+2കാരുടെ A+കള്‍

+2കാരുടെ A+കള്‍

ജോസ്മോന്‍ എഴുപതിന്‍ചിറ
ആലുവ

മേഴ്സിടീച്ചറിന് എത്തിച്ചേരാന്‍ സാധിക്കാത്ത ഞായറാഴ്ചകളില്‍ +2കാരുടെ മതബോധനത്തിന് ഞാന്‍ സഹായിക്കുമായിരുന്നു. കുട്ടികളെ സമര്‍പ്പിച്ച് ജപമാല ചൊല്ലുന്ന നേരം പരിശുദ്ധാത്മാവ് ഒരു പ്രേരണ തന്നു. "പന്ത്രണ്ടു വര്‍ഷത്തെ വിശ്വാസപരിശീലനത്തിലൂടെ ലഭിച്ച നന്മകള്‍ കുട്ടികളെക്കൊണ്ട് എഴുതിക്കുക." എല്ലാവരും തങ്ങള്‍ക്കു കിട്ടിയ അനുഗ്രഹങ്ങള്‍ ഭംഗിയായി എഴുതിത്തന്നു.

നമ്മുടെ കുട്ടികള്‍ എത്ര ആഴമുള്ള വിശ്വാസത്തിന്‍റെ ഉടമകളാണെന്ന് തിരിച്ചറിഞ്ഞ ദിനമായിരുന്നു അത്. ഈശോയോടും കൂദാശകളോടും പാവങ്ങളോടുമുള്ള അവരുടെ സ്നേഹവും അടുപ്പവും എന്നെ അത്ഭുതപ്പെടുത്തി. അത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല. നാം പുറമെ കാണുന്നതല്ല; ഒത്തിരി നന്മയും കരുണയുമുള്ള മക്കളാണവര്‍. മക്കള്‍ക്ക് ഈശോയെ നല്കിയാല്‍ പിന്നെ അവരെക്കുറിച്ച് ഉത്ക്കണ്ഠ വേണ്ട. വിശ്വാസപരിശീലനത്തിലൂടെ അതാണ് സംഭവിക്കുന്നത്.

ആലുവ സെന്‍റ് ഡൊമിനിക് മതബോധന യൂണിറ്റിലെ മിടുമിടുക്കരും ഈശോയുടെ പ്രിയപ്പെട്ടവരുമായ നമ്മുടെ മക്കളുടെ 12 വര്‍ഷത്തെ വിശ്വാസപരിശീലന അനുഭവങ്ങളില്‍ ചിലത്.

പന്ത്രണ്ടു വര്‍ഷത്തെ വിശ്വാസ പരിശീലനത്തില്‍നിന്ന്
എന്നെ സ്വാധീനിച്ച കുറെ കാര്യങ്ങള്‍ ഉണ്ട്.
ദൈവത്തിന് എന്‍റെ ജീവിതത്തില്‍ വലിയ സ്ഥാനം കൊടുക്കണമെന്നു മനസ്സിലായി. എന്‍റെ പപ്പയായും, അമ്മയായും, സഹോദരനായും, കൂട്ടുകാരനായും എനിക്ക് ഈശോയെ സ്നേഹിക്കാന്‍ കഴിഞ്ഞു. എന്ത് പ്രശ്നം വന്നാലും ചെന്ന് പറയാനും ഇണങ്ങാനും പിണങ്ങാനും എന്‍റെ എല്ലാ കാര്യങ്ങളും ഈശോയോടു പറയാനും എനിക്ക് സാധിക്കാറുണ്ട്. അത് ഈ 12 വര്‍ഷത്തെ പരിശീലനത്തില്‍ നിന്നാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എല്ലാവരെയും സഹായിക്കണം എന്നും, ഒരിക്കലും സെല്‍ഫിഷ് ആകരുതെന്നും ഈ പരിശീലനവേളയില്‍ ഞാന്‍ പഠിച്ചു. മാതാപിതാക്കളെ സ്നേഹിക്കണമെന്നും മനസ്സിലായി.
ഒരു വിദ്യാര്‍ത്ഥി

മതാദ്ധ്യാപകരുടെ അനുഭവങ്ങള്‍ എന്നെ പ്രാര്‍ത്ഥനയിലേക്ക് നയിച്ചു.
ഈ പന്ത്രണ്ടുവര്‍ഷത്തെ മതബോധനം എന്നെ സ്വാധീനിച്ചത് പ്രാര്‍ത്ഥനയിലാണ്. ഇതിലൂടെ ദൈവത്തെ കൂടുതല്‍ അടുത്തറിയുവാനും അനുഭവിക്കുവാനും സാധിച്ചു. ഇതിലേക്കുള്ള വഴികാട്ടി മതബോധന അധ്യാപകരാണ്. അവരുടെ അനുഭവങ്ങളാണ് എന്നെ പ്രാര്‍ത്ഥനയിലേക്ക് കൂടുതല്‍ നയിച്ചത്. പ്രാര്‍ത്ഥനയോടു കൂടുതല്‍ താത്പര്യം വരാന്‍ തുടങ്ങിയതും മതബോധന പഠനത്തിലൂടെയാണ്. പ്രാര്‍ത്ഥനയിലൂടെ പഠനത്തിലും ഉന്നതിയിലെത്താന്‍ സാധിച്ചു.
ഒരു വിദ്യാര്‍ത്ഥിനി

ഞാന്‍ തെറ്റിലേക്ക് വഴുതിപ്പോകുമ്പോള്‍ കുമ്പസാരിച്ച് പാപമോചനം നേടാന്‍ സാധിച്ചു.
വിശ്വാസപരിശീലനം 12 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ അവസരത്തില്‍, എന്നെ പഠിപ്പിച്ച എല്ലാ അദ്ധ്യാപകരെയും ദൈവത്തെയും ഒരായിരം നന്ദിയോടെ ഞാന്‍ ഓര്‍ക്കുന്നു. ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കാനും ഏത് പ്രതികൂല സാഹചര്യങ്ങളിലായാലും എന്നെ കൈപിടിച്ചു നടത്തുന്ന എന്‍റെ ഈശോ എന്നെ സഹായിക്കും എന്ന ഉത്തമമായ ബോധം എനിക്കുണ്ടായി. ഏതൊക്കെയാണ് തെറ്റ്, ഏതൊക്കെയാണ് ശരി എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാലും തെറ്റിലേക്ക് വഴുതിപ്പോകുമ്പോള്‍ സൗകര്യമനുസരിച്ച് പള്ളിയില്‍ പോകാനും, കുമ്പസാരിച്ച് പാപത്തില്‍ നിന്ന് വിമോചനം നേടാനും എനിക്ക് സാധിച്ചിട്ടുണ്ട്. ആദ്യമൊക്കെ അവരോട് നല്ല ദേഷ്യം തോന്നുകയും മിണ്ടാതിരിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങളുടെ വേദപാഠക്ലാസ്സും അവിടുത്തെ കൂട്ടുകാരെയും എന്തായാലും മിസ്സ് ചെയ്യും. അതുപോലെ ഐബിസി കോഴ്സും നഷ്ടപ്പെടും. എനിക്ക് ഒത്തിരി ഇഷ്ടമുള്ള മൂന്നു ദിവസങ്ങള്‍ ഇനി ഒരിക്കലും വെക്കേഷന് ഉണ്ടാകില്ല എന്നതോര്‍ക്കുമ്പോള്‍ വ്യക്തിപരമായി വലിയ സങ്കടം തോന്നുന്നു. സത്യം പറഞ്ഞാല്‍ ശരിക്കും അടിപൊളിയായിരുന്നു.
ഒരു വിദ്യാര്‍ത്ഥിനി

'ഔട്ട്റീച്ച് പ്രോഗ്രാമുകള്‍' ജീവിതത്തെ മാറ്റിമറിച്ചു
വിശ്വാസപരിശീലനത്തിലൂടെ എനിക്ക് ദൈവത്തിന്‍റെ പ്രവൃത്തികളെക്കുറിച്ചെല്ലാം മനസ്സിലാക്കാന്‍ പറ്റി. മറ്റുള്ളവരോട് എങ്ങനെ സ്നേഹത്തോടെയും ഐക്യത്തോടെയും പെരുമാറണമെന്നും വിശ്വാസപരിശീലനത്തിലൂടെ ഞാന്‍ പഠിച്ചു. ഓരോ വര്‍ഷവും പലതരത്തിലുള്ള അനുഭവങ്ങള്‍ എനിക്കു കിട്ടി. ഔട്ട്റീച്ച് പ്രോഗ്രാമുകള്‍ എന്‍റെ ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ക്കു കാരണമായിത്തീരുന്നു. ദൈവത്തിലുള്ള എന്‍റെ വിശ്വാസം ആഴപ്പെടുത്താന്‍ സഹായിച്ചു. ഈശോയിലൂടെയാണ് രക്ഷ കൈവരികയുള്ളൂ എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു.
ഒരു വിദ്യാര്‍ത്ഥി

മാതാപിതാക്കളും അധ്യാപകരും കാണാതെ പോകുന്ന നമ്മുടെ മക്കളുടെ ഈ നന്മകളല്ലേ ശരിക്കും A+കള്‍?

പ്ലസ് ടുക്കാരുടെ വിശ്വാസപ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടയായപ്പോള്‍ കണ്ട ഒരു സുന്ദരമായ കാഴ്ച… അവര്‍ 25 പേര്‍ ഞായറാഴ്ച ദിവ്യബലി മധ്യേ ദേവാലയത്തിന് നടുവില്‍, പ്രത്യേക ഇരിപ്പിടം… ഇടവക വികാരി ഉപഹാരങ്ങള്‍ നല്കുന്നു… ആദരിക്കുന്നു… ആശംസകള്‍ വേറെ… എന്‍റെ ഹൃദയം നിറഞ്ഞു… മിഴികളും….

നമ്മള്‍ മുതിര്‍ന്ന മക്കളെ കുറെക്കൂടി സ്നേഹിക്കണം… അംഗീകരിക്കണം… വിശ്വാസിക്കണം… കാരണം നാം വിചാരിക്കുന്നതിനേക്കാള്‍ നല്ല മക്കളാണവര്‍…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org