Latest News
|^| Home -> Suppliments -> ULife -> അനിവാര്യം

അനിവാര്യം

Sathyadeepam

വിനായക് നിര്‍മ്മല്‍

ജീവിതത്തില്‍ അനിവാര്യം എന്നൊരു വാക്കുണ്ട്. തക്കതായ സമയമെന്നോ സ്വീകാര്യമായ സമയമെന്നോ മറുപദമായി ഉപയോഗിക്കാനും ചില സാധ്യതകളൊക്കെ ഈ വാക്കിന് ഉണ്ടെന്ന് തോന്നുന്നു. എത്രയെത്ര സമയം കടന്നുപോയിട്ടും അനിവാര്യമായ സമയത്ത് ചിലതൊക്കെ സംഭവിച്ചുപോവുകയാണ്. ചില ടേണിംങ് പോയന്‍റ് എന്നു പറയുന്നതു പോലെ. ജീവിതം നെടുകെയും കുറുകെയും ഛേദിക്കപ്പെടുകയാണ്.

കഴിഞ്ഞുപോയ കാലങ്ങളൊന്നും നമ്മെ വേണ്ടവിധത്തില്‍ അടയാളപ്പെടുത്തിയിട്ടില്ലായിരുന്നു. പക്ഷേ അനിവാര്യമായ സമയത്ത് സംഭവിക്കുന്നവയുടെ വിധി അങ്ങനെയല്ല. അപ്പോള്‍ മുതല്‍ നിങ്ങളുടെ ജീവിതം പഴയതുപോലെയല്ലാതായിത്തീരുന്നു.

ഒരു പുഴയ്ക്ക് തുല്യം ശാന്തമായി പോവുകയായിരുന്നു ജീവിതം. ചുഴികളില്ല, വേലിയേറ്റങ്ങളില്ല, ഇറക്കങ്ങളില്ല, ഒരേ താളം, ഒരേ വേഗം.
പെട്ടെന്നാണ് അതിന്‍റെ ഒഴുക്കിനെ മാറ്റിമറിച്ചുകൊണ്ട് ഒരു വ്യതിചലനം സംഭവിക്കുന്നത്. ഒരിക്കലും പുഴ അത് ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. പുഴയ്ക്കെന്നും സ്വച്ഛതയായിരുന്നു താല്പര്യം. ചെറിയ ചെറിയതീരങ്ങളില്‍ തട്ടിയും തലോടിയും അങ്ങനെ ഒഴുകിപ്പോവുക. അതിനപ്പുറം ലക്ഷ്യങ്ങളുണ്ടായിരുന്നില്ല.
അലകള്‍, പ്രക്ഷുബ്ധത-പുഴയ്ക്ക് താങ്ങാനാവാത്തതായിരുന്നു അവയെല്ലാം. പക്ഷേ, അതിന്‍റെ മേല്‍ ആരോ വിധി ഏറ്റെടുത്തിരിക്കുന്നു. ആരോ ഒരാള്‍ ആ പുഴയുടെ ഒഴുക്കിന്‍റെ ഗതി തിരിച്ചുവിടാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നു. ഇനി പുഴയ്ക്ക് പഴയതുപോലെ ഒഴുകാനാവില്ല. ഇനി മുതല്‍ അതിന്‍റെ ഒഴുക്ക് വ്യതിചലിക്കപ്പെടുകയാണ്. ഇതാണ് അനിവാര്യത.

ജീവിതത്തില്‍ സംഭവിക്കുന്നവയെല്ലാം ഇങ്ങനെ തന്നെയാണ്. നമുക്ക് മേല്‍ മറ്റുള്ളവരോ നമ്മള്‍ തന്നെയോ എടുക്കുന്ന ചില തീരുമാനങ്ങള്‍, സന്നദ്ധതകള്‍, സാധ്യതകള്‍. ചില സാധ്യതകള്‍ തെളിഞ്ഞുകിട്ടുന്നതുപോലും അനിവാര്യമായ സമയത്താണ്.

ഗര്‍ഭിണിയുടെ പ്രസവസമയം പോലെയാണെന്ന് തോന്നുന്നു അനിവാര്യമായ സമയത്ത് സംഭവിക്കുന്നവ പലതും. അവയ്ക്കൊക്കെ ചില ഫലങ്ങള്‍ കൂടുതലുണ്ട്. അനിവാര്യമായ സമയത്താണ് ജനനം. സുരക്ഷിതമായ ഒരു താവളത്തില്‍ കഴിയുകയായിരു ന്നു അതുവരെ കുഞ്ഞ്.

പക്ഷേ ഇനി അവന് അവിടെ ഏറെനാള്‍ കഴിയാന്‍ പറ്റില്ല. അവന് ആകാശം കാണണം, മഴ അറിയണം, മഞ്ഞു കൊള്ളണം… ആരുടെയെല്ലാമോ സ്നേഹത്തിലേക്ക് പിച്ചവച്ച് നടക്കണം. എന്നാല്‍ അത്തരമൊരു നിമിഷത്തിനു വേണ്ടി എത്രയധികം രൂപപ്പെടുത്തലുകളാണ് അവന് വേണ്ടി വരുന്നത്. ഒടുവില്‍ ഗര്‍ഭപാത്രത്തിന് അവനെ കൊള്ളാന്‍ കഴിയാതെ വരുമ്പോള്‍, അവന്‍ അവന്‍റെ പത്മവ്യൂഹങ്ങള്‍ ഭേദിച്ചു പുറത്തേക്ക് വരുന്നു. അത് അവന്‍റെ അനിവാര്യമായ സമയം, നിമിഷം.
ഇനി സാധാരണമായ ഒരു രചനയുടെ, സര്‍ഗ്ഗസൃഷ്ടിയുടെ കാര്യം തന്നെയെടുക്കൂ. മനസ്സില്‍ എന്തെല്ലാമോ ഉണ്ട്. ആശയങ്ങള്‍, ചിന്തകള്‍ എന്നിട്ടും അവയുടെ രൂപപ്പെടലിന് എത്രയോ സമയം വേണ്ടിവരുന്നു. അനിവാര്യമായ സമയത്ത് അവയെല്ലാം പുറത്തേക്ക് വരുന്നു. ഒന്നുകില്‍ അത് ഉല്‍ക്കൃഷ്ടമാകുന്നു. അല്ലെങ്കില്‍ അധമവും.

ഒന്നും നാം കണക്കുകൂട്ടുന്നതുപോലെയല്ല. മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുവെന്നും അന്തിമതീരുമാനം കര്‍ത്താവിന്‍റേതാണെന്നും ഒരു ഓര്‍മ്മപ്പെടുത്തലുണ്ട്. ചിലതൊക്കെ നാം വിചാരിക്കുന്നതുപോലെയും കണക്കു കൂട്ടുന്നതുപോലെയും സംഭവിക്കാറുണ്ട്. അപ്പോഴൊക്കെ അത് എന്‍റെ കഴിവുകൊണ്ടാണെന്നും പ്ലാനിങ്ങിന്‍റെ കൃത്യതയാണെന്നും മേനി പറയുന്നവരുമുണ്ട്.

പക്ഷേ ഒന്നാലോചിച്ചുനോക്കിയാല്‍ അത് ശരിയല്ല എന്ന് ആര്‍ക്കും മനസ്സിലാവും. ദൈവം കൂടി വിചാരിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്. അല്ലെങ്കില്‍ മാനുഷികമായ ആ പ്ലാനിങ്ങ് ദൈവത്തിന്‍റെ കൂടി ആഗ്രഹമായിരുന്നു. വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല്‍ എന്നതുപോലെ നിന്‍റെ ഇഷ്ടത്തോട് ദൈവത്തിന്‍റെ ഇഷ്ടം ചേര്‍ന്നപ്പോഴാണ് അത് സംഭവിച്ചത്.

അനിവാര്യതകള്‍ക്ക് മുമ്പില്‍ മനസ്സ് കലങ്ങിയിരിക്കുന്നവരോട് വിശുദ്ധ ഗ്രന്ഥം പറയുന്നത് ഇതാണ്. അവിചാരിതമായി എന്തോ സംഭവിച്ചതുപോലെ നിങ്ങള്‍ പരിഭ്രമിക്കരുത് എന്ന്. അനിവാര്യതകള്‍ക്ക് മുമ്പില്‍ മനസ്സ് കലങ്ങിപ്പോകാതിരിക്കാന്‍ ഇത്തിരി ധ്യാനവും ഒത്തിരി പരിശീലനവും വേണ്ടതുണ്ട്.
നട്ടുച്ചയ്ക്കിരുട്ട് എന്നതുപോലെയായിരിക്കും പലപ്പോഴും അനിവാര്യതകള്‍ അരങ്ങേറുന്നത്. അപ്രതീക്ഷിതമായി അത് നമ്മെ ഞെരുക്കിക്കളയും. അതുകൊണ്ടുതന്നെ അത് നമ്മെ പതറിച്ചു കളയും. നിലയില്ലാക്കയങ്ങളിലേക്ക് ചില വീഴ്ചകള്‍ പോലെ..

അല്ലെങ്കില്‍ നോക്കൂ. ചേട്ടന്മാരുടെ ക്ഷേമം തിരക്കാന്‍ വന്ന ജോസഫിന് സംഭവിച്ചത്. സഹോദരന്മാരുടെ അസൂയയും സ്വാര്‍ത്ഥതയും വിദ്വേഷചിന്തകളും ചേര്‍ന്ന് ജോസഫിനെ പൊട്ടക്കിണറ്റിലേക്ക് തള്ളിയിടുകയാണ്. പഴയനിയമത്തിലെ ജോസഫിന്‍റെ കാര്യമാണ് പറയുന്നത്. ജോസഫിനെ ഈജിപ്തിലെ ഭരണാധികാരിയായി ഉയര്‍ത്താന്‍ ദൈവം അനുവദിച്ചവ തന്നെയായിരുന്നു ആ പൊട്ടക്കിണര്‍.

ഒരു ഉയര്‍ച്ചയ്ക്കുമുമ്പ് ഒരു താഴ്ചയുണ്ട്. ഒരു ആദരവിന് മുമ്പ് ഒരു തിരസ്ക്കരണവും താഴ്ത്തലുമുണ്ട്.

ജോസഫ് പൊട്ടക്കിണറ്റില്‍ വീഴ്ത്തപ്പെട്ടതുകൊണ്ടാണ് സഹോദരന്മാര്‍ക്ക് പോലും ഉപകാരിയാകത്തക്കവിധത്തില്‍ ആ ജീവിതം മാറിമറിഞ്ഞത്. അതുകൊണ്ട് ചെന്നുചാടിയതോ തള്ളിയിടപ്പെട്ടതോ ആയ പൊട്ടക്കിണറുകളെ നാം തെല്ലും ഭയക്കേണ്ടതില്ല.

ചില പൊട്ടക്കിണറുകള്‍ ജീവിതത്തിലെ അനിവാര്യതയാണ്.. അവിടെ നിന്ന് നമ്മള്‍ കുതിച്ചുയരുന്നത് ചിലപ്പോള്‍ നമ്മള്‍ പോലും പ്രതീക്ഷിക്കുകയും വിചാരിക്കുകയും ചെയ്യുന്നതിന്‍റെ അപ്പുറത്തേയ്ക്കായിരിക്കും. അത് നമ്മുടെ ജീവിതത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് കാരണമാകുന്നു. ഇനി നമ്മുടെ ഉയര്‍ച്ചകളും വീഴ്ചകളും അവിടെ നിന്നാണ് തുടങ്ങുന്നത്.

ചില അനിവാര്യതകള്‍ ദൈവ കൃപയുടെ സമൃദ്ധി തിരിച്ചറിയാനുള്ള വേളകള്‍ കൂടിയാണ്. സാറായുടെ ദാസിയായി കഴിഞ്ഞുകൂടിയിരുന്ന ഹാഗാറിനെയെടുക്കൂ. കൈക്കുഞ്ഞുമായി അബ്രാഹത്തില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട് മരുഭൂമിയില്‍ കഴിയുകയാണ് ഹാഗാര്‍. കുഞ്ഞ് വിശന്ന് മരിച്ചുവീഴുന്നതു കാണാന്‍ കെല്പില്ലാതെ മുഖം തിരിച്ചിരിക്കുമ്പോള്‍ അവള്‍ കാണുന്നത് ഒരു നീരുറവ. ദൈവകൃപയുടെ നീരുറവ തന്നെയായിരുന്നു അത്. പുതിയൊരു ജനതതിയുടെ പിറവിക്കാലത്തിന് തുടക്കം കുറിക്കപ്പെട്ടത് അങ്ങനെയായിരുന്നു.

മറ്റൊരു ഉദാഹരണം അബ്രാഹമാണ്. ഒരു അനിവാര്യതയ്ക്ക് മുമ്പിലാണ് അബ്രഹാം ദൈവകൃപയുടെ നീരൊഴുക്കില്‍ വീണ്ടും നനഞ്ഞു കുതിരുന്നത്. മോറിയാ മലയില്‍ വച്ചാണത് സംഭവിക്കു ന്നത്. ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ പോകുമ്പോള്‍. ഉയര്‍ത്തിപിടിച്ച കത്തി മകന്‍റെ കഴുത്തിന് നേരെ താഴുന്ന നേരം ദൈവത്തിന്‍റെ ഇടപെടല്‍… “കത്തി താഴെയിടൂ” നോക്കൂ ഒരു മനുഷ്യന്‍റെ വിശ്വാസം പരീക്ഷിക്കാനായി ദൈവം ഇടപെടുന്ന നിമിഷം. അത് അബ്രാഹത്തിന്‍റെ ജീവിതത്തിലെ അനിവാര്യതയായിരുന്നു.

ഒറ്റുകൊടുക്കുന്നവരോടും പീഡിപ്പിക്കുന്നവരോടും തിരസ്ക്കരിക്കുന്നവരോടും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വൈരവും നീരസവും തോന്നുക സ്വഭാവികം. പക്ഷേ അവരൊക്കെയും നമ്മുടെ ജീവിതത്തിലെ ചില അനിവാര്യതകളായിരുന്നു എന്ന് മനസ്സിലായിക്കഴിയുമ്പോള്‍ നീരസം തോന്നിയതോര്‍ത്ത് ഉളളില്‍ ആത്മനിന്ദ നിറഞ്ഞ സാഹചര്യങ്ങളെയോര്‍മ്മിക്കുന്നു.

അനിവാര്യതകള്‍ നമ്മുടെ ജീവിതത്തിന് കൂടുതല്‍ തെളിച്ചം തരും. മുടന്തി നടക്കുന്നവനും കുതറിയോടാന്‍ ധൈര്യം നല്കും. കാരണം അത് നിലയില്ലാക്കയങ്ങളില്‍ പിടിവള്ളിയില്ലാതെ കൈകാല്‍ ഇട്ടടിക്കുന്നതിന് തുല്യമാണ്. ഒന്നുമില്ലാത്തവന് ലഭിക്കുന്ന സ്വാതന്ത്ര്യവും ആനന്ദവുമാണ്. ജീവിതത്തിലെ ഏറ്റവും വലിയ അനിവാര്യത എന്താണ്? മരണമല്ലാതെ മറ്റൊന്നുമല്ല അത്. മരണത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ജീവിതത്തിലെ അനിവാര്യതകളെക്കുറിച്ച് ചിന്തിക്കാനാവില്ല. അത് സംഭവിക്കുന്നത് വിചാരിക്കാത്ത നേരത്തും കാലത്തുമാണല്ലോ?

ആത്മാവോട് ചേര്‍ത്തുനിര്‍ത്തിയിരുന്നവരും പ്രാണന്‍ കണക്കെ സ്നേഹിച്ചിരുന്നവരുമൊക്കെ എപ്പോഴൊക്കെയോ വേര്‍പിരിഞ്ഞുപോയപ്പോള്‍ തോന്നിയിട്ടുണ്ട് എന്തു കൊണ്ട് ഇങ്ങനെ.. ആത്മാവില്‍ തീപിടിച്ച നാളുകള്‍. നഷ്ടസ്നേഹങ്ങളുടെ പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന വര്‍ഷങ്ങള്‍… പക്ഷേ കാലങ്ങള്‍ക്കിപ്പുറത്തു നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാകുന്നു, ആ വേര്‍പിരിയലുകള്‍ അനിവാര്യതയായിരുന്നു. തനിയെ നടന്നുനീങ്ങാന്‍ കരുത്തു നേടുന്നതിന് വേണ്ടിയായിരുന്നു. സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും വിലകള്‍ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു. ഒന്നിലേക്ക് മാത്രമായി ചുരുങ്ങിപ്പോകാതെ കാഴ്ചയുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഒടുവിലാകട്ടെ വീണ്ടും ഒരുമിച്ച് ചേരുന്നതിന് വേണ്ടിയായിരുന്നു. ഇനിയും സൗഹൃദത്തിന്‍റെ പാടവരമ്പിലൂടെ കൈകോര്‍ത്ത് നടന്നുനീങ്ങാനായിരുന്നു.

ചില സംഭവങ്ങളെ ഒന്നിനോടൊന്ന് കൊളുത്തി ചിന്തിക്കുമ്പോള്‍ മനസ്സിലാവുന്ന കാര്യമുണ്ട്. ഓരോന്നും അനിവാര്യമായിരുന്നു. അനിവാര്യതകളില്‍ നിന്നാണ് എല്ലാം സംഭവിക്കുന്നത്. തിന്മയില്‍ നിന്നു പോലും നന്മ ഉളവാക്കാന്‍ കഴിയുന്ന ദൈവകരങ്ങള്‍ക്ക് ചുവടെ ഞാന്‍ നമ്രശിരസ്ക്കനായി നില്ക്കുന്നു.

എന്‍റെ പ്രയാസങ്ങളില്‍ തുണയായി നിന്നവരേ, നിങ്ങളെന്‍റെ സങ്കടങ്ങള്‍ക്ക് കൂട്ടായിരുന്നു. നിങ്ങളെന്‍റെ കണ്ണുനീര്‍ തുടച്ചുതരുകയും തലചായ്ക്കാന്‍ ചുമല്‍ തരുകയും ചെയ്തു. നിങ്ങളെ ഞാന്‍ എന്നും സ്നേഹത്തോടും നന്ദിയോടും അനുസ്മരിക്കും.

എന്നാല്‍ എന്നെ പ്രയാസങ്ങളിലേക്ക് തള്ളിയിടുകയും എനിക്കെതിരെ അന്യായമായി വിധി പ്രസ്താവിക്കുകയും ചെയ്തവരേ, നിങ്ങളാണ് എന്നെ വളര്‍ത്തിയത്. ഇടറി നീങ്ങിയിരുന്ന എനിക്ക് നിങ്ങള്‍ കുതറിയോടാന്‍ കരുത്തു നല്കി. തീരെ ചെറിയ ഭാരം പോലും ചുമക്കാന്‍ കരുത്തില്ലാതിരുന്ന എനിക്ക് നിങ്ങള്‍ കനത്ത ഭാരങ്ങള്‍ പോലും ചുമക്കാന്‍ കരുത്തു തന്നു. എന്‍റെ ജീവിതത്തിലെ എല്ലാ നന്മകള്‍ക്കും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്നും പ്രാര്‍ത്ഥിക്കും.

അനിവാര്യതകളേ നിങ്ങള്‍ക്ക് മുമ്പില്‍ എന്‍റെ സാഷ്ടാംഗപ്രണാമം. ജീവിതത്തിലെ എല്ലാ അനിവാര്യതകള്‍ക്ക് മുമ്പിലും ദൈവകരത്തിന്‍റെ നിഴലെങ്കിലും കാണാന്‍ കഴിയത്തക്കവിധത്തില്‍ എന്‍റെ ആത്മീയതയെ പ്രകാശിപ്പിക്കണേയെന്ന പ്രാര്‍ത്ഥന മാത്രം…

Leave a Comment

*
*