ദാമ്പത്യജീവിതം തകര്‍ക്കും.

ഇടപെടാം: വിവേകത്തോടെ സമചിത്തതയോടെ
ദമ്പതികളും ശ്രദ്ധിക്കണം, നിങ്ങളുടെ മാതാപിതാക്കള്‍ അമിതമായി നിങ്ങളുടെ ജീവിതത്തില്‍ ഇടപെടാതിരിക്കാനായിട്ട്. ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂടിവയ്ക്കാതെ തുറന്നു സംസാരിക്കണം, പരിഹരിക്കണം. ക്ഷമയോടെ പരസ്പര ബഹുമാനത്തോടെ മാന്യമായ ഭാഷയില്‍ നമ്മുടെ അസ്വസ്ഥതകള്‍ പങ്കാളിയോടു പങ്കുവച്ചാല്‍ ഒട്ടുമിക്ക പ്രശ്നങ്ങളും നിങ്ങള്‍ക്കിടയില്‍ത്തന്നെ പരിഹരിക്കാനാകും. നിങ്ങളുടെ ഇടയില്‍ നില്ക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അതു മാതാപിതാക്കളോടു പങ്കുവയ്ക്കണം. അവരുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ലഭിക്കുന്ന നല്ല ഉപദേശങ്ങള്‍ സ്വീകരിക്കണം. സ്വയം മാറ്റം വരുത്തണം. മാതാപിതാക്കള്‍ക്ക് ഇടപെടേണ്ടി വന്നാല്‍പ്പോലും വിവേകത്തോടെ, സമചിത്തതയോടെ മാത്രമേ മക്കളുടെ ജീവിതത്തില്‍ കടക്കാവൂ. തീരെ പരിഹരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ Solution focused ആയിട്ടുള്ള Martial therapy, Couple Therapy, Family അടക്കമുള്ള സമഗ്രസഹായവുമായി മനഃശാസ്ത്രം കൂടെയുണ്ട്. തകരാത്ത നവദാമ്പത്യങ്ങള്‍ നീണാള്‍ വാഴട്ടെ.

നവദാമ്പത്യം അലങ്കോലമാക്കാതിരിക്കാന്‍ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
1. ഇടപെടാം… ചളമാക്കല്ലേ: മക്കളുടെ വേദനകള്‍ മനസ്സിലാക്കണം, ഇടപെടണം. പക്ഷേ, വൈകാരിക എടുത്തുചാട്ടങ്ങള്‍ വഴി ബന്ധം നശിപ്പിച്ചാല്‍ ഒന്നാം പ്രതി മാതാപിതാക്കള്‍തന്നെ.

2. കേള്‍ക്കൂ… കോള്‍ക്കൂ… കേട്ടുകൊണ്ടേയിരിക്കൂ: മക്കള്‍ പറഞ്ഞോട്ടെ. അവരുടെ ആവലാതികള്‍. പറയുമ്പോള്‍ത്തന്നെ അവരുടെ പകുതി പ്രശ്നങ്ങള്‍ തീരും, പലതിന്‍റെയും ഉത്തരവും കിട്ടും.

3. കുത്തിവയ്പ് വേണ്ട: പങ്കാളിയുടെ വീട്ടുകാരുടെയും കുറ്റവും കുറവുകളും നിങ്ങളുടെ വാക്ചാതുരി അനുസരിച്ചു മക്കളുടെ മനസ്സില്‍ കുത്തിവയ്ക്കരുത്. പങ്കാളിയോടുള്ള മതിപ്പ് അവര്‍ക്കു നഷ്ടപ്പെടും, പ്രശ്നങ്ങള്‍ കൂടും.

4. നയതന്ത്രബന്ധത്തില്‍ വിട്ടുവീഴ്ചയില്ല: മക്കളുടെ പങ്കാളിയുടെ മാതാപിതാക്കളോട് എല്ലാക്കാലത്തും നല്ല അടുപ്പം സൂക്ഷിക്കണം. മക്കളുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്നമുണ്ടായാലും മാതാപിതാക്കള്‍ ഒറ്റക്കെട്ടാണെങ്കില്‍ പ്രശ്നങ്ങള്‍ പെട്ടെന്നു പരിഹരിക്കും.

നവദമ്പതികളുടെ ശ്രദ്ധയ്ക്ക്
തൊട്ടാല്‍ വാടല്ലേ, വാടിയാല്‍ കരിയല്ലേ.ڈനവദാമ്പത്യത്തില്‍ ചീറ്റലും പൊട്ടലും സ്വാഭാവികം. തൊട്ടാവാടി സ്വഭാവം ആദ്യം നന്നാക്കണം. ഒന്നു വാടുമ്പോഴേ എല്ലാം തീര്‍ന്നു, ജീവിതം പോയി എന്നാക്കെ വ്യാഖ്യാനിക്കരുത്.

കാര്യം പറയാം, കുറ്റം വേണ്ട: പങ്കാളിയുടെ സ്വഭാവത്തിന്‍റെ പ്രത്യേതകള്‍ വീട്ടുകാരോടു സൂചിപ്പിക്കുന്നതു സ്വാഭാവികം. അതൊരു കുറ്റംപോലെ പറഞ്ഞാല്‍ മാതാപിതാക്കള്‍ ഇമോഷണല്‍ ആകും. അവരുടെ അമിത ഇടപെടല്‍ പങ്കാളിക്ക് അനിഷ്ടമാകും. എന്നാല്‍ ആവശ്യമെങ്കില്‍ ഇടപെടണം.

വഷളാകും മുമ്പ് വെടിപ്പാക്കാം: പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ വീടിനുള്ളില്‍ തീരുന്നില്ലെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു ദാമ്പത്യജീതം വെടിപ്പാക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org