അപകര്‍ഷതാബോധത്തെ എങ്ങനെ നേരിടാം?

സ്വയം തിരിച്ചറിയുക എന്നതാണ് അപകര്‍ഷതാ ബോധത്തെ നേരിടുവാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. നമ്മുടെ മനസ്സിന് നാം കൊടുക്കുന്ന നെഗറ്റീവ് സന്ദേശങ്ങളാണ് നമ്മെ അപകര്‍ഷതയിലേക്ക് നയിക്കുന്നത്.

ഉദാഹരണത്തിന് തനിക്ക് വേണ്ടത്ര നിറമില്ല, ഉയരമില്ല, താന്‍ സൗന്ദര്യം കുറഞ്ഞവളാണ് എന്നിങ്ങനെ ഒരു പെണ്‍കുട്ടി തന്നോടു തന്നെ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ ഒരിക്കലും അപകര്‍ഷതാബോധത്തില്‍ നിന്നും രക്ഷ നേടുവാന്‍ അവള്‍ക്കാവില്ല. എന്നാല്‍ തല്‍സ്ഥാനത്ത് താന്‍ മിടുക്കിയാണ്, പല മേഖലകളിലും മികവ് പുലര്‍ത്തുവാന്‍ തനിക്കാകും എന്ന് അവള്‍ തന്നോടു തന്നെ പറയുകയാണെങ്കില്‍ അപകര്‍ഷതയുടെ ഐസ് ഉരുകി ആത്മവിശ്വാസത്തിന്‍റെ ജലമായി മാറുന്നത് അനുഭവിച്ചറിയുവാന്‍ സാധിക്കും.

തന്‍റെ കഴിവുകളും കഴിവുകേടുകളും ബലവും ബലഹീനതയും ഒരു വ്യക്തിക്ക് തിരിച്ചറിയുവാനാകുമ്പോള്‍ അപകര്‍ഷതാബോധത്തിന് ആ വ്യക്തിയെ സ്പര്‍ശിക്കുവാനാകില്ല.

വട്ടമേശ സമ്മേളനത്തിന് ഇംഗ്ലണ്ടിലെത്തിയ ഗാന്ധിജിയുടെ വേഷം ഒരു മുണ്ടും ഷാളും മാത്രമായിരുന്നു. കോട്ടും സൂട്ടും ധരിച്ച ഇംഗ്ലണ്ടിലെ വരേണ്യ രാഷ്ട്രീയ പ്രഭുക്കന്മാര്‍ക്കു നടുവിലും ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുവാന്‍ ഗാന്ധിജിയെ സഹായിച്ചത് ഈ സ്വയം തിരിച്ചറിവിന്‍റെ കരുത്താണ്.

തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലാ എന്ന് ഒരു വ്യക്തി വിചാരിക്കുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പാപമെന്ന് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഏര്‍പ്പെടുന്ന പ്രവൃത്തി എന്തു തന്നെയായാലും വിജയം സുനിശ്ചിതമെന്ന് ഉറച്ചുവിശ്വസിക്കുക. വിശ്വാസത്തിന്‍റെ കരുത്തില്‍ മനസ്സിലെ അടിമത്തമാകുന്ന അപകര്‍ഷതയെ തുടച്ചുനീക്കി വിജയത്തിന്‍റെ പുത്തന്‍ അധ്യായങ്ങള്‍ രചിക്കൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org