അമ്മയില്ലെങ്കില്‍ നമ്മള്‍ എന്തായിപ്പോയേനെ…

അമ്മയില്ലെങ്കില്‍ നമ്മള്‍ എന്തായിപ്പോയേനെ…

ആത്മീയസമരത്തില്‍, സാത്താനുമായുള്ള യുദ്ധത്തില്‍ ആത്മാക്കള്‍ക്ക് ഈശോ കഴിഞ്ഞാല്‍ ഏറ്റം ഉറപ്പും ശക്തവുമായ സഹായമാണു പരി. കന്യകാമറിയം. നമുക്ക് സഹായം എന്നതിലുപരി നമുക്കായി യുദ്ധം ചെയ്തു നമ്മെ വിജയിപ്പിക്കാന്‍ അമ്മ ഉത്സുകയാണ്. നാം പരി. കന്യകാമറിയത്തെ ആശ്രയിക്കുന്നതും അമ്മയുടെ മാദ്ധ്യസ്ഥ്യം തേടുന്നതും നരകത്തെ പരിഭ്രമിപ്പിക്കുന്നു. നാം നേരായ പാതയിലാണെന്നു സാത്താന്‍ അറിയുന്നത് അവനെ ഭയവിഹ്വലനാക്കുന്നു. വി. എവുപ്രാസ്യാമ്മയോടു സാത്താന്‍ പറഞ്ഞ വാക്കുകള്‍ ഇതു സ്പഷ്ടമാക്കുന്നു. "നീ ഈശോയെയും മറിയത്തെയും ഉപേക്ഷിച്ചാല്‍ നിന്നെ ഞാന്‍ ശല്യപ്പെടുത്തില്ല." മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പരി. കന്യകാമറിയത്തെ ഉപേക്ഷിച്ച് ആത്മാവിനെ എളുപ്പം കീഴ്പ്പെടുത്താമെന്നു സാത്താന്‍ അറിയുന്നു എന്നു സാരം. തന്‍റെ ദിവ്യസൂനുവിന്‍റെ മക്കളെ പൊതിഞ്ഞുസൂക്ഷിക്കാന്‍ പരി. മറിയത്തിനു പ്രത്യേക ശക്തിയുണ്ട് എന്നര്‍ത്ഥം. അഥവാ, തന്‍റെ മക്കളെ കാത്തുപാലിക്കാന്‍ അമ്മയ്ക്കു പ്രത്യേക സിദ്ധി സ്വര്‍ഗം നല്കിയിരിക്കുന്നു എന്നു സാരം. രോഗാവസ്ഥയിലായിരുന്ന എവുപ്രാസ്യാമ്മയുടെ അടുക്കല്‍ പരി. അമ്മ വന്നു പരിചരിക്കുന്നതായി അവളുടെ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. "കുറേ കഴിഞ്ഞപ്പോള്‍ ഒരു കോപ്പയില്‍ പാലുപോലെ, എന്നാല്‍ പാലല്ല, ഒരു വെള്ളം, അതില്‍ എന്തോ പൊടിയിട്ട് എന്നെ എഴുന്നേല്പിച്ചിരുത്തി കോരിത്തന്നു. വേറൊരിക്കല്‍ മാതാവ് അടുത്തു വന്ന് ആശ്വസിപ്പിക്കുകയും ശരീരം തടവിത്തരികയും ചെയ്തു."

മഠത്തില്‍ പുതുകന്യാസ്ത്രീയായിരിക്കെ എവുപ്രാസ്യായെ പിശാചുക്കള്‍ കുറേ ഉപദ്രവിച്ചു. മഠത്തില്‍ നിന്നും ഇറങ്ങിപ്പോകാനായി സമൂഹകൃത്യങ്ങളില്‍ പോകാനനുവദിക്കാതെ ഉച്ചയ്ക്കു 12 മണി മുതല്‍ വൈകീട്ട് ആറര വരെ തടഞ്ഞുവച്ചു. അപ്പോള്‍ ദൈവവിളി ഉപേക്ഷിച്ചു വീട്ടില്‍ പോകാമെന്നു ചിന്തിച്ചുതുടങ്ങവേ, പരി. അമ്മ പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറ ഞ്ഞു: "ഇവളെ നിങ്ങള്‍ സ്വതന്ത്രയാക്കുവിന്‍." ഉടന്‍തന്നെ പിശാചുക്കള്‍ അവളെ വിട്ടുപോയി. അമ്മ ഉടനെ എവുപ്രാസ്യാമ്മയോടു ചോദിച്ചു. "എന്തേ ഇത്ര ചാഞ്ചല്യം? നിനക്കു ഞാനില്ലേ? നിന്നെ ഞാന്‍ കൈ വിടില്ല. അവരുടെ മനസ്സുപോലെ സമ്മതിക്കുന്ന ഒരു വാക്കുപോലും പറയണ്ട." ഇപ്രകാരം പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണം അനുഭവിച്ച എവുപ്രാസ്യാമ്മ പറയുന്നു: "അമ്മയെന്നുള്ളതു നമുക്കു എത്രയോ ഭാഗ്യം. ഈ അമ്മയില്ലെങ്കില്‍ നമ്മള്‍ എന്തായിപ്പോയേനെ പിതാവേ?"

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org