അമ്മുവിന്റെ രഹസ്യം

അമ്മുവിന്റെ രഹസ്യം


എയ്ഡന്‍ ടോം ഹാള്‍ജിന്‍

ക്ലാസ്സ് III

കുന്നിന്‍ചെരുവിലെ ഒരു ചെറിയ കുടിലിലായിരുന്നു മിടുക്കിയായ അമ്മുവിന്‍റെ താമസം. അവളുടെ വീട്ടില്‍ മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടാക്കിയിരുന്നു. എന്നും തോട്ടത്തിലെ ചെടികള്‍ക്കിടയില്‍ അവള്‍ പൂമ്പാറ്റകളെ കാണാറുണ്ടായിരുന്നു. അവള്‍ക്ക് പൂമ്പാറ്റകളെ വളരെ ഇഷ്ടമായിരുന്നു. അവരെപ്പോലെ പറക്കാന്‍ അവള്‍ ആഗ്രഹിച്ചു. ഒരു ദിവസം തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഒരു പൂമ്പാറ്റ മുള്ളുകള്‍ക്കിടയില്‍പ്പെട്ട് പറക്കാന്‍ കഴിയാതെ വിഷമിക്കുന്നത് അവള്‍ കണ്ടു. അവള്‍ ഓടിച്ചെന്ന് അതിനെ രക്ഷപ്പെടുത്തി.

പിറ്റെ ദിവസം അവള്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ തലേന്ന് അവള്‍ രക്ഷിച്ച പൂമ്പാറ്റ അവളുടെ അടുത്തേക്ക് പറന്നു വന്നു. പെട്ടെന്ന്തന്നെ അത് ഒരു ദേവതയായി മാറി. ദേവത പറഞ്ഞു, നീ എന്നെ രക്ഷിച്ചതിന് ഞാന്‍ നിനക്ക് എന്ത് സമ്മാനമാണ് നല്കേണ്ടത്? അവള്‍ ഒന്നാലോചിച്ചതിനു ശേഷം പറഞ്ഞു, എനിക്ക് എന്നും സന്തോഷവതിയായിരിക്കണം. ദേവത അവളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചതിനു ശേഷം അപ്രത്യക്ഷയായി. അന്നു മുതല്‍ അമ്മു എന്നും സന്തോഷവതിയായി കാണപ്പെട്ടു. എല്ലാവര്‍ക്കും അതിന്‍റെ രഹസ്യമെന്താണെന്നറിയാന്‍ ആകാംക്ഷയായി. അവസാനം അവള്‍ അത് പറഞ്ഞു, ദേവത അവളോട് പറഞ്ഞ രഹസ്യം.

"മറ്റുള്ളവര്‍ക്ക് എന്നെക്കൊണ്ട് എപ്പോഴും ആവശ്യമുണ്ട് എന്ന ചിന്ത മറക്കാതെ ജീവിച്ചാല്‍ എപ്പോഴും സന്തോഷവതിയായിരിക്കും."

കൂട്ടുകാരെ നമ്മള്‍ എല്ലാവരും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org