അമ്മയെന്ന സുകൃതം

അമ്മയെന്ന സുകൃതം

അന്നു വൈകുന്നേരം മണിയടിച്ചു സ്കൂള്‍വിട്ട് സ്കൂളിന്‍റെ പടിയിറങ്ങുമ്പോള്‍ ചന്നംപിന്നം മഴ പെയ്യുന്നുണ്ടായിരുന്നു. ഓടിയോടി വീടിന്‍റെ ഉമ്മറപ്പടികള്‍ കയറി. നനഞ്ഞു കുതിര്‍ന്നു നില്ക്കുന്ന എന്നെ നോക്കി പത്രം വായിച്ചുകൊണ്ടിരുന്ന ഏട്ടന്‍ പറഞ്ഞു: "നിനക്കൊരു കുടയെടുക്കാമായിരുന്നില്ലേ?" ഇതും കേട്ടു മുന്നോട്ടു നീങ്ങുമ്പോള്‍ കസേരയില്‍ ചാരിക്കടന്നു ടി.വി. കണ്ടുകൊണ്ടിരുന്ന ചേച്ചി സഹതപിച്ചു. "നിനക്കു മഴ തീര്‍ന്നിട്ടു പോരാമായിരുന്നില്ലേ?" അപ്പോഴാണു തലയില്‍ വാഴയിലയും ചൂടി അച്ഛന്‍ കൃഷിയിടത്തില്‍ നിന്ന് ഒരു കൈത്തൂമ്പയുമായി കയറിവന്നത്. എന്നെ കണ്ട അച്ഛന്‍ ദേഷ്യത്തോടെ പറഞ്ഞു: "പനി വരുമ്പോള്‍ നീയൊക്കെ പഠിച്ചുകൊള്ളും." ഈ ശകാരവും കേട്ട് ഊറിവീഴുന്ന വെള്ളത്തുള്ളികള്‍ കൈകൊണ്ടു തട്ടിക്കളഞ്ഞു നില്ക്കുമ്പോള്‍ എനിക്കായി ചുട്ടെടുത്ത അപ്പവും ചായയുമായി അമ്മ അടുക്കളയില്‍ നിന്ന് എന്‍റെ മുമ്പിലെത്തിയിരുന്നു. ഉടനെതന്നെ ചായ താഴെവച്ച് അവിടെ കിടന്ന ഒരു കീറതോര്‍ത്തുമുണ്ടെടുത്ത് എന്‍റെ നനഞ്ഞ തല തോര്‍ത്തിക്കൊണ്ട് അമ്മ പറഞ്ഞു. "ഈ നശിച്ച മഴയ്ക്കെന്താ ഇപ്പോള്‍ത്തന്നെ പെയ്യണമെന്ന് ഇത്ര വാശി. എന്‍റെ മോന്‍ വന്നിട്ടു പെയ്താല്‍ പോരായിരുന്നോ?" മനസ്സില്‍ വിരിഞ്ഞത് ഇങ്ങനെ: അമ്മയ്ക്കു തുല്യം അമ്മ മാത്രം.

പാതിവഴിയില്‍ വിട്ടുപേക്ഷിക്കാത്ത മനസ്സിന്‍റെ പേരാണ് അമ്മമനസ്സ്. പക്ഷേ, ഇന്നതു പാതിവഴിയില്‍ മക്കള്‍ കൈവിട്ടുകളയുന്ന സുകൃതത്തിന്‍റെ പേരാണോ?

കുഞ്ഞുനാളില്‍ അമ്മയെ കെട്ടിപ്പിടിച്ച്, കളിക്കുന്ന ഒരുതരം കളിയുണ്ട്. ചെറുപ്പത്തില്‍ ആവോളം കളിക്കുന്ന ഒന്ന്, അമ്മയെ കെട്ടിപ്പിടിച്ചു മറ്റു കൂടപ്പിറപ്പുകളെ തട്ടിമാറ്റി പറയും; "ഇതെന്‍റെ അമ്മയാണ് നീ വേറെ അമ്മയെ നോക്കിക്കൊള്ളാന്‍." എട്ടും പൊട്ടും തിരിയാത്ത നാളില്‍ അ മ്മയെ ചുറ്റിപ്പറ്റി പലവട്ടം കളിക്കും ഈ കളി. പക്ഷേ, കാലം കുറച്ചു കഴിഞ്ഞു കെട്ടുംമട്ടുമൊക്കെ മാറുമ്പോള്‍ ഈ കളിക്കൊരു തലതിരിഞ്ഞ വെര്‍ഷനുണ്ട്. ആകെ തകിടം മറിയുന്ന ഒരു കളി. പണ്ടു തൂങ്ങിയാടിയിരുന്ന ആ കൈകള്‍ തട്ടിമാറ്റിയിട്ടു മറ്റു കൂടപ്പിറപ്പുകളെ വിളിച്ചുനിര്‍ത്തി പറയും; "ഇതു നിന്‍റെ അമ്മയാണ്, നീ കൊണ്ടേ നോക്കിക്കോ." അന്ന് അമ്മ മനസ്സുകള്‍ നീറിത്തുടങ്ങും.

മൊബൈലില്‍ പലവട്ടം തേടിയെത്തിയ ഒരു സന്ദേശമുണ്ട്. അമ്മയെന്ന ബാങ്കാണ് എന്നെ ആദ്യം കടക്കാരനാക്കിയത്. തിരിച്ചടവു പലതവണ മുടങ്ങിയിട്ടും ഒരു നോട്ടീസ് പോലുമയയ്ക്കാതെ… ഈ വീട്ടാകടത്തിനു മുന്നില്‍ നന്മയുടെ കുളിര്‍കാറ്റ് വീശുന്ന ബാലചന്ദ്രമേനോന്‍റെ ഈ കുറിപ്പ് ഇങ്ങനെയായിരുന്നു. അമ്മയ്ക്കു വളരെ പ്രായമായതോടെ തീരെ വയ്യാതായി. അമ്മ സാരിയുടുക്കുമ്പോള്‍ എല്ലാം നിലത്തിട്ടു വലിക്കും. പിന്നെ എന്‍റെ നിര്‍ബന്ധപ്രകാരം ഹൗസ്കോട്ട് ധരിക്കാന്‍ തുടങ്ങി. മുടി മുറിച്ചു ബോബ് കട്ടാക്കി. ഒരിക്കല്‍ ഞാന്‍ അമ്മയുടെ നഖം വെട്ടിക്കൊണ്ടിരുന്നപ്പോള്‍ അമ്മ എന്നെ നോക്കി പറഞ്ഞു: "എടാ ചന്ദ്രാ, ഞാന്‍ ഒരു കാര്യം ആലോചിക്കുകയായിരുന്നു. നടക്കുമോ?" ഞാന്‍ ചോദിച്ചു. എന്താ അമ്മേ?

അമ്മ പറഞ്ഞു: "പുനര്‍ജന്മം എന്നൊക്കെ ഉണ്ടോ? ഉണ്ടെങ്കില്‍ നീ എന്‍റെ വയറ്റില്‍ത്തന്നെ വന്നു പിറന്നാല്‍ മതി." പാതിവഴിയില്‍ അമ്മയെന്ന സുകൃതത്തെ കൈവിട്ടുകളയാത്തതിന്‍റെ ഒരു തൃപ്തിയുണ്ട് ഈ വരികളില്‍.

രസകരമായ ഒരു അമ്മവര്‍ത്തമാനമുണ്ട്; യാഥാര്‍ത്ഥ്യവുമാണ്. ഒരു ദിവസം അമ്മയോട് എത്ര ചോദ്യങ്ങളാണ്? "അമ്മേ ഷൂ എവിടെ? അമ്മേ പുസ്തകം എവിടെ? അമ്മേ മൊബൈല്‍ എവിടെ? അമ്മേ ടിഫിന്‍ ബോക്സ് എവിടെ?" അങ്ങനെ നീളുന്നു. പക്ഷേ അച്ഛനോട് ഒരൊറ്റ ചോദ്യം മാത്രം. "അച്ഛാ, അമ്മ എവിടെ?" അച്ഛനെന്ന കാര്‍മേഘത്തിനു താഴെ പെയ്തിറങ്ങുന്ന അമ്മയുടെ സ്നേഹമഴയ്ക്ക് അതുകൊണ്ടുതന്നെ വല്ലാത്ത കുളിര്‍മയുണ്ട്, ആ പുഴപോലെ…

ഉള്ളില്‍ സ്നേഹത്തിന്‍റെ താരാട്ടുപാട്ടുകള്‍ സൂക്ഷിക്കുന്ന അമ്മമാരേ, നിങ്ങള്‍ക്കു മുന്നില്‍ വാക്കുകള്‍കൊണ്ട് ആയിരം പ്രണാമങ്ങള്‍…. അമ്മയ്ക്കു തുല്യം അമ്മ മാത്രം.

"എല്ലാവര്‍ക്കും ജയിക്കണമെന്നാഗ്രഹമുണ്ട്. എന്നാല്‍ തയ്യാറെടുപ്പിനുള്ള ഇച്ഛാശക്തി കുറവാണ്" – ലൊബാര്‍ട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org