അപകര്‍ഷതാബോധം വേണ്ട

അപകര്‍ഷതാബോധം വേണ്ട

"മറ്റുള്ളവര്‍ എന്നേക്കാള്‍ മിടുക്കരാണ്, അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ നിസ്സാരനാണ്" എന്നിങ്ങനെയുള്ള തോന്നലാണ് അപകര്‍ഷതാബോധം. ഈ അപകര്‍ഷതാബോധമാണു പലപ്പോഴും നമ്മെ ആത്മവിശ്വാസമില്ലായ്മയിലേക്കു നയിക്കുന്നത്.

ഇന്ത്യയുടെ പത്തിലൊന്നുപോലും വലിപ്പമില്ലാത്ത ബ്രിട്ടന്‍ എന്ന രാജ്യം ഐശ്വര്യത്തിന്‍റെയും സമ്പദ്സമൃദ്ധിയുടെയും വിളനിലമായിരുന്ന ഇന്ത്യയെ തങ്ങളുടെ വരുതിയിലാക്കിയതു മാനസികമായ അടിമത്തത്തിലൂടെയായിരുന്നു.

വെളുപ്പ് നിറമുള്ള ഇംഗ്ലീഷ് വംശജര്‍ ഇരുണ്ട നിറക്കാരായ ഇന്ത്യക്കാരേക്കാള്‍ മിടുക്കരാണ് എന്ന ധാരണ തദ്ദേശീയരില്‍ അവര്‍ വളര്‍ത്തിയെടുത്തു. ഈ ധാരണ ഇന്ത്യക്കാരുടെ മനസ്സിന്‍റെ അഗാധത്തില്‍ പതിഞ്ഞപ്പോള്‍ അത് ഇന്ത്യക്കാരില്‍ അപകര്‍ഷതാബോധം സൃഷ്ടിച്ചു. അങ്ങനെ എളുപ്പത്തില്‍ ഇന്ത്യയെ കീഴടക്കുവാന്‍ അവര്‍ക്കു സാധിച്ചു. ഇന്ത്യയില്‍ കളക്ടര്‍ ഉദ്യോഗം വഹിച്ചിരുന്ന പലരും സ്വാതന്ത്ര്യാനന്തരം ബ്രിട്ടനില്‍ തിരിച്ചെത്തിയപ്പോള്‍ സെയില്‍സ്മാന്‍റെ ജോലിയാണു ചെയ്തിരുന്നത്.

സ്വയം മോശക്കാരാണെന്നു നാം വിചാരിച്ചപ്പോള്‍ നമ്മേക്കാള്‍ മോശക്കാരായവര്‍ നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കും എന്നതിന് ഉത്തമോദാഹരണമാണ് ഈ സംഭവം.

ഇന്നും റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍റിലോ വെള്ളക്കാരെ കണ്ടാല്‍ ആരാധനയോടെ നോക്കിനില്ക്കുന്നവര്‍ നമ്മുടെയിടയില്‍ ധാരാളമുണ്ട്. വെള്ളക്കാരനെ ആരാധനയോടെ നോക്കി സ്വന്തം നിറത്തെയോര്‍ത്ത് അപകര്‍ഷതയാല്‍ തല താഴ്ത്തുന്നവര്‍ ഇന്നും മാനസികമായ അടിമത്തത്തിന്‍റെ തടവറയിലാണു കഴിയുന്നത്.

സ്വയം തിരിച്ചറിയുക എന്നതാണ് അപകര്‍ഷതാബോധത്തെ നേരിടുവാനുള്ള ഏറ്റവും മികച്ച മാര്‍ഗം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org