അന്യരെ സഹായിക്കാം; ആത്മസംതൃപ്തി നേടാം

അന്യരെ സഹായിക്കാം; ആത്മസംതൃപ്തി നേടാം

ജോണ്‍. ജെ. പുതുച്ചിറ

കടല്‍ത്തീരത്ത് ഉലാത്തിക്കൊണ്ടിരുന്ന ചുങ് എന്ന ചൈനക്കാരന്‍ പെട്ടെന്നാണ് കടല്‍, കരയില്‍ നിന്നു പിന്‍വലിയുന്നത് ശ്രദ്ധി ച്ചത്. അപകടത്തിന്‍റെ തുടക്കമാണിതെന്ന് അയാളുടെ മനസ്സു മന്ത്രിച്ചു. കരയില്‍ നിന്നു പിന്‍വലിയുന്ന കടല്‍ പതിന്മടങ്ങു ശക്തിയോടെ ഉടന്‍തന്നെ കരയിലേക്ക് ആഞ്ഞടിക്കും. സമീപസ്ഥരെയൊക്കെ കടല്‍ വിഴുങ്ങും.

അവരെ അതിവേഗം എങ്ങനെ രക്ഷിക്കാനാവും എന്നായി ചുങ്ങിന്‍റെ ചിന്ത. ഓരോ വീട്ടിലും എത്തി വിവരം പറയുവാനുള്ള സമയമില്ല. എന്തുചെയ്യണമെന്ന് ആലോചിച്ചു നില്‍ക്കാന്‍ പോലും സമയമില്ല! ഏറെ ദൂരത്തല്ലാതെയുള്ള കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന സ്വന്തം വീട്ടിലേക്ക് അയാള്‍ ഓടി. പിന്നെ അതിനോടു ചേര്‍ന്നുള്ള തന്‍റെ ധാന്യപ്പുരയ്ക്ക് അയാള്‍ തീ വച്ചു.

ആ കുന്നിന്‍റെ മുകളില്‍ ആകാശംമുട്ടെ തീനാളങ്ങള്‍ ഉയരുന്നതുകണ്ട് ആള്‍ക്കാര്‍ അവിടേയ്ക്ക് ഓടിയടുത്തു. അതില്‍ ആ കടലോരവാസികളൊക്കെയും ഉള്‍പ്പെടുമായിരുന്നു. അവരൊക്കെ തീ അണയ്ക്കുവാന്‍ വേണ്ടി കുന്നിന്‍മുകളില്‍ എത്തിയതും ആര്‍ത്തിരമ്പിയെത്തിയ സുനാമിത്തിരകള്‍ കടലോരത്തെ വിഴുങ്ങി.

തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി തനിക്കുള്ളതു മുഴുവന്‍ ത്യജിക്കാന്‍ തയ്യാറായ ചുങ്ങിനെ കടലോരവാസികള്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു. അയാളുടെ മഹത്തായ ത്യാഗത്തിന്‍റെ ഓര്‍മ്മയ്ക്കായി ഒരു ശിലാ ഫലകവും ആ കടപ്പുറത്ത് സ്ഥാപിച്ചു. അതില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു: "ചുങ്ങിനുള്ളതു മുഴുവന്‍ ഞങ്ങള്‍ക്കു തന്നു അതും സന്തോഷപൂര്‍വ്വം."

സഹജീവികളെ സ്വന്തം സഹോദരങ്ങളെപ്പോലെ കരുതുക, ആപത്തില്‍ പരസ്പരം സഹായിക്കുക. എങ്കിലേ നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും സന്തോഷവും കൈവരൂ. ആത്മസംതൃപ്തി ലഭ്യമാകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org