എന്താണ് അന്ത്യാഭിലാഷം

എന്താണ് അന്ത്യാഭിലാഷം

അനാക്സാഗൊറാസ് എന്നു പേരുള്ള ഒരു തത്ത്വശാസ്ത്രജ്ഞനുണ്ടായിരുന്നു. വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ധാരാളം വായിക്കുകയും എഴുതുകയും അറിവു പകരുകയും ചെയ്ത അദ്ദേഹം ഒടുവില്‍ വൃദ്ധനായി. എന്നിരിക്കിലും അദ്ദേഹം നടത്തിയിരുന്ന വിദ്യാലയത്തിലേക്കു വടിയും കുത്തിപ്പിടിച്ചാണെങ്കിലും എന്നും പോകുമായിരുന്നു. ഒടുവില്‍ അന്ത്യവിനാഴികകള്‍ എത്തിച്ചേര്‍ന്നു. മരണശയ്യയില്‍ അവശനായി കിടന്നിരുന്ന അനാക്സാഗൊറാസിനോട് ഒരു ശിഷ്യന്‍ പറഞ്ഞു. 'ഗുരോ, അങ്ങ് ഞങ്ങളോടു വിടപറയുംമുമ്പേ, അങ്ങയുടെ അന്ത്യാഭിലാഷം എന്താണെന്നു ഞങ്ങളോടു പറയുക.'

അല്പനേരം ആലോചിച്ചശേഷം അനാക്സാഗൊറാസ് പറഞ്ഞു: "ഞാന്‍ മരിക്കുമ്പോള്‍ എന്‍റെ സ്കൂളിലെ കുട്ടികള്‍ക്ക് ഒരു ദിവസത്തെ അവധി കൊടുക്കണം."

എത്രയോ ലളിതമായ അഭിലാഷം! ലളിതമായി ജീവിക്കുകയും ലളിതമായി ചിന്തിക്കുകയും ചെയ്യുക എന്നത് അമൂല്യമായ ഒരു സിദ്ധിയാണ്. അത്തരം ഒരു ലളിതജീവിതത്തിന്‍റെ മാര്‍ഗം കാണിച്ചുതന്ന നമ്മുടെ രാഷ്ട്രപിതാവിനെ നമുക്കിവിടെ സ്മരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org