നിര്‍മ്മിത ബുദ്ധി

നിര്‍മ്മിത ബുദ്ധി

യുവര്‍ കരിയര്‍

എം. ഷൈറജ്

അതിവേഗം വളരുന്ന സാങ്കേതികവിദ്യയും ശാസ്ത്രവും മനുഷ്യജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. കമ്പ്യൂട്ടറിന്‍റെ വരവോടെ മാറ്റിമറിക്കപ്പെട്ട നമ്മുടെ ജീവിതരീതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ നിര്‍മിതബുദ്ധിയുടെ വളര്‍ച്ചയോടെ കൂടുതല്‍ വ്യത്യസ്തമാകാന്‍ പോവുകയാണ്. കമ്പ്യൂട്ടര്‍ വ്യാപകമായി വന്ന കാലഘട്ടത്തില്‍ വലിയ തോതില്‍ തൊഴില്‍ നഷ്ടം സംഭവിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. അതിനു സമാനമായ സംശയങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കാര്യത്തിലും പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്നാല്‍ ചില തൊഴില്‍ മേഖലകള്‍ നിര്‍മ്മിതബുദ്ധി കയ്യടക്കുമെങ്കിലും സമാന്തരമായി പല പുതിയ തൊഴില്‍ രംഗങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുഖേന ത്വരിതപ്പെടുത്തുമെന്നും അങ്ങനെ സന്തുലിതാവസ്ഥ നിലനില്ക്കുമെന്നും മറുപക്ഷം വാദിക്കുന്നു.

എന്താണു നിര്‍മ്മിതബുദ്ധി?
മനുഷ്യബുദ്ധിയും പ്രതികരണവും വിവേകവും വിശകലനശേഷിയുമൊക്കെ ആവശ്യമായ പ്രവൃത്തികള്‍ കമ്പ്യൂട്ടര്‍ സിസ്റ്റത്തെക്കൊണ്ടു ചെയ്യിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നു പറയാം. പഠിക്കാനും ചിന്തിക്കുവാനും തീരുമാങ്ങളെടുക്കുവാനും കമ്പ്യൂട്ടറുകളെ സജ്ജമാക്കുന്ന വിദ്യയാണിത്. മനുഷ്യരുടെ ബുദ്ധിയെയും ചിന്താശതക്തിയെയും അനുകരിക്കാന്‍ മനുഷ്യര്‍ തന്നെ യന്ത്രങ്ങളെ പരിശീലിപ്പിക്കുകയാണിവിടെ. 2030 ആകുമ്പോഴേക്കും ജീവിതത്തിന്‍റെ സമസ്തമേഖലകളിലും നിര്‍മ്മിതബുദ്ധിയുടെ സ്വാധീനവുമുണ്ടാകുമെന്നും നമ്മുടെ ജീവിതശൈലി പുതുതായിത്തീരുമെന്നും കരുതപ്പെടുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനോടൊപ്പം റോബോട്ടിക്സ്, അനലറ്റിക്സ്, മെഷിന്‍ ലേണിംഗ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്, ക്ലൗഡ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളും വളര്‍ച്ച പ്രാപിക്കുകയാണ്. ഇവയൊക്കൊ ചേര്‍ന്നാവും ഇനിയുള്ള കാലത്തെ നിയന്ത്രിക്കുന്നത്.

ഇപ്പോഴത്തെ സ്ഥിതി
ആപ്പിള്‍ ഐഫോണിന്‍റെ വോയ്സ് അസിസ്റ്റന്‍റായ സിരി, ആമസോണിന്‍റെ അലക്സ, ഗൂഗിള്‍ വെര്‍ച്വല്‍ അസിസ്റ്റന്‍റായ ഗൂഗിള്‍ അസിസ്റ്റന്‍റ് എന്നിവയൊക്കെ നിര്‍മിതബുദ്ധിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ്. വീട്ടില്‍ നിന്ന് അകലെയായാലും വീട്ടിലെ കാര്യങ്ങള്‍ നിരീക്ഷിക്കുവാനും വിലയിരുത്തുവാനും വളര്‍ത്തുനായ്ക്കള്‍ക്കുവരെ നിര്‍ദ്ദേശങ്ങള്‍ നല്കുവാനുമുതകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഐബിഎം, ഫേസ്ബുക്ക് തുടങ്ങിയ വന്‍കിട ടെക്കമ്പനികള്‍ തുടങ്ങി സ്റ്റാര്‍ട്ടപ്പുകള്‍ വരെ വലിയ പരീക്ഷണങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയില്‍ നടത്തുന്നത്. ഉദാഹരണമായി, മുമ്പൊക്കെ ഫേസ് ബുക്കില്‍ ഒരു ഫോട്ടോ ടാഗ് ചെയ്യണമെങ്കില്‍ ഉപയോക്താവ് തന്നെ ആളുകളുടെ ഇമേജ് തിരഞ്ഞെടുത്തു ടാഗ് ചെയ്യണമായിരുന്നു. എന്നാലിപ്പോള്‍ ഫോട്ടോയിലുള്ള മുഖങ്ങള്‍ ഫേസ് റെക്കഗനിഷനിലൂടെ ആട്ടോമാറ്റിക് ടാഗ് ചെയ്യുന്ന സംവിധാനമുണ്ട്. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചാണിതു ചെയ്യുന്നത്. ഡ്രൈവര്‍ ആവശ്യമില്ലാത്ത കാറുകള്‍ വികസിപ്പിച്ചെടുത്തതും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ്. രോഗപ്രതിരോധം, രോഗനിര്‍ണ്ണയം, സര്‍ജന്‍ വിദൂരത്തിരുന്നുകൊണ്ടു യന്ത്രങ്ങളുപയോഗിച്ചുള്ള ശസ്ത്രക്രിയ എന്നിവയിലൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കപ്പെടുന്നുണ്ട്. ഇഷ്ടഭക്ഷണം മുതല്‍ ജീവിതപങ്കാളിയെവരെ തിരഞ്ഞെടുക്കാന്‍ ഉതകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സിസ്റ്റങ്ങള്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. എല്ലാ മേഖലകളിലും നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം പരിമിതമായി അതുമില്ലെങ്കിലും ഇപ്പോള്‍ത്തന്നെയുണ്ടെന്നു സാരം. വരുംകൊല്ലങ്ങളില്‍ ഇതു പതിന്മടങ്ങാവുമെന്നതിലും സംശയം വേണ്ട.

തൊഴില്‍ നഷ്ടം
നിര്‍മ്മിതബുദ്ധിയുടെ വളര്‍ച്ചയിലൂടെ ഒട്ടുമിക്ക വൈറ്റ് കോളര്‍ ജോലികളിലും മനുഷ്യസാന്നിദ്ധ്യം കുറയ്ക്കപ്പെടും. ആവര്‍ത്തനസ്വഭാവമുളള ഇത്തരം ജോലികള്‍ യന്ത്രങ്ങളെ ഏല്പിക്കുന്നതിലൂടെ ചെലവ് വളരെയികം പരിമിതപ്പെടുത്താമെന്നതിലാണിത്. കോള്‍ സെന്‍റര്‍, കസ്റ്റമര്‍ കെയര്‍, ട്രാന്‍സിലേഷന്‍റെ ടെലിമാര്‍ക്കറ്റിംഗ്, ക്ലര്‍ക്കുമാര്‍, വീഡിയോ എഡിറ്റിംഗ്, കൊറിയര്‍, ചെറുകിട വില്പനകേന്ദ്രങ്ങള്‍ എന്നിവയിലൊക്കെ വലിയ രീതിയില്‍ തൊഴില്‍ സാദ്ധ്യത കുറയാനിടയുണ്ട്.

തൊഴില്‍ സാദ്ധ്യത
ചില മേഖലകളില്‍ തൊഴില്‍ നഷ്ടമുണ്ടാവുമെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലൂടെ നിരവധി പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണു വിദഗ്ദ്ധരുടെ വിലയിരുത്തല്‍. അത്തരം തൊഴിലുകള്‍ക്കായി തയ്യാറെടുക്കാന്‍ തൊഴിലന്വേഷകര്‍ക്കു കഴിയണം. അതിനാവശ്യമായ പ്രാവീണ്യം നേടാന്‍ ശ്രമിക്കുകയും വേണം. ലോകവ്യാപകമായി 16 ശതമാനം പുതിയ ജോലികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുഖേന സൃഷ്ടിക്കപ്പെട്ടതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പഠനം
നിര്‍മ്മിതബുദ്ധി ഒരു സാങ്കേതികവിദ്യാമേഖലയായതിനാല്‍ കമ്പ്യൂട്ടര്‍ അടിസ്ഥാനമായ ടെക്നിക്കല്‍ വിദ്യാഭ്യാസമാണ് ആവശ്യം. സിബിഎസ്ഇ 8, 9, 10 ക്ലാസ്സുകളില്‍ ഇലക്ടീവായി ഈ വര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ തലത്തില്‍ ഈ ഇലക്ട്രീവ് പഠിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ അടിസ്ഥാനതത്ത്വങ്ങള്‍ മനസ്സിലാക്കുവാനും അതു പഠന-തൊഴില്‍ മേഖലയായി തിരഞ്ഞെടുക്കണമോയെന്നു തീരുമാനിക്കാനും വിദ്യാര്‍ത്ഥികള്‍ക്കു കഴിയും.

എന്‍ജിനീയറിംഗ് ഡിഗ്രി-ഡിപ്ലോമാ കഴിഞ്ഞവര്‍ക്കു/റോബോ ട്ടിക്സ്/അനലറ്റിക് രംഗങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകള്‍ പഠിക്കുന്നതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയില്‍ പ്രവേശിക്കാനാകും. റോബോട്ടിക് പ്രോസസ് ആട്ടോമേഷന്‍ (RPA), യു ഐ പാത്ത്, ആട്ടോമേഷന്‍ എനിയെര്‍, ബൈത്തോണ്‍, മെഷിന്‍ ലേണിംഗ്, ഡീപ് ലേണിംഗ് എന്നിവയൊക്കെ പഠനവിഷയമാക്കാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ ബിടെക് അല്ലെങ്കില്‍ ബിരുദാനന്തരബിരുദം നേടുകയെന്നതാണ് ഈ രംഗത്തെ മികച്ച ജോലികള്‍ നേടാനുള്ള ഏറ്റവും നല്ല മാര്‍ഗം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ ബി.ടെക് കോഴ്സ് തുടങ്ങിയ ആദ്യത്തെ സ്ഥാപനം ഹൈദരാബാദ് ഐഐടിയാണ്. പ്രവേശനപരീക്ഷയായ ജെഇഇയിലൂടെയാണ് അഡ്മിഷന്‍. ബിരുദതലത്തിലുള്ള മറ്റൊരു സാദ്ധ്യത റോബോട്ടിക്സ് ബിടെക് ആണ്. റോബോട്ടിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും വളരെയധികം അടുപ്പമുള്ള ശാഖകളായതിനാല്‍ ഇതു പ്രയോജനം ചെയ്യും. രാജ്യത്തെ നിരവധി കോളജുകളില്‍ റോബോട്ടിക് ബി ടെക് പഠനാവസരമുണ്ട്.

ഐഐടി ഖരദ്പൂര്‍, ഐഐടി മുംബൈ, ഐഐടി മദ്രാസ്, ഐഐഎസ്എസി ബാംഗ്ലൂര്‍, ഐഎസ്ഐ കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മാസ്റ്റേഴ്സ് കോഴ്സുകളുണ്ട്. ഇതേ സ്ഥാപനങ്ങളില്‍ ചിലതില്‍ ഹ്രസ്വകാല കോഴ്സുകളുമുണ്ട്. നിര്‍മ്മിതബുദ്ധിയുടെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ പുതുതായി കോഴ്സുകള്‍ ആരംഭിക്കുവാനും ഇടയുണ്ട്.

ഭാരതസര്‍ക്കാര്‍ നീതി ആയോഗിന്‍റെ കീഴില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനായി ദേശീയ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മിതബുദ്ധിയുടെ മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങളും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് ഇതു സഹായകരമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org