Latest News
|^| Home -> Suppliments -> ULife -> അടുത്തും അകന്നും ക്രൈസ്തവ യുവത

അടുത്തും അകന്നും ക്രൈസ്തവ യുവത

Sathyadeepam

ഡോ. ജിയോ ബേബി
(വിശ്വജ്യോതി എഞ്ചിനീയറിംഗ്
കോളേജിലെ എംബിഎ വിഭാഗം മേധാവി)

കത്തോലിക്കാസഭ പ്രാദേശികമായും സാര്‍വ്വത്രികമായും യുവജനങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന കാലഘട്ടമാണിത്. ഫ്രാന്‍സിസ് പാപ്പാ സിനഡ് വിളിച്ചുകൂട്ടിയതും സിനഡും ‘യുവജനവിശ്വാസം വിളി സംബന്ധമായ വിവേചിച്ചറിയല്‍’ എന്ന വിഷയം തിരഞ്ഞെടുത്തതും ഈ വിഷയത്തിന്‍റെ പ്രാതിനിധ്യം നമുക്ക് മനസ്സിലാക്കിത്തരുന്നു. “കേരളസഭ വാര്‍ദ്ധക്യത്തിലേയ്ക്കോ” എന്ന ശീര്‍ഷകത്തില്‍ റവ.ഡോ. ജോസ് കുറിയേടത്ത് സി.എം.ഐ. തന്‍റെ ഗവേഷണാടിസ്ഥാനത്തില്‍ എഴുതിയ പുസ്തകം വായിക്കുമ്പോഴും കത്തോലിക്കാ സഭയില്‍ നിന്നും യുവജനങ്ങള്‍ അകലുന്നത് ഒരാഗോള പ്രതിഭാസമാണെങ്കിലും ലോകത്തെമ്പാടും മിഷണറിമാരെ അയച്ച് വിശ്വാസസാക്ഷ്യത്തിന് മാതൃകയായ കേരളസഭയിലും ഈ പ്രശ്നത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്ന് മനസ്സിലാകും. പുതിയ തലമുറ സഭാത്മക ജീവിതത്തില്‍ നിന്നകന്നാല്‍, ആത്മീയ ജീവിതത്തില്‍ നിന്ന് വഴിമാറിയാല്‍ സമൂഹമനഃസാക്ഷിയായ, ഉറവ വറ്റാത്ത നന്മയുടെ ശബ്ദമായ “തിരുസ്സഭയുടെ ലോകത്തിലുള്ള സാന്നിധ്യംതന്നെ ദുര്‍ബലമാകുന്ന അവസ്ഥ സംജാതമാകും. ദൈവരാജ്യ സംസ്ഥാപന ദൗത്യത്തില്‍ നാം പരാജയപ്പെട്ടു എന്നു വിധിയെഴുതേണ്ടതായും വരും.

ഈ അടുത്തകാലത്ത് സഭാ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും താത്പര്യം കാണിക്കാത്ത യുവജനങ്ങളേയും സഭയോട് ചേര്‍ന്ന് സഭാ പ്രവര്‍ത്തനങ്ങളില്‍ താത്പര്യപൂര്‍വ്വം പങ്കെടുക്കുന്ന യുവജനങ്ങളേയും നേരിട്ടുകണ്ട് അവരുടെ ഈ മനോഭാവത്തിനു പിന്നിലുള്ള കാരണങ്ങളേക്കുറിച്ചാരായാനിടയായി. അവരുടെ ഉത്തരങ്ങള്‍ യുവജനങ്ങളുടെ ചിന്താഗതിയെക്കുറിച്ച് നമുക്ക് ഏറെ ഉള്‍ക്കാഴ്ച തരുന്നവയായിരുന്നു

അകലാന്‍…
സഭാപ്രവര്‍ത്തനങ്ങളോട് തീരെ താത്പര്യം കാണിക്കാത്തവരുടെ കാരണങ്ങള്‍ ഇവയായിരുന്നു.

സമയക്കുറവ്. പഠനം, കോച്ചിംഗ്, ട്യൂഷന്‍ എന്നിവയിലൂടെ നല്ലൊ രു ജീവിതം കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടില്‍ ദേവാലയവും ആ ത്മീയ കാര്യങ്ങളും പുറന്തള്ളപ്പെടുന്നു.

ഉപകാരമില്ലാത്ത കാര്യങ്ങള്‍ എന്ന് വിശ്വസിക്കുന്നു. ദേവാലയവും ആത്മീയകാര്യങ്ങളും ജീവിതത്തില്‍ ഒരുപകാരവും ഇല്ലാത്ത കാര്യങ്ങളാണ്, അതിനാല്‍ മറ്റു കാര്യങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ പങ്കെടുക്കുക.

മാനസിക സംഘര്‍ഷങ്ങള്‍. ‘അടി പൊളി’ യായി തോന്നുമെങ്കിലും ആധുനിക ജീവിതം സമ്മാനിക്കു ന്ന നിരവധി മാനസീക സംഘര്‍ ഷങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. അതിനാല്‍ തന്നെ പള്ളിക്കാര്യങ്ങളും ഭക്തിയുമൊന്നും ഞങ്ങളുടെ മുന്‍ഗണനകളിലില്ല.

സുഹൃത്തുക്കള്‍. തിരക്കുപിടിച്ച പ്രവൃത്തി ദിനങ്ങള്‍ക്കു ശേഷം സുഹൃത്തുക്കളുമായി സ്വസ്ഥമായി ചെലവഴിക്കാന്‍ കിട്ടുന്ന ദിവസങ്ങളാണ് ശനിയും ഞായറുമൊക്കെ. അത് ദേവാലയത്തി നും ഭക്തികാര്യങ്ങള്‍ക്കുമായി ചെലവഴിക്കാന്‍ തോന്നാറില്ല.

ജീവിതാസ്വാദനത്തിന് തടസ്സം. ആ ത്മീയ കാര്യങ്ങളും ദേവാലയവുമായുള്ള അടുപ്പവും ഞങ്ങളുടെ ‘അര്‍ത്ഥത്തിലുള്ള’ ജീവിതാസ്വാദനത്തിന് തടസ്സമാണ്. യുവത്വം ഞങ്ങള്‍ അടിച്ചു പൊളിക്കട്ടെ, കുറച്ച് വയസ്സായിട്ട് ആത്മീയ ജീവിതത്തെക്കുറിച്ച് ചിന്തിക്കാം.

ബോധ്യങ്ങളും മൂല്യങ്ങളും ഇല്ലാത്ത അവസ്ഥ. ഇത്രയും കാലത്തെ ജീവിതം ആത്മീയ ജീവിതത്തെ ക്കുറിച്ചുള്ള ഒരു ബോധ്യവും, മു റുകെ പിടിക്കേണ്ട ഒരു മൂല്യവും ഞങ്ങളില്‍ രൂപപ്പെടുത്തിയിട്ടില്ല. കാര്യം കാണാന്‍ വിജയം നേ ടാന്‍ എന്തിനും ഞങ്ങള്‍ തയ്യാറാകും. അതിനാല്‍ത്തന്നെ ദേവാലയവും ആത്മീയ ജിവിതവും ഞങ്ങള്‍ക്ക് ഒട്ടും പ്രാധാന്യമുള്ള കാര്യങ്ങളല്ല.

പരിശുദ്ധ കുര്‍ബാനയും യേശു അനുഭവവും ഭംഗിവാക്ക് മാത്രം. വിശുദ്ധ കുര്‍ബാനയിലെ ദൈവസാന്നിധ്യവും നമ്മുടെ ജീവിതത്തിലുള്ള യേശുവിന്‍റെ ഇടപെടലും ഒരിക്കലും ഞങ്ങള്‍ക്കനുഭവപ്പെട്ടിട്ടില്ല. അത് ഉപദേശങ്ങളിലും പള്ളിപ്രസംഗങ്ങളിലും മാത്രം ഒതുങ്ങുന്നു.

മാതാപിതാക്കളുടെ മാതൃക. ദേവാലയകാര്യങ്ങളും ആത്മീയ കാര്യങ്ങളും ഒന്നാംസ്ഥാനം കൊടുക്കേണ്ട വിഷയങ്ങളായി ഞങ്ങളുടെ മാതാപിതാക്കളുടെ ജീവി തം സാക്ഷിക്കുന്നില്ല. അവരും തിരക്കുപിടിച്ച ജീവിതത്തില്‍ ഏറ്റവും ആദ്യം മാറ്റിവയ്ക്കുന്നത് ആത്മീയ കാര്യങ്ങളാണ്.

അനുഭവിക്കാത്ത ‘സ്നേഹം’. ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ ഒരിക്കലും അനുഭവിക്കാത്ത സ്നേഹത്തെക്കുറിച്ചാണ് ദേവാലയത്തിലും ആത്മീയ ശുശ്രൂഷകളിലും എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ ആരില്‍ നിന്നും ഇപ്പറയുന്ന ‘യഥാര്‍ത്ഥ സ്നേഹം’ ഞങ്ങള്‍ അനുഭവിച്ചിട്ടില്ല.

സമൂഹ്യ മാധ്യമങ്ങള്‍. സോഷ്യല്‍ മീ ഡിയയിലൂടെ ഞങ്ങളിലേയ്ക്കെത്തുന്ന ഒട്ടനവധി രസകരമായ സന്ദേശങ്ങള്‍, വീഡിയോസ് ഇവ കാണാനും പ്രതികരിക്കാനുമുള്ള സമയമാണ് ശനി, ഞായര്‍. അതിലും രസകരമായ ഒന്നും പള്ളിയിലില്ല എന്ന് ഞങ്ങള്‍ കരുതുന്നു.

അടുക്കാന്‍…
ആത്മാര്‍ത്ഥമായും സന്തോഷമായും സഭാ ജീവിതത്തോട് സഹകരിക്കുന്നവരുടെ കാരണങ്ങള്‍ ഇങ്ങനെ

ധ്യാനങ്ങള്‍ വഴിത്തിരിവായി. നല്ലൊ രു ശതമാനം യുവജനങ്ങള്‍ക്കും ജിവിതത്തില്‍ വഴിത്തിരിവായത് ചില ധ്യാനങ്ങളില്‍ പങ്കെടുത്തുപ്പോഴുണ്ടായ ഈശ്വരസ്പര്‍ശമാണ്. ആ അനുഭവം ജീവിതത്തി ന്‍റെ മുന്‍ഗണനാക്രമങ്ങള്‍ മാറ്റിമറിച്ചു. കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ക്ക് യേശുവില്‍ ഉത്തരം ക ണ്ടെത്താനായി. പിന്നീട് ആത്മീ യ സ്വാതന്ത്ര്യത്തോടെ ദേവാലയ കാര്യങ്ങളില്‍ പങ്കാളിയാകുന്നു.

ദിവ്യകാരുണ്യ അനുഭവങ്ങള്‍. വിശു ദ്ധ കുര്‍ബാനയിലുള്ള ഈശോയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ബോധ്യം നല്‍കുന്ന ചില അനുഭവങ്ങള്‍ എന്‍റെ ജീവിതവും നടക്കേണ്ട വഴികളും ശുദ്ധമായിരിക്കണമെന്നുമുള്ള ബോധ്യം നല്‍കി. ജീവിതം രാത്രിയും പകലും പോലെ മാറിമറിഞ്ഞു.

ശീലങ്ങള്‍ അനുഭവങ്ങളായി. മാതാപിതാക്കളുടെ നിര്‍ബന്ധം കൊണ്ടുമാത്രം രൂപപ്പെട്ട ചില ശീലങ്ങള്‍ അനുഭവങ്ങള്‍ സമ്മാനിച്ചു. എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുന്നത്. കര്‍ശനമായി വിശ്വാസ പരിശീലനത്തില്‍ പങ്കെടുപ്പിക്കുന്നത്, മുട്ടുകുത്തി കുടുംബപ്രാര്‍ത്ഥന ചൊല്ലിക്കുന്നത്, ദൈവവചനവായന തുടങ്ങി ഒരു താത്പര്യവുമില്ലാതെ രൂപപ്പെടുത്തിയ ശീലങ്ങള്‍ അനുഭവങ്ങളായി മാറിയപ്പോള്‍ ഇന്ന് ഒരു നിര്‍ബന്ധവുമില്ലാതെ സഭാജീവിതത്തില്‍ പങ്കാളിയാകുന്നു.

മാതാപിതാക്കളുടെ ബോധ്യങ്ങളും മാതൃകകളും. വാക്കുകള്‍ക്കപ്പുറം ഉച്ചത്തില്‍ സംസാരിക്കുന്ന മാതാപിതാക്കളുടെ ജീവിതങ്ങളാണ് ഏറെ സ്വാധീനം ചെലുത്തിയത്. ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും മറ്റാരേക്കാളും ദൈവത്തില്‍ ശരണം വയ്ക്കുന്ന മാതാപിതാക്കളും അവര്‍ക്ക് ഉത്തരവും പരിഹാരവും നല്‍കുന്ന ദൈവവും ഞങ്ങളുടെ അനുഭവമാണ്. പ്രാര്‍ത്ഥനാ നിമിഷങ്ങളില്‍ അവരൊഴുക്കുന്ന കണ്ണീരും, വേദനകളിലും ഞെരുക്കങ്ങളിലും അവരനുഭവിക്കുന്ന സമാധാനവും അവരുടെ മുട്ടുകാലിലെ തയമ്പും ആത്മീയ ജീവിതത്തിന് ഒന്നാം സ്ഥാനം നല്‍കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു.

പ്രതിസന്ധികള്‍. മാനുഷിക തലത്തില്‍ പരിഹാരമില്ലാത്ത പ്രതിസന്ധികള്‍ ദൈവത്തിലേയ്ക്ക് തിരിയാന്‍ നിര്‍ബന്ധിച്ചു. അത്ഭുതകരമായി ദൈവം ജീവിതത്തിലിടപെട്ടു. അന്നു തിരിച്ചറിഞ്ഞു യഥാര്‍ത്ഥ ആശ്രയവും സുരക്ഷയും ദൈവത്തില്‍ മാത്രമാണെന്ന്. ഇന്ന് അഭിമാനത്തോടെ സഭാകാര്യങ്ങളില്‍ പങ്കാളിയാകുന്നു.

ദേവാലയത്തിലെ പ്രശാന്തമായ അന്തരീക്ഷം. വീട്ടിലും, വിദ്യാലയത്തിലും, വ്യവസായ ശാലയിലും ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ് ജീവിക്കുന്നത്. മുന്‍വിധികളും കുറ്റപ്പെടുത്തലും മനസ് അസ്വസ്ഥമാക്കുന്നു. എന്നാല്‍ പ്രശാന്തത കളിയാടുന്ന ദേവാലയവും, വാത്സല്യത്തോടെ കരുതുന്ന വികാരിയച്ചനും, സിസ്റ്റേഴ്സും ദേവാലയത്തെ വളരെ ആകര്‍ഷകമായ സ്ഥലമാക്കുന്നു. അതിനാല്‍ ദേവാലയത്തിലായിരിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താറില്ല.

ദൈവം കൂടെയുണ്ടെന്ന ബോധ്യം. കൂദാശകളിലൂടെ, വിശ്വാസപരിശീലനത്തിലൂടെ ദൈവം എന്‍റെ കൂടെയുള്ള യാഥാര്‍ത്ഥ്യമാണെന്ന ബോധ്യം ലഭിച്ചു. ദൈവത്തിന്‍റെ കൂടെ നടക്കുമ്പോള്‍ ഒരിക്കലും ദേവാലയത്തില്‍ നിന്നും സഭാത്മക ജീവിതത്തില്‍ നിന്നും മാറി നടക്കാനാകില്ലല്ലോ.

യുവജന വിശ്വാസ ശാക്തീകരണം. മേല്‍ വിവരിച്ച പങ്കുവയ്ക്കലുകള്‍ വിശകലനം ചെയ്യുമ്പോള്‍ അവരെ വിശ്വാസ ജീവിതത്തില്‍ നിന്ന് അകറ്റുന്ന കാര്യങ്ങള്‍ ദുര്‍ബ്ബലവും, തെറ്റിദ്ധാരണകളില്‍ ഊന്നിയതും മാതാപിതാക്കളിലേയ്ക്കും മുതിര്‍ന്നവരിലേയ്ക്കും വിരല്‍ ചൂണ്ടുന്നവയുമാണ്. എന്നാല്‍ യുവജനങ്ങളെ സഭയോടു ചേര്‍ത്തു നിര്‍ത്തുന്ന കാര്യങ്ങള്‍ ശക്തവും ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ചതുമാണ്.

പരിഹാരങ്ങള്‍
യുവജനവിശ്വാസ ജീവിതത്തെക്കുറിച്ച് സഭ ആകുലപ്പെടുന്നെങ്കില്‍, മാതാപിതാക്കളും മുതിര്‍ന്നവരും അസ്വസ്ഥരാകുന്നുവെങ്കില്‍ മേലുദ്ധരിച്ച അവരുടെ പങ്കുവയ്ക്കലില്‍ അവര്‍ തന്നെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ദൈവാനുഭം നല്‍കാന്‍ പര്യാപ്തമായ ധ്യാനങ്ങളിലേയ്ക്കും ശുശ്രൂഷകളിലേയ്ക്കും നമ്മോടുകൂടെ അവരെയും ആനയിക്കണം.

ദിവ്യകാരുണ്യ കേന്ദ്രീകൃതമായ നമ്മുടെ ശക്തമായ ജീവിതമാതൃക അവരെയും ദിവ്യകാരുണ്യാനുഭവത്തിലേയ്ക്ക് നയിക്കണം.

നല്ല ശീലങ്ങള്‍ അല്പം നിര്‍ബന്ധബുദ്ധിയോടെ നമ്മുടെ മക്കളില്‍ രൂപപ്പെടുത്തണം. ഭാവിയില്‍ അവ അനുഭവങ്ങളാകും.

നമ്മുടെ ബോധ്യങ്ങളെയും മൂല്യശ്രേണിയെയും ക്രിസ്തീയ വിശ്വാസ വെളിച്ചത്തില്‍ നവീകരിക്കേണ്ടത് യുവജന നവീകരണത്തിന് അനിവാര്യമായിരിക്കുന്നു.

ജീവിതത്തില്‍ നാം കടന്നുപോകുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരം യേശുവില്‍ നാം കണ്ടെത്തുകയും അതിനായി യുവജനങ്ങളെ പരിശീലിപ്പിക്കുകയും വേണം.

ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍ കഴിയുന്ന യുവജനങ്ങള്‍ക്ക് പ്രശാന്തതയും സ്നേഹവും ക്രിസ്തീയ കൂട്ടായ്മയുടെ ആനന്ദവും അനുഭവയോഗ്യമാകുന്ന ഇടമായിരിക്കണം നമ്മുടെ ദേവാലയങ്ങളും അനുബന്ധ ശുശ്രൂഷകളും.

നാം ഏറെ ആശങ്കാകുലരാകുന്ന ഈ യുവജനങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ നവ സുവിശേഷവല്‍ക്കരണത്തിന്‍റെ പ്രഘോഷകരെ കണ്ടെത്തുന്നു. യേശുവിന്‍റെ പ്രിയശിഷ്യനായ യോഹന്നാനെപ്പോലെ യേശുവിന്‍റെ സൗഹൃദം ആസ്വദിക്കാനും പാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഈ യുവജനങ്ങള്‍ക്ക് യേശുവിനെ ചൂണ്ടിക്കാണിക്കാന്‍ ‘ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്’ എന്ന് പറയാന്‍ നമുക്കാകണം. അന്ത്രയോസിനെപ്പോലെ “ഞങ്ങള്‍ മിശിഹായെ കണ്ടു” എന്നു പറയാന്‍ നമുക്കിടയാകണം. അപ്പോള്‍ തങ്ങള്‍ക്കു പ്രിയപ്പെട്ട ‘ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്’ ദൈവം കാണിച്ചുകൊടുക്കുന്ന സ്ഥലത്തേയ്ക്ക് പോകാനും ദൈവത്തിന്‍റെ ദൗത്യം ഏറ്റെടുക്കാനും നമ്മുടെ യുവജനങ്ങള്‍ തയ്യാറാകും.

Leave a Comment

*
*