പ്രസന്ന മാനസം

പ്രസന്ന മാനസം

ആരോഗ്യനൈവേദ്യം

ഫാ. പീറ്റര്‍ തിരുതനത്തില്‍

"മൈത്രികരുണ മുദിതോപേക്ഷാനാം
സുഖദുഖപുണ്യാപുണ്യ വിഷയാനാം
ഭാവനാത് ചിത്തപ്രസാദനം"

(സുഖികളോട് മിത്രതാഭാവം, ദുഃഖിക്കുന്നവരോട് കാരുണ്യം, നന്മയുള്ളവരോട് സന്തോഷം, തിന്മ ചെയ്യുന്നവരോട് ഉപേക്ഷാ ഭാവം (നിസംഗത) എന്നിവ സ്ഥിരമായി ശീലിച്ചാല്‍ ചിത്തം പ്രസാദാത്മകമാകും).

മനസ്സമാധാനം ആഗ്രഹിക്കാത്ത ആരും തന്നെയില്ല. സ്വസ്ഥവൃത്തമാണല്ലൊ നമ്മുടെ ആശ. ചിത്തം പ്രസന്നമാകാന്‍ മഹര്‍ഷി ചില ഉപായങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ആവര്‍ത്തനം കൊണ്ടേ ഇത് സാധ്യമാകൂ എന്നുകൂടി ഓര്‍ക്കണം.

അസൂയ, വിദ്വേഷം, വെറുപ്പ്, അന്യരുടെ തകര്‍ച്ചയിലും ദുഃഖത്തിലുമുള്ള ഗൂഢമായ സന്തോഷം ഇതെല്ലാമാണ് അസ്വസ്ഥ മാനസത്തിന്‍റെ കാരണങ്ങള്‍. ഇതിനു വിപരീതമായ പുണ്യങ്ങള്‍ പരിശീലിക്കുക പ്രഥമവും പ്രധാനവുമാണ്. അനേക തരത്തിലുള്ള ആളുകളോടിടപെടുമ്പോള്‍ ആത്മീയ അന്വേഷിയുടെ വ്യവഹാര ക്രമങ്ങള്‍ എപ്രകാരമായിരിക്കണമെന്നു ഇവിടെ സൂചിപ്പിക്കുന്നു.

1. മിത്രതാഭാവം – തീര്‍ത്തും സന്തോഷമായിരിക്കുന്നവരെ കാണുമ്പോള്‍ നമുക്കു ഈര്‍ഷ്യയും അസൂയയുമാണുണ്ടാകുക. ഇവ രണ്ടും ഖിന്നത വളര്‍ത്തും. മനസമാധാനം നഷ്ടപ്പെടും. സുഖവും സന്തോഷവുമായി കഴിയുന്നവരോട് സൗഹാര്‍ദമാണ് പ്രകടിപ്പിക്കേണ്ടത്. അതുകൊണ്ട് സുഖികളോട് മിത്രതാഭാവം പുലര്‍ത്തണം. വിവാഹിതനായ മകന്‍റെ സ്നേഹം മരുമകള്‍ക്കും വീതിച്ചു പോകുമല്ലോ എന്നോര്‍ത്തു ദുഃഖിക്കുകയും വിഷമിക്കുകയും ചെയ്യുന്ന അമ്മയുടെ വികാരം വളരെ ചെറിയ തോതിലാണെങ്കില്‍ പോലും അകറ്റേണ്ടതുതന്നെ.

2. കരുണ – ഒത്തിരി പരിഭവവും, സങ്കടങ്ങളും, ഇല്ലായ്മകളും പങ്കുവക്കുന്നവരോട് വെറുപ്പും അവജ്ഞയും തോന്നുക സര്‍വ്വസാധാരണം. വെറുപ്പ് ആത്മീയ ജ്വാലയെ തല്ലിക്കെടുത്തും. ഇങ്ങനെയുള്ളവരോട് കാണിക്കേണ്ടുന്ന വികാരതലം കാരുണ്യത്തിന്‍റേതാണ്. അവരുടെ കണ്ണീരൊപ്പാന്‍ പറ്റുന്ന സഹായ ഹസ്തങ്ങള്‍ ഉറപ്പു വരുത്തുക എന്നത് ദുഃഖത്തിന്‍റെ താപം കുറയ്ക്കുമെന്നു മാത്രമല്ല സാധകന് ആഹ്ലാദവും സമ്മാനിക്കും.

3. മുദിതം – നന്മ ചെയ്യുന്നവര്‍ക്കും കഠിനാദ്ധ്വനികള്‍ക്കുമൊക്കെ അംഗീകാരം കിട്ടുക സ്വാഭാവികം. മറ്റുള്ളവരുടെ ആദരം പിടിച്ചുപറ്റുന്നവരോട് ഹൃദയം നിറഞ്ഞ സന്തോഷഭാവം പരിശീലിക്കണം. തന്നോടൊപ്പം യാത്ര ചെയ്യുന്നവരുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അഭിമാനവും ആനന്ദവുമുണ്ടാകട്ടെ.

4. ഉപേക്ഷ – സമൂഹത്തിനും കുടുംബത്തിനും നിരക്കാത്ത അധാര്‍മ്മികരും ദ്രോഹികളുമായ ദുഷ്ടവ്യക്തികളോട് ഉപേക്ഷാമ നോഭാവം (ഉദാസീനത) പാലിക്കണം. നിസ്സംഗതാമനോഭാവത്തോടൊപ്പം അവരുടെ നന്മയ്ക്കു വേണ്ടി കുരിശില്‍കിടന്നു പ്രാര്‍ത്ഥിച്ച ക്രിസ്തുമനോഭാവം ഉണ്ടാകുകയും വേണം. സ്വാഭാവികമായുണ്ടാകുന്ന അസൂയ, വെറുപ്പ് തുടങ്ങിയ വികാരങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പിഴുതെറിയുക അസാധ്യംതന്നെ. പാപങ്ങള്‍ക്ക് എതിരായ പുണ്യങ്ങള്‍ അഭ്യാസത്തിലൂടെ തന്നെയേ കരഗതമാക്കാനാകൂ.

ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ലഭിച്ചിരിക്കുന്ന ഹ്രസ്വകാലയളവ് മനസമാധാന പൂര്‍ണ്ണമാക്കാന്‍ മേല്‍പ്പറഞ്ഞ സൂക്തങ്ങള്‍ വഴി വിളക്കാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org