അഹിംസയുടെ പ്രവാചകന്‍

അഹിംസയുടെ പ്രവാചകന്‍

അക്രമാസക്തമായ ഒരു നൂറ്റാണ്ടിനു പുതിയൊരു മാര്‍ഗം മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കാട്ടിക്കൊടുത്തു – അഹിംസാസിദ്ധാന്തം. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്നു ബ്രിട്ടനെ ആട്ടിയോടിക്കുന്നതിനുവേണ്ടി ജനങ്ങളെ അണിനിരത്താന്‍ അദ്ദേഹം ഉപയോഗിച്ചത് അതാണ്. സായുധകലാപത്തിനു പകരം ധാര്‍മികമായ സമരം, യന്ത്രത്തോക്കുകള്‍ക്കു പകരം പ്രാര്‍ത്ഥന, ഭീകരമായ ബോംബുകളുടെ ശബ്ദകോലാഹലത്തിന്‍റെ സ്ഥാനത്ത് അവജ്ഞാപൂര്‍ണമായ നിശ്ശബ്ദത.

അനുയായികളെ തന്‍റെ കൊടിക്കീഴില്‍ അണിനിരത്തിയപ്പോള്‍ അധികാരത്തിന്‍റെയോ ഭാഗ്യത്തിന്‍റെയോ വാഗ്ദാനങ്ങളൊന്നും അദ്ദേഹം നല്കിയില്ല. മറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്കി. എന്‍റെ സംഘത്തില്‍ ചേരുന്നവന്‍ വെറും നിലത്തു കിടന്നുറങ്ങാനും പരുക്കന്‍ തുണികള്‍ ധരിക്കാനും ഏതു നേരത്തും ഉറക്കമുപേക്ഷിക്കാനും മടുപ്പുണ്ടാക്കുന്ന സാധാരണ ഭക്ഷണം കഴിക്കാനും സ്വന്തം കക്കൂസ് സ്വയം വൃത്തിയാക്കാന്‍പോലും തയ്യാറായിരിക്കണം. നിറപ്പകിട്ടാര്‍ന്ന യൂണിഫോമുകള്‍ക്കും തിളങ്ങിത്തൂങ്ങുന്ന മെഡലുകള്‍ക്കും പകരം, അദ്ദേഹം തന്‍റെ അനുയായികളെ പരുക്കനും നാടനുമായ പരുത്തിത്തുണി ധരിപ്പിച്ചു.

ഗാന്ധിജി എഴുതി: ഋഷിമാര്‍ക്കും പുണ്യവാളന്മാര്‍ക്കും മാത്രമായിട്ടുള്ളതല്ല അക്രമാരാഹിത്യത്തിന്‍റെ മതം; സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. അക്രമം മൃഗങ്ങളുടെ നിയമമാണെന്നതുപോലെ, മനുഷ്യരാശിയുടെ നിയമമാണ് അക്രമരാഹിത്യം.

അറിഞ്ഞുകൊണ്ടു ത്യാഗം സഹിക്കുക എന്നതാണു സജീവമായ അക്രമരാഹിത്യത്തിന്‍റെ അര്‍ത്ഥം. തിന്മ ചെയ്യുന്നതാണു വിനീതമായി വഴങ്ങിക്കൊടുക്കുകയെന്നതല്ല, സ്വേച്ഛാധിപതിയുടെ ഇച്ഛയെ സ്വന്തം ആത്മാവിനെക്കൊണ്ടു പ്രതിരോധിക്കുകയെന്നാണര്‍ത്ഥം.

"ഇന്ത്യ ദുര്‍ബലയാണെന്ന കാരണത്താലല്ല അക്രമരാഹിത്യത്തിനുവേണ്ടി ഞാന്‍ വാദിക്കുന്നത്. ഇന്ത്യയുടെ ശക്തി മനസ്സിലാക്കാന്‍ ആയുധപരിശീലനത്തിന്‍റെ ആവശ്യമില്ല. നമ്മള്‍ കേവലം മാംസപിണ്ഡങ്ങളാണെന്നു വിചാരിക്കുമ്പോഴാണ് അതിന്‍റെ ആവശ്യമുണ്ടാകുന്നത്. അനശ്വരവും ഭൗതികവുമായ എല്ലാ ദൗര്‍ബല്യങ്ങളെയും അതിജീവിച്ച്, ലോകത്തെ എല്ലാ ഭൗതിക ശക്തികളുടെയും കൂടിച്ചേരലിനെ വെല്ലുവിളിക്കാന്‍ കെല്പുള്ളതുമായ ഒരാത്മാവ് സ്വന്തമായുണ്ടെന്ന് ഇന്ത്യ മനസ്സിലാക്കണമെന്നാണ് എന്‍റെ ആഗ്രഹം."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org