അരുത്, ഇനിയും കൊല്ലരുത്

അരുത്, ഇനിയും കൊല്ലരുത്

അഡ്വ. ചാര്‍ളി പോള്‍

'നാന്‍ പെറ്റ മകനെ' എന്ന നിലവിളിയുടെ അലകള്‍ നമ്മുടെ കാതുകളില്‍നിന്ന് ഇനിയും വിട്ടു പോയിട്ടില്ല. ഇടുക്കിയിലെ ഒറ്റമുറി വീട്ടില്‍ ജീവിതം കിളിര്‍പ്പിക്കുകയായിരുന്ന അഭിമന്യു എന്ന എസ്. എഫ്.ഐ.ക്കാരന്‍റെ അമ്മയുടെ നിലവിളിയായിരുന്നു അത്. ആ വേദന കേരളം ഏറ്റെടുത്തപ്പോള്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം കേരളത്തില്‍ സംഭവിക്കില്ല എന്ന് നമ്മള്‍ ആഗ്രഹിച്ചതാണ്. അതേ ഹൃദയംപൊട്ടിയുള്ള നിലവിളിയാണ് ഇപ്പോള്‍ കാസര്‍കോട്ടെ പുല്ലൂര്‍ പഞ്ചായത്തിലെ കൃപേഷ് (21) ശരത്ലാല്‍ (27) എന്നിവരുടെ അമ്മമാരില്‍നിന്നും ഉയരുന്നത്. നടുറോഡില്‍ രാഷ്ട്രീയ എതിരാളികളാല്‍ ഈ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ നിഷ്ഠൂരമായി കൊല്ലപ്പെടുകയായിരുന്നു. നവോത്ഥാന കേരളത്തിന്‍റെ സ്വാസ്ഥത്തിനേറ്റ കനത്ത പ്രഹരമാണ് ഈ രാഷ്ട്രീയ കൊലപാതകങ്ങള്‍. നമ്മള്‍ ഇത് കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാകട്ടെ എന്നാഗ്രഹിക്കുകയാണ്. അരുത്, ഇനിയും കൊല്ലരുത്.

ഇടതുസര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇതില്‍ പതിനാറിലും പ്രതിസ്ഥാനത്ത് സി.പി.എം. പ്രവര്‍ത്തകരാണ്. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ബി.ജെ.പി., ആര്‍. എസ്.എസ്. പ്രവര്‍ത്തകര്‍. 1000 ദിനത്തെ നേട്ടങ്ങള്‍ നിരത്തി ഇടതു സര്‍ക്കാര്‍ ആഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍ സംസ്ഥാന ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ ഈ കണക്കുകള്‍ അതില്‍ കരിനിഴല്‍ വീഴ്ത്തുന്നു. കഴിഞ്ഞ യു.ഡി. എഫ്. സര്‍ക്കാരിന്‍റെ ഭരണകാലത്ത് 36 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ എല്ലാ പാര്‍ട്ടികള്‍ക്കും വലുതോ ചെറുതോ ആയ ഉത്തരവാദിത്വമുണ്ട്.

ഏറ്റവും കൂടുതല്‍ പേര്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ രക്തസാക്ഷിത്വം വഹിച്ചത് സി.പി.എമ്മിന്‍റ തന്നെയാണ്. 577 പേര്‍. തൃശ്ശൂരില്‍ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ഇവരുടെ ഓര്‍മ്മയ്ക്കായ് 577 ദീപങ്ങള്‍ തെളിച്ചിരുന്നു. അന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ഒരു പ്രതിനിധി എഴുത്തച്ഛന്‍റെ ഗാന്ധാരി വിലാപം ആലപിച്ച് മനുഷ്യനെ കാലപുരിക്ക് അയക്കുന്ന ദുരവസ്ഥയിലേക്ക് വിരല്‍ചൂണ്ടിയിരുന്നു. "കൊല്ലിക്കയത്രേ നിനക്കു രസമെടോ…" എന്നവസാനിക്കുന്ന ആ വരികള്‍ നേതൃത്വത്തിന് നേരെയായിരുന്നു. കൊല്ലപ്പെടുന്നവര്‍ എന്നും വെറും സാധാരണക്കാരാണ്. നേതാക്കളോ അവരുടെ മക്കളോ എന്നും സുരക്ഷിത അകലങ്ങളിലാണ്. അവര്‍ സാധാരണ നിലക്ക് കൊല്ലാനോ മരിക്കാനോ പോകുന്നില്ല എന്ന സത്യത്തിലേക്ക് അണികള്‍ കണ്ണു തുറക്കണം. അക്രമത്തിന്‍റെയും കൊലപാതകത്തിന്‍റെയും വഴിക്കു തിരിയുന്ന സ്വന്തം കക്ഷിക്കെതിരെ സംസാരിക്കുവാന്‍ അനുയായികള്‍ തയ്യാറാവണം.

ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ആത്മാവ് നഷ്ടപ്പെടുമ്പോഴാണ് കൊലപാതകങ്ങള്‍ പരിഹാരമായി ഉയരുന്നത്. ലജ്ജാകരമായ ഭീരുത്വത്തിന്‍റെ വികൃതമായ മുഖമാണിത്. എതിരാളിയെന്ന് മുദ്രകുത്തി മനുഷ്യനെ ഇല്ലാതാക്കാനുള്ള മനോവികാരം വെളിവാക്കുന്നത് പരാജയപ്പെട്ട രാഷ്ട്രീയത്തിന്‍റെ പ്രാകൃതമായ കോമ്പല്ലുകളെയാണ്. നക്സലൈറ്റുകള്‍ക്ക് പോലും ഉന്മൂലനം ഒന്നിനും പരിഹാരമല്ലെന്ന് ബോധ്യമായിട്ടുണ്ട്. കൊലപാതകരാഷ്ട്രീയം നടത്തിയവര്‍ക്കെല്ലാം തിരിച്ചടികള്‍ സംഭവിക്കുന്നുണ്ട്. വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്നും കൊലക്കത്തികളില്‍ നിന്നും കേരളം മോചനം ആഗ്രഹിക്കുന്നു. കാരുണ്യവും സമാധാനവും ആത്മാവായിട്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം കാലം ആവശ്യപ്പെടുന്നു. അതു കൊണ്ട് നമുക്ക് ഈ ഹിംസാഭ്രാന്തിന് അറുതിവരുത്താം. ഇനിയൊരു കൊലകൂടി കേരളത്തില്‍ സംഭവിക്കാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org