അനശ്വരതയുടെ അപ്പം

അനശ്വരതയുടെ അപ്പം

സജീവ് പാറേക്കാട്ടില്‍

"നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍" (യോഹ. 6:27).

അതെ, അദ്ധ്വാനമാണു സുപ്രധാന "Action Satisfaction" എന്ന പേരില്‍ പണ്ട് ഒരു സിഗരറ്റിന്‍റെ പരസ്യമുണ്ടായിരുന്നു. അദ്ധ്വാനമേ സംതൃപ്തി. നല്ല മസ്സിലുപെരുക്കവും കട്ടിമീശയുമൊക്കെയുള്ള ഒരു ചുള്ളന്‍ ചേട്ടനായിരുന്നു നായകന്‍. ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന് അന്നു കണ്ടെത്തിയിരുന്നില്ല. അതിനാല്‍ സംഭവം സൂപ്പര്‍ഹിറ്റായി ഓടി.

നിത്യജീവിതത്തില്‍ കഠിനമായി അദ്ധ്വാനിക്കുന്നവരാണു നാമൊക്കെ. ശരീരികവും മാനസികവും ബൗദ്ധികവുമൊക്കെയായി കഠിനാദ്ധ്വാനം ചെയ്യുന്നവര്‍. അദ്ധ്വാനിക്കാതെ വിജയമില്ലെന്നു നമുക്കറിയാം. നമ്മുടെ അദ്ധ്വാനത്തിന്‍റെയെല്ലാം ആത്യന്തികലക്ഷ്യം എന്താണ്? നിശ്ചയമായും ഉപജീവനം തന്നെ. അത് അനിവാര്യവുമാണ്. പക്ഷേ, അതില്‍ പൂര്‍ണമാകുന്നതാണോ നമ്മുടെ പര്‍പസ് ഓഫ് ലൈഫ്? മനുഷ്യന്‍ എന്ന അതിസങ്കീര്‍ണവും അതിമനോഹരവുമായ 'ജീവി' ഉപജീവനത്തിനായി മാത്രം ഉരുവാക്കപ്പെട്ടതാണോ? അതിജീവിനത്തിന്‍റെ ഒരു മാനവുംകൂടി അവനില്ലേ? നിത്യജീവിതം പോലെയൊ അതിനേക്കാളുമേറെയോ നിര്‍ണായകമല്ലേ നിത്യതയുടെ ജീവിതവും?

മുറിച്ച അപ്പത്തില്‍ തന്നെത്തന്നെ വിഭജിച്ചുനല്കിയവന്‍ നശ്വരമായതെന്നും അനശ്വരമായതെന്നും അപ്പത്തെ വിഭജിക്കുന്നതു ശ്രദ്ധേയമാണ്. അരച്ചാണ്‍ വയറും ഒടുങ്ങാത്ത ആര്‍ത്തിയും മാത്രമല്ല മനുഷ്യന്‍. "ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു; തന്‍റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു" (ജ്ഞാനം 2:23). അതിനാലാണ് അവന്‍ അനശ്വരതയ്ക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നത്. അനശ്വരമായ അപ്പത്തിനു മാത്രമേ ആ വിശപ്പും ദാഹവും ശമിപ്പിക്കാന്‍ കഴിയുകയുള്ളൂ. അപ്പത്തിന്‍റെ ഭവനമായ' ബെത്ലേഹേമില്‍ വന്നു പിറന്ന അനശ്വരമായ ആ അപ്പമാണു ക്രിസ്തു. ബിഷപ് ഷീന്‍ അസന്ദിഗ്ദ്ധമായി പറഞ്ഞതു നോക്കൂ: "Come to Jesus, He will fulfill the deepest defires of your heart" മനുഷ്യഹൃദയത്തിന്‍റെ അഗാധമായ അഭിനിവേശങ്ങള്‍ സാക്ഷാത്കൃതമാകുന്നതു ക്രിസ്തുവിലാണ്.

'അനേക വര്‍ഷത്തേക്കുള്ള വിഭവങ്ങള്‍' (അപ്പം) സംഭരിച്ചശേഷം നിര്‍ഭാഗ്യവാനായ ഒരാള്‍ "വിശ്രമിക്കാനും തിന്നുകുടിച്ചാനന്ദിക്കാനും" പറയുന്നതു സ്വന്തം ആത്മാവിനോടത്രേ! (ലൂക്കാ 12:19). 'സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്ക്കേണ്ടി വരും" (മത്താ. 5:22) എന്നു പഠിപ്പിച്ചവന്‍ പക്ഷേ, ഈ ഉപമയിലെ ധനികനെ ദൈവം ഭോഷാ എന്നു വിളിച്ചതായി പറയുന്നതും ശ്രദ്ധേയമാണ്.

ഭൗതികജീവിതമേഖലകളില്‍ ഉന്നതിക്കായി അദ്ധ്വാനിക്കുന്നതുപോലെ അനശ്വരതയിലെ സുസ്ഥിതിക്കായും അദ്ധ്വാനിക്കണം. ആദര്‍ശമില്ലാത്ത രാഷ്ട്രീയക്കാരനും അധികാരപ്രമത്തരായ ഉദ്യോഗസ്ഥരും മൂല്യബോധമില്ലാത്ത ജനതയും ശരീരത്തിനായി വൃഥാ വിഭവങ്ങള്‍ സ്വരൂപിക്കുകയാണ്. സേവനമനോഭാവമില്ലാത്ത പണക്കൊതിയനായ ഡോക്ടറും അഴിമതിക്കാരനായ എന്‍ജിനീയറും സമര്‍പ്പണമില്ലാത്ത അദ്ധ്യാപകരും തീക്ഷ്ണതയില്ലാത്ത സമര്‍പ്പിതരും കാരുണ്യമില്ലാത്ത ഇടയരും നശ്വരതയുടെ അപ്പം വൃഥാ സംഭരിക്കുകയാണ്. വി. യാക്കോബ് ശ്ലീഹായുടെ ഭാഷയില്‍ പറഞ്ഞാല്‍ "കൊലയുടെ ദിവസത്തേക്കുവേണ്ടി ഹൃദയങ്ങളെ കൊഴുപ്പിക്കുന്നവര്‍" (5:5).

ആകാരസൗഷ്ഠത്തില്‍ കാര്യമില്ല. അഴകളവുകള്‍ നിര്‍ണായകമല്ല. 'സിക്സ് പായ്ക്ക്' ഒക്കെ ആറടി മണ്ണു വരെ മാത്രം. അവശേഷിക്കുന്നതും അതിജീവിക്കുന്നതും അനശ്വരതയ്ക്കുവേണ്ടിയുള്ള അദ്ധ്വാനഫലങ്ങള്‍ മാത്രം. ഇക്കാര്യം നന്നായി ബോദ്ധ്യപ്പെട്ട അത്യദ്ധ്വാനം ചെയ്ത ഒരാള്‍ ജീവിതസായാഹ്നത്തില്‍ രേഖപ്പെടുത്തുന്നതു നോക്കൂ: "ഞാന്‍ നന്നായി പൊരുതി; എന്‍റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു" (2 തിമോ. 4, 7).

രണ്ടു പെണ്‍കുഞ്ഞുങ്ങളുള്ള ഒരു സഹപ്രവര്‍ത്തകയുണ്ട്. മൂത്തവള്‍ ആത്മീയ, രണ്ടാമത്തവള്‍ അനശ്വര പേരിനു പിന്നിലെന്തെന്ന ചോദ്യത്തിനു ലഭിച്ച മറുപടി വിസ്മയിപ്പിച്ചു. "പിള്ളേരറിയട്ടെ മാഷേ, ഒന്നും ഇവിടംകൊണ്ടു തീരുന്നില്ലെന്ന്." അതെ, എന്നും ഇവിടംകൊണ്ടു തീരാതിരിക്കട്ടെ. അനുദിനജീവിതം വ്യാപാരങ്ങളെ അനശ്വരത ഗ്രസിക്കട്ടെ. അനുദിന ജീവിതവ്യാപാരങ്ങളെ അനശ്വരത ഗ്രസിക്കട്ടെ. നിത്യാനിത്യ വിവേചനത്തിലൂടെ അനശ്വരമായ അപ്പത്തിനായി അദ്ധ്വാനിക്കാം. അതു പ്രദാനം ചെയ്യുന്നതും വെറും സംതൃപ്തി മാത്രമല്ലല്ലോ, നിത്യനിര്‍വൃതികൂടിയല്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org