അള്‍ത്താരയില്‍ ഒരു ആല്‍ബം

അള്‍ത്താരയില്‍ ഒരു ആല്‍ബം

ഷാജി മാലിപ്പാറ

(ഇടവകകളില്‍ കുട്ടികള്‍ക്കായി മതബോധനത്തിന്‍റെ ഭാഗമായും അല്ലാതെയും നിരവധി പരിശീലനപരിപാടികള്‍ നടക്കുന്ന കാലമാണ് ഇനി വരുന്ന അവധിക്കാലം. ഈ സന്ദര്‍ഭത്തില്‍ അവ ഫലപ്രദമാകുവാന്‍ പ്രത്യേകം ശ്രദ്ധിച്ച് നടപ്പില്‍ വരുത്തേണ്ട ഒരു അധ്യാപനമാര്‍ഗത്തെക്കുറിച്ചാണ് ഈ ലേഖനം.)

പത്തുവര്‍ഷം മുമ്പാണ്, കോട്ടയം നല്ലിടയന്‍ പള്ളിയില്‍ കുട്ടികള്‍ക്കായുള്ള ഞായറാഴ്ചയിലെ ദിവ്യബലി. പള്ളിനിറയെ ആളുകളുണ്ട്; കുട്ടികളും മുതിര്‍ന്നവരും. മതബോധനത്തോടനുബന്ധിച്ചുള്ള കുര്‍ബാനയായതിനാല്‍ കുട്ടികളെല്ലാം ക്ലാസ്സടിസ്ഥാനത്തില്‍ വരിയായി നില്‍ക്കുന്നു. വികാരിയച്ചന്‍ കുര്‍ബാന ചൊല്ലാന്‍ ആരംഭിച്ചു. ഭക്തിനിര്‍ഭരമായ പാട്ടുകളും പ്രാര്‍ത്ഥനകളുമെല്ലാമായി നിമിഷങ്ങള്‍ കടന്നുപോയി. സുവിശേഷവായനയ്ക്കുശേഷം എല്ലാവരും ഇരുന്നു. പ്രസംഗം ആരംഭിക്കുകയാണ്.
വികാരിയച്ചന്‍ തന്നെയാണ് പ്രസംഗം പറഞ്ഞത്. വായിച്ച വചനഭാഗത്തെക്കുറിച്ച് അതീവലളിതമായി കുട്ടികളോടായി അച്ചന്‍ പ്രസംഗിച്ചു. 'നിധി' എന്ന സുവിശേഷത്തിലെ പദത്തെക്കുറിച്ച് കുട്ടികളുടെ ഭാഷയില്‍ അച്ചന്‍ വിശദീകരിച്ചത് ആകര്‍ഷകമായി തോന്നി. രണ്ടു മൂന്നു മിനിട്ടു കഴിഞ്ഞപ്പോള്‍ അച്ചന്‍ വിഷയമൊന്നു മാറ്റി. മരിയഗൊരേത്തിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അതിനു കാരണം കുര്‍ബാനയ്ക്കുമുമ്പ് ബ്രദര്‍ കുട്ടികളുടെ മുന്നില്‍ വി. മരിയ ഗൊരേത്തിയുടെ ജീവചരിത്രം അവതരിപ്പിക്കുകയുണ്ടായി. കൂടുതല്‍ കാര്യങ്ങള്‍ അച്ചന്‍ പറയുമെന്ന സൂചനയും നല്‍കി. അച്ചനാണെങ്കില്‍ മരിയഗൊരേത്തിയുടെ വീടും ജന്മസ്ഥലവും സന്ദര്‍ശിച്ചിട്ടുള്ള വ്യക്തിയുമാണ്.
വിദേശയാത്രയ്ക്കിടയില്‍ പുണ്യവതിയുമായി ബന്ധമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കാര്യം അച്ചന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. കുട്ടികളോട് ചോദ്യങ്ങള്‍ ചോദിച്ചും അവരുടെ പ്രതികരണങ്ങള്‍ നിരീക്ഷിച്ചും അദ്ദേഹം നടത്തിയ പ്രസംഗം കൊച്ചുകുട്ടികള്‍ ശ്രദ്ധയോടെയാണ് കേട്ടിരുന്നത്. അതിനിടയില്‍ പ്രസംഗപീഠത്തിന്‍റെ തട്ടില്‍നിന്ന് അച്ചനൊരു സാധനം എടുത്ത് ഉയര്‍ത്തിക്കാട്ടി. അതൊരു ആല്‍ബമായിരുന്നു. കാതുകൂര്‍പ്പിച്ചിരുന്ന കുട്ടികള്‍ കണ്ണുമിഴിച്ചുനോക്കാന്‍ തുടങ്ങി. ചില കുസൃതിക്കുരുന്നുകള്‍ അടുത്തിരിക്കുന്നവര്‍ക്ക് അത് ചൂണ്ടിക്കാണിക്കുകയും ചെയ്തു. മുതിര്‍ന്നവരും ആല്‍ബം ശ്രദ്ധിക്കാതിരുന്നില്ല.
അച്ചന്‍ ആല്‍ബം തുറന്ന് അതിലെ ചില ഫോട്ടോകള്‍ കാണിച്ചുകൊണ്ട് പ്രസംഗം തുടര്‍ന്നു. ആല്‍ബത്തിന്‍റെ താളുകള്‍ മറിക്കുമ്പോള്‍ കുട്ടികള്‍ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. മുതിര്‍ന്നവരും പ്രസംഗപീഠത്തിലേക്കുതന്നെ നോക്കി ശ്രദ്ധിച്ചിരുന്നു. ഏറെ ദീര്‍ഘിപ്പിക്കാതെ അച്ചന്‍ പ്രസംഗം അവസാനിപ്പിച്ചു. ആല്‍ബവും മടക്കിവച്ചു.
ചെറിയൊരു ആല്‍ബമായിരുന്നു അത്. ചിത്രങ്ങളും ചെറുതുതന്നെ. മുമ്പിലിരു ന്ന കുറച്ചുകുട്ടികള്‍ക്കേ ചിത്രം കാണാന്‍ കഴിഞ്ഞൂള്ളൂ. പിറകിലിരുന്ന മുതിര്‍ന്നവര്‍ക്കാവട്ടെ, അതൊരാല്‍ബമാണെന്നു മാത്രമേ അറിയാന്‍ സാധിച്ചുള്ളൂ. എങ്കിലും എല്ലാവരും അതില്‍ ശ്രദ്ധിച്ചു. കാരണം, ആല്‍ബം നല്ലൊരു ബോധനോപകരണമായി അച്ചന്‍ ഉപയോഗിച്ചു. അകലത്തില്‍ അവ്യക്തമായാണ് അതു കണ്ടതെങ്കിലും കേട്ട വാക്കുകളോടൊപ്പം കാഴ്ചയും പ്രസംഗത്തെ ഫലപ്രദമാക്കി. എന്നോ എവിടെയോ ജീവിച്ച ഒരു വ്യക്തിയെന്നതിനേക്കാള്‍ ചരിത്രത്തില്‍ ഇടമുള്ള, തെളിവുകള്‍ ഇന്നുമുള്ള ഒരു പുണ്യവതിയെക്കുറിച്ചാണ് തങ്ങള്‍ കേള്‍ക്കുതെന്നും ആ സ്മാരകങ്ങളൊക്കെ സന്ദര്‍ശിച്ച വ്യക്തി, ഉദാഹരണസഹിതമാണ് സംസാരിക്കുന്നതെന്നുമുള്ള തിരിച്ചറിവ് ശ്രോതാക്കളെ കൂടുതല്‍ ഉന്മേഷഭരിതരാക്കി.
ഞായറാഴ്ചപ്രസംഗങ്ങള്‍ ആകര്‍ഷകവും ഫലപ്രദവുമാക്കുന്നതിന് സഹായിച്ച ലളിതമായ ഒരു മാര്‍ഗമാണ് ഇവിടെ കണ്ടത്. കുട്ടികളോടുള്ള പ്രസംഗത്തില്‍ ബോധന ഉപകരണങ്ങള്‍ക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്. കേള്‍ക്കാന്‍ മാത്രമല്ല, കാണാനും കൂടിയുള്ള വകയുണ്ടെങ്കില്‍ അവരെ എളുപ്പം സ്വാധീനിക്കാന്‍ കഴിയും. ഉള്ള സൗകര്യങ്ങളെ ഭാവനാപൂര്‍ണ്ണമായി ഉപയോഗിച്ചാല്‍ കാര്യം എളുപ്പമായി. പ്രസംഗത്തിനുവേണ്ടി അച്ചന്‍ തയ്യാറാക്കിയ ആല്‍ബമായിരുന്നില്ല അത്. പക്ഷെ കൈയിലുള്ള ആല്‍ബം പ്രസംഗത്തിനായി ഉപയോഗപ്പെടുത്താമെന്ന് അച്ചന്‍ കണ്ടെത്തി. വചനപ്രഘോഷണത്തിന്‍റെയും വിശ്വാസപരിശീലനത്തിന്‍റെയും വേദികളില്‍ ബോധന ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് ഈ കൊച്ചുസംഭവം വിരല്‍ചൂണ്ടുന്നു. മനഃശാസ്ത്രവും അധ്യാപനശാസ്ത്രവും ഇതിനെ പിന്താങ്ങുകയും ചെയ്യുന്നു.
പഞ്ചേന്ദ്രിയങ്ങള്‍ വഴിയാണല്ലോ മനുഷ്യര്‍ അറിവു നേടുന്നത്. ഇങ്ങനെ നേടുന്ന അറിവിന്‍റെ തോത് നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. കേള്‍വിയിലൂ ടെ 11 ശതമാനമാണു ലഭിക്കുന്നതെങ്കില്‍ കാഴ്ചയിലൂടെ 83 ശതമാനം ലഭിക്കുന്നു. അങ്ങനെയെങ്കില്‍ ശ്രോതാക്കള്‍ക്ക് കാണാനുള്ള അവസരം കൂടി കിട്ടേണ്ടതല്ലേ?
നേടിയ അറിവ് ഓര്‍മ്മയില്‍ നില്‍ക്കുന്നതിനെ സംബന്ധിച്ചും പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേട്ടാല്‍ മാത്രം 20 ശതമാനം ഓര്‍മ്മയില്‍ തങ്ങുമെങ്കില്‍ കണ്ടാല്‍ 30% ഫലം ചെയ്യും. ഒരു കാര്യം കാണുകയും കേള്‍ക്കുകയും ചെയ്താല്‍ 50% ഫലമുറപ്പിക്കാമെന്നാണ് നിഗമനം. ദൈവികകാര്യങ്ങള്‍ ഓര്‍മ്മയിലും ബുദ്ധിയിലും ഹൃദയത്തിലും പതിഞ്ഞുകിടക്കാന്‍ ആവശ്യമുള്ള മാര്‍ഗങ്ങളൊക്കെ നാം ഉപയോഗിക്കേണ്ടതുണ്ട്. വിശ്വാസപരിശീലനവേളകളില്‍ കണ്ണുനിറയെ കാണാനും ഹൃദയത്തില്‍ സ്വീകരിക്കാനുമുള്ള സംഗതികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണം. അതവരെ സ്വാധീനിക്കും, ആകര്‍ഷിക്കും, ബോധനപ്രക്രിയ മെച്ചപ്പെടുകയും ചെയ്യും. അതിദീര്‍ഘവും വിരസവുമായ പ്രഭാഷണങ്ങള്‍ ഒഴിവാക്കി ബോധനോപകരണങ്ങളുടെ സഹായത്തോടെ നല്‍കുന്ന പ്രബോധനങ്ങള്‍ക്കും അധ്യാപനത്തിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. വൈദികരും സമര്‍പ്പിതരും അല്മായരുമടങ്ങുന്ന പ്രബോധകസമൂഹം മുഴുവന്‍ അധ്യേതാക്കളുടെ പ്രായത്തിനും പ്രകൃതത്തിനും ചേരുന്ന കാഴ്ചകള്‍ ഒരുക്കാന്‍ ശ്രമിക്കേണ്ടതാണ്. ഒത്തിരിപ്പേരുടെ കാഴ്ചപ്പാടുകള്‍ക്ക് വ്യക്തത നല്‍കാന്‍ അത് ഉപകരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org