മൂല്യമുള്ള സത്പ്രവൃത്തി: അധ്യാപനം

മൂല്യമുള്ള സത്പ്രവൃത്തി: അധ്യാപനം

പ്രേമ മൈക്കിള്‍, തൃശ്ശൂര്‍

അറിവു നല്‍കുന്ന അധ്യാപകനെ അനാദരിക്കുന്നത് ഗുരുത്വക്കേടാണ്. ഡോ. എം. ലീലാവതി പറഞ്ഞു; "പ്രിന്‍സിപ്പാളിന്‍റെ ഇരിപ്പിടം ഭസ്മമാക്കുക എന്നത് സങ്കല്പത്തിനപ്പുറത്തുള്ള കാടത്തമാണ്. പവിത്രം എന്ന് അംഗീകരി ക്കപ്പെട്ടിട്ടുള്ളതിനെ നശിപ്പിക്കുന്നത് ആ വ്യക്തിയെ തന്നെ കത്തിക്കുന്നതിനു തുല്യമാണ്." 2017 ജനുവരി 19 നാണ് എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സി പ്പാളിന്‍റെ കസേര പ്രധാന ഗേറ്റിന് അടുത്തെത്തിച്ച് കത്തിച്ചത്. ഒരു വിദ്യാര്‍ത്ഥി സംഘടനയും അധ്യാപക സംഘടനയും നടത്തിവന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിരുന്നു കസേര കത്തിക്കല്‍. ഇതു സംബന്ധിച്ച് കോളേജ് കൗണ്‍സില്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല കോളേജിലെ ചില അധ്യാപകര്‍ക്കും ഇതില്‍ പങ്കുള്ളതായി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സിപ്പാളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നിലവാര തകര്‍ച്ചയുടെയും രാഷ്ട്രീയ അന്ധതയുടെയും ധാര്‍മിക ഭ്രംശത്തിന്‍റെയും ലക്ഷണമാണിത്. ആശയംകൊണ്ടും ബുദ്ധികൊണ്ടും പ്രവൃത്തി കൊണ്ടും സമരം ചെയ്യേണ്ടതിനു പകരം അക്രമവും നശീകരണവും സ്വീകരിക്കുന്നത് നീചമാര്‍ഗ്ഗമാണ്.

ഏറ്റവും മൂല്യമുള്ള സല്‍പ്രവൃത്തികളിലൊന്നാണ് അധ്യാപനം. പുണ്യം ചെയ്ത കൈകള്‍ കൊണ്ടാണ് അധ്യാപകന്‍ ശിഷ്യരെ അനന്തമായ അറിവുകളിലേയ്ക്ക് നയിക്കുന്നത്. മാതാപിതാ ഗുരു ദൈവം എന്ന സങ്കല്പമാണ് നമുക്കുള്ളത്. ആചാര്യനെ ദൈവതുല്യനായി നാം കാണുന്നു. ഈശ്വരനെയും അധ്യാപകനെയും ഒരുമിച്ച് കണ്ടാല്‍ അധ്യാപകനെ ആദ്യം ആദരിക്കണം എന്നാണ് പറയുക. കാരണം ഈശ്വരനെക്കുറിച്ചുള്ള അറിവ് പകര്‍ന്നു തന്നത് അധ്യാപകനാണ്.

മഹാരാജാസ് പോലെ തന്നെ ചരിത്രസ്മൃതികളില്‍ സമ്പന്നമായ പാലക്കാട് വിക്ടോറിയ കോളേജില്‍ കഴിഞ്ഞവര്‍ഷം പ്രിന്‍സിപ്പലിന്‍റെ റിട്ടയര്‍മെന്‍റ് ദിനത്തില്‍ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് കുഴിമാടം ഒരുക്കിയ സംഭവം കേരളത്തിലുടനീളം ചര്‍ച്ചയായിരുന്നു. അത് ആര്‍ട്ട് ഇന്‍സ്റ്റലേഷനായി (പ്രതിഷ്ഠാപന കല) കാണണമെന്ന് ചിലര്‍ പറഞ്ഞിരുന്നു. ഗുരുനിന്ദയുടെ മറ്റൊരു രൂപമായിരുന്നു അത്. ഒരു വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നുപോലും ഇത്തരത്തിലുള്ള ഗുരുനിന്ദകള്‍ ഉണ്ടാകാന്‍ പാടില്ല. കരി ഓയില്‍ പ്രയോഗവും ചാപ്പകുത്തലും കോലം കത്തിക്കലും ആക്രമണവും നശീകരണ മാര്‍ഗ്ഗവുമെല്ലാം സാംസ്കാരിക അധഃപതനമാണ് കാണിക്കുന്നത്. ആശയ തലം പരാജയപ്പെടുന്നിടത്താണ് പേശീബലം (ഗുണ്ടായിസം) പ്രയോഗിക്കുന്നത്. ഇതിനെ ബൗദ്ധികവും ധാര്‍മ്മികവുമായ പാപ്പരത്തം എന്നേ വിളിക്കാനാവൂ.

ഗുരു-ശിഷ്യ ബന്ധത്തിന് വിശുദ്ധി കല്പിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. ഒരുകാലത്ത് നന്മയുടെയും പരസ്പരസ്നേഹത്തിന്‍റെയും സര്‍ഗ്ഗാത്മകതയുടെയും വിളനിലമായിരുന്നു കലാലയങ്ങള്‍. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ ആ ബന്ധത്തില്‍ താളപ്പിഴകള്‍ സംഭവിക്കുകയാണ്.

തങ്ങളുടെ സ്വാര്‍ത്ഥമോഹങ്ങളുടെ സഫലീകരണത്തിനു വേണ്ടി ചിലരെങ്കിലും വിദ്യാര്‍ത്ഥികളെ കരുക്കളാക്കാറുണ്ട്. ഇത്തരം പ്രവണതകള്‍ കലാലയ സംസ്കാരത്തെ കാടുകയറ്റും. അധ്യാപനം നടത്തുന്നവര്‍ മാത്രമല്ല അധ്യാപകര്‍. ധര്‍മ്മാദിയെ പറഞ്ഞുതരുന്നവര്‍, അജ്ഞാനം നീക്കുന്നവര്‍, ദിശാബോധം പകരുന്നവര്‍ എന്നീ അര്‍ത്ഥതലങ്ങളിലാണ് അവരെ ഗുരുക്കന്മാരെന്ന് വിളിക്കുന്നത്. ഗര്‍ഭാധാനം നടത്തിയവര്‍, പഠിപ്പിച്ചവര്‍, അന്നം കൊടുത്തുവളര്‍ത്തിയവര്‍, ഭയങ്കരാവസ്ഥയില്‍ നിന്ന് രക്ഷിച്ചവര്‍ എന്നിവരെല്ലാം ഗുരുക്കന്മാരാണെന്നാണ് പൗരാണിക ഭാരതീയ സങ്കല്പം. ഗുരുവിന്‍റെ ഇരിപ്പിടത്തിന്‍റെ പ്രതീകാത്മകഹത്യയും ഗുരുവിന് ചിതയൊരു ക്കലും ഒരുതരം പിതൃഹത്യയാണ്. എതിര്‍പ്പിന് ജനാധിപത്യം അനുവദിച്ചിട്ടുള്ള മാര്‍ഗ്ഗത്തിന്‍റെ ദുരൂപയോഗമാണിത്. പൊതുസമൂഹത്തിന്‍റെ അന്തസ്സിനെയും ജനാധിപത്യബോധത്തെയും ക്ഷമാശീലത്തേയും വെല്ലുവിളിക്കുന്ന തന്നിഷ്ടവ്യവസ്ഥയായി വിദ്യാര്‍ത്ഥിരാഷ്ട്രീയം മാറാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org