ആര്‍ക്കിടെക്ചര്‍

ആര്‍ക്കിടെക്ചര്‍

യുവര്‍ കരിയര്‍

എം. ഷൈറജ്

വീടുകള്‍, ഓഫീസുകള്‍, സ്കൂളുകള്‍, നഗരങ്ങള്‍, ഫാക്ടറികള്‍, ദേവാലയങ്ങള്‍, ആശുപത്രികള്‍, എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍, ഷോപ്പിങ്ങ് കോംപ്ലക്സുകള്‍, ഹൗസിംഗ്കോളനികള്‍, അപ്പാര്‍ട്ട്മെന്‍റ് തുടങ്ങി വിവിധതരം കെട്ടിടങ്ങളുടെ രൂപകല്പനയും പ്ലാനിങ്ങും ആര്‍ക്കിടെക്ടുകളുടെ തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടും. സാങ്കേതികതയും സര്‍ഗ്ഗാത്മകതയും കരകൗശലവും ഒത്തുചേരുന്ന വൈദഗ്ധ്യമാണ് ഈ കരിയറിന് ആവശ്യം.

മനോഹരമായ പ്ലാനുകള്‍ വരയ്ക്കുക എന്നത് ആര്‍ക്കിടെക്ടുകളുടെ ചുമതലയുടെ ഒരു ഭാഗം മാത്രമാണ്. കാലാവസ്ഥയ്ക്കും ഉപഭോക്താവിനും പ്രാദേശികതയ്ക്കും അനുയോജ്യമായ തരത്തിലുള്ള രൂപകല്പനയാണു ഈ മേഖലയിലുള്ളത്.

മികച്ച സര്‍ഗ്ഗാത്മകതയും ചിത്ര രചനപാടവും ശാസ്ത്രീയ ആഭിമുഖ്യവുമൊക്കെ ആര്‍ക്കിടെക്ചര്‍ പഠനത്തിന് അനുപേക്ഷണീയമാണ്.

കോഴ്സുകള്‍
പഞ്ചവത്സര B.Arch (ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍) കോഴ്സ് ആണ് ആര്‍ക്കിടെക്ചര്‍ പഠനത്തിനുള്ള അടിസ്ഥാന ബിരുദം. മാസ്റ്റര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (M.Arch), മാസ്റ്റര്‍ഓഫ്പ്ലാനിങ്, മാസ്റ്റര്‍ ഓഫ് ലാന്‍ഡ് സ്കേപ് ആര്‍ക്കിടെക്ചര്‍ എന്നിങ്ങനെ ബിരുദാനന്തര ബിരുദ പഠനങ്ങളുമുണ്ട്. ഗവേഷണ പഠനത്തിനും അതുവഴി Ph.D നേടാനുമുള്ള അവസരവുണ്ട്.

ഭാരതസര്‍ക്കാരിന്‍റെ കീഴിലുള്ള കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിനാണ് ഇന്ത്യയിലെ ആര്‍ക്കിടെക്ചര്‍ പഠനത്തിന്‍റെ നിയന്ത്രണം. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ മാത്രമേ പഠനം നടത്താവൂ.

B.Arch പഠനത്തിനുള്ള അടിസ്ഥാന യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ആണ്. കണക്ക് ഒരു വിഷയമായി പഠിച്ചിരിക്കണം.

അഡ്മിഷന്‍
ആര്‍ക്കിടെക്ചര്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന NAT (നാഷണല്‍ ആപ്ടിറ്റ്യുഡ് ടെസ്റ്റ്) എഴുതണം.

NAT പരീക്ഷയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ടെസ്റ്റും രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയും. മാത്തമാറ്റിക്സ്, ജനറല്‍ ആപ്ടിറ്റ്യുഡ് എന്നിവയാണ് ഓണ്‍ലൈന്‍ പരീക്ഷയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വെര്‍ബല്‍ – നോണ്‍ വെര്‍ബല്‍-ന്യൂമെറിക്കല്‍ റീസണിങ്ങിനോടൊപ്പം അഭിരുചിയും അളക്കും. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉണ്ടാവും. ആര്‍ക്കിടെക്ചര്‍ രംഗത്തെ പദാവലികള്‍, നിര്‍മാണ സാമഗ്രികള്‍, പ്രധാന നിര്‍മിതികള്‍, അവയുടെ സവിശേഷതകള്‍, നിര്‍മാണ രംഗത്തെ പുത്തന്‍ പ്രവണതകള്‍ എന്നിവയൊക്കെ ചോദ്യങ്ങളില്‍ ഉള്‍പ്പെടാം. അഭിരുചി പരീക്ഷയില്‍ ഡ്രോയിംഗ് ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഏ4 പേപ്പറിലാണ് വരയ്ക്കേണ്ടത്. വസ്തുക്കളെ പല കോണില്‍ നിന്ന് കാണാനും അവയുടെ അനുപാതം ലംഘിക്കാതെ വരയ്ക്കുന്നതിനുമുള്ള കഴിവാണ് പരിശോധിക്കുക. വെളിച്ചത്തെയും നിഴലിനെയും കുറിച്ചുള്ള അവബോധവും പരിശോധിക്കപ്പെടും.

ഐഐടികള്‍, എന്‍ഐടികള്‍ എന്നിവ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും അഡ്മിഷന്‍ NATA ടെസ്റ്റ് അടിസ്ഥാനത്തിലാണ്.

ഐഐടികള്‍, എന്‍ഐടികള്‍ എന്നിവയിലെ ആര്‍ക്കിടെക്ചര്‍ അഡ്മിഷനുവേണ്ടി ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷനാണ് (JEE) എഴുതേണ്ടത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളോടെ പ്ലസ്ടു പാസ്സായിരിക്കണം. JEE യ്ക്കും രണ്ടു ഭാഗങ്ങളുണ്ട്. കണക്കും ജനറല്‍ ആപ്ടിറ്റ്യുഡും ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ പരീക്ഷയും ഡ്രോയിംഗ് ഉള്‍പ്പെടുന്ന അഭിരുചി പരീക്ഷയും.

കേരളത്തിലെ B.Arch പ്രവേശനം NATA യുടെയും പ്ലസ്ടു പരീക്ഷയുടെയും അടിസ്ഥാനത്തിലാണ്. രണ്ടു മാര്‍ക്കുകളും തുല്യ അനുപാതത്തില്‍ കൂട്ടിയതിനുശേഷമാണ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുക.

സ്ഥാപനങ്ങള്‍
മേല്‍സൂചിപ്പിച്ചതുപോലെ ഐഐടികള്‍, എന്‍ഐടികള്‍ തുടങ്ങിയവയിലും മറ്റു സ്ഥാപനങ്ങളിലും ആര്‍ക്കിടെക്ചര്‍ പഠനത്തിന് അവസരം ഉണ്ട്.

കേരളത്തില്‍ മുപ്പത് ആര്‍ക്കിടെക്ചര്‍ കോളേജുകള്‍ ഉണ്ട്. ഇവയില്‍ തിരുവനന്തപുരം ഗവണ്‍മെന്‍റ് എന്‍ജിനീയറിംഗ് കോളേജ്, കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളേജ്, തൃശൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിംഗ് കോളേജ്, കോട്ടയത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവ ഗവണ്‍മെന്‍റ് / എയ്ഡഡ് സ്ഥാപനങ്ങള്‍ ആണ്. മറ്റു കോളേജുകള്‍ സ്വാശ്രയ മേഖലയില്‍ ആണ്.

റൂര്‍ക്കി ഐഐടി, ഗൊരഖ് പുര്‍ ഐഐടി, ന്യൂഡല്‍ഹിയിലെ സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, മുംബൈയിലെ സര്‍ ജെ.ജെ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, സ്കൂള്‍ ഓഫ് പ്ലാനിങ് ഭോപ്പാല്‍, ജാമിയ മിലിയ ഇസ്ലാമിയ ആര്‍ക്കിടെക്ചര്‍ സ്കൂള്‍, റാഞ്ചിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍, മൈസൂരിലെ സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ഹൈദരാബാദിലെ സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ബാംഗ്ലൂര്‍ പിഎംഎസ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, വിജയവാഡ സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, വിവിധ എന്‍ഐടികളിലെ ആര്‍ക്കിടെക്ചര്‍ വിഭാഗങ്ങള്‍ തുടങ്ങിയവ ദേശീയ തലത്തിലെ മികച്ച സ്ഥാപനങ്ങള്‍ ആയി കണക്കാക്കപ്പെടുന്നു.

ആര്‍ക്കിടെക്ചര്‍ രംഗത്ത് വിദേശ പഠനത്തിനുള്ള അവസരം ഉണ്ട്. എന്നാല്‍ വിദേശ പഠനത്തിനുള്ള ചെലവ് വളരെയധികം ആണെന്ന് ഓര്‍ക്കണം. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മാഞ്ചസ്റ്റര്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍, മസാച്ചുസെറ്റ്സ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് – ഓസ്റ്റിന്‍, കൊളംബിയ യൂണിവേഴ്സിറ്റി, കോര്‍ണല്‍ സര്‍വ്വകലാശാല, ഹാവാര്‍ഡ് സര്‍വകലാശാല തുടങ്ങിയവ മുന്‍നിര സ്ഥാപനങ്ങളാണ്.

തൊഴില്‍സാധ്യത
ആര്‍ക്കിടെക്ചര്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്വന്തമായി പ്രാക്ടീസ് ചെയ്യാം. പൊതുമേഖലാ സ്ഥാപനങ്ങള്‍, നിര്‍മ്മാണ മേഖലയിലെ സ്ഥാപനങ്ങള്‍, അര്‍ബന്‍ ഡെവലപ്മെന്‍റ് സ്ഥാപനങ്ങള്‍, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയിലൊക്കെ തൊഴില്‍ ലഭിക്കാം. സര്‍ക്കാര്‍ തലത്തിലും അവസരമുണ്ട്. വിദേശരാജ്യങ്ങളിലെ ആര്‍ക്കിടെക്ട് കണ്‍സള്‍ട്ടന്‍സികളിലും തൊഴില്‍ നേടാം.

അഭിരുചികള്‍
നല്ലവണ്ണം ചിത്രം വരയ്ക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് ആര്‍ക്കിടെക്ചര്‍ പഠനം ഇണങ്ങുന്നത് എന്നത് ശരിയായ ധാരണയല്ല. ചിത്ര കലാപാടവം ആര്‍ക്കിടെക്ചര്‍ പഠനത്തെ സഹായിക്കുമെന്നത് സത്യമാണെങ്കിലും ചിത്രകലയല്ല ആര്‍ക്കിടെക്ചര്‍ പഠനം. കെട്ടിടങ്ങളുടെയും മറ്റും ഡിസൈനിങ് ആണ് ഈ മേഖലയിലുള്ളത്. ഭാവന, സര്‍ഗ്ഗാത്മകത, പ്രശ്നപരിഹാര പാടവം, ഒരു ടീമിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള കഴിവ്, ആശയ വിനിമയപാടവം, വിഷ്വലൈസേഷന്‍, നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവ്, ശാസ്ത്രീയ ആഭിമുഖ്യം എന്നിവയൊക്കെ ആര്‍ക്കിടെക്ചര്‍ പഠനത്തിന് അനുയോജ്യമായ വ്യക്തിഗുണങ്ങളാണ്.

തൊഴില്‍രംഗം
മറ്റേതു തൊഴില്‍ മേഖലയിലും പോലെ ഈ രംഗത്തും നല്ല മത്സരം ആണുള്ളത്. അതുകൊണ്ട് ആര്‍ക്കിടെക്ചര്‍ പഠനം ഏറ്റവും മികച്ച സ്ഥാപനത്തില്‍ ആകുന്നത് ഏറെ ഗുണകരമായിരിക്കും.

വെബ്സൈറ്റുകള്‍
www.nata.in
www.cee.kerala.gov.in
www.jeemain.nic.in
www.coa.gov.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org