അം​ഗീകാരം

അം​ഗീകാരം

മാതൃപാഠങ്ങള്‍

ഷൈനി ടോമി

എന്നെ എന്‍റെ അമ്മയ്ക്കു മനസ്സിലാകും എന്നു ധൈര്യമായി പറയാന്‍ കഴിയുന്ന മക്കള്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. ജീവിക്കുന്ന ഇടത്തില്‍ അംഗീകാരം കിട്ടാതെ ആരോഗ്യകരമായ സാമൂഹ്യജീവിതം പ്രയാസമാണ്. തെറ്റു പറ്റുമ്പോഴായാലും തെറ്റിദ്ധരിക്കപ്പെടുമ്പോഴായാലും മനസ്സിലാക്കുന്ന ആരെങ്കിലും ഉണ്ടാവണം. ആര്‍ക്കും എന്നെ മനസ്സിലാകുന്നില്ലല്ലോ എന്ന സങ്കടക്കടലും ചുമന്നു നടക്കുന്ന ഒരുപാടു പേരുണ്ടു നമുക്കു ചുറ്റും.

എല്ലാവരും വളരുന്നതു തെറ്റിയും തിരുത്തിയുംതന്നെയാണ്. എങ്കിലും ചില തെറ്റുകളെ നമ്മള്‍ ഭയക്കുന്നു. കഴിഞ്ഞ തലമുറയില്‍ തെറ്റായി കരുതിയിരുന്ന പല കാര്യങ്ങളും ഇന്നു തെറ്റല്ലാതായിട്ടുണ്ട്. ചില തെറ്റുകളെ സമൂഹം (കുടുംബവും) ഭയങ്കര സംഭവമാക്കി കൊണ്ടാടും. വേറെ ചിലതിനെ നിസ്സാരമാക്കും. സമൂഹത്തിന്‍റെ പ്രത്യേകതകളനുസരിച്ചു ശരിതെറ്റുകള്‍ മാറിമറിയുന്നതും കാണാം. നമ്മുടെ കുട്ടികളെ ലോകപൗരന്മാരാക്കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്‍റ്, യുഎഇ… അങ്ങനെ നീണ്ടുപോകും ആഗ്രഹപ്പട്ടിക. അതിനായുള്ള ശ്രമത്തിനിടയില്‍, പഠിപ്പിനിടയില്‍ ആ രാജ്യങ്ങളിലെ ശീലങ്ങളോ രീതികളോ സംസ്കാരമോ ഒക്കെ നമ്മുടെ മക്കളെ ആകര്‍ഷിച്ചേക്കാം. കൃത്യമായ കറുപ്പിലും വെളുപ്പിലും ശരിയും തെറ്റും വേര്‍തിരിക്കാനുള്ള ശേഷിയെ ഇതു ബാധിക്കാനിടയില്ലേ?

നമ്മുടെ മാതാപിതാക്കളുടെ കാലത്ത് അവര്‍ ചെയ്യാന്‍ ഭയന്നിരുന്ന പലതും നമ്മള്‍ ഇന്നു ചെയ്യുന്നുണ്ട്. വീട്ടില്‍നിന്നു മാറി ഒരിടത്ത് കോളജ് പഠനം നടത്തുന്ന ഒരു പെണ്‍കുട്ടിക്ക് ഒരു വലിയ പ്രതിസന്ധി ഉണ്ടാകുന്നു. ഒരു വലിയ തകര്‍ച്ച അവളുടെ ജീവിതത്തില്‍ സംഭവിച്ചുപോയാല്‍ എന്തു ചെയ്യും ഞാന്‍? ഓരോ അമ്മയും സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തിയിരിക്കേണ്ട ചോദ്യമാണിത്. പ്രണയം തലയ്ക്കു പിടിച്ച നേരത്തു പറ്റിയ ഒരു തെറ്റിന്‍റെ പേരില്‍ ജീവിതകാലം മുഴുവന്‍ അവളെ കുറ്റപ്പെടുത്താമോ?

അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയ ഒരു കുടുംബം ഒരമ്മയുടെ നിലപാടിലെ പിശകുമൂലം കുഴഞ്ഞുമറിയുന്നു. ഇനി എനിക്കവള്‍ മകളല്ല എന്നു പ്രഖ്യാപിക്കുന്ന അമ്മ, അവളോടു സംസാരിക്കാതെ ജീവിക്കുന്നു. മകള്‍ അമ്മയെക്കുറിച്ചു പറയുന്നതിങ്ങനെ: "എനിക്കേറ്റവും അത്യാവശ്യമുണ്ടായിരുന്ന നേരത്ത് എന്‍റെ കൂടെ നില്ക്കാത്ത അമ്മ എനിക്കെന്തിനാണ്?" നിങ്ങള്‍ പ്രസവിച്ചതിന്‍റെയും പാലൂട്ടിയതിന്‍റെയും കണക്കുമായി ഇപ്പോഴത്തെ കുട്ടികളുടെ അടുത്തേയ്ക്കു ചെല്ലണ്ട. അവര്‍, കാട്ടിലെ മൃഗങ്ങളെ കാട്ടിത്തരും.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നു ജീവിക്കുന്ന കാലമാണിത്. സൗഹൃദമെന്തെന്നും പ്രണയമെന്തെന്നും കാര്യമെന്തെന്നും അവര്‍ തിരിച്ചറിയേണ്ടത് അമ്മയുടെ നാവില്‍നിന്നാണ്. അങ്ങനെയായാല്‍ ആണ്‍-പെണ്‍ബന്ധങ്ങളിലെ അതിര്‍വരമ്പുകളും സൗഹൃദങ്ങളുടെ ആരോഗ്യകരമായ സാദ്ധ്യതകളും അവര്‍ കണ്ടെത്തിക്കൊള്ളും. മറ്റിടങ്ങളില്‍നിന്നാണു കൗമാര-യൗവ്വന സവിശേഷതകളുടെ പൊരുള്‍ അറിയുന്നതെങ്കില്‍, നമ്മുടെ സംസ്കാരത്തിനു ചേരുന്നതാവണമെന്നില്ല അവരുടെ തീ രുമാനങ്ങള്‍.

മക്കളുടെ തെറ്റുകള്‍ തിരുത്തുവാന്‍ സഹായിക്കുവാനല്ലേ ദൈവം അവരെ മാതാപിതാക്കളെ ഏല്പിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കും ഒരു വളര്‍ച്ച ആവശ്യമുണ്ട്. മക്കള്‍ വളരുന്നതോടൊപ്പം അവരും വളരണം, അറിവില്‍, പക്വതയില്‍, വിവേകത്തില്‍, സ്നേഹത്തില്‍, ക്ഷമയില്‍, കരുണയില്‍ ഒക്കെ. അപ്പോഴല്ലേ മക്കള്‍ക്കും കണ്ടും കേട്ടും പഠിക്കാനാകൂ ഈ നന്മകള്‍.

വീണുപോയവര്‍ക്ക് എണീക്കാന്‍ ഒരു കൈത്താങ്ങ് ആവശ്യമാണ്. തെറ്റു ചെയ്താലും മകന്‍ മകന്‍തന്നെയാണ്. മകനെ, മകളെ അവരുടെ ബലഹീനതകളോടുകൂടിത്തന്നെ അംഗീകരിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ മറ്റാര്‍ക്കാണു കഴിയുക? തിരുത്തപ്പെടാന്‍ വേണ്ട ഊര്‍ജ്ജം ലഭിക്കുന്നത് അംഗീകരിക്കപ്പെടുമ്പോഴാണ്. തെറ്റു തിരുത്തുവാനും ആവര്‍ത്തിക്കപ്പെടാതെ കാക്കാനും അമ്മ ഉണ്ടായിരിക്കണം.

വീഞ്ഞു തീര്‍ന്ന നേരത്തു കാനായില്‍വച്ച് ഒരമ്മ പറഞ്ഞു: "അവന്‍ പറയുന്നതുപോലെ ചെയ്യുക." സ്വന്തം മകനില്‍ എത്ര ആഴമുള്ള വിശ്വാസമാണ് ആ അമ്മയ്ക്കുണ്ടായിരുന്നത്. മകന്‍റെ സമയം ആയിട്ടില്ലെന്ന് അമ്മയ്ക്കറിയാമായിരുന്നു. മകന്‍ അത് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. എന്നിട്ടും, അമ്മയുടെ ആഗ്രഹം മകന്‍ പൂര്‍ത്തിയാക്കി. പൊക്കിള്‍ക്കൊടി ബന്ധത്തിന്‍റെ സൗന്ദര്യവും ശക്തിയും മറ്റേതു ബന്ധത്തിലാണ് ഉള്ളത്? തന്‍റെ കുഞ്ഞ് എന്തു ചെയ്യും, എന്തു ചെയ്യില്ല എന്ന് ഒരമ്മയ്ക്ക് അറിയാന്‍ കഴിയുമ്പോഴാണു മാതൃത്വത്തിനു തിളക്കമുണ്ടാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org