|^| Home -> Suppliments -> Familiya -> ആതുരസേവനത്തിലെ ആശ്വാസദീപം

ആതുരസേവനത്തിലെ ആശ്വാസദീപം

Sathyadeepam

ധന്യ പ്രസാദ് പാറപ്പുറം

ഉത്തര്‍പ്രദേശിലെ ‘മൗ’ ഗ്രാമത്തില്‍ ആലംബഹീനരുടെയും അഗതികളുടെയും ആശ്രയമാണ് ഈ ഡോക്ടറമ്മ. ഒരു മെഴുകുതിരി ജ്വാലയായി ഡോക്ടര്‍ ഗ്രാമീണരില്‍ ആശ്വസത്തിന്‍റെ പ്രഭ ചൊരിയുന്നു. ആശ്വാസത്തിന്‍റെ അവസാന വാക്കായി മാറാന്‍ ഇവര്‍ക്കു കഴിയുന്നു. ഈ വെളിച്ചത്തിന്‍റെ പേരാണു സിസ്റ്റര്‍ ഡോ. ജൂഡ്. പ്രവര്‍ത്തനമേഖലയില്‍ മികവിന്‍റെ അഗീകാരമായി ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റ് റാണി ലക്ഷ്മി ഭായി പുരസ്കാരം നല്കി സിസ്റ്റര്‍ ജൂഡിനെ ആദരിക്കുകയുണ്ടായി.

എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ വെള്ളാനിക്കല്‍ ദേവസിയുടെയും അന്നക്കുട്ടിയുടെയും പത്തു മക്കളില്‍ ഇളയവളാണ് ജൂഡ്. വിശുദ്ധന്മാരെക്കുറിച്ചുള്ള പുസ്തകങ്ങളോടായിരുന്നു കുട്ടിക്കാലം മുതല്‍ താത്പര്യം. ആത്മീയഗ്രന്ഥങ്ങളിലൂടെ വായന ഒരു ഹരമാക്കി. വിശുദ്ധരുടെ ജീവിതം മനസ്സില്‍ വല്ലാത്ത ഒരു ചലനം ഉണ്ടാക്കി. ഒരിക്കല്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പോകാനിടയായത് ആത്മീയജീവിതമാണു തന്‍റെ വഴിയെന്ന് ഊട്ടിയുറപ്പിക്കാന്‍ കാരണമായി. അവിടത്തെ കന്യാസ്ത്രീകളുടെ ത്യാഗനിര്‍ഭരായ ആത്മീയ ജീവിതം കണ്ട് ഒരു പുണ്യവതിയാകുകയാണു തന്‍റെ ജീവിതലക്ഷ്യമെന്ന് അപ്പനെ അറിയിച്ചപ്പോള്‍ “രണ്ടു വര്‍ഷം വീട്ടുകാര്യങ്ങള്‍ നോക്കി ജീവിക്കുക, അതിനുശേഷം ആലോചിക്കാം” എന്നായിരുന്നു മറുപടി. പക്ഷേ, ഒരു വര്‍ഷം കഴിയുംമുമ്പേ അപ്പന്‍ തീരുമാനം മാറ്റുകയും മകളെ മഠത്തില്‍ പോകാന്‍ അനുവദിക്കുകയും ചെയ്തു.

എം.എസ്.ജെ. സഭയിലായിരുന്നു സിസ്റ്ററിന്‍റെ പ്രവര്‍ത്തനം. പഠിക്കാന്‍ ഏറെ മിടുക്കു പ്രകടിപ്പിച്ച സിസ്റ്റര്‍ ജൂഡിത്തിന് ഡോക്ടറാകണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സഭാധികൃതര്‍ വൈദ്യശാസ്ത്രപഠനത്തിനായി ഡല്‍ഹിയിലെ ലേഡിഹാര്‍ഡിങ്ങ് മെഡിക്കല്‍ കോളജിലേക്ക് അയച്ചു. അവിടെനിന്നു തന്നെ ഗൈനക്കോളജിയില്‍ എം.ഡി.യും നേടി. ആദ്യം പോളഗഞ്ച് ആശുപത്രിയിലായിരുന്നു സേവനം. പിന്നീടു മൗവിലുള്ള ഫാത്തിമ ഡിസ്പെന്‍സറിയിലേക്ക്.

പ്രവര്‍ത്തനരംഗത്തെ ആദ്യനാളുകള്‍ ദുരിതപൂര്‍ണമായിരുന്നുവെന്നു സിസ്റ്റര്‍ ഓര്‍മിക്കുന്നു. “ഗ്രാമീണര്‍ക്ക് ആശുപത്രി അലര്‍ജിയായിരുന്ന കാലം…! സ്വയം ചികിത്സയായിരുന്നു അവര്‍ നടത്തിയിരുന്നത്… പ്രസവം വീട്ടില്‍ത്തന്നെ… ചികിത്സ നടത്തുന്നതു വയറ്റാട്ടിമാര്‍! അതുകൊണ്ടുതന്നെ പ്രസവാനുബന്ധമരണങ്ങള്‍ നിരവധി. നിരന്തരബോധവത്കരണത്തിലൂടെയാണ് അവരുടെ മാനസികാവസ്ഥ മാറ്റിയെടുത്തു ആശുപത്രിയിലേക്ക് എത്തിച്ചത്” – സിസ്റ്റര്‍ പറയുന്നു. ആളുകള്‍ എത്തിത്തുടങ്ങിയതോടെ സഭാ ആശുപത്രിയുടെ സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചു.

തുടര്‍ന്നു രോഗികളുടെ പ്രവാഹമായിരുന്നു. ഊണും ഉറക്കവുമെല്ലാം ആശുപത്രിയില്‍ത്തന്നെ. ഡോക്ടറമ്മയുടെ അടുത്തെത്തിയാല്‍ രോഗം പകുതി മാറിയെന്ന അവസ്ഥയായി. നാടിന്‍റെ സ്പന്ദനമായി തീരുകയായിരുന്നു സഭയും ആശുപത്രിയും സിസ്റ്റര്‍ ഡോ. ജൂഡും. എന്തിനുമേതിനും ആശ്വാസമായി സിസ്റ്റര്‍ കൂടെയുണ്ട്. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളിലേറെയും ദരിദ്രരാണ്. പണമില്ലാത്തതിന്‍റെ പേരില്‍ ഒരാള്‍ക്കും തിരിച്ചുപോകേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഗ്രാമീണരുടെ നാടും വീടും പോലെയാണ് ആശുപത്രി.

സിസ്റ്റര്‍ ജൂഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഐഎംഎ അവാര്‍ഡ്, രാഷ്ട്ര ലളിത ട്രെയ്നിങ്ങ് ഡവലപ്പ്മെന്‍റ് അവാര്‍ഡ്, മൗ ഗൗരവ് അവാര്‍ഡ്, കള്‍മസീര്‍ അവാര്‍ഡ്, ഹാര്‍മണി സില്‍വര്‍ അവാര്‍ഡ്… ഇത്തരത്തില്‍ നിരവധി അവാര്‍ഡുകള്‍ സിസ്റ്ററിനെ തേടിയെത്തിയിട്ടുണ്ട്.

ഇന്ന് എഴുപത്തിയാറാം വയസ്സിലും കര്‍മനിരതയാണു സിസ്റ്റര്‍ ഡോ. ജൂഡ്. ആതുരസേവനത്തിന്‍റെ വഴിയില്‍ അനേകര്‍ക്ക് ആശ്വാസവും അഭയവുമായി മാറുമ്പോള്‍, തിരഞ്ഞെടുത്ത ജീവിതം സംതൃപ്തിദായകവും സന്തോഷപൂര്‍ണവുമാണെന്നു സിസ്റ്റര്‍ പറയുന്നു. “ദൈവത്തിന്‍റെ വിളിക്കനുസരിച്ചു പ്രവര്‍ത്തിക്കാനാകുന്നതാണ് എന്‍റെ സന്തോഷം. ഞാന്‍ ഒന്നുമല്ല, എല്ലാം ദൈവം നല്കുന്നതാണ്. എന്നിലൂടെയും നിങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നതു ദൈവമാണ് അവിടുത്തെ പദ്ധതികള്‍ക്കു കാതോര്‍ക്കുക. അവിടുത്തെ ഇഷ്ടം നിറവേറ്റുക. അപ്പോള്‍ കിട്ടുന്ന സന്തോഷവും സായൂജ്യവും സമാധാനവുമാണു ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം” – സിസ്റ്റര്‍ പറയുന്നു.

Leave a Comment

*
*