Latest News
|^| Home -> Suppliments -> Baladeepam -> ആംതെയുടെ മാതൃക

ആംതെയുടെ മാതൃക

Sathyadeepam

വാര്‍ധയിലെ സമ്പന്ന ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച, തിരക്കുള്ള അഭിഭാഷകനായിരുന്ന മുരളീധരന്‍ ദേവിദാസ് ആംതയെ ബാബാ ആംതെ എന്ന പ്രതിഭാസമാക്കിയത് തുളസീറാം എന്ന കുഷ്ഠരോഗിയെ കണ്ട നിമിഷമാണ്…

മഴക്കാലത്തെ ഒരു സായാഹ്നം ആംതെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. റോഡരികില്‍ നിന്നു നേര്‍ത്ത കരച്ചില്‍. ആംതെ എത്തിനോക്കി. ഒരു മനുഷ്യന്‍ വേദന സഹിക്ക വയ്യാതെ പുളയുകയാണ്. കൈകാലുകളില്‍ വിരലുകളില്ല. മുഖം നിറയെ വ്രണം. കുഷ്ഠരോഗത്തിന്‍റെ ഭീതിദമായ അവസ്ഥ. മരണം അരികില്‍. അയാളെയെടുത്തു മുളകൊണ്ടുള്ള ഷെഡ്ഡില്‍ കിടത്തി ചികിത്സിച്ചു. പക്ഷേ അയാളെ രക്ഷിക്കാനായില്ല. തുളസീറാം എന്നായിരുന്നു ആ കുഷ്ഠരോഗിയു ടെ പേര്. ഈ അനുഭവം ആംതെയുടെ അഭിഭാഷകന്‍റെ ജീവിതം മാറ്റിമറിച്ചു.

കുഷ്ഠരോഗികളെ ആട്ടിയോടിക്കുന്ന കാലമായിരുന്നു അത്. അവര്‍ക്കു തല ചായ്ക്കാന്‍ ഇടമില്ല. മുഴുപ്പട്ടിണി. അവരുടെ വേദന ആംതെയുടെ ഉള്ളില്‍ നീറ്റലായി.

മാതാപിതാക്കള്‍ സമ്മാനിച്ച നൂറിലേറെ ഏക്കര്‍ ഫലപുഷ്ടമായ കൃഷിഭൂമി… ചീറിപ്പായിക്കാന്‍ സിംഗര്‍ കമ്പനിയുടെ ആഡംബര സ്പോര്‍ട്സ് കാര്‍… പ്രമുഖ ഹോളിവുഡ് ചലച്ചിത്രക്കാരായ ഗ്രീത്ത ഗാര്‍ബോ, നോര്‍മ ഷിയറര്‍ തുടങ്ങിയവരുമായി അടുത്ത സുഹൃദ്ബന്ധം… വിനോദത്തിനായി നായാട്ട്, ബില്യാഡ്സ്-ടെന്നീസ് കളികള്‍ – ഇതെല്ലാം ഉപേക്ഷിച്ചു കുഷ്ഠരോഗികളോടൊപ്പം ജീവിക്കാന്‍ ആംതെ തീരുമാനിച്ചു.

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ കുഷ്ഠരോഗികള്‍ക്കായി അദ്ദേഹം ആശ്രമം തുടങ്ങി. 1956-ല്‍ 50 ഏക്കര്‍ വനപ്രദേശത്തായിരുന്നു ആശ്രമം സ്ഥാപിച്ചത്. ആറു കുഷ്ഠരോഗികളോടൊപ്പം കുടില്‍ കെട്ടിയായിരുന്നു താമസം. ആംതെയുടെ കുടുംബത്തിന് അതു സഹിച്ചില്ല. അദ്ദേഹത്തെ അവര്‍ വീട്ടില്‍ നിന്നു പുറത്താക്കി. എന്നാല്‍ അതൊന്നും ആംതെയെ തളര്‍ത്തിയില്ല. കുഷ്ഠരോഗികളിലായിരുന്നു ആംതെ ദൈവത്തെ കണ്ടത്.

അനാഥരായ രോഗികള്‍ക്ക് ആശ്രയമായപ്പോള്‍ അവര്‍ ആംതയെ അച്ഛന്‍ എന്നര്‍ത്ഥം വരുന്ന ‘ബാബ’ എന്നു വിളിച്ചു.

കുഷ്ഠരോഗികളെ ചികിത്സിക്കാന്‍ കല്‍ക്കട്ടയിലെ സ്കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍ ചേര്‍ന്നു ബിരുദം നേടി. തുടര്‍ന്ന് അദ്ദേഹം നിരവധി കുഷ്ഠരോഗ ആശുപത്രികള്‍ തുടങ്ങി. രോഗികള്‍ക്കു കൈത്തൊഴിലും നല്കി. ഒന്നര ലക്ഷത്തോളം കുഷ്ഠരോഗികളെ സ്നേഹിച്ചു ശുശ്രൂഷിച്ച് 94-ാമത്തെ വയസ്സിലാണ് ആംതെ മരിച്ചത്. മാഗ്സസെ അവാര്‍ഡും പത്മവിഭൂഷണും ലഭിച്ച ആംതെയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു.

“സ്വജീവിതത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? പ്രവാചകനെന്നോ സാമൂഹ്യപ്രവര്‍ത്തകനെന്നോ കേവലം ഒരു മനുഷ്യസ്നേഹിയെന്നോ?”

ഒരു നിമിഷം ആലോചിച്ചശേഷം ബാബ പറഞ്ഞു, ഗാന്ധിജിയോ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗോ ചുമന്ന ആ കുരിശിന്‍റെ ഭാരം എനിക്കു താങ്ങാനാവില്ല. ആ കുരിശിന്‍റെ നിഴലിലൂടെ കടന്നുപോകാന്‍ മാത്രമാണു ഞാന്‍ ശ്രമിക്കുന്നത്.

Leave a Comment

*
*