ആത്മസംയമനമെന്ന പുണ്യം

ആത്മസംയമനമെന്ന പുണ്യം

നിഷാന്തും നിധീഷും സമപ്രായക്കാരും അയല്‍വാസികളും ഒരേ ക്ലാസ്സില്‍ പഠിച്ചിരുന്നവരുമായിരുന്നു. നിഷാന്ത് വളരെ ദയാലുവായിരുന്നു. എന്നാല്‍ നിധീഷ് ഒരു മുന്നരിശക്കാരനായിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലും നിധീഷ് കൂട്ടുകാരുമായി ശണ്ഠകൂടുമായിരുന്നു. ഒരിക്കല്‍ നിഷാന്തും നിധീഷും ക്ലാസ്സില്‍ താമസിച്ചു വന്നതിന് ടീച്ചര്‍ അവരെ ശകാരിച്ചു. തത്സമയം ജിത്തു ക്ലാസ്സിലിരുന്നുകൊണ്ട് ഇവരുടെ നേരെ നോക്കി മൂക്കിന്മേല്‍ കൈവച്ചു കളിയാക്കി. അതു നിധീഷിന്‍റെ ദേഷ്യത്തിന്‍റെ തീക്കനല്‍ ആളിക്കത്തിച്ചു. നിധീഷിനുണ്ടായ ഭാവമാറ്റം നിഷാന്ത് ശ്രദ്ധിച്ചിരുന്നു. ക്ലാസ്സ് കഴിഞ്ഞു ടീച്ചര്‍ പോയ ഉടന്‍ തന്നെ നിധീഷ് ജിത്തുവിനെ ഇടിക്കാനായി എഴുന്നേറ്റോടി. കാര്യങ്ങള്‍ നേരത്തെ മനസ്സിലാക്കിയ നിഷാന്ത് നിധീഷിന്‍റെ പിന്നാലെ ഓടിച്ചെന്നു ബലമായി നിധീഷിന്‍റെ കൈക്കുപിടിച്ചുകൊണ്ടു ജിത്തുവിനോടു എഴുന്നേറ്റു മാറാന്‍ ആവശ്യപ്പെട്ടു. കോപാകുലനായ നിധീഷ് തന്‍റെ മറ്റേ കൈകൊണ്ടു നിഷാന്തിന്‍റെ മുഖത്തിട്ടൊരടി കൊടുത്തു. നിഷാന്തിനു നന്നായി വേദനിച്ചെങ്കിലും നിധീഷിനെ പിടിച്ചുവലിച്ചുകൊണ്ട് അവന്‍ ക്ലാസ്സിന്‍റെ പുറത്തേയ്ക്കു പോയി. പുറത്തിറങ്ങിയശേഷം നിഷാന്ത് നിധീഷിന്‍റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് അടികൊണ്ട ഭാഗത്തു സാവകാശം തലോടി. നിധീഷ് തന്‍റെ തല താഴ്ത്തി നിലത്തു നോക്കി നില്ക്കാന്‍ തുടങ്ങി. ഉടന്‍തന്നെ നിഷാന്ത് നിധീഷിനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു. ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.

നമ്മള്‍ കണ്ട നിഷാന്തിന്‍റെ പ്രവൃത്തി ആത്മസംയമനത്തിന്‍റെ ഫലമാണ്. തന്‍റെ ക്ഷമകൊണ്ടു സ്വന്തം സുഹൃത്തിനെക്കൂടി നേടുവാന്‍ നിഷാന്തിനു സാധിച്ചു. ജീവിതത്തില്‍ ആത്മസംയമനം പാലിക്കുക വളരെ പ്രയാസപ്പെട്ട ഒന്നാണ്. സ്കൂളിലും വീട്ടിലും കളിക്കളത്തിലും നമ്മുടെ ക്ഷമ പരിശോധിക്കുന്ന തരത്തില്‍ ഒത്തിരി സംഭവങ്ങള്‍ ഉണ്ടാകാം. മിക്ക കുട്ടികളും പലപ്പോഴും അനാവശ്യമായി ദേഷ്യം പ്രകടിപ്പിക്കുന്നതായി കാണാന്‍ കഴിയും. ഒന്നുകില്‍ സമപ്രായക്കാരോട് അല്ലെങ്കില്‍ അദ്ധ്യാപകരോട് അല്ലെങ്കില്‍ മാതാപിതാക്കളോട് അല്ലെങ്കില്‍ മറ്റാരോടെങ്കിലും. ഈ അസ്വസ്ഥത മാനസികസ്വസ്ഥതയെ നശിപ്പിക്കുന്നു. ഒന്നും ചെയ്യാന്‍ പറ്റാതെയും ചെയ്യുന്നതെല്ലാം നേരെയാകാതെയും വരുന്നു.

ശാന്തമായി സഹിക്കുന്നതിനുള്ള പ്രാപ്തി ഉണ്ടായിരിക്കുക എന്ന ഗുണമാണു ആത്മസംയമനം. പരീക്ഷണഘട്ടങ്ങളിലും പ്രയാസകരമായ സ്ഥിതിവിശേഷങ്ങളിലും ശാന്തത, സഹിഷ്ണുത, സ്ഥിരത, ശക്തി എന്നിവകളിലൂടെ അതു പ്രതിഫലിപ്പിക്കുന്നു. പ്രശ്നങ്ങളെ സമചിത്തതയോടുകൂടി നേരിടുന്നു. നിസ്സാരമായ ശല്യപ്പെടുത്തലുകള്‍ മാനസികവും വൈകാരികവുമായ പ്രകോപനങ്ങള്‍ എന്നിവയെ നിയന്ത്രണത്തോടുകൂടി ചെറുത്തുനില്ക്കാന്‍ നമ്മെ സഹായിക്കുന്നു.

സാഹചര്യങ്ങളെ അവധാനപൂര്‍വം ചിട്ടപ്പെടുത്തുകയും യുക്തിപൂര്‍വം വിലയിരുത്തുകയും അതനുസരിച്ചു മാനസികവും വൈകാരികവുമായ യാതൊരു ക്ഷോഭവും കൂടാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സമചിത്തതയും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനു അതു നമ്മെ സഹായിക്കുന്നു. മറ്റുള്ളവര്‍ എന്തായിരിക്കുന്നുവോ ആ സ്ഥിതിയില്‍ അവരെ മനസ്സിലാക്കി അംഗീകരിക്കുന്നു. ആളുകളുടെ ദൗര്‍ബല്യങ്ങള്‍, കുറ്റങ്ങള്‍ എന്നിവയുടെ നേരെ സഹിഷ്ണുത പുലര്‍ത്തുന്നു.

ആത്മസംയമനം അല്ലെങ്കില്‍ സഹിഷ്ണുത ഇന്നു വളരെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒരു മാനുഷികഗുണമാണ്. ആത്മസംയമനം ഇല്ലാതാകുമ്പോഴാണു സംഘര്‍ഷങ്ങളും പൊട്ടിത്തെറികളും ഉണ്ടാകുന്നത്. മാതാപിതാക്കളും മക്കളും തമ്മിലും അയല്‍ക്കാര്‍ തമ്മിലും സുഹൃത്തുക്കള്‍ തമ്മിലും പാര്‍ട്ടികള്‍ തമ്മിലുമൊക്കെ പരസ്പര പഴിചാരലുകളും ക്ഷോഭങ്ങളും ഉണ്ടാകുന്നു. വാക്കുകളും ചേഷ്ടകളും കുറ്റപ്പെടുത്തലുകളും ശകാരങ്ങളും തെറ്റിദ്ധാരണകളുമൊക്കെ ഇതിനു കാരണമാകും. മറ്റുള്ളവരുടെ കാഴ്ചപ്പാടും മാനസികാവസ്ഥയും മനസ്സിലാക്കാതെ സ്വന്തം താത്പര്യങ്ങളിലും കാഴ്ചപ്പാടുകളിലും മാത്രം ശ്രദ്ധവയ്ക്കുമ്പോള്‍ സഹിഷ്ണുതയോടുകൂടി വ്യക്തികളെയും സംഭവങ്ങളെയും സമീപിക്കാന്‍ കഴിയാതെ വരുന്നു.

ഞാന്‍ ശരി മറ്റുള്ളവരൊക്കെ തെറ്റ് എന്ന മനോഭാവം ആരു വച്ചുപുലര്‍ത്തുന്നുവോ അവര്‍ അസഹിഷ്ണുക്കള്‍ ആയിരിക്കും. ആത്മസംയമനത്തോടെ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ക്ഷമ അവര്‍ക്കുണ്ടാകുകയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org