Latest News
|^| Home -> Suppliments -> ULife -> ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍

ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍

Sathyadeepam

വിശുദ്ധിയുടെ മധ്യവര്‍ഗം
വിശുദ്ധരാകാന്‍ വന്‍കാര്യങ്ങള്‍ ചെയ്യേണ്ടതില്ലെന്നു മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തുന്നു:
“അനന്തസ്നേഹത്തോടു കൂടി മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളില്‍, സ്വന്തം കുടുംബങ്ങളെ പോറ്റുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്നവരില്‍, രോഗികളില്‍, ചിരി മായാനനുവദിക്കാത്ത വൃദ്ധരായ സന്യസ്തരില്‍, വിശുദ്ധിക്കായുള്ള അവരുടെ ദൈനംദിന സ്ഥിരോത്സാഹത്തില്‍ തിരുസഭയുടെ വിശുദ്ധി ഞാന്‍ കാണുന്നു. പലപ്പോഴും നമ്മുടെ തൊട്ടടുത്ത അയല്‍ക്കാരില്‍, നമുക്കിടയില്‍ ജീവിച്ചുകൊണ്ടു ദൈവസാന്നിദ്ധ്യത്തെ കുറിച്ചു വിചിന്തനം ചെയ്യുന്നവരില്‍ കാണപ്പെടുന്ന ഒരു വിശുദ്ധിയാണത്. നമുക്കവരെ ‘വിശുദ്ധിയുടെ മദ്ധ്യവര്‍ഗം’ എന്നു വിളിക്കാം.”

വിശുദ്ധി കത്തോലിക്കാസഭയുടെ കുത്തകയല്ല
കത്തോലിക്കാസഭയ്ക്കു പുറത്തും വിശുദ്ധിയുണ്ടെന്ന വിനയബോധം മാര്‍പാപ്പ പ്രകടിപ്പിക്കുന്നു:
“വിശുദ്ധിയാണ് തിരുസഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖം. എന്നാല്‍ കത്തോലിക്കാസഭയുടെ പുറത്തും ‘ക്രിസ്ത്യാനികള്‍ക്കു സഹായകരമായ ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളങ്ങള്‍’ പരിശുദ്ധാത്മാവ് ഉയര്‍ത്തുന്നു. “രക്തചൊരിച്ചിലോളമെത്തുന്ന ക്രിസ്തുസാക്ഷ്യം കത്തോലിക്കരുടേയും ഓര്‍ത്തഡോക്സുകാരുടെയും പ്രൊട്ടസ്റ്റന്‍റുകാരുടെയും ആംഗ്ലിക്കന്‍കാരുടേയും പൊതുവായ ഒരു പൈതൃകമാണ്” എന്നു വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിച്ചു.”

ഓരോരുത്തര്‍ക്കും അവരവരുടെ വഴി
മഹാവിശുദ്ധരുടെ ജീവിതവഴികള്‍ കണ്ട് അതൊന്നും തനിക്കു പറ്റില്ലെന്നു അമ്പരക്കേണ്ടതില്ലെന്നും എല്ലാവര്‍ക്കും അവരവരുടേതായ വഴികളിലൂടെ വിശുദ്ധരാകാമെന്നും മാര്‍പാപ്പ ധൈര്യപ്പെടുത്തുന്നു:

“എത്തിപ്പിടിക്കാന്‍ കഴിയില്ലെന്നു തോന്നുന്ന വിശുദ്ധമാതൃകകള്‍ കണ്ടു നാം നിരാശപ്പെടാന്‍ പാടില്ല…. അതു പകര്‍ത്താനല്ല നാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്… അവരവര്‍ക്കു വേണ്ടി ഉദ്ദേശിച്ചിട്ടില്ലാത്ത ചിലത് അനുകരിക്കാന്‍ പ്രത്യാശയില്ലാതെ ശ്രമിക്കുന്നതിനേക്കാള്‍ പ്രധാനം ഓരോ വിശ്വാസിയും സ്വന്തം പാത വിവേചിച്ചറിയുകയാണ്. അവരവരുടെ ഹൃദയങ്ങളില്‍ ദൈവം നിക്ഷേപിച്ചിട്ടുള്ള ഏറ്റവും വ്യക്തിപരമായ ദാനങ്ങള്‍ പുറത്തുകൊണ്ടു വരിക എന്നതാണ് അവരെ സംബന്ധിച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്.”

സ്ത്രീയുടെ മഹത്ത്വം
ദൈവത്തിനു മുമ്പിലെ സ്ത്രീ പുരുഷ തുല്യതയെക്കുറിച്ച് പറയാനുള്ള ഒരവസരവും പാഴാക്കാത്ത മാര്‍പാപ്പ ഇവിടെയും അത് ഉറപ്പിക്കുന്നുണ്ട്:

“വിശുദ്ധിയുടെ സ്ത്രീസഹജമായ ശൈലികളില്‍ പ്രകടമാകുന്ന സ്ത്രീയുടെ മഹത്ത്വത്തേയും ഞാന്‍ പ്രത്യേകം പരാമര്‍ശിക്കാനാഗ്രഹിക്കുന്നു. ഈ ലോകത്തില്‍ ദൈവത്തിന്‍റെ വിശുദ്ധി പ്രതിഫലിപ്പിക്കാനുള്ള ഒരു അത്യാവശ്യമാര്‍ഗമാണ് അത്. സ്ത്രീകളെ തീരെ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്ത കാലങ്ങളില്‍ പരിശുദ്ധാത്മാവ് സഭയ്ക്കുന്മേഷം പകര്‍ന്ന സ്ത്രീകളായ വിശുദ്ധരെ ഉയര്‍ത്തിക്കാണിച്ചു…. സ്വസാക്ഷ്യത്തിന്‍റെ ശക്തി വഴി കുടുംബങ്ങളേയും സമൂഹങ്ങളേയും നിലനിറുത്തുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത അജ്ഞാതരും വിസ്മരിക്കപ്പെട്ടവരുമായ എല്ലാ സ്ത്രീകളേയും ഞാന്‍ അനുസ്മരിക്കുന്നു.”

വിശുദ്ധരാകാന്‍ സന്യസ്തരാകണ മെന്നില്ല
വിശുദ്ധരാകാന്‍ ആര്‍ക്കും സാധിക്കുമെന്നും സാധിക്കണമെന്നും മാര്‍പാപ്പ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു:
“വിശുദ്ധിയുണ്ടാകാന്‍ ഒരു മെത്രാനോ വൈദികനോ സന്ന്യസ്തനോ ആയിരിക്കേണ്ട ആവശ്യമില്ല. സാധാരണ കാര്യങ്ങളില്‍ നിന്നു പിന്‍വലിഞ്ഞ് ഏറെ സമയം പ്രാര്‍ത്ഥനയില്‍ ചിലവഴിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമുള്ളതാണ് വിശുദ്ധി എന്നു വിചാരിക്കാന്‍ കൂടെക്കൂടെ നാം പ്രലോഭിതരാക്കപ്പെടുന്നു. അത് അങ്ങനെയല്ല. നാം എവിടെയായിരുന്നാലും സ്നേഹത്തിലധിഷ്ഠിതമായ ജീവിതങ്ങള്‍ നയിക്കുകയും എല്ലാറ്റിലും സാക്ഷ്യം വഹിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധരാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.”

ചെറിയ പ്രവൃത്തികള്‍ മതി
പരദൂഷണം പറയാതിരിക്കുന്നതുപോലുള്ള ചെറിയ പ്രവൃത്തികളിലൂടെ പോലും വിശുദ്ധി പ്രാപിക്കാനാകുമെന്നു മാര്‍പാപ്പ വ്യക്തമാക്കുന്നു:
“ഒരു സ്ത്രീ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നു. ഒരു അയല്‍ക്കാരിയെ കാണുന്ന അവള്‍ അവരുമായി സല്ലാപമാരംഭിക്കുന്നു. എന്നാല്‍, അവള്‍ അവളുടെ ഹൃദയത്തില്‍ പറയുന്നു, ‘ഇല്ല, ഞാന്‍ ആരെക്കുറിച്ചും മോശമായി സംസാരിക്കുകയില്ല.’ ഇതു വിശുദ്ധിയില്‍ മുന്നോട്ടുള്ള ഒരു ചുവടുവയ്പാണ്.”

പ്രവൃത്തി ഒഴിവാക്കാനാകില്ല
പ്രവൃത്തികള്‍ക്കു പകരം പ്രാര്‍ത്ഥനകളും ധ്യാനങ്ങളും മാത്രമാകുന്നത് ആരോഗ്യകരമാകില്ലെന്നു പാപ്പ മുന്നറിയിപ്പു നല്‍കുന്നു:
“അന്യരുമായുള്ള പരസ്പരപ്രവര്‍ത്തനത്തില്‍ നിന്നകന്ന് നിശബ്ദതയെ സ്നേഹിക്കുന്നത്, പ്രവര്‍ത്തനം ഒഴിവാക്കിക്കൊണ്ട് സ മാധാനവും ശാന്തതയും ആഗ്രഹിക്കുന്നത്, ശുശ്രൂഷയെ നിന്ദിച്ചുകൊണ്ട് പ്രാര്‍ത്ഥനയെ തേടുന്നത്, ആരോഗ്യകരമല്ല… പ്രവര്‍ത്തനത്തിന്‍റെ മധ്യേ പോലും ധ്യാനനിരതരാകാനും നമ്മുടെ ശരിയായ ദൗത്യം ഉത്തരവാദിത്വത്തോടും ഉദാരമായും നിര്‍വഹിച്ചുകൊണ്ട് വിശുദ്ധിയില്‍ വളരാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.”

വിശുദ്ധി സന്തോഷം കെടുത്തില്ല
വിശുദ്ധി പ്രാപിക്കുന്നതുകൊണ്ട് സന്തോഷം ത്യജിക്കുക എന്നര്‍ത്ഥമില്ലെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നു:
“വിശുദ്ധിയെ കുറിച്ചു ഭയപ്പെടരുത്. അതു നിങ്ങളുടെ ഊര്‍ജമോ ഉന്മേഷമോ ആനന്ദമോ എടുത്തു കളയുകയില്ല. മറിച്ചു സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളെ സൃഷ്ടിച്ചപ്പോള്‍ എന്താണോ ഉള്ളില്‍ കരുതിയിരുന്നത്, അതു നിങ്ങള്‍ ആയിത്തീരും.”

അറിവിലല്ല കാര്യം
സൈദ്ധാന്തികമായ അറിവു സമ്പാദിക്കാന്‍ കഴിയുന്നില്ലെന്നത് വിശുദ്ധിക്ക് ഒരു തടസ്സമല്ലെന്നു പാപ്പ പറയുന്നു:
“ഒരു വ്യക്തിയുടെ പൂര്‍ണത അളക്കുന്നത് അയാള്‍ക്കുള്ള വിവരമോ അറിവോ കൊണ്ടല്ല. പ്രത്യുത അയാളുടെ സ്നേഹത്തിന്‍റെ ആഴം കൊണ്ടാണ്.”

സര്‍വജ്ഞഭാവം
എല്ലാ ചോദ്യത്തിനും ആര്‍ക്കെങ്കിലും ഉത്തരമുണ്ടെങ്കില്‍ അവര്‍ ശരിയായ പാതയിലല്ല എന്നതിന്‍റെ തെളിവാണതെന്നു മാര്‍പാപ്പ പറയുന്നു:
“അവര്‍ സ്വന്തം ലക്ഷ്യങ്ങള്‍ക്കു വേണ്ടി മനശ്ശാസ്ത്രപരമോ ബൗദ്ധികമോ ആയ അവരുടെ സിദ്ധാന്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി മതത്തെ ഉപയോഗിക്കുന്ന വ്യാജപ്രവാചകരായിരിക്കാം. ദൈവം തികച്ചും നമുക്ക് അതീതനാണ്. അവിടുന്ന് വിസ്മയങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. എപ്പോള്‍ എങ്ങനെ നാം അവിടുത്തെ കണ്ടുമുട്ടുമെന്നു നിശ്ചയിക്കുന്നതു നമ്മളല്ല; ആ നേര്‍ക്കാഴ്ചയുടെ സ്ഥലകാലങ്ങള്‍ നമുക്കറിഞ്ഞു കൂടാ. എല്ലാം വ്യക്തവും സുനിശ്ചിതവുമാകാന്‍ ആഗ്രഹിക്കുന്ന ഒരുവന്‍ ദൈവത്തിന്‍റെ അതീന്ദ്രിയതയെ നിയന്ത്രിക്കാമെന്നു സങ്കല്‍പിക്കുന്നു.”

ആഹ്ലാദം
വിശുദ്ധരാകുക എന്നാല്‍ ക ളിചിരികളെല്ലാം നിറുത്തുകയെന്നല്ല അര്‍ത്ഥമെന്നു മാര്‍പാപ്പ വ്യക്തമാക്കുന്നു:
“വിശുദ്ധര്‍ ഒട്ടും തന്നെ ഭയമുള്ളവരോ കര്‍ക്കശക്കാരോ കടുപ്പക്കാരോ വിഷാദികളോ മ്ലാനവദനരോ അല്ല. ആഹ്ലാദമുള്ളവരും നര്‍മ്മഭാവമുള്ളവരുമാണ്. യാഥാര്‍ത്ഥ്യബോധമുള്ളവരാണെങ്കിലും വസ്തുനിഷ്ഠവും പ്രതീക്ഷാനിര്‍ഭരവുമായ ചൈതന്യമുള്ളവരുമാണ്. ക്രൈസ്തവജീവിതം പരിശുദ്ധാത്മാവിലുള്ള ആനന്ദമാണ്.”

Leave a Comment

*
*