അഹിംസയുടെ പ്രവാചകനായ ​ഗാന്ധി

അഹിംസയുടെ പ്രവാചകനായ ​ഗാന്ധി

'അഹിംസയുടെ പ്രവാചകന്‍' എന്നാണു ലോകം ഗാന്ധിജിയെ വിശേഷിപ്പിക്കുന്നത്. ഉപദ്രവിക്കാനോ വധിക്കാനോ ഉള്ള തൃഷ്ണ വെടിയുക എന്നാണ് അഹിംസയുടെ ശബ്ദാര്‍ത്ഥം. ഗാന്ധിജിയുടെ കാഴ്ചപ്പാടില്‍ അഹിംസയ്ക്കു വിധ്വംസകവും/നി ഷേധാത്മകവും വിധായകവും/ഭാവനാത്മകവുമായ അര്‍ത്ഥതലങ്ങളുണ്ട്.

നിഷേധാത്മകതലത്തില്‍ അഹിംസയ്ക്കു കായികമായും വൈകാരികമായും ഉപദ്രവിക്കാതിരിക്കുക, മുറിവേല്പിക്കാതിരിക്കുക എന്നര്‍ത്ഥമുണ്ട്. ഹിംസയുടെ ഭിന്ന രൂപങ്ങളുടെ ഒരു നീണ്ട പട്ടികതന്നെ ഗാന്ധിജി നല്കിയിട്ടുണ്ട്. പരുഷമായ വാക്കുകള്‍, നിര്‍ദ്ദയമായ അഭിപ്രായപ്രകടനങ്ങള്‍, കോപം, വിദ്വേഷം, പക, ക്രൂരത, പരദൂഷണം, പരപീഡനം, അടിച്ചമര്‍ത്തല്‍, ആധിപത്യം.

ഗാന്ധിജി ഊന്നല്‍ കൊടുത്തത് അഹിംസയുടെ ഭാവാത്മക/വിധായക തലത്തിനാണ്. ക്രിയാത്മകമായ അര്‍ത്ഥത്തില്‍ അഹിംസ എന്നാല്‍ സ്നേഹമാണ്, സക്രിയമായ സ്നേഹം. ശത്രുവിനെപ്പോലും തന്നെപ്പോലെ സ്നേഹിക്കുവാനാണ് അഹിംസ അനുശാസിക്കുന്നത്. അഹിംസയുടെ ഭാവാത്മകതയെ വിശദീകരിച്ചുകൊണ്ടു ഗാന്ധിജി എഴുതി: 'ഭാവാത്മകമായ രൂപത്തില്‍ അഹിംസയ്ക്ക് ഏറ്റവും ഉദാരമായ സ്നേഹം എന്നാണര്‍ത്ഥം. അഹിംസയുടെ ഉപാസകനാണെങ്കില്‍ ഞാന്‍ എന്‍റെ ശത്രുവിനെ സ്നേഹിക്കണം. തെറ്റു ചെയ്യുന്ന എന്‍റെ പിതാവിന്‍റെയോ പുത്രന്‍റെയോ കാര്യത്തില്‍ ഞാന്‍ പ്രയോഗിക്കുന്ന അതേ നിയമങ്ങള്‍ തന്നെ എന്‍റെ ശത്രുവോ എനിക്ക് അപരിചിതനോ ആയ അപരാധിയുടെ നേരെയും പ്രയോഗിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്.'

ഒരു ധാര്‍മ്മികതത്ത്വം എന്ന നിലയില്‍ അഹിംസ എല്ലാ ജീവികളോടുമുള്ള സ്നേഹവും സന്മനോഭാവവുമാണ് അര്‍ത്ഥമാക്കുന്നത്. ഗാന്ധിജി പറയുന്നുണ്ട്:
'ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കാന്‍ പാടില്ലായെന്നുള്ളത് അഹിംസയുടെ ഭാഗംതന്നെയാണ്. പക്ഷേ, അത് അഹിംസയുടെ ഏറ്റവും താഴ്ന്ന തലത്തിലുള്ള പ്രയോഗമാണ്. ഓരോ ദുര്‍വിചാരവും അനാവശ്യമായ തിടുക്കവും നുണയും വെറുപ്പും മറ്റുള്ളവര്‍ക്കു ദോഷമുണ്ടാക്കണമെന്ന വിചാരവും എല്ലാം അഹിംസാതത്ത്വത്തിന്‍റെ ലംഘനമാണ്.'

പ്രതിയോഗികള്‍ ചെയ്യുന്ന തിന്മകള്‍ കണ്ടില്ലെന്നു നടിക്കണമെന്നോ അതുമായി സമരസപ്പെടണമെന്നോ അഹിംസ അര്‍ത്ഥമാക്കുന്നില്ല, ഗാന്ധി എഴുതി: 'തെറ്റു ചെയ്യുന്ന ആളുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് അയാളുടെ തെറ്റിനെ പൊറുക്കുകതന്നെ ചെയ്യണമെന്നാണ് അഹിംസയുടെ സക്രിയാരൂപമായ സ്നേഹം നമ്മോട് ആവശ്യപ്പെടുന്നത്.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org